കണ്ണൂര്‍: രാജ്യത്താകമാനം കാലാവസ്ഥ വ്യതിയാനമെന്ന് സംശയിക്കേണ്ട നിലയിലേക്ക് താപനിലയിലെ മാറ്റം. പൊതുവെ ഇന്ത്യ, പ്രത്യേകിച്ച് ഉത്തരേന്ത്യ ചുട്ടുപൊള്ളേണ്ട സമയമാണിത്. പക്ഷേ, ഉത്തരേന്ത്യയില്‍ മഴയും തണുപ്പുമാണ് നിലവിലെ സ്ഥിതി. ഉത്തരേന്ത്യയില്‍ സാധാരണയില്‍നിന്ന് ചിലയിടങ്ങളില്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞിരിക്കുകയാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഉത്തരേന്ത്യ കൊടുംചൂടിനെ നേരിടേണ്ട ഘട്ടത്തില്‍ താപനില കുറവും മഴയുടെയും തണുപ്പിന്റെയും അവസ്ഥയും കാലവര്‍ഷം രാജ്യത്ത് വേഗത്തില്‍ എത്തുമോയെന്ന സാധ്യതയും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ആറോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കുന്നു. ന്യൂനമര്‍ദത്തിന്റെ ഭാഗമായി ആറോടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഏഴിന് ന്യൂനമര്‍ദമായും എട്ടോടെ തീവ്ര ന്യൂനമര്‍ദമായും ശക്തിപ്രാപിക്കാനാണ് സാധ്യത.
അതിനുശേഷം വീണ്ടും ശക്തിപ്രാപിച്ച് വടക്ക് ഭാഗത്തേക്ക് നീങ്ങി മധ്യബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. നിലവിലെ സൂചന പ്രകാരം ന്യൂനമര്‍ദം ബംഗ്ലാദേശ്, മ്യാന്മര്‍ ഭാഗത്തേക്ക് സഞ്ചരിക്കാനാണ് സാധ്യത. കേരളത്തില്‍ നേരിട്ടുള്ള സ്വാധീനം ഉണ്ടാകില്ലെങ്കിലും മഴ എത്രമാത്രം ലഭിക്കുമെന്നത് വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാകൂ. എട്ടിനു ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പുണ്ട്.
കണ്ണൂരും കാസര്‍കോടും ഉയര്‍ന്ന ചൂട്; കൂടിയ മഴ പൊന്നാനിയില്‍
കണ്ണൂര്‍: വേനല്‍ മഴയ്ക്കിടയിലും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരും കാസര്‍കോടും കൂടിയ ചൂട് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഔദ്യോഗികമായ ഏറ്റവും കൂടിയ മഴ ഇന്നലെ പൊന്നാനിയിലാണ്. 162.4 മില്ലി മീറ്റര്‍ മഴയാണ് 24 മണിക്കൂറില്‍ പൊന്നാനിയില്‍ രേഖപ്പെടുത്തിയത്. ഏപ്രില്‍ 30ന് കണ്ണൂര്‍ ജില്ലയില്‍ 36.3, മെയ് ഒന്നിന് 37.3, രണ്ടിന് 37.5 ഡിഗ്രി ചൂട് രേഖപ്പെടുത്തി. കാസര്‍കോട് ജില്ലയില്‍ ഏപ്രില്‍ 30ന് 35.1, മെയ് ഒന്നിന് 36.2, രണ്ടിന് 36.5 എന്നിങ്ങനെ ചൂട് രേഖപ്പെടുത്തി.
ഈ ദിവസങ്ങളില്‍ കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഇടുക്കിയിലാണ് ഏപ്രില്‍ 30ന് 29.2, മെയ് ഒന്നിന് 28, രണ്ടിന് 30.3 എന്നിങ്ങനെയായിരുന്നു ഇടുക്കിയിലെ താപനില. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറില്‍ ഉയര്‍ന്ന വേനല്‍മഴ (162.4 മില്ലിമീറ്റര്‍) പൊന്നാനിയില്‍ ലഭിച്ചപ്പോള്‍ കാഞ്ഞിരപ്പുഴയില്‍ 118.6, അങ്ങാടിപ്പുറത്ത് 102.4 എന്നിങ്ങനെ മഴ ലഭിച്ചു.
Comments are closed for this post.