കോഴിക്കോട്: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനും റിപ്പബ്ലിക്കന്‍ ടി.വി ചീഫ് എക്‌സിക്യൂട്ടീവ് അര്‍ണാബ് ഗോസ്വാമിക്കും ഇരട്ട നീതി നല്‍കിയ സുപ്രിം കോടതി നിലപാടിനെതിരേ വിമര്‍ശനവുമായി സി.പി.എം നേതാവ് എളമരം കരീം. സിദ്ധീഖ് കാപ്പന്‍ സാധാരണക്കാരനും അര്‍ണബ് ഗോസ്വാമി വാ തുറന്നാല്‍ വര്‍ഗീയ തീ തുപ്പുന്ന ഒരു ആര്‍.എസ്.എസ്സുകാരനുമായതുകൊണ്ടാണിങ്ങനെ രണ്ടു നീതിയെന്നും ഈ അവസ്ഥക്കെതിരേ എല്ലാവരുടേയും കണ്ണുതുറപ്പിക്കണമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ രൂപം
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്് സിദീഖ് കാപ്പനെ യു.പിയിലെ ഹത്രാസില്‍ വെച്ച് യുപി പോലീസ് അറസ്റ്റ് ചെയ്തു. ഹത്രാസില്‍ ഒരു ദളിത് യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും മൃഗീയമായി കൊലചെയ്യപ്പെടുകയും ചെയ്ത സംഭവം അന്വേഷിക്കാന്‍ ഹത്രാസില്‍ എത്തിയതായിരുന്നു സിദ്ദീഖ് കാപ്പന്‍ ഉള്‍പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍. സിദ്ദീഖ് കാപ്പനും സുഹൃത്തുക്കളും ഹത്രാസില്‍ എത്തിയത് ഭീകര പ്രവര്‍ത്തനം സംഘടിപ്പിക്കാനാണെന്നാരോപിച്ചാണ് യു.എ.പിഎ നിയമപ്രകാരം കേസെടുത്ത് യു.പി പോലീസ് ജയിലിലടച്ചത്.
സിദ്ദീഖ് കാപ്പന്‍ ഏത് ജയിലിലാണ് എന്ന് പോലും വ്യക്തമാവാത്ത സാഹചര്യത്തില്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രിം കോടതിയില്‍ ഒരു ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തു. പ്രസ്തുത ഹരജി പരിഗണിച്ച സുപ്രിം കോടതി ഒരു നടപടിയും സ്വീകരിക്കാതെ ഹരജിക്കാരോട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയാണുണ്ടായത് !
ഒരു പത്രപ്രവര്‍ത്തകന്‍ നേരിടേണ്ടി വന്ന കടുത്ത പീഡനത്തെ സുപ്രിം കോടതി ഇപ്രകാരം സമീപിച്ചത് ഏവരെയും ഞെട്ടിപ്പിച്ചു.
ഇനി രണ്ടാമത്തെ അനുഭവം. ഇത് ആദ്യത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. റിപ്പബ്ലിക്കന്‍ ടി.വി ചീഫ് എക്‌സിക്യൂട്ടീവ് അര്‍ണാബ് ഗോസ്വാമിക്കെതിരെ ടിആര്‍പി കൃതിമം നടത്തിയതിനെതിരെ മഹാരാഷ്ട്ര പോലിസ് ഒരു കേസെടുത്തു. അദ്ദേഹത്തെ മുംബൈ കോടതി റിമാണ്ട് ചെയ്തു. ഒട്ടും താമസിയാതെ ഗോസ്വാമിയുടെ ജാമ്യഹരജി സുപ്രീം കോടതിയിലെത്തി. സുപ്രീം കോടതി അര്‍ണാബ് ഗോസ്വാമിക്ക് ഉടന്‍ ജാമ്യം അനുവദിച്ചു.
രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് രണ്ട് നീതി. ഒരാള്‍ ഒരു സാധാരണ പത്രപ്രവര്‍ത്തകന്‍. രണ്ടാമത്തെ ആള്‍ വാ തുറന്നാല്‍ വര്‍ഗീയ തീ തുപ്പുന്ന ഒരു ആര്‍.എസ്.എസ്സുകാരന്‍. ഇന്ത്യന്‍ പൗരന്മാര്‍ നേരിടുന്ന ഈ അവസ്ഥ എല്ലാവരുടെയും കണ്ണ് തുറപ്പിക്കുമെന്ന് കരുതുന്നു.
Comments are closed for this post.