2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന്‍ യാത്രയായി

അബൂദാബി: ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന്‍ അഹമ്മദ് അന്തരിച്ചു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതും ആന്തരാവയവങ്ങളിലെ അണുബാധയുമാണ് മരണകാരണം. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്.

സംഭവബഹുലമായിരുന്നു ഇമാന്റെ ജീവിതം.
20വര്‍ഷത്തിലേറെയായി ഇമാന്‍ അഹമദ് അബ്ദുല്ലാതി എന്ന ഈജിപ്തുകാരി പുറംലോകം കാണാതെ കിടക്കുകയായിരുന്നു. 500 കിലോ ഭാരമുള്ള ഈ 36കാരിക്ക് ഒന്നു തിരിഞ്ഞു കിടക്കുക പോലും അപ്രാപ്യമായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 11-ാം തിയതിയാണ് പ്രത്യേകം തയാറാക്കിയ വിമാനത്തില്‍  ഇമാന്‍ ചികിത്സക്കായി മുംബൈയിലെത്തിയത്. കുറഞ്ഞ കലോറിയിലുള്ള  ദ്രവരൂപത്തിലുള്ള ഭക്ഷണത്തിലൂടെ ആദ്യ മാസത്തില്‍ തന്നെ 100 കിലോയോളം തൂക്കം കുറച്ചിരുന്നു. മാര്‍ച്ച് ഏഴിന് ഇമാനെ ലാേപ്രാസ്‌കോപിക് സ്ലീവ് ഗാസ്‌ട്രെക്‌റ്റോമി എന്ന ചികിത്സക്ക്  വിധേയയാക്കി. ഇതിലൂടെ മാര്‍ച്ച് 29 ന് ഇവരുടെ തൂക്കം 340 കിലോ ആയി കുറഞ്ഞു.

രണ്ടുകോടിയോളം ചെലവിട്ടാണ് ഇവര്‍ക്കായി ആശുപത്രി പ്രത്യേക സൗകര്യം ഒരുക്കിയത്. 3000ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു മുറി തന്നെ സജ്ജീകരിക്കുകയായിരുന്നു. ഏഴടി വീതിയുള്ള വാതിലും അത്രതന്നെ വീതിയുള്ള കിടക്കയുമൊരുക്കി. ഓപറേഷന്‍ തിയേറ്ററടക്കമുള്ള കാര്യങ്ങളും പ്രത്യേകമായി സംവിധാനം ചെയ്തിരുന്നു.

ഇതിനിടെ 330 കി. ഗ്രാം ഭാരം കുറഞ്ഞതായുള്ള മുംബൈയിലെ ഡോക്ടര്‍മാരുടെ അവകാശവാദം തെറ്റാണെന്നും അവര്‍ കള്ളം പറയുകയാണെന്നുംഇമാന്റെ സഹോദരി ശൈമ ആരോപിച്ചിരുന്നു.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി
കഴിഞ്ഞ ഏപ്രില്‍ നാലിന് ഇമാനെ പ്രത്യേക വിമാനത്തില്‍ മുംബൈയില്‍നിന്ന് അബൂദബിയിലേക്ക് കൊണ്ടുപോയി. അബൂദബിയില്‍ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. അബൂദബിയിലെ ചികിത്സയില്‍ ഇമാനില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമായിരുന്നു.

അമിതഭാരത്താല്‍ ദുരിതമനുഭവിക്കുന്ന ഇമാന്‍ 25 വര്‍ഷത്തിനു ശേഷം സ്വന്തമായി ഭക്ഷണം കഴിച്ചെന്ന് ചികിത്സക്ക് നേതൃത്വം നല്‍കുന്ന ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇമാന്‍ ചിരിക്കാനും സന്ദര്‍ശകരുമായി സംസാരിക്കാനും തുടങ്ങിയിരുന്നു. ഇമാന്റെ ശബ്ദം വ്യക്തമായി വരുന്നുണ്ടെന്നും കൈകാലുകള്‍ ചലിപ്പിച്ച് തുടങ്ങിയെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ യാസിന്‍ അല്‍ ശാഹത് പറഞ്ഞിരുന്നു. ഇതിനിടയ്ക്കാണ് മരണം സംഭവിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.