2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജപ്പാനിലേക്ക് പറക്കാം; വിദേശ വിദ്യാര്‍ഥികള്‍ക്കായി കൈനിറയെ അവസരങ്ങള്‍

ജപ്പാനിലേക്ക് പറക്കാം; വിദേശ വിദ്യാര്‍ഥികള്‍ക്കായി കൈനിറയെ അവസരങ്ങള്‍

വിദേശത്ത് മികച്ച വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഏതൊരു കുട്ടിയുടെയും മനസില്‍ ആദ്യം ഓടിയെത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളും അവിടെയുള്ള യൂണിവേഴ്‌സിറ്റികളുമായിരിക്കും. അല്ലെങ്കില്‍ അമേരിക്കയോ ആസ്‌ട്രേലിയയോ ലിസ്റ്റില്‍ പെട്ടേക്കാം. പക്ഷെ ഇത്തരം രാജ്യങ്ങളിലെ പഠന ചെലവും, ജീവിതച്ചെലവും, കുടിയേറ്റ നിയമങ്ങളും കാരണം പലരുടെയും സ്വപ്‌നങ്ങള്‍ വിടരും മുമ്പേ കൊഴിയാറാണ് പതിവ്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും ജീവിതച്ചെലവിന്റെ കാര്യത്തിലായാലും മേല്‍പറഞ്ഞ രാഷ്ട്രങ്ങളെയെല്ലാം കവച്ച് വെക്കുന്ന ഏഷ്യന്‍ രാജ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ? ജപ്പാനാണത്. 2014 ല്‍ എച്ച്.എസ്.ബി.സി നടത്തിയ ആഗോള വിദ്യാഭ്യാസ സര്‍വ്വേ പ്രകാരം യു.കെ, യു.എസ്.എ, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളേക്കാള്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്ന ചെലവില്‍ മികച്ച പഠനം സാധ്യമാവുന്നത് ജപ്പാനിലാണെന്ന് കണ്ടെത്തുകയുണ്ടായി.

എന്ത് കൊണ്ട് ജപ്പാന്‍?

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിദേശ രാജ്യങ്ങളുമായി അടുത്ത സുഹൃത്ബന്ധം കാത്ത് സൂക്ഷിക്കുന്ന നാടാണ് ജപ്പാന്‍. വിദ്യാര്‍ഥികളെ സംബന്ധിച്ചാണെങ്കില്‍ മികച്ച് പഠന സമ്പ്രദായവും കുറഞ്ഞ പഠന ചെലവുമുള്ള രാജ്യമാണ് ജപ്പാന്‍. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കുന്ന കാര്യങ്ങളായ കോഴ്‌സ് ഫീസുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ജോലി സാധ്യതകള്‍, ആഭ്യന്തര സുരക്ഷ, ജീവിത നിലവാരം എന്നീ കാര്യങ്ങളില്‍ മുന്‍പന്തിയിലാണ് ജപ്പാന്‍. സുരക്ഷയുടെ കാര്യത്തിലാണെങ്കില്‍ ലോകത്തിലെ തന്നെ മികച്ച സ്ഥാനമാണ് ജപ്പാനുള്ളത്. തദ്ദേശീയരോടും വിദേശീയരോടും ജപ്പാനിലുള്ളവര്‍ക്കുള്ള സൗഹൃദ മനോഭാവം എടുത്ത് പറയേണ്ടതാണ്.

യൂണിവേഴ്‌സിറ്റികള്‍
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ രീതി പിന്തുടരുന്ന രാജ്യമാണ് ജപ്പാന്‍. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും, പഠനന്തരീക്ഷവും, ഫാക്കല്‍റ്റിയും, കോഴ്‌സുകളുമാണ് ജപ്പാനിലെ യൂണിവേഴ്‌സിറ്റികള്‍ പ്രദാനം ചെയ്യുന്നത്.
ടോക്ക്യോ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി, ഇന്റര്‍നാഷണല്‍ കോളജ് ഓഫ് ലിബറല്‍ ആര്‍ട്‌സ്, ക്യോട്ടോ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് സയന്‍സ്, റിത് സുമെയ്ക്കന്‍ യൂണിവേഴ്‌സിറ്റി എന്നിവയാണ് രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

വിസ
ഇനി വിസ നടപടിക്രമങ്ങളുടെ കാര്യത്തിലാണെങ്കില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അത് വളരെ എളുപ്പമാണ്. യു.കെയിലൊക്കെ ഉള്ളത് പോലെ നിശ്ചിത തുക ബാങ്ക് ബാലന്‍സ് വേണമെന്ന വ്യവസ്ഥയൊന്നും ജപ്പാനിലില്ല. മാത്രമല്ല പഠന കാലയളവിലെ ഗ്യാപ്പും നിങ്ങളുടെ സാധ്യതകളെ ബാധിക്കില്ല. ഇതുകൂടാതെ പ്രവേശനത്തിന് ജപ്പാനീസ് ഭാഷ അറിഞ്ഞിക്കണമെന്ന നിര്‍ബന്ധവുമില്ല. ചുരുക്കത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പ്രവാസി സൗഹൃദ രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാനെന്ന് നമുക്ക നിസ്സംശയം പറയാം.

ജോലി
ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ എക്കോണമിയാണ് ജപ്പാന്റേത്. അതുകൊണ്ട് തന്നെ വളരെ വലിയ ജോലി സാധ്യതയാണ് ജപ്പാനില്‍ പഠനം പൂര്‍ത്തിയാക്കുന്നവരെ കാത്തിരിക്കുന്നത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് ആഴ്ച്ചയില്‍ 28 മണിക്കൂര്‍ വരെ പാര്‍ട്ട് ടൈം പണിയെടുക്കാനുള്ള അനുമതിയുണ്ട്. മറ്റ രാജ്യങ്ങളിലെ സ്ഥിതിവെച്ച് നോക്കുകയാണെങ്കില്‍ ഇത് വളരെ കൂടുതലാണ്. പാര്‍ട്ട് ടൈം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലിയിലും വലിയ വര്‍ധനയാണ് ജപ്പാനിലുള്ളത്. മാത്രമല്ല ടൊറന്റോ, ന്യൂ യോര്‍ക്ക്, ലണ്ടന്‍, സിംഗപ്പൂര്‍ പോലുള്ള സിറ്റികളേക്കാള്‍ കൂടിയ വാര്‍ഷിക വരുമാനം ലഭിക്കുന്ന നഗരമാണ് ടോക്കിയോ എന്നതും ജോലി തേടുന്നവര്‍ക്കുള്ള വലിയ സാധ്യതയാണ് മുന്നോട്ട് വെക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.