2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തൃക്കാക്കര വിധിയെഴുത്ത് ഇന്ന്

 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 1,96,805 വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതില്‍ 3,633 പേര്‍ പുതിയ വോട്ടര്‍മാരാണ്.
വോട്ടര്‍മാരില്‍ 95,274 പേര്‍ പുരുഷന്മാരും 1,01,530 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്. തൃക്കാക്കര മണ്ഡലം രൂപീകൃതമായ ശേഷം ഇത് നാലാംതവണയാണ് തെരഞ്ഞെടുപ്പ്. പി.ടി തോമസ് അന്തരിച്ചതിനെതുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ പി.ടിയുടെ പത്‌നി ഉമാ തോമസും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ഹൃദ്രോഗ വിദഗ്ധന്‍ ജോ ജോസഫും തമ്മിലാണ് പ്രധാന മത്സരം. എ.എന്‍ രാധാകൃഷ്ണനാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആറുമണിവരെ ബൂത്തിലെത്തുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടാകും. കൊച്ചി കോര്‍പ്പറേഷന്റെ 22 ഡിവിഷനുകളും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഉള്‍ക്കൊള്ളുന്നതാണ് മണ്ഡലം. ആകെ 239 ബൂത്തുകളുണ്ട്. പോളിങ് സാമഗ്രി വിതരണം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. പ്രശ്‌നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുണ്ട്. രാവിലെ ആറിന് മോക് പോളിങ് നടക്കും. ഇതുവരെ തൃക്കാക്കരയില്‍ വിജയക്കൊടി പാറിച്ച യു.ഡി.എഫ്, കോട്ട കാക്കുമോ അതോ എല്‍.ഡി.എഫ് നിയമസഭയില്‍ സെഞ്ച്വറി തികയ്ക്കുമോ എന്നറിയാന്‍ വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ മൂന്നുവരെ കാത്തിരിക്കണം.
2016 ലെ തെരഞ്ഞെടുപ്പില്‍ 74.47 ശതമാനമായിരുന്നു പോളിങ്. 1,34,814 വോട്ടാണ് രേഖപ്പെടുത്തിയത്. 67,406 പുരുഷന്‍മാരും 67,408 സ്ത്രീകളും വോട്ട് ചെയ്തു. പി.ടി തോമസ് 14,326 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.