അമരാവതി: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വീട്ടിനുള്ളില്‍ ചാര്‍ജിനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ശിവകുമാര്‍ (40) ആണ് മരിച്ചത്. ശിവകുമാറിന്റെ ഭാര്യ ഹാരതി (30), മക്കളായ ബിന്ദുശ്രീ (10), സസി (6) എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ശിവകുമാറും കുടുംബവും കിടന്നിരുന്ന മുറിക്ക് സമീപമാണ് ബാറ്ററി ചാര്‍ജ് ചെയ്യാനിട്ടിരുന്നത്. ബാറ്ററി പൊട്ടിത്തെറിച്ച് വീട്ടിലെ ഇലക്ട്രിക് വയറിങ്ങിലേക്കും തീപടര്‍ന്നതോടെ വീട്ടിനുള്ളിലാകെ തീയും പുകയും പടര്‍ന്നു. പൊള്ളലേറ്റും പുകമൂലം ശ്വാസംമുട്ടിയുമാണ് ശിവകുമാര്‍ മരിച്ചത്.
വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെയും അഗ്‌നിരക്ഷാ സേനയേയും വിവരമറിയിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ശിവകുമാര്‍ മരിച്ചത്. ഭാര്യയും മക്കളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments are closed for this post.