ഇന്ത്യയെ തന്ത്രപ്രധാനപ്രതിരോധപങ്കാളിയാക്കാനുള്ള നിര്‍ദേശം യു.എസ് സെനറ്റ് പതിമൂന്നിനെതിരേ 85 വോട്ടുകള്‍ക്കു തള്ളിയത് നയതന്ത്രരംഗത്ത് ഇന്ത്യക്കേറ്റ തിരിച്ചടിയാണ്. രണ്ടുവര്‍ഷത്തെ ഭരണത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ കൊട്ടിഘോഷിച്ചു നടത്തിയ യു.എസ് സന്ദര്‍ശനം നയതന്ത്രതലത്തില്‍ വന്പരാജയമായിരുന്നെന്നാണ് ഇതു തെളിയിക്കുന്നത്.
ഇന്ത്യയെ തന്ത്രപ്രധാന പ്രതിരോധപങ്കാളിയാക്കാനുള്ള ഭേദഗതി ബില്‍ മുതിര്‍ന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മെകെയ്ന് അവതരിപ്പിച്ചത് അദ്ദേഹത്തിന്റെതന്നെ പാര്‍ട്ടി എതിര്‍ത്തു തോല്‍പ്പിക്കുകയായിരുന്നു. മോദി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ജൂണ്‍ എട്ടിന് കൂടിക്കാഴ്ച നടത്തിയപ്പോള്‍ പ്രധാനമായും ചര്‍ച്ചചെയ്തത് യു.എസുമായുള്ള തന്ത്രപ്രധാന പ്രതിരോധപങ്കാളിത്തത്തെക്കുറിച്ചായിരുന്നു. ഒബാമ അനുകൂലനിലപാടാണു സ്വീകരിച്ചുവെന്നു മാത്രമല്ല ചര്‍ച്ചയ്ക്കുശേഷം ഇന്ത്യയെ പ്രമുഖ പ്രതിരോധപങ്കാളിയായി പ്രഖ്യാപിക്കുകയും ചെയ്തു. ആ പ്രഖ്യാപനമാണിപ്പോള്‍ സെനറ്റിന്റെ തീരുമാനത്തോടെ അസാധുവായത്.
പ്രതിരോധസാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ളവ യു.എസ് പ്രധാന സഖ്യരാഷ്ട്രങ്ങളുമായി പങ്കുവച്ചിരുന്നു. അതേയളവില്‍ ഇന്ത്യക്കും കൈമാറ്റം ചെയ്യാന്‍ അവസരമൊരുക്കുന്നതായിരുന്നു ഒബാമയുടെ പ്രഖ്യാപനം. ഇന്ത്യയും യു.എസും പൊതുവായ ഭീഷണിയാണു നേരിടുന്നതെന്നും അതിനു പരിഹാരമായി പ്രതിരോധപങ്കാളിത്തം വേണമെന്നുമുള്ള മെകെയ്ന്റെ വാദമൊന്നും സെനറ്റ് അംഗീകരിച്ചില്ല. വിചാരിച്ചപോലുള്ള പ്രതിച്ഛായ ഇന്ത്യക്കു വിദേശരാഷ്ട്രങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നാണു മനസിലാക്കേണ്ടത്. വിദേശസന്ദര്‍ശനവേളയില്‍ പ്രവാസി ഇന്ത്യക്കാര്‍ ‘മോദി…മോദി’ എന്നുവിളിച്ച് ആര്ത്തട്ടഹസിക്കുന്നതുകൊണ്ടൊന്നും വിദേശരാഷ്ട്രങ്ങളില്‍ ഇന്ത്യയുടെ മതിപ്പുയരില്ല.
മോദി വിദേശരാഷ്ട്രം സന്ദര്‍ശിക്കുമ്പോള്‍ ബി.ജെ.പി ഓവര്‍സീസ് സെല്‍ ജനറല്‍ സെക്രട്ടറി രാംമാധവിന്റെ നേതൃത്വത്തിലുള്ള പ്രചാരകസംഘം മുന്‍പേ പറക്കുന്നു. പ്രവാസി ഇന്ത്യക്കാരെ സംഘടിപ്പിച്ചു മോദിക്കു ജയ് വിളിപ്പിക്കുകയെന്നതാണു ദൗത്യം. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ അഭൂതപൂര്‍വമായ ജനക്കൂട്ടത്തെയെത്തിച്ചത് ഇവരുടെ പ്രവര്‍ത്തനമാണ്. ലണ്ടനിലെ വെബ്ളി സ്റ്റേഡിയത്തിലും അബൂദാബിയിലും ദോഹയിലും ഇതേസംഘം സജീവമായി ഉണ്ടായിരുന്നു. എന്നിട്ടും നയതന്ത്രരംഗത്ത് ഒരു ചലനവുമുണ്ടാക്കാനായില്ല. കൃത്രിമ ജനപ്രിയതാരമാകാനുള്ള ബോധപൂര്‍വമായ മാനേജ്മെന്റ് പ്രവര്‍ത്തനങ്ങളെ മറ്റു രാഷ്ട്രത്തലവന്മാര് കേവലംകൗതുകത്തോടെയാകണം നോക്കിക്കാണുന്നത്.
പഞ്ചരാഷ്ട്രസന്ദര്ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഒരാഴ്ചമുന്‍പാണു യു.എസ് സന്ദര്‍ശിച്ചത്. ഏഷ്യയുടെ മൊത്തംസുരക്ഷയ്ക്ക് യു.എസിനൊപ്പം നില്‍ക്കുമെന്നും ഇന്ത്യന്‍ മഹാസമുദ്രം സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം യു.എസ് സംയുക്തകോണ്ഗ്രസിനെ അഭിസംബോധനചെയ്തു പ്രഖ്യാപിക്കുകയുണ്ടായി. എന്നിട്ടും ഇന്ത്യയെ തന്ത്രപ്രധാന പ്രതിരോധപങ്കാളിയാക്കുന്നതിലേയ്ക്കു യു.എസ് സെനറ്റര്‍മാരുടെ മനസ്സുമാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഒബാമയെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതും ഒബാമയുമായി നല്ല സൗഹൃദബന്ധം സ്ഥാപിക്കാനായതും മോദിയുടെ നേട്ടമാണ്. ആ ബന്ധം നയതന്ത്ര ബന്ധത്തില്‍ പ്രയോജനംചെയ്യുന്നില്ലെന്നല്ലേ മനസ്സിലാക്കേണ്ടത്. കഴിഞ്ഞയാഴ്ചയിലെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ആണവവിതരണസംഘത്തില്‍ അംഗമാവാന്‍ അമേരിക്കയുടെ സഹായം കിട്ടിയിട്ടുണ്ടെങ്കിലും അതു പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞതുമില്ല. ചൈന എതിര്‍പ്പു പ്രകടിപ്പിച്ചതാണു കാരണം.
രാഷ്ട്രത്തലവന്മാര് വിദേശസന്ദര്‍ശനം ഉപയോഗപ്പെടുത്തേണ്ടതു സ്വന്തംനാടിന്റെ ക്ഷേമഎൈശ്വര്യങ്ങള്ക്കുവേണ്ടിയാകണം. മുന്കാലപ്രധാനമന്ത്രിമാരെല്ലാം ആ തരത്തില്‍ മുതല്കൂട്ടിയവരുമായിരുന്നു. വിദേശസന്ദര്ശനത്തിനിയടില് അവരുടെ പേരെടുത്തുപറഞ്ഞു പ്രവാസികള്‍ ആര്ത്തുവിളിച്ചിരുന്നില്ല. അതിനായി ഇവന്റ്മാനേജര്മാര് മുന്‍പേ പറന്നതായുമറിയില്ല. എന്നിട്ടും നാടിനായി പലതും നേടിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. വിദേശരാഷ്ട്ര സന്ദര്‍ശനവേളകളില്‍ പ്രധാനമന്ത്രി ഇവിടത്തെ അഴിമതിയെക്കുറിച്ചു പറയുന്നത് അന്യരാജ്യങ്ങളില്‍ ഇന്ത്യയുടെ മതിപ്പുകുറയ്ക്കാനേ സഹായിക്കൂ. അഴിമതിയുടെ പേരില്‍ നെഹ്റുകുടുംബത്തെ കുറ്റപ്പെടുത്തുന്ന പ്രധാനമന്ത്രി സ്വന്തംപാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടക്കുന്ന അഴിമതികളെക്കുറിച്ചു മിണ്ടാത്തത് സ്വന്തം പ്രതിച്ഛായ പരിപോഷിപ്പിക്കാനാണെന്ന ആരോപണമുണ്ട്.
അമേരിക്കയോടുള്ള അമിതവിധേയത്വം കാരണം അതിര്‍ത്തിരാജ്യങ്ങളെല്ലാം ഇന്ത്യയോടു പിണക്കത്തിലാണ്. പാകിസ്താന് നേരത്തേതന്നെ ശത്രുരാജ്യമാണ്. ചൈന, റഷ്യ എന്നീ രാഷ്ട്രങ്ങളൊന്നും അത്ര മമതയോടെയല്ല ഇന്ത്യയോട് ഇപ്പോള്‍ പെരുമാറുന്നത്. അരുണാചല്‍പ്രദേശില്‍ ചൈന ഇടയ്ക്കിടെ അതിക്രമിച്ചുകയറി ഇന്ത്യയെ പ്രകോപിപ്പിക്കുന്നുമുണ്ട്. അമേരിക്കയില്‍നിന്നു വേണ്ട പരിഗണന കിട്ടുന്നുമില്ല. കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ.