
ഇരു രാജ്യങ്ങളും തമ്മിൽ ഉടൻ കരാറിൽ ഒപ്പ് വെക്കും
റിയാദ്: മൂന്നര വർഷത്തെ ഗൾഫ് പ്രതിസന്ധി ഉടൻ അവസാനിക്കുമെന്ന സൂചനകൾ പുറത്തു വരുന്നതിനിടെ സഊദി ഭരണാധികാരിക്ക് കുവൈത്ത് അമീറിന്റെ അഭിനന്ദനം. ഖത്തർ-സഊദി പ്രശ്ന പരിഹാരത്തിന് സഊദി കൂടി അനുകൂല നിലപാട് സ്വീകരിച്ചതോടെ ഇരു രാജ്യങ്ങളും പ്രാഥമിക കരാറിൽ ഒപ്പ് വെക്കുമെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് സഊദിയുടെ ശ്രമങ്ങളെ പ്രകീർത്തിച്ച് കുവൈത്ത് ഭരണാധികാരി അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് നന്ദിയും അഭിനന്ദനവും അറിയിച്ചത്.
യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളെ സഊദി അറേബ്യ പ്രതിനിധീകരിക്കുന്നത് സഊദി അറേബ്യയുടെ അഭിമാനകരമായ സ്ഥാനവും മേഖലയിൽ സുരക്ഷാ ഭദ്രതയുണ്ടാക്കുന്നതിന് നടത്തുന്ന ശ്രമങ്ങളിൽ വഹിക്കുന്ന മുൻനിര പങ്കും മേഖലയും ലോകവും കടന്നുപോകുന്ന നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഐക്യത്തിലും ഐക്യദാർഢ്യത്തിലുമുള്ള സഊദി അറേബ്യയുടെ താൽപര്യവുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സൽമാൻ രാജാവിന് അയച്ച സന്ദേശത്തിൽ കുവൈത്ത് അമീർ പറഞ്ഞു.
അതിനിടെ, ഇരുപക്ഷവും ഒത്തുതീര്‍പ്പിന്റെ അടുത്തെത്തിയെന്ന കുവൈത്ത് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ സഊദിയും ഖത്തറും സ്വാഗതം ചെയ്തു. സമവായ ശ്രമങ്ങളില്‍ കാര്യമായ പുരോഗതി കൈവന്നതായും ഇരുപക്ഷങ്ങളും തുറന്ന മനസ്സോടെയാണ് ഇപ്പോഴത്തെ ചര്‍ച്ചകളെ സമീപിക്കുന്നതെന്നും കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് നാസര്‍ അസ്സബാഹ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അന്തിമ ഒത്തുതീര്‍പ്പില്‍ ഉടന്‍ തന്നെ എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്ന യുഎസ്, കുവൈത്ത് ശ്രമങ്ങളെ സഊദി, ഖത്തർ ഭരണ നേതൃത്വം അനുകൂലമായി സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തതോടെ പ്രതിസന്ധി അവസാനിച്ചതായുള്ള പ്രഖ്യാപനം കാതോർക്കുകയാണ് ഗൾഫ് മേഖല.