ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ കൊവിഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അല്ലെങ്കില്‍ ‘ദേശീയ താല്‍പര്യം കണക്കിലെടുത്ത്’ പദയാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.
ഭാരത് ജോഡോ യാത്രക്ക് സമൂഹ മാധ്യമങ്ങളിലടക്കം മികച്ച പ്രതികരണം ലഭിക്കുകയും രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തതോടെയാണ് ബി.ജെ.പി യാത്ര മുടക്കാന്‍ രംഗത്തിറങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. യാത്രയെ ബി.ജെ.പി ഭയക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകമെമ്പാടും കെവിഡ് കേസുകള്‍ വര്‍ധിച്ചതിനാല്‍ മൂന്ന് രാജസ്ഥാന്‍ ബി.ജെ.പി എം.പിമാര്‍ ഭാരത് ജോഡോ യാത്രക്കെതിരേ ആശങ്ക പ്രകടിപ്പിച്ചതായി രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ കേന്ദ്ര മന്ത്രി പരാമര്‍ശിക്കുന്നു. പദയാത്രയില്‍ മാസ്‌കുകളും സാനിറ്റൈസറുകളും ഉള്‍പ്പെടെയുള്ള കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും വാക്‌സിനേഷന്‍ എടുത്തവരെ മാത്രം പങ്കെടുക്കാന്‍ അനുവദിക്കണമെന്നും ഇന്നലെ ഡിസംബര്‍ 20ന് അയച്ച കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
രാജസ്ഥാന്‍ പര്യടനം പൂര്‍ത്തിയാക്കി യാത്ര ഇന്ന് ബുധനാഴ്ച ഹരിയാനയില്‍ പ്രവേശിച്ചു. യാത്ര ബി.ജെ.പിയെ ഞെട്ടിച്ചുവെന്നും അതിന്റെ പരിഭ്രാന്തിയിലാണ് മൂന്ന് ബി.ജെ.പി എം.പിമാര്‍ മന്ത്രിക്ക് കത്തയച്ചതെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ വോട്ട് തേടി വീടുതോറും കയറിയിറങ്ങിയപ്പോള്‍ മുഖംമൂടി ധരിച്ചിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ഗോദി മീഡിയയിലൂടെ (മോദി അനുകൂല മാധ്യമങ്ങള്‍) ബി.ജെ.പി പ്രചരിപ്പിക്കുന്ന പ്രചാരണത്തെ യാത്ര തകര്‍ത്തുവെന്നും രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ മോദി സര്‍ക്കാര്‍ മന്‍സുഖ് മാണ്ഡവ്യയെ വിന്യസിച്ച് യാത്രക്കെതിരേ ആളുകളെ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു.
Comments are closed for this post.