2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജീവപര്യന്തത്തിനും അവസാനമുണ്ട്

സെബാസ്റ്റിയന്‍ പോള്‍

 

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനയക്കുന്ന കത്തിന് മറുപടി ലഭിക്കുന്നതിന് എത്ര വര്‍ഷം വേണം? നാല് വര്‍ഷം പോരെന്ന് ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന പ്രസാദ് ബാബുവിന് അറിയാം. പതിനഞ്ച് വര്‍ഷം ജയില്‍വാസം പൂര്‍ത്തിയാക്കിയതിനാല്‍ ശിക്ഷ ഇളവുചെയ്ത് മകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനയിലെ വ്യവസ്ഥയനുസരിച്ച് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന ദയാഹരജി തീര്‍പ്പാകാന്‍ എത്ര വര്‍ഷം വേണം? അഞ്ചു വര്‍ഷം പോരെന്ന് പ്രസാദ് ബാബുവിന്റെ പിതാവ് സി.ഐ ബാബുവിന് അറിയാം. ജീവപര്യന്തം എന്നതിന്റെ അര്‍ഥം മരണം വരെയെന്ന് സുപ്രിം കോടതി നിഘണ്ടു നോക്കി വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും ജീവപര്യന്തമെന്നാല്‍ ഇരുപതു വര്‍ഷമെന്ന് ശിക്ഷാനിയമത്തില്‍ ഒരിടത്ത് പറയുന്നു. പതിന്നാല് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രതിയെ വിട്ടയക്കുന്നതിന് ബന്ധപ്പെട്ട സര്‍ക്കാരിന് അധികാരമുണ്ട്. ജയില്‍ സംസ്ഥാനത്തിന്റേതാണെങ്കിലും കുറ്റകൃത്യം കേന്ദ്രവിഷയമായതുകൊണ്ടാണ് പ്രസാദിന്റെ പിതാവ് ദയാഹരജി രാഷ്ട്രപതിക്കു സമര്‍പ്പിച്ചത്. രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ണാടക സര്‍ക്കാരിന്റെയും റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നു.

ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ അബ്ദുന്നാസര്‍ മഅ്ദനിയെ കാണാനെത്തിയപ്പോഴാണ് ഞാന്‍ പ്രസാദ് ബാബുവിനെ കാണാനിടയായത്. തടവുകാരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രിസണ്‍ മിനിസ്ട്രിയിലെ സിസ്റ്റര്‍ അദേലെ കോരയാണ് ആ തടവുകാരന് എന്നെ പരിചയപ്പെടുത്തിയത്. ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായിരിക്കുമ്പോഴാണ് ഇരുപത്തിയെട്ടുകാരനായ പ്രസാദ് ബാബു രണ്ടായിരമാണ്ടില്‍ ഒരു കള്ളനോട്ട് കേസില്‍ പിടിക്കപ്പെട്ടത്. നോട്ട് അടിച്ചവരും വിതരണം ചെയ്തവരും ചെറിയ കാലത്തെ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങളായി. ഏതാനും അഞ്ഞൂറു രൂപ നോട്ടുകളുമായി പിടിക്കപ്പെട്ട പ്രസാദ് ബാബു ഇപ്പോഴും ജയിലിലാണ്.
ഏഴു വര്‍ഷം തടവിനു ശിക്ഷിക്കാവുന്ന വകുപ്പനുസരിച്ച് ചാര്‍ജ് ചെയ്യപ്പെട്ട കേസില്‍ സെഷന്‍സ് ജഡ്ജി ശിക്ഷിച്ചത് പത്തു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പനുസരിച്ചാണ്. പക്ഷേ ശിക്ഷ വിധിച്ചപ്പോള്‍ അത് ജീവപര്യന്തമായി. ഈ തെറ്റ് തിരുത്താന്‍ കര്‍ണാടക ഹൈക്കോടതിയോ സുപ്രിം കോടതിയോ തയാറായില്ല. ഇരുപതു വര്‍ഷമായി തുടരുന്ന ജയില്‍വാസത്തിന് അവസാനമുണ്ടാക്കിത്തരണമെന്ന അപേക്ഷ പരിഗണിക്കപ്പെടുന്നില്ല. ആളുമാറിയുള്ള ശസ്ത്രക്രിയപോലെയാണ് വകുപ്പ് മാറിയുള്ള ശിക്ഷ. തിരുത്തിനും പരിഹാരത്തിനും സാധ്യതയുണ്ടെങ്കില്‍ രണ്ടിടത്തും അതിന് അമാന്തമുണ്ടാകരുത്.
ശിക്ഷിക്കപ്പെട്ട പ്രസാദ് ബാബുവും വിചാരണയില്‍ കഴിയുന്ന മഅ്ദനിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ടും ചേരുമ്പോള്‍ ഇന്ത്യന്‍ ജയിലുകളുടെ സമ്പൂര്‍ണചിത്രം ലഭിക്കും. വിചാരണത്തടവായാലും ശിക്ഷാകാലമായാലും അകത്തായാല്‍ പെട്ടതുതന്നെ. പുറത്തേക്കുള്ള വഴികള്‍ താനേ അടയും. ബഹിര്‍ഗമനത്തിനുള്ള കോഡ് മറന്നുപോയതിനാല്‍ തസ്‌കരന്മാരുടെ ഗുഹയില്‍ അകപ്പെട്ടുപോയ അറബിക്കഥയിലെ നിര്‍ഭാഗ്യവാന്റെ അവസ്ഥയിലാണ് തടവുകാര്‍. സാമ്രാജ്യകാലത്ത് റോമന്‍ ജയിലുകളിലെ അവസ്ഥയും ഇതായിരുന്നു. അകത്താകുന്നവരെ അകത്താക്കുന്നവര്‍ മറക്കും. കാരാഗൃഹത്തിലേക്ക് തള്ളപ്പെട്ട സ്‌നാപകയോഹന്നാനെ അധികാരികള്‍ ഓര്‍ത്തത് സലോമി അദ്ദേഹത്തിന്റെ ശിരസ് ആവശ്യപ്പെട്ടപ്പോഴാണ്. ഏറ്റവും വിലപ്പെട്ട അവകാശമാണ് അറസ്റ്റിലാകുന്ന തടവുകാരനില്‍നിന്ന് എടുക്കപ്പെടുന്നത്. നിശ്ചയിക്കപ്പെട്ട ദിവസം അത് തിരിച്ചുനല്‍കുന്നതിനുള്ള ജാഗ്രത ഭരണകൂടത്തിനുണ്ടാകണം.
ലക്ഷം ഇന്ത്യക്കാരില്‍ 34 പേര്‍ ജയിലില്‍ കഴിയുന്നു. നാല് ലക്ഷത്തില്‍ത്താഴെ ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഇന്ത്യയിലെ ജയിലുകളില്‍ 4.66 ലക്ഷമാണ് ഇപ്പോള്‍ അന്തേവാസികളുടെ എണ്ണം. ശിക്ഷിക്കപ്പെട്ടവരല്ല, വിചാരണ കാത്ത് കഴിയുന്നവരാണ് അവരില്‍ ഭൂരിപക്ഷവും. വിചാരണ വേഗം പൂര്‍ത്തിയാക്കാനോ വിട്ടയക്കാവുന്നവരെ കണ്ടെത്തി വിട്ടയക്കാനോ ശ്രമം നടക്കുന്നില്ല. പകര്‍ച്ചവ്യാധിയുടെ ആശങ്കയില്‍ കഴിയുന്നത്ര തടവുകാരെ ജാമ്യമോ പരോളോ നല്‍കി പുറത്തുവിടണമെന്ന് സുപ്രിം കോടതി നിര്‍ദേശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളും അതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നിര്‍ദിഷ്ട അകലം പാലിക്കാന്‍ ഇടമില്ലാത്ത ജയിലുകളില്‍ കൊവിഡ് പകരുന്നതിനും പടരുന്നതിനും സാധ്യത കൂടുതലാണ്. ബംഗളൂരുവിലെ പരപ്പന അഗ്രഹാരയില്‍ 4,600 തടവുകാരാണുള്ളത്.

ജയിലിലെ കണക്കനുസരിച്ച് പതിന്നാല് വര്‍ഷത്തെ യഥാര്‍ഥ തടവ് ഇരുപത് വര്‍ഷമായി ഗണിക്കപ്പെടും. പല തരത്തിലുള്ള ഇളവുകള്‍ ഉള്ളതുകൊണ്ടാണിത്. ഇവ ചേര്‍ത്താല്‍ പ്രസാദ് ബാബുവിന്റെ യഥാര്‍ഥത്തിലുള്ള ഇരുപത് വര്‍ഷം മുപ്പതായി കണക്കാക്കണം. എത്രയോ കാലം മുമ്പേ അയാളെ മോചിപ്പിക്കേണ്ടതായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ടാമത്തെ വലിയ ശിക്ഷയാണ് ജീവപര്യന്തം. അത് മരണം വരെയുള്ള തടവാണെന്ന സുപ്രിം കോടതിയുടെ വ്യാഖ്യാനം പുനഃപരിശോധിക്കേണ്ടതാണെന്ന് ശിക്ഷാനിയമം സൂക്ഷ്മമായി വായിച്ചാല്‍ ബോധ്യമാകും. പതിന്നാല് വര്‍ഷമായി കുറയ്ക്കാവുന്ന ഇരുപത് വര്‍ഷമാണ് സാധാരണ ജീവപര്യന്തം. അങ്ങനെ കുറയ്ക്കാന്‍ പാടില്ലാത്ത ജീവപര്യന്തം ചില കുറ്റങ്ങള്‍ക്ക് വിധിച്ചിട്ടുണ്ട്. ശിഷ്ടകാലം മുഴുവന്‍ അനുഭവിക്കേണ്ട തടവാണെങ്കില്‍ അക്കാര്യം വ്യക്തതയോടെ നിയമത്തില്‍ പറഞ്ഞിട്ടുണ്ട്. വധശിക്ഷ നല്‍കാവുന്ന ഇനത്തില്‍പ്പെടുന്ന ബലാത്സംഗക്കേസുകളില്‍ അതിനു പകരമായി നിര്‍ദേശിച്ചിട്ടുള്ള ശിക്ഷയാണ് ജീവിതാന്ത്യം വരെയുള്ള തടവ്. ഇതല്ല പ്രസാദ് ബാബുവിനു നല്‍കപ്പെട്ട ജീവപര്യന്തം. അതുകൊണ്ട് പതിന്നാല് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ അയാളെ മോചിപ്പിക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്വീകരിക്കേണ്ടതായിരുന്നു.

ആരെയും കുടുക്കുന്നതിനും കുടുക്ക് ഊരാക്കുടുക്കാക്കുന്നതിനും നിയമവ്യവസ്ഥയില്‍ പഴുതുകള്‍ ഏറെയുണ്ട്. കള്ളനോട്ട് കേസിലാണ് പ്രസാദ് ബാബു ശിക്ഷിക്കപ്പെട്ടത്. അതുകൊണ്ട് ബന്ധപ്പെട്ട സര്‍ക്കാരിനെ പെട്ടെന്ന് കണ്ടെത്താനാവില്ല. കറന്‍സി കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തില്‍പ്പെടുന്ന വിഷയമാണ്. ശിക്ഷിച്ച കോടതിയും പാര്‍പ്പിച്ചിരിക്കുന്ന ജയിലും സംസ്ഥാനത്തിന്റേതാണ്. തടവിന്റെ കാലമെത്രയായാലും വിട്ടയക്കേണ്ടത് കേന്ദ്രമോ സംസ്ഥാനമോ എന്ന തര്‍ക്കമുണ്ട്. കേന്ദ്രത്തിന്റെ പരിഗണനയിലോ സംസ്ഥാനത്തിന്റെ പട്ടികയിലോ ഇല്ലാത്ത അവസ്ഥയില്‍ ഒരു തടവുകാരന്‍ എത്ര കാലം കണക്കും കണക്കുകൂട്ടലുമില്ലാതെ ജയിലില്‍ കഴിയേണ്ടിവരും? പ്രശ്‌നക്കാരനാണെങ്കില്‍ അക്കാരണത്താലും മര്യാദക്കാരനാണെങ്കില്‍ അക്കാരണത്താലും ഒരു തടവുകാരന്‍ വിട്ടയക്കപ്പെടുന്നതിനുള്ള സാധ്യത കുറയുന്നു.
അടിയന്തരാവസ്ഥയിലെ ജയില്‍വാസംപോലെ അനിശ്ചിതമല്ല ശിക്ഷിക്കപ്പെടുന്നയാളിന്റെ തടവ്. ശിക്ഷ ആരംഭിക്കുമ്പോള്‍ത്തന്നെ അയാളുടെ മോചനം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. സാധാരണ ഇളവും സ്‌പെഷല്‍ ഇളവും വേതനത്തിനു പകരം നേടുന്ന ഇളവും ചേര്‍ത്ത് വര്‍ഷങ്ങളെണ്ണിക്കഴിയുന്ന ഒരു തടവുകാരന്റെ മുന്നില്‍ അനിശ്ചിതമായി അടഞ്ഞു കിടക്കുന്ന കാരാഗൃഹവാതില്‍ കടുത്ത നീതിനിഷേധത്തിന്റെയും മനുഷ്യത്വരാഹിത്യത്തിന്റെയും അടയാളമാണ്. ഇതൊഴിവാക്കുന്നതിനുള്ള സംവിധാനം ജയിലുകളിലുണ്ട്. ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ജീവപര്യന്തം തടവുകാരുടെ മോചനം നടക്കേണ്ടത്. ഉപദേശകസമിതിയുടെ പരിഗണനയ്ക്ക് വരണമെങ്കില്‍ പതിന്നാല് വര്‍ഷം യഥാര്‍ഥശിക്ഷ പൂര്‍ത്തിയാക്കിയിരിക്കണം. വിചിത്രമായ പലതും നടക്കുന്ന സംസ്ഥാനമാണ് കര്‍ണാടക. അതുകൊണ്ട് യഥാര്‍ഥശിക്ഷ ഇരുപത് വര്‍ഷമായിട്ടും മലയാളിയായ പ്രസാദിന്റെ കേസ് പരിഗണിക്കപ്പെടുന്നില്ല.

ശിക്ഷിക്കുന്ന കോടതിക്കുമുണ്ട് ചില ഉത്തരവാദിത്വങ്ങള്‍. ജയിലിലേക്കയക്കുന്ന പ്രതിയുടെ അവസ്ഥയെന്തെന്ന അന്വേഷണം കോടതിയില്‍നിന്നുണ്ടാകണം. റിമാന്‍ഡ് കാലത്തെന്നപോലെ ശിക്ഷാകാലത്തും കോടതിയുടെ ശ്രദ്ധ തടവുകാരുടെ കാര്യത്തിലുണ്ടാകണം. വിധിക്കുന്നവരല്ല വിധി നടപ്പാക്കുന്നത്. വിധി പ്രസ്താവിക്കുന്നതോടെ ജുഡിഷ്യറിയുടെ ഉത്തരവാദിത്വം അവസാനിക്കുകയും തടവുകാരന്‍ എക്‌സിക്യൂട്ടീവിന്റെ നിയന്ത്രണത്തിലാകുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. പൗരന്റെ സംരക്ഷണം ഭരണകൂടത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്വമാകണം. സാങ്കേതികതയുടെ ഇരുട്ടിടങ്ങളില്‍ കാണാതെ കിടക്കാനുള്ളതല്ല വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും, ആ വ്യക്തി ശിക്ഷിക്കപ്പെട്ട ആളാണെങ്കില്‍ക്കൂടി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.