ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഇനി ‘ X’ എന്ന പേരിലാണ് അറിയപ്പെടുക. ലോഗോയും മാറ്റി. നീലപ്പക്ഷിക്ക് പകരം ‘X’ ആയിരിക്കും പുതിയ ലോഗോ എന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ ഇലോണ്‍ മസ്‌ക് തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ഇലോണ്‍ മസ്‌കിന്റെ അക്കൗണ്ടില്‍ പ്രൊഫൈലിന്റെ സ്ഥാനത്ത് എക്‌സ് ആണ് നല്‍കിയിരിക്കുന്നത്. കൂടാതെ കമ്പനിയുടെ ആസ്ഥാനം എക്‌സ് ലോഗോ കൊണ്ട് അലങ്കരിച്ചിരിക്കുന്ന വീഡിയോ മസ്‌ക് പങ്കുവെയ്ക്കുകയും ചെയ്തു. ഞായറാഴ്ചയാണ് ട്വിറ്റര്‍ റീബ്രാന്റ് ചെയ്യുകയാണെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്.
ഉടന്‍ തന്നെ ട്വിറ്റര്‍ അടിമുടി പരിഷ്‌കരിക്കുമെന്നായിരുന്നു മസ്‌കിന്റെ വാക്കുകള്‍. ചൈനയിലെ വീ ചാറ്റ് പോലെ ട്വിറ്ററിനെ മാറ്റാനാണ് ഇലോണ്‍ മസ്‌ക് ലക്ഷ്യമിടുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
‘ഉടന്‍ തന്നെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡ് അടിമുടി പരിഷ്‌കരിക്കും, എല്ലാ പക്ഷികളോടും വിടപറയും, ഇന്ന് രാത്രി ‘X’ ലോഗോ പോസ്റ്റുചെയ്യുകയാണെങ്കില്‍, ഞങ്ങള്‍ നാളെ ലോകമെമ്പാടും തത്സമയമാക്കും’ മസ്‌കിന്റെ വാക്കുകള്‍.
ട്വിറ്ററിന്റെ ലോഗിന്‍ പേജിലും ഹോം പേജില്‍ ഇടത് വശത്ത് മുകളിലായും ഉണ്ടായിരുന്ന പക്ഷിയുടെ ലോഗോ മാറ്റി X എന്നാക്കി. വെബ്‌സൈറ്റ് തുറക്കുമ്പോഴും X എന്ന ലോഗോ കാണിക്കുന്നുണ്ട്. കറുപ്പ് നിറത്തിലാണ് ലോഗോ. ട്വിറ്ററിന്റെ ഔദ്യോഗിക പേജായിരുന്ന @twitter ന്റെ പേര് മാറ്റി X എന്നാക്കി. പ്രൊഫൈല്‍ ചിത്രവും പുതിയ ലോഗോ ആക്കി മാറ്റിയിട്ടുണ്ട്. ഇതോടെ കമ്പനിക്ക് കീഴിലുള്ള ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടുകള്‍ക്കൊപ്പമുള്ള കമ്പനി ബാഡ്ജും പുതിയ ലോഗോ ആയി മാറി. മസ്‌കിന്റേയും, സിഇഒ ലിന്‍ഡ യക്കരിനോയുടെയും ഔദ്യോഗിക അക്കൗണ്ടില്‍ ഇപ്പോള്‍ ഈ ലോഗോ ആണുള്ളത്.
കഴിഞ്ഞ ദിവസമാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട്, ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചത്.ഏപ്രില്‍ മാസത്തില്‍ ട്വിറ്ററിന്റെ ലോഗോ താത്കാലികമായി മാറ്റിയിരുന്നു. ഡോഗ്‌കോയിനിലെ ഷിബ ഇനു നായയെയാണ് ലോഗോയാക്കി മാറ്റിയത്. ലോഗോ മാറ്റിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിന് പിന്നാലെ വീണ്ടും പക്ഷിയെ തന്നെ പുനഃ സ്ഥാപിക്കുകയായിരുന്നു.
നിലവിലെ ലോഗോയുടെ സ്ഥാനത്ത് ‘X’ ആണ് മസ്‌കിന്റെ മനസില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം ട്വിറ്റര്‍ വാങ്ങുമ്പോള്‍, കമ്പനിയെ എക്‌സ് കോര്‍പ്പറേഷനുമായി ലയിപ്പിക്കുകയാണ് ചെയ്തത്.
Comments are closed for this post.