യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? കേവലം ഒരു ലക്ഷം രൂപയുണ്ടെങ്കില്‍ ഇനി എവിടെ പോകുമെന്ന് ആലോചിച്ച് തലപുകയ്‌ക്കെണ്ട. പാസ്‌പോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ ചില രാജ്യങ്ങള്‍ ചുറ്റിക്കണ്ട് വരാം. കൊവിഡിന് ശേഷം യാത്ര ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരുലക്ഷം രൂപ കയ്യിലുള്ള ഒരു ഇന്ത്യന്‍ പൗരന് സുഖമായി സന്ദര്‍ശിക്കാവുന്ന എട്ടു രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
തായ്‌ലന്‍ഡ്
മനോഹരമായ കടല്‍ത്തീരങ്ങള്‍കൊണ്ടും സംസ്‌കാരം കൊണ്ടും സമ്പന്നമാണ് തായ്‌ലന്‍ഡ്. മുംബൈയില്‍നിന്നു ബാങ്കോക്കിലേക്ക് കേവലം 25000 രൂപ മാത്രമാണ് വിമാന ടിക്കറ്റിന് ചെലവു വരിക. കടല്‍ത്തീരത്ത് സ്ഥാപിച്ചിട്ടുള്ള ബജറ്റ് ഫ്രണ്ട്‌ലി ആയ നിരവധി ഹോംസ്‌റ്റേകള്‍ കൊണ്ടും ഈ രാജ്യം സവിശേഷമാണ്.
മലേഷ്യ
നഗര ജീവിതവും കടല്‍ത്തീരത്തെ മനോഹരമായ കാഴ്ചകളും ഒരുപോലെ ആസ്വദിക്കണം എന്നു താല്‍പര്യപ്പെടുന്നവര്‍ തീര്‍ച്ചയായും വരേണ്ട രാജ്യമാണ് മലേഷ്യ. മികച്ച പൊതു ഗതാഗത സംവിധാനമുള്ള മലേഷ്യയില്‍ അതുകൊണ്ടുതന്നെ സഞ്ചാരികള്‍ക്ക് ഗതാഗതത്തിനായി ഏറെ തുക ചെലവഴിക്കേണ്ടി വരില്ല. ക്വാലലംപൂരില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രയ്ക്ക് 25000 രൂപയില്‍ താഴെയാണ് ഈടാക്കുന്നത്.
ഇന്തോനേഷ്യ
ബാലി എന്ന നഗരത്തിന്റെ പേരില്‍ രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തില്‍ ഏറെ പ്രാധാന്യം ലഭിച്ചിട്ടുള്ള ഒരു രാജ്യമാണ് ഇന്തോനേഷ്യ. പക്ഷേ ബാലിയേക്കാള്‍ മനോഹരമായ മറ്റ് സ്ഥലങ്ങളും ഇവിടെയുണ്ട്. മുപ്പതിനായിരം രൂപയില്‍ താഴെ മാത്രം ചെലവില്‍ വിമാനയാത്ര നടത്താവുന്ന ഈ രാജ്യത്ത് കടല്‍ത്തീരങ്ങളില്‍ കുറഞ്ഞ ചിലവില്‍ വില്ലകളും ലഭ്യമാണ്.
ശ്രീലങ്ക
മനോഹരമായ കടല്‍ത്തീരങ്ങളാലും രുചികരമായ സമുദ്ര വിഭവങ്ങളാലും സമ്പന്നമാണ് ശ്രീലങ്ക. കേരളത്തില്‍നിന്നു കുറഞ്ഞ ചെലവില്‍ കൊളംബോയിലേക്ക് വിമാന ടിക്കറ്റ് ലഭ്യമാണ് എന്നതും ശ്രീലങ്കയെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഇടം ആക്കുന്നു.
വിയറ്റ്‌നാം
ഹാ ലോങ്ങ് ബേ, ടെംപിള്‍ ഓഫ് ലിറ്ററേച്ചര്‍ എന്നിവയും വിയറ്റ്‌നാമിന്റെ ആകര്‍ഷണങ്ങളാണ്. ഹാനോയിലേക്ക് 27000 രൂപയില്‍ താഴെയാണ് മുംബൈയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക്.
കംബോഡിയ
മികച്ച കൊത്തുപണികളോടു കൂടിയ ക്ഷേത്ര സമുച്ചയങ്ങള്‍ ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്. മഴക്കാടുകളുടെ മനോഹര ദൃശ്യങ്ങള്‍ക്ക് ഒപ്പം ഇത്തരം സാംസ്‌കാരിക സമ്പന്നതയും ഈ രാജ്യത്തെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.
കേവലം മുപ്പതിനായിരം രൂപയില്‍ താഴെ മാത്രമാണ് ഇന്ത്യയില്‍നിന്ന് ഇവിടേക്കുള്ള വിമാന ടിക്കറ്റിന് ഈടാക്കുന്നത്.
ഈജിപ്ത്
നൈല്‍ നദീതട സംസ്‌കാര ഓര്‍മകളും ഗിസയിലെ പിരമിഡുകളും ഈജിപ്തിനെ മികച്ച ഒരു വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമായി മാറ്റുന്നു.
കൃത്യമായി പ്ലാന്‍ ചെയ്യുകയാണെങ്കില്‍ കെയ്‌റോയിലേക്ക് ഉള്ള വിമാനയാത്രയും നാലോ അഞ്ചോ ദിവസത്തെ താമസവും അടക്കം ഒരു ലക്ഷം രൂപയ്ക്കുള്ളില്‍ നിര്‍ത്താം.
നേപ്പാള്‍
വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി നേപ്പാളിന്റെയും പ്രത്യേകതയാണ്. സമതലങ്ങളില്‍ തുടങ്ങി എവറസ്റ്റ് കൊടുമുടി വരെ നീളുന്ന വൈവിധ്യമേറിയ ഭൂപ്രകൃതിയാണ് നേപ്പാളിന്റെ പ്രത്യേകത. ഇന്ത്യയില്‍നിന്നു റോഡ് മാര്‍ഗ്ഗവും വിമാനമാര്‍ഗവും ഈ രാജ്യത്തേക്ക് എത്താം.
Comments are closed for this post.