2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പോര്‍ച്ചുഗീസ ് മലബാറിലെ ആന(മനുഷ്യ)ത്താരകള്‍

വി.മൂസഫര്‍ അഹമ്മദ്‌

മധ്യകാല യൂറോപ്യന്‍ ചരിത്രത്തില്‍ സജീവമായി പങ്കെടുത്ത ‘മലയാളി’ മനുഷ്യനല്ല, ഒരു ആനയായിരുന്നു (ആനോ/ ജി.ആര്‍ ഇന്ദുഗോപന്‍/ പ്രസാധനം: ഡി.സി ബുക്‌സ്). 16ാം നൂറ്റാണ്ടില്‍ നിലമ്പൂര്‍ കാട്ടില്‍ വാരിക്കുഴിയില്‍ വീണ ഒരു (വെളുത്ത ആല്‍ബിനോ) കുട്ടിയാന. അക്കാലത്ത് മലബാറിലുള്ള പോര്‍ച്ചുഗീസുകാര്‍ പോപ്പിനെ സ്വാധീനിക്കാന്‍ ആനയെ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണ്‍ വഴി റോമിലേക്ക് അയക്കുന്നു. ആനക്ക് പേരിട്ടു. കേശവന്‍. കൂടെപ്പോകുന്ന പാപ്പാന്‍ ചീരന്‍. ജി.ആര്‍ ഇന്ദുഗോപന്റെ ആനോ എന്ന നോവല്‍ ഇങ്ങനെ ആരംഭിക്കുന്നുവെന്ന് ലളിതമായി ചുരുങ്ങിയ വാക്കുകളില്‍ പറയാം.


എന്നാല്‍ നോവലില്‍ യാത്രക്കു മുമ്പ് ചീരനും അച്ഛനും പങ്കെടുക്കുന്ന ഒരു യോഗമുണ്ട്. ആ യോഗം നയിക്കുന്നവര്‍ സാമൂതിരി രാജാവ്, സൈനുദ്ദീന്‍ മഖ്ദൂം, തുഞ്ചത്തെഴുത്തച്ഛന്‍ എന്നിവരാണ്. കച്ചവടത്തിനു വന്ന് മലബാറുകാര്‍ക്ക് ചോരച്ചാലുകളുടെ കൊടുംദുരിതം നല്‍കുന്ന പോര്‍ച്ചുഗീസ് രാജാവ് മാനുവിലിനെ ഉന്‍മൂലനം ചെയ്യാനുള്ള ഒളിപ്പോരാളിയാണ് ചീരന്‍ എന്നു പ്രഖ്യാപിക്കപ്പെടുന്നത് ഈ യോഗത്തിലാണ്. ലിസ്ബണില്‍ചെന്ന് ആനത്തോട്ടി കൊണ്ട് ഇമ്മാനുവല്‍ രാജാവിന്റെ കൊരവള്ളിയറുക്കുക- ഇതാണ് ചീരന്റെ യഥാര്‍ഥ ജോലി. അതിരഹസ്യമായി ആനക്കുട്ടിയെ പോര്‍ച്ചുഗീസുകാര്‍ക്കു വേണ്ടി വാങ്ങിക്കൊടുത്തത് അവരുടെ ഏജന്റും ചാരനും കോഴിക്കോട്ടുകാരനുമായ കോയപ്പക്കിയായിരുന്നു. ഇയാളുടെ നീക്കങ്ങള്‍ തന്റെ ചാരന്‍മാരെ വച്ച് മനസിലാക്കിയ സാമൂതിരി തന്നെയാണ് ചീരനെ കേശവന്റെ പാപ്പാനായി ലിസ്ബണിലേക്ക് അയക്കുന്നത്. കൊട്ടാരത്തില്‍നിന്ന് പുറത്തിറങ്ങാതെ, തന്നെ കാക്കുകയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് തന്റെ പടയാളികളെ അയച്ച് സ്വത്തും സമ്പത്തും വാരിക്കൂട്ടുന്ന മാനുവല്‍ രാജാവിനെ ഇല്ലാതാക്കണമെങ്കില്‍ ഒളിപ്പോരാളി ലിസ്ബണ്‍വരെ യാത്ര ചെയ്യുകതന്നെ വേണം. അങ്ങനെയാണ് കേശവനൊപ്പം ചീരന്‍ ഈ യാത്രയുടെ ഭാഗമാകുന്നത്.


ഈ യാത്രയുടെ (ആനത്താരയുടെ) പലപല വഴികളിലൂടെ കയറിവരുന്ന മലബാർ-പോര്‍ച്ചുഗല്‍- റോം ചരിത്രത്തിന്റെ അവതരണമാണ് അതി ഗംഭീരമായ ഈ നോവലില്‍ പിന്നീട് വായനക്കാര്‍ക്ക് അനുഭവിക്കാനാവുക. പൊതുവില്‍, മലയാളത്തിലെ ചരിത്ര നോവലുകളില്‍ കണ്ടുവരാറുള്ള ഒട്ടലുള്ള, പശപ്പു ഭാഷയില്‍നിന്ന് പൂര്‍ണമായും മോചിപ്പിക്കപ്പെട്ട അത്യന്തം ജൈവികമായ ഭാഷയിലാണ് നോവലിലെ ഓരോ മുഹൂര്‍ത്തവും എഴുതപ്പെടുകയും അവതരിപ്പിക്കുകയും ചെയ്യുന്നത്. കൈയില്‍നിന്ന് താഴെവയ്ക്കാന്‍ കഴിയാത്ത വിധത്തിലുള്ള സുതാര്യമായ ഭാഷ നോവലിനെ മടുപ്പേതുമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നു.


കൃത്യം നിര്‍വഹിച്ചാല്‍ ജാതിയില്ലാത്ത, അയിത്തമില്ലാത്ത ഒരിടമായി മലബാര്‍ മാറണമെന്നാണ് ചീരന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അത്തരമൊരു ഉറപ്പ് ആ നവ യുവാവിന് ആരില്‍നിന്നും ലഭിക്കുന്നില്ല. എങ്കിലും തന്റെ ദൗത്യവുമായി അലറുന്ന കടലില്‍ കപ്പലില്‍ യാത്ര ചെയ്ത് ചീരന്‍ ലക്ഷ്യസ്ഥാനത്തെത്തുന്നു. പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രണ്ടു രാജ്യങ്ങളുമായി സൗഹൃദത്തില്‍ പോവുകയും തങ്ങള്‍ക്കാവശ്യമുള്ള സമ്പത്ത് ഇവരില്‍ നിന്ന് ലഭ്യമാക്കുകയും ചെയ്യുകയാണ് ഇക്കാലത്ത് കാത്തോലിക്കാ സഭ ചെയ്തിരുന്നത്. സ്‌പെയിനിനെ മറികടന്ന് സഭയില്‍ കൂടുതല്‍ സ്വാധീനത്തിനു വേണ്ടിയാണ് മാനുവല്‍ രാജാവ് കേശവനെ പോപ്പിന് സമ്മാനിക്കുന്നത്. മെരുക്കിയ നാട്ടാനക്ക് മനുഷ്യഹൃദയം കവരാന്‍ കഴിയുമെന്ന് മനസിലാക്കിയായിരുന്നു ഈ നീക്കം. അതങ്ങനെ സംഭവിക്കുന്നുമുണ്ട്. പോപ്പ് ഏറെക്കുറെ കേശവന്റെ ആരാധകനും ഒരുപരിധിവരെ അടിമ പോലുമാകുന്നുണ്ട്. അതായത്, മാനുവല്‍ രാജാവിന്റെ കരുനീക്കം ഏതാണ്ട് ലക്ഷ്യംകാണുന്നു എന്നു ചുരുക്കം.


ഒളിപ്പോരില്‍ പരാജയപ്പെടുന്നവരെ ചരിത്രത്തിന്റെ താളില്‍ കാണില്ല. ചീരനെ നായക കഥാപാത്രമാക്കുന്നതില്‍ ചരിത്രരചനക്ക് കൃത്യമായ തിരുത്തു വേണമെന്ന നോവലിസ്റ്റിന്റെ കാഴ്ചപ്പാടുണ്ട്. ജയിച്ചവരുടേത് മാത്രമല്ല, പരാജയപ്പെട്ടവരുടേതും കൂടിയാണല്ലോ ചരിത്രം. ചീരന്റെ കഥ പറയുന്നതിലൂടെ 16ാം നൂറ്റാണ്ടിലെ പ്രമുഖ കോളനി ശക്തിയെന്നു തന്നെ വിളിക്കേണ്ടുന്ന പോര്‍ച്ചുഗീസ് ചരിത്രത്തിന്റെ നിരവധിയായ അടരുകള്‍ ഇവിടെ അവതരിപ്പിക്കപ്പെടുന്നു. നോവലാണെങ്കിലും ചരിത്ര സന്ദര്‍ഭങ്ങളെ, തന്റെ പഠനങ്ങള്‍കൊണ്ടും ഗവേഷണാത്മകമായ വായനകള്‍ കൊണ്ടും ഏറ്റവും മൗലികമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. നോവല്‍ രചനാതന്ത്രത്തെക്കുറിച്ച് പിന്‍കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു: ഈ നോവലിലെ മിക്ക സംഭവങ്ങളും ചരിത്രത്തില്‍ കൃത്യമായി സംഭവിച്ചതാണ്. എന്നാല്‍ ഭാവനയ്ക്കും ഇടമുണ്ട്: നോവല്‍ വായിക്കുമ്പോള്‍ ഇപ്പറഞ്ഞത് വായനക്കാര്‍ക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും.


ചീരന്‍ തന്റെ ദൗത്യവുമായി പോകുമ്പോള്‍ അധികാരത്തിലിരുന്ന സാമൂതിരി മരിക്കുകയും പിന്‍ഗാമി പോര്‍ച്ചുഗല്‍ അനുകൂലിയാവുകയും ചെയ്യുന്നത് നോവല്‍ വരച്ചുകാട്ടുന്നു. (തുടക്കത്തിലുണ്ടായിരുന്ന ഐക്യത്തില്‍നിന്ന് സാമൂതിരിയാണ് ആദ്യം പിന്‍വാങ്ങുന്നത്). അതായത് ചീരന്റെ ദൗത്യത്തെ പുതിയ സാമൂതിരി അസാധുവാക്കുന്നു. മലബാറിലെ പോര്‍ച്ചുഗീസ് വിരുദ്ധ സമരങ്ങള്‍ എങ്ങനെ പരാജയപ്പെട്ടുവെന്നത് പുതിയ സാമൂതിരിയെക്കുറിച്ചുള്ള ഈ ഒറ്റ പരാമര്‍ശത്താല്‍ നോവലിസ്റ്റിനു വ്യക്തമാക്കാന്‍ കഴിയുന്നു. കേരളത്തിലെ പോര്‍ച്ചുഗീസ് കാലം ഒരു മിഥ്യയാണെന്ന് വാദിച്ച ചരിത്രകാരന്‍മാര്‍ പോലും കേരളത്തിലുണ്ടായിട്ടുണ്ട്. അത്തരമൊരു പശ്ചാത്തലത്തില്‍ ‘ആനോ’യുടെ (ചീരന്‍ ആനേ, ആനേ എന്ന് ഇടക്കിടെ വിളിക്കുന്നത് കേട്ട് പോര്‍ച്ചുഗീസുകാര്‍ കേശവനെ ആനോ എന്നു വിളിക്കുകയായിരുന്നു) ചരിത്രത്തിലേക്കുള്ള നിരവധി തുറവികള്‍ ഇന്നു വളരെ പ്രധാനപ്പെട്ടതായി തന്നെ അനുഭവപ്പെടും. സാഹിത്യ തല്‍പരര്‍ക്കൊപ്പം ഈ നോവല്‍ ഉയര്‍ത്തുന്ന ആശയലോകത്തെക്കുറിച്ച് ചരിത്രകാരന്‍മാരും പ്രതികരിക്കേണ്ടതുണ്ട്. കാരണം, മലബാര്‍ ചരിത്രത്തെ അത്രയും ആഴത്തില്‍ ഉള്‍ക്കൊള്ളാനും അവതരിപ്പിക്കാനും നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. മലബാറിലെ പോര്‍ച്ചുഗീസ് കാലം പ്രമേയമായ തിക്കോടിയന്റെ ‘ചുവന്ന കടല്‍’ എന്ന നോവലില്‍നിന്ന് ആനോ ആഴമേറിയ ഒരനുഭവമാകുന്നത് എഴുത്തുകാരന്റെ ചരിത്രാന്വേഷണത്തിന്റെ മൗലികത കൊണ്ടു തന്നെയാണ്. കരയുടെ ചരിത്രം മാറ്റിവച്ച് നോവല്‍ കടലിന്റെ ചരിത്രം അന്വേഷിക്കുന്നു.


16ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന അടിമക്കച്ചവടത്തിന്റെ നിരവധി വിശദാംശങ്ങള്‍ നോവലില്‍ കാണാം. പൊന്നും കുരുമുളകും മറ്റു വിഭവങ്ങളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനേക്കാള്‍ ലാഭകരം മനുഷ്യക്കടത്താണ്, അടിമക്കച്ചവടമാണ് എന്ന നിലയിലാണ് പോര്‍ച്ചുഗീസുകാര്‍ ഈ മേഖലയിലേക്കു കടക്കുന്നത്. അറബികളില്‍ നിന്നാണ് തങ്ങളിത് പഠിച്ചത് എന്ന എക്‌സിക്യൂസും അവര്‍ക്കുണ്ട്. അടിമക്കച്ചവടത്തോടെ പോര്‍ച്ചുഗീസ് ക്രൂരതകളും ഭീകരതകളും എല്ലാ അതിര്‍ത്തിയും കടക്കുകയും ചെയ്യുന്നു. കാപ്പാട് കപ്പലിറങ്ങിയ വാസ്‌ഗോഡ ഗാമ എന്ന ‘ചരിത്രപുരുഷന്‍’ എന്താണ് മലബാറില്‍ ചെയ്തതെന്ന്, ആ ഹിംസക്കടല്‍ നോവലില്‍ മനുഷ്യരക്തക്കറയായി പറ്റിപ്പിടിച്ചു നില്‍ക്കുന്നു.


പോര്‍ച്ചുഗീസുകാര്‍ക്ക് മുസ്‌ലികളും മലബാറുകാരുമെല്ലാം മൂറുകളാണ്. സംസ്‌കാരം ഇല്ലാത്തവര്‍. മൂറുകളെ പാഠം പഠിപ്പിക്കണമെങ്കില്‍ ജിദ്ദയിലെത്തി മക്ക, മദീന നഗരങ്ങള്‍ പിടിച്ചെടുക്കുകയും പ്രത്യേകിച്ച് മദീനയില്‍ റൗളാ ഷരീഫിന്റെ നിയന്ത്രണം തങ്ങളുടെ കൈയിലായിരിക്കണമെന്നും പറങ്കികള്‍ കരുതുന്നുണ്ട്. ഇങ്ങനെ, ഏതു വിധേനയും ലോകം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമമാണു നടക്കുന്നത്.


അധികാരത്തിന്റെ പല തട്ടിലിരുന്ന് മാനുവല്‍ രാജാവ് നടത്തുന്ന ശ്രമങ്ങള്‍ ഇത്തരത്തിലുള്ളതാണ്. ഏതു കടല്‍പ്പാതയും ഈ ആവശ്യത്തിന് മനുഷ്യരക്തത്താല്‍ ചുകപ്പിക്കാം എന്ന നിലപാട് തന്നെയാണ് പോര്‍ച്ചുഗലിനുള്ളത്. മലബാറുകാരായ കേശവനെയും ചീരനെയും മുന്‍നിര്‍ത്തി 16ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് കോളനി മോഹങ്ങളുടെ ആഴം അളക്കുകയാണ് അഞ്ഞൂറില്‍പരം പുറങ്ങളുള്ള ആനോയില്‍ നോവലിസ്റ്റ് ചെയ്യുന്നത്.


നോവലില്‍ വിഖ്യാത നവോത്ഥാന ചിത്രശില്‍പ്പികളായ മൈക്കലാഞ്ചലോ, ഡാവിഞ്ചി, റാഫേല്‍ എന്നിവര്‍ ‘യഥാര്‍ഥ’ കഥാപാത്രങ്ങളായി തന്നെയുണ്ട്. ആനോ റോമിലെത്തുമ്പോള്‍ മൂവരും അവിടെയുണ്ടായിരുന്നു. റാഫേല്‍ ആനോയെ യഥാര്‍ഥത്തില്‍ വരക്കുകയും ചെയ്തിട്ടുണ്ട്. നോവല്‍ കൃത്യം ചരിത്രവുമായി ലയിച്ചു നില്‍ക്കുന്ന താളുകളിലെല്ലാം അത്തരം സന്ദര്‍ഭങ്ങളിലേക്ക് വെളിച്ചംവീശുന്ന പെയിന്റിങ്ങുകള്‍, രേഖാചിത്രങ്ങള്‍, ഹിസ്റ്റീരിയോഗ്രഫി ഇമേജുകള്‍ എന്നിവ കൊടുത്തിട്ടുണ്ട്. ഇതോടെ നോവല്‍ ഒരേസമയം ഫിക്ഷനും ഒപ്പം ഒരു ചരിത്രപുസ്തകവുമായി മാറുന്ന അനുഭവംകൂടി ലഭിക്കുന്നു. പുസ്തകത്തെ അസാധാരണമാക്കുന്നതില്‍ ഈ ചിത്രങ്ങള്‍ക്കും ഇമേജുകള്‍ക്കും നിര്‍ണായക പങ്കുണ്ട്. ആ തിരഞ്ഞെടുപ്പ് നോവല്‍ രചനയ്ക്കായി നോവലിസ്റ്റ് നടത്തിയ ചരിത്രാന്വേഷണത്തിന്റെ തെളിവുകളായിക്കൂടി ഈ താളുകളില്‍ നിലനില്‍ക്കുന്നു.
കത്തോലിക്ക സഭയുടെ ചരിത്രത്തിലെ മെഡിന്‍ചി പോപ്പുമാരുടെ ചരിത്രം കൂടി നോവലിലുണ്ട്. ലിയോ പത്താമന്‍ എന്ന ആ പരമ്പരയിലെ അവസാന പോപ്പിനു വേണ്ടിയാണ് ആനോയെ മലബാറില്‍ നിന്നും റോമിലെത്തിക്കുന്നത്. രാജ്യതന്ത്രവും നയതന്ത്രവും ഒത്തുചേര്‍ന്ന നീക്കമായിരുന്നു അത്. ശ്രീലങ്കയില്‍നിന്ന് കേരളത്തിലെത്തിച്ച ഒരാനയുടെ കഥ ഓര്‍മ വരുന്നു. ഇന്ദിരാഗാന്ധിക്ക് സമ്മാനമായി നല്‍കിയതായിരുന്നു ഈ ആനയെ. പരിപാലനത്തിനായി ആനയെ കേരളത്തിലെ ഒരാനപ്പന്തിയിലെത്തിച്ചു. ഇന്ത്യ – ലങ്ക ബന്ധം ശക്തമായിരിക്കുമ്പോള്‍ ആന നന്നായി പരിപാലിക്കപ്പെട്ടു. ബന്ധം വഷളാവുകയോ മോശമാവുകയോ ചെയ്യുമ്പോള്‍ അത് ആനപ്പന്തിയില്‍ പ്രകടമായി. ശ്രീലങ്കന്‍ ആനക്ക് മര്യാദക്കുള്ള ഭക്ഷണം, എന്തിന് കുടിവെള്ളംപോലും നിഷേധിക്കപ്പെട്ടിരുന്നതായി പത്രവാര്‍ത്തകള്‍ വന്നത് ഓര്‍ക്കുന്നു. 16ാം നൂറ്റാണ്ടിലും ഒരാന ചരിത്രത്തെ നയിച്ചുവെന്നതിനുള്ള സാഹിത്യ പ്രതിനിധാനമാണ് ‘ആനോ’.


നോവലില്‍ ഏറ്റവും വളരുന്ന കഥാപാത്രം കോയപ്പക്കിയാണ്. (ഹോജ ബക്കി എന്നാണ് ഇയാളെ പോര്‍ച്ചുഗീസുകാര്‍ വിളിക്കുന്നത്). ചീരന്റെ ലക്ഷ്യം മാനുവല്‍ രാജാവിനെ അറിയിക്കാന്‍ മലബാറില്‍നിന്ന് ലിസ്ബണ്‍ വരെ ഇയാള്‍ യാത്ര ചെയ്യുന്നു. പക്ഷേ, പക്കി അവിടെയെത്തിയപ്പോഴേക്കും രഹസ്യം മാനുവല്‍ രാജാവ് അറിഞ്ഞു കഴിഞ്ഞിരുന്നു. അതായത്, കോയപ്പക്കിയുടെ യാത്ര വ്യര്‍ഥമായി. പറങ്കിച്ചാരന്‍ എന്ന നിലയില്‍ കോഴിക്കോട്ട് ഇയാളെക്കുറിച്ച് അറിവുള്ളതിനാല്‍ പക്കിക്ക് സ്വന്തം നാട്ടിലേക്കു മടങ്ങാനും കഴിയില്ല. ഒടുവില്‍ ഏദനില്‍ പോയി കച്ചവടം ചെയ്യാനാണ് ഇയാള്‍ ശ്രമിക്കുന്നത്. മലബാറില്‍ കോളനിവിരുദ്ധരും അനുകൂലികളും ഉണ്ടായിരുന്നു. കോളനി അനുകൂലികളെ കോയപ്പക്കി പ്രതിനിധീകരിക്കുന്നു. കോളനിക്കച്ചവടംമാതൃനാട് എന്നിവക്കിടയില്‍ അതിനെതിരേ പൊരുതാന്‍ ശ്രമിക്കുന്ന ചീരനും ആരെയും ഒറ്റാന്‍ ശ്രമിക്കുന്ന പക്കിയെയും നോവലിസ്റ്റ് കൃത്യമായി അവതരിപ്പിക്കുന്നു. ചരിത്രത്തിന്റെ ഈ പിളര്‍പ്പിലാണ് നോവല്‍ അതിന്റെ കടല്‍സഞ്ചാരം നടത്തുന്നത്.


നോവലിന്റെ ഒടുവില്‍ പോര്‍ച്ചുഗലും റോമും ചാരന്‍മാരുടെ ആധിക്യത്താല്‍ വലയുന്നുണ്ട്. 16ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ഭരണസംവിധാനങ്ങള്‍ എന്തുമാത്രം പ്രാകൃതവും മനുഷ്യവിരുദ്ധവുമായിരുന്നുവെന്ന് ചാരന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. ചിലര്‍ ‘ഡബിള്‍ ഏജന്റുമാര്‍’ പോലുമാണ്. ഇതിനിടയില്‍ മലബാര്‍ ഞെങ്ങി ഞെരുങ്ങുന്നതിന്റെ നിരവധി പാര്‍ശ്വചിത്രങ്ങള്‍ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. അതൊരു ‘കൊളാഷ് ആര്‍ക്കൈവാ’ണ്. അതിലൂടെയുള്ള സഞ്ചാരത്തിലൂടെ വായനക്കാര്‍ ഒരു യഥാര്‍ഥ മലബാര്‍ ചരിത്രനോവലിനെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നത്.


ചീരന്‍ കൊല്ലപ്പെടുന്നു. ആനോക്കൊപ്പം കപ്പലില്‍ കയറ്റിയ കണ്ടാമൃഗത്തിന്റെ പരിചാരകന്‍ കൊച്ചിക്കാരന്‍ ഒസേമാണ് ചീരനെ കൊല്ലുന്നത്. തന്നെ കൊല്ലാന്‍ ശ്രമിച്ച ചീരനെ വധിക്കണമെന്ന മാനുവല്‍ രാജാവിന്റെ കല്‍പ്പന വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് നടപ്പാക്കപ്പെടുകയായിരുന്നു. അതിനുമുമ്പ് കേശവന്‍ അകാലത്തില്‍ മരിക്കുന്നു. വിഷം കൊടുത്ത് തന്റെ ശത്രുക്കളാണ് കേശവനെ കൊന്നതെന്നു പോലും പോപ്പ് വിശ്വസിക്കുന്നുണ്ട്. അവന്റെ മരണം പോപ്പിന്റെ നിത്യരോഗത്തെ കൂടുതല്‍ തീക്ഷ്ണമാക്കുന്നു. അപ്പോഴും കോളനി പാതകളിലൂടെ ദുരാര്‍ത്തിയുമായി കപ്പലുകള്‍ തങ്ങളുടെ സഞ്ചാരം തുടരുകയും ചെയ്യുന്നു.


ആനോ എന്ന യഥാര്‍ഥ ആനയിലേക്ക്, ‘ദ പോപ്പ്‌സ് എലഫന്റ് ‘ എന്ന പുസ്തകത്തിലേക്ക്, മാഡി എന്ന മലയാളിയുടെ ബ്ലോഗിലേക്ക് അങ്ങനെ വളരെ ഒറിജിനലായ ഒരാഖ്യാനത്തിലേക്ക് താനെത്തിയതിനെക്കുറിച്ച് നോവലിസ്റ്റിന്റെ പിന്‍കുറിപ്പ് വ്യക്തമാക്കുന്നു. അനുബന്ധമായി എഴുതിയ ചെറു ലേഖനത്തില്‍ ആനോയുടെ ചരിത്രത്തിന്റെ വഴികള്‍, ഇന്നും റോമിലുള്ള ആനോ ശില്‍പ്പം അങ്ങനെ നോവലിന്റെ എല്ലാ ഘടകങ്ങളും ഒരു പത്രപ്രവര്‍ത്തകന്റെ മിടുക്കോടെ വരച്ചു കാട്ടുകയും ചെയ്തിരിക്കുന്നു.


നോവലിന്റെ സ്വഭാവത്തെക്കുറിച്ച് ഇന്ദുഗോപന്‍ എഴുതുന്നു: ഉദ്വേഗവും വേഗവും കൂട്ടാനായി കൃത്രിമമായ കഥാസന്ദര്‍ഭങ്ങളെ സ്വീകരിക്കാനോ ഉള്‍ക്കൊള്ളാനോ ശ്രമിച്ചിട്ടില്ല. യുദ്ധത്തിന്റെ വിശാലമായ വിവരണങ്ങള്‍ ചേര്‍ത്തിട്ടില്ല. മനുഷ്യര്‍ തമ്മിലുള്ള അഭിമുഖങ്ങളാണ് കൂടുതല്‍: മനുഷ്യര്‍ തമ്മിലുള്ള അഭിമുഖങ്ങള്‍ വായനക്കാരെ നിരവധിയായ ചരിത്ര പുസ്തകങ്ങളിലേക്കും രേഖകളിലേക്കും മുഹൂര്‍ത്തങ്ങളിലേക്കും നയിക്കുന്നു. മറ്റു മലയാള ചരിത്ര നോവലുകള്‍ക്ക് സാധിക്കാത്തവിധം ആ കൃത്യം സാക്ഷാത്കരിക്കാന്‍ മനുഷ്യാഭിമുഖങ്ങളിലൂടെ ‘ആനോ’ക്ക് കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ രചന വിജയിച്ച നോവലായി മാറുന്നതും. മനുഷ്യവിനിമയങ്ങളാണ് ചരിത്രം എന്ന അടിസ്ഥാന സങ്കല്‍പത്തിലൂന്നാന്‍ നോവലിസ്റ്റിന് കഴിഞ്ഞു എന്നതു തന്നെയാണ് ഇതിനുള്ള കാരണം. പോര്‍ച്ചുഗീസ് മലബാര്‍ കാലത്തെ ഒരു ‘കടല്‍ ആനത്താര’ അങ്ങനെ ചരിത്രാഖ്യാന നോവലായി മാറിയിരിക്കുന്നു. മൃഗത്താരകള്‍ എല്ലാ കാലത്തും മനുഷ്യന്റെ കൂടി കഥകളാണല്ലോ, അവയ്ക്ക് അങ്ങനെ ആകാനേ സാധിക്കൂ, കാരണം ആ കഥ പറയുന്നത് മനുഷ്യരാണല്ലോ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.