വീൽ
വിനീഷ്
കുറച്ചു വർഷങ്ങൾ മുമ്പുവരെ പെട്രോൾ അംബാസിഡർ കാറുകൾ ഡീസൽ ആക്കുന്ന ഒരു പ്രവണത ഇവിടെ ഉണ്ടായിരുന്നു. പിന്നീട് നിയമങ്ങൾ കർശനമായതോടെ അതു നിന്നു. ഇന്ന് പെട്രോൾ കാറുകൾ ഡീസൽ ആക്കുന്നതിന് അനുമതിയില്ല. എന്നാൽ സി.എൻ.ജിയിലേക്കോ ഇലക്ട്രിക്കിലേക്കോ മാറ്റാമെന്ന് മാത്രം. അംബാസിഡറിന്റെ കാര്യം പറയാൻ കാരണം, ഇപ്പോഴത്തെ ഇലക്ട്രിക് കാറുകൾ ആണ്. ഇവിടെ ഇറങ്ങുന്ന ഏതാണ്ടെല്ലാ കാറുകളും അവയെുടെ പെട്രോൾ മോഡലുകൾ ഇലക്ട്രിക് ആക്കിയതാണ്. പൂർണമായും ഇലക്ട്രിക് എന്നു വിളിക്കാവുന്ന, ഇലക്ട്രിക് ആയിത്തന്നെ രൂപകൽപന ചെയ്തവ കാര്യമായി ഇല്ലെന്നു പറയാം. അതായത് ‘ബോൺ ഇലക്ട്രിക് ’ എന്ന് വിളിക്കാവുന്നവ.
അപ്പോഴാണ് അയോണിക് ഫൈവുമായി ഹ്യുണ്ടായി എത്തുന്നത്. പൂർണമായും ഇലക്ട്രിക് ആയിത്തന്നെ രൂപകൽപന ചെയ്ത വാഹനമാണിത്. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിലാണ് അയോണിക് 5 ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. കോന എന്ന ഇലക്ട്രിക് കാറിനു ശേഷമാണ് അയോണിക് 5 ഇന്ത്യയിൽ ഹ്യുണ്ടായി എത്തിക്കുന്നത്. 72.6 കിലോവാട്ട് ബാറ്ററിയുമായി എത്തുന്ന അയോണിക് 5 ന്റെ റേഞ്ച് 631 കി.മീ ആണ് കണക്കാക്കിയിരിക്കുന്നത്. 217 ബി.എച്ച്.പിയാണ് മോട്ടോറിന്റെ കരുത്ത്. ഡിസംബർ 21 മുതലാണ് ഇവിടെ ബുക്കിങ് ആരംഭിച്ചത്. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന കാർ അല്ല അയോണിക് 5.
ഭാഗങ്ങൾ ഇറക്കുമതി ചെയ്ത് ചെന്നൈ ഹ്യുണ്ടായി പ്ലാന്റിൽ അസംബിൾ ചെയ്യുകയാണ്. ഇത്തരത്തിലുള്ള ഇറക്കുമതിക്ക് 15 ശതമാനം കസ്റ്റംസ് ഡ്യൂട്ടി വരുന്നതുകൊണ്ട് വില കൂടും. 45- 50 ലക്ഷം രൂപ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ചടങ്ങിലാണ് വാഹനം പുറത്തിറക്കിയത്. 2022ലെ ഇന്റർ നാഷനൽ കാർ ഓഫ് ദ ഇയർ പുരസ്കാരവും അയോണിക് ഫൈവിനെ തേടിയെത്തിയിരുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഹ്യുണ്ടായി ഇവിടെ അവതരിപ്പിക്കുന്ന അഞ്ച് ഇ.വി കളിൽ ആദ്യത്തേതാണ് അയോണിക് 5. കമ്പനിയുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന വാഹനമാണിത്. ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയയുടെ ഇ സിക്സും ഇതേ പ്ലാറ്റ്ഫോമിലുള്ളതാണ്. കൂടൂതൽ ആധുനികതയിലേക്ക് പോകാതെ ഒരു സാധാരണ ഹാച്ച്ബാക്ക് മോഡലിന്റെ ഡിസൈൻ ആണ് അയോണിക് ഫൈവിൽ സ്വീകരിച്ചിരിക്കുന്നത്. ഹാച്ച് ബാക്കിനേക്കാൻ കുറച്ചുകൂടി വലിപ്പമുള്ള ക്രോസ് ഓവർ മോഡൽ എന്ന് വേണമെങ്കിൽ വിളിക്കാം. ചതുരാകൃതിയിലുള്ള മുന്നിലെ ഹെഡ് ലൈറ്റുകളാണ് എടുത്തുപറയാവുന്ന സവിശേഷത. ബോഡി ഡിസൈനിൽ ഷാർപ്പ് കർവുകൾ ഇല്ല. വലിയ 20 ഇഞ്ച് വീലുകളാണുള്ളത്. മുന്നിലെ ബോണറ്റും നീളമേറിയതാണ്. പിറകിലെ ഗ്ലാസിന് മുകളിലായി വലിയ സ്പോയിലറുകളും ടെയിൽ ലൈറ്റുകളെ ബന്ധിപ്പിച്ച് എ.ഇ.ഡി ബാറുകളും നകിയിട്ടുണ്ട്. ഇനി ഉൾവശത്തേക്ക് നോക്കിയാൽ മുന്നിൽ
ഗിയർ സെലക്ടർ ഉൾപ്പെടുന്ന സെന്റർ കൺസോൾ വാഹനത്തിനില്ല. ആ ഭാഗം ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ മുന്നിലെ രണ്ട് സീറ്റുകൾക്ക് ഇടയിൽ ആം റെസ്റ്റും കൂടാതെ സ്റ്റോറേജ് സ്പെയ്സും നൽകിയിട്ടുണ്ട്. പിറകിലെ സീറ്റിൽ മധ്യത്തിൽ ഇരിക്കുന്നയാൾക്ക് ആവശ്യമെങ്കിൽ ഈ ഭാഗം മുന്നോട്ടുനീക്കിയാൽ കൂടുതൽ സ്ഥലം ലഭിക്കും.
അയോണിക് ഫൈവിന് കിയ ഇ 6 നേക്കാൾ വില കുറവായിരിക്കും. പൂർണമായും ഇറക്കുമതി ചെയ്യുന്ന ഇ 6 ന്റെ വില ആരംഭിക്കുന്നത് 59.96 ലക്ഷം മുതലാണ്.
800 W ചാർജർ ഉപയോഗിച്ച് 10 ശതമാനമുള്ള ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാൻ 18 മിനിറ്റു മതി. 185 കി.മീ പരമാവധി വേഗതയുള്ള അയോണികിന് പൂജ്യത്തിൽനിന്ന് നൂറു കി.മീ വേഗതയെടുക്കാൻ 6.1 സെക്കൻഡ് മതി. 12.3 ഇഞ്ച് ടച്ച് സ്ക്രീനാണ് ഇൻസ്ട്രുമെന്റ് കാറിൽ നൽകിയിരിക്കുന്നത്. സാധാരണ സുരക്ഷാ ഫീച്ചറുകൾക്ക് പുറമെ ലെവൽ 2 ആഡാസ് സംവിധാനവും നൽകിയിട്ടുണ്ട്. ഡൽഹിയിൽ രണ്ടാഴ്ചയ്ക്കകം നടക്കാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ അയോണികിന്റെ വില ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
•
Comments are closed for this post.