
ജിദ്ദ: സഊദിയിലെ ജുമാമസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം ഉണ്ടാവില്ല. കൊവിഡ് വ്യാപനം തടയുന്നതിനുള്ള ജാഗ്രതയുടെ ഭാഗമായാണ് കൂട്ടായുള്ള നമസ്കാരം ഒഴിവാക്കുന്നതെന്ന് ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായി രാജ്യത്തെ ജുമാമസ്ജിദുകളിലും മസ്ജിദുകളിലും കൂട്ടമായുള്ള നമസ്കാരങ്ങള്‍ക്ക് നിലവില്‍ വിലക്കുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരത്തിനും വിലക്കേര്‍പ്പെടുത്തിയത്.
കൊവിഡ് പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാള്‍ നമസ്കാരം വീടുകളില്‍ നിര്‍വഹിക്കാമെന്ന് സഊദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ തലവനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് വ്യക്തമാക്കി. കൊവിഡ് പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ വീടുകളില്‍ വെച്ച് ഈദുല്‍ ഫിതിര്‍ നമസ്കാരം നിര്‍വഹിക്കുന്നത് അനുവദനീയമാണെന്ന് അദ്ദേഹം വിശദീകരിച്ചു. പെരുന്നാള്‍ നമസ്കാരം രണ്ട് റകഅത്തുകളായി തന്നെയാണ് വീടുകളില്‍ വെച്ചും നിര്‍വഹിക്കേണ്ടത്. എന്നാല്‍ ഈ നമസ്കാരത്തിന് ഖുതുബ പ്രഭാഷണം ആവശ്യമില്ല.
കുട്ടികളോടും കുടുംബങ്ങളോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിച്ച് സന്തോഷവും ആഹ്ലാദവും പങ്കുവെക്കണമെന്നും ഗ്രാന്റ് മുഫ്തി മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു.