2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ ഇടപെടാനില്ലെന്ന് സുപ്രിംകോടതി; നജീബ് കാന്തപുരം ഹരജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ സുപ്രിം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു. പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇപ്പോള്‍ കേരള ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ വിചാരണ തുടരാം.എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പില്‍ 348 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.എം മുസ്തഫ ഹരജി ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖ ലംഘിച്ചാണ് വോട്ടെണ്ണല്‍ നടന്നതെന്നാണ് ഹരജിയിലെ ആരോപണം. കെ.പി.എം മുസ്തഫക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സി.യു സിങ്ങും അഭിഭാഷകരായ ഇ.എം.എസ് അനാമും എം.എസ് വിഷ്ണു ശങ്കറും ഹാജരായി.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖയുടെ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കഴിയുമോ എന്ന കാര്യം വിചാരണ സമയത്ത് ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖ ലംഘിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍ നടന്നത് എന്നതായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ മാര്‍ഗരേഖാ ലംഘനത്തിന് തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് നജീബ് കാന്തപുരത്തിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയും അഭിഭാഷകന്‍ ഹാരിസ് ബീരാനും വാദിച്ചു.

മാര്‍ഗരേഖാ ലംഘനം മാത്രമല്ല, വോട്ടെണ്ണലിലെ ക്രമക്കേടും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മുസ്തഫയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിങ്ങും അഭിഭാഷകരായ ഇഎംഎസ് അനാമും എം എസ് വിഷ്ണുശങ്കറും വാദിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.