2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മൈലേജിനെക്കുറിച്ച് പേടിക്കേണ്ട, ലൈസന്‍സും വേണ്ട; ഒറ്റ ചാര്‍ജില്‍ 90 കി.മീ പറക്കുന്ന സ്‌കൂട്ടര്‍ ഇതാ

വമ്പന്‍മാര്‍ അരങ്ങുവാഴുന്ന ഇന്ത്യന്‍ വാഹന മാര്‍ക്കറ്റില്‍ നിരവധി മാറ്റങ്ങളാണ് ഇലക്ട്രിക്ക് വാഹനങ്ങളുടെ കടന്ന് വരവോടെ സംഭവിച്ചിരിക്കുന്നത്. വാഹനലോകത്തെ അതികായന്‍മാര്‍ക്കൊപ്പം നിരവധി സ്റ്റാര്‍ട്ടപ്പുകളും, ചെറിയ കമ്പനികളും കൂടി ഇ.വി ലോകത്തേക്ക് കടന്ന് വന്നതോട് കൂടി ഇന്ത്യന്‍ വാഹന വിപണിയില്‍ മത്സരം ശക്തമായിട്ടുണ്ട്. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന സബ്‌സിഡികള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ വലിയ വില വര്‍ദ്ധനയാണ് ഇ.വി സ്‌കൂട്ടറുകള്‍ക്ക് ഉണ്ടായിട്ടുളളത്.

എന്നാല്‍ ഇതിനൊരു പരിഹാരമാണ് സ്ലോ സ്‌കൂട്ടറുകള്‍. കുറഞ്ഞ ചിലവില്‍ മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന നിരവധി സ്ലോ സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ട്. ഇതിന് ഒരു ഉദാഹരണമാണ് എനൂക്ക് മോട്ടോഴ്‌സ്. പ്രസ്തുത കമ്പനി നിലവില്‍ പുതിയ സ്ലോ സ്‌കൂട്ടറുകളുടെ സീരിസ് മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്. പ്രോ, മാഗ്‌ന, സ്മാര്‍ട്ട്, വെര്‍വ് തുടങ്ങിയ വ്യത്യസ്ത നാല് ഇസ്‌കൂട്ടറുകളാണ് വിപണിയിലേക്ക് കടന്നുവരുന്നത്. 89,000 രൂപ മുതല്‍ 99,000 രൂപ വരെയാണ് ഈ സ്ലോസ്പീഡ് ഇവികളുടെ രാജ്യത്തെ എക്‌സ്‌ഷോറൂം വില വരുന്നത്. നിലവില്‍ ഹൈദരാബാദില്‍ മാത്രമാണ് ഇവ ലഭിക്കുന്നത്.

250വാട്ട് BLDC മോട്ടോറില്‍ നിന്നാണ് എനൂക്കിന്റെ പ്രസ്തുത മോഡലുകള്‍ക്ക് കരുത്ത് ലഭിക്കുന്നതെന്നാണ് കമ്പനി വെബ്‌സൈറ്റ് വഴി വെളിപ്പെടുത്തിയിരിക്കുന്നത്.്. ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ റേഞ്ച് വരെ ലഭിക്കുന്ന ഈ സ്ലോ സ്പീഡ് വൈദ്യുത വാഹനങ്ങള്‍ക്ക് പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഏകദേശം മൂന്നോ-നാലോ മണിക്കൂറുകള്‍ കൊണ്ട് ഈ സ്‌കൂട്ടറുകള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്.
60V28Ah LFP ബാറ്ററി പായ്ക്കില്‍ പുറത്തിറങ്ങുന്ന ഈ സ്‌കൂട്ടറുകള്‍ക്ക് അലോയ് വീലുകളുള്ള 10 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകള്‍, എല്‍സിഡി ഡിസ്‌പ്ലേ, ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഇഎബിഎസ് എന്നിവയും അതിലേറെയും ഫീച്ചറുകളോടെയാണ് മോഡലുകള്‍ വിപണിയില്‍ എത്തുന്നത്.

രാജ്യത്ത് സ്ലോ സ്പീഡ് മോഡലുകള്‍ നിരത്തിലിറക്കാന്‍ ലൈസന്‍സോ രജിസ്‌ട്രേഷനോ ആവശ്യമില്ല എന്നത് സ്‌കൂട്ടറുകള്‍ കൂടുതല്‍ പേരിലേക്ക് എത്താന്‍ കാരണമാകും. തിരക്കേറിയ നഗരഭാഗങ്ങളിലേക്കും മറ്റും യാത്ര നടത്തുന്നതിന് പറ്റിയ വാഹനമാണ് ഇത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Content Highlights:enook motors launched new slow scooter series


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.