തിരുവനന്തപുരം: പ്ലസ് വണ്ണില്‍ വൈകി പ്രവേശനം നേടിയവര്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നഷ്ടമായ പാഠഭാഗങ്ങള്‍ ഓഗസ്റ്റ് 21ന് ശേഷം വൈകിട്ടും ശനിയാഴ്ചകളിലുമായി പ്രത്യേകം ക്ലാസുകള്‍ ക്രമീകരിച്ച് നല്‍കും. ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ അന്തിമഘട്ടത്തിലാണ്.
ഇതുവരെയുള്ള വിവിധ അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 3,84,538 പേര്‍ പ്ലസ് വണ്ണിന് പ്രവേശനം നേടി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 26,619 പേരും പ്രവേശനം നേടി. പ്ലസ് വണ്ണിന് ആകെ 4,11,157 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. ജില്ലാ/ജില്ലാന്തര സ്‌കൂള്‍ /കൊമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകളുടെ അലോട്ട്‌മെന്റ് ഫലം 16ന് പ്രസിദ്ധീകരിക്കും. 16, 17 തീയതികളിലായി പ്രവേശനം നടത്തും.
ട്രാന്‍സ്ഫറിനുശേഷമുള്ള ഒഴിവുകള്‍ 19 ന് പ്രസിദ്ധീകരിക്കും. അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് സ്‌പോട്ട് അഡ്മിഷനായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. സ്‌പോട്ട് അഡ്മിഷനോടുകൂടി ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ 21 ന് വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments are closed for this post.