2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

അസം നരനായാട്ട്; പ്രതീക്ഷ കോടതി ഇടപെടലില്‍ മാത്രം


അസമിലെ ധോല്‍പൂരില്‍ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നടന്നത് അക്ഷരാര്‍ഥത്തില്‍ നിരാലംബരായ മനുഷ്യര്‍ക്ക് നേരേനടന്ന നരനായാട്ടായിരുന്നു. പട്ടാള ഭരണമുള്ള മ്യാന്മറിലോ ഫാസിസ്റ്റ് ഭരണമുള്ള ഇസ്രാഈലിലോ അല്ല ഈ ക്രൂരത അരങ്ങേറിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് അഹങ്കരിക്കുന്ന ഇന്ത്യയിലാണ് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അക്രമവും കൂട്ടക്കൊലയും നടന്നത്. പൊലിസ് വെടിവയ്പ്പില്‍ പന്ത്രണ്ട് വയസുകാരനടക്കം മൂന്നുപേരാണ് കൊല്ലപ്പെട്ടത്. കൊലചെയ്യപ്പെട്ട ഒരാളുടെ നെഞ്ചത്ത് കയറി പൈശാചികനൃത്തം ചവിട്ടിയ ഭരണകൂട ഫോട്ടോഗ്രാഫര്‍ ബിജയ്ശങ്കര്‍ ബനിയ അസം ഭരണകൂടത്തിന്റെ പ്രതിരൂപമാണ്. മനുഷ്യനോടെന്നല്ല ഒരു ജീവിയോടും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതയായിരുന്നു മനുഷ്യവേഷമിട്ട പിശാച് ഒരു മൃതദേഹത്തോട് കാണിച്ചത്. പൊലിസിന്റെ സഹായത്തോടെയാണ് ഈ പൈശാചിക കൃത്യം നടന്നതും. പൊലിസും ഭരണകൂടവും ഈ മനുഷ്യാധമന്റെ വേതാളനൃത്തം ആസ്വദിക്കുകയായിരുന്നു.

എഴുപതുകള്‍ മുതല്‍ അസമില്‍ കൃഷി ചെയ്തുപോരുന്ന കര്‍ഷകരെയാണ് അവരുടെ വീടുകളില്‍ നിന്നും കൃഷി ഭൂമിയില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ ആട്ടിയിറക്കുന്നത്. കിരാതമായ ഈ നടപടിയില്‍ നിസഹായരായ മനുഷ്യര്‍ എങ്ങോട്ടാണ് പോകേണ്ടത്. സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് ഇവര്‍ താമസിക്കുന്നതെങ്കില്‍ അവര്‍ക്ക് ഒഴിഞ്ഞുപോകാനുള്ള സാവകാശം നല്‍കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് നോട്ടിസ് നല്‍കണമായിരുന്നു. ഇവിടെ അതുണ്ടായില്ല. സര്‍ക്കാര്‍ ഭൂമി ഒഴിപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ ഒഴിഞ്ഞുപോകുന്നവരെ പുനരധിവസിപ്പിക്കാനുള്ള സംവിധാനം ഒരുക്കണമായിരുന്നു. അതും ഉണ്ടായില്ല. ഇതില്‍ നിന്നുതന്നെ പൗരത്വഭേദഗതി നിയമം കുടിയൊഴിപ്പിക്കലിന്റെ മൂടുപടമിട്ട് നടപ്പാക്കുകയായിരുന്നു ഭരണകൂടവും പൊലിസും എന്ന് മനസിലാക്കാം. ഇതാകട്ടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ശക്തികള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പു വാഗ്ദാനവുമായിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ അവരുടെ വീടുകളില്‍ നിന്നും കൃഷിസ്ഥലങ്ങളില്‍ നിന്നും ആട്ടിയോടിക്കുന്നതിലൂടെ പൗരത്വ ഭേദഗതി നിയമത്തിന്റെ ഇരകളാക്കുകയായിരുന്നു ഭരണകൂടം. നിസഹായരായ മനുഷ്യര്‍ എങ്ങോട്ടുപോകണമെന്നറിയാതെ, തലചായ്ക്കാന്‍ ഒരിടമില്ലാതെ, തൊഴിലില്ലാതെ വാവിട്ട് കരയുന്ന കൊച്ചുകുഞ്ഞുങ്ങളുമായി നടുറോഡില്‍ നിരാലംബരായി നില്‍ക്കുന്ന കാഴ്ച ഹൃദയവേദനയോടെയല്ലാതെ കണ്ടിരിക്കാനാവില്ല. തുറസായ സ്ഥലത്ത് ഭക്ഷണവും പാര്‍പ്പിടവുമില്ലാതെ മഴയും മഞ്ഞും കൊണ്ടാണ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ കഴിയുന്നത്. 800 കുടുംബങ്ങളില്‍ നിന്നുള്ള ആയിരങ്ങളാണ് ഇങ്ങനെ കഴിഞ്ഞദിവസം തെരുവിലേക്ക് ആട്ടിയോടിക്കപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ പതിനെട്ടിന് കടകളും വീടുകളും പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കുക. അതിനായി ഒരു സാവകാശവും നല്‍കാതെ, തൊട്ടടുത്ത ദിവസം 1500 പൊലിസുകാരുടെ അകമ്പടിയോടെ പതിനാല് മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുമാറ്റുക. ഇതെല്ലാം ഭരണകൂടം മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതാണെന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മതി. ധോല്‍പൂരില്‍ നടന്ന ദാരുണസംഭവങ്ങളുടെ അലയൊലികള്‍ ഇപ്പോഴും നിലച്ചിട്ടില്ല. ജനതയ്ക്ക് സുരക്ഷ നല്‍കാന്‍ ബാധ്യസ്ഥരായ ഭരണകൂടം തന്നെയാണ് ഇവിടെ പാവപ്പെട്ട മനുഷ്യര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറയുന്നുണ്ടെങ്കിലും അതൊരു പ്രഹസന നാടകമായി കലാശിക്കുകയേയുള്ളൂ. കാരണം ഇത് അസം സര്‍ക്കാര്‍ മുന്‍കൂട്ടി തീരുമാനിച്ച വംശീയ ഉന്മൂലനമാണ്. മാത്രമല്ല അവിടെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് കുടിയൊഴിപ്പിക്കല്‍ തുടരുകയുമാണ്. 32 കമ്പനി അര്‍ധസൈനികരെ ഉപയോഗിച്ചാണ് ഈ ക്രൂരത തുടരുന്നത്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ അയ്യായിരം മനുഷ്യരെയാണ് ഭരണകൂടം അവരുടെ കിടപ്പാടങ്ങളില്‍ നിന്ന് ഈവിധം തുരത്തിയത്. ജൂണിലും ഇതുപോലുള്ള കുടിയൊഴിപ്പിക്കല്‍ അവിടെ നടന്നിരുന്നു. അന്ന് 49 മുസ്‌ലിം കുടുംബത്തെയാണ് കുടിയൊഴിപ്പിച്ചത്.

ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും തുല്യതയും സുരക്ഷയും നല്‍കുമെന്ന് വിളംബരം ചെയ്യുന്ന ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ സംഘ്പരിവാറില്‍ നിന്ന് ഇതൊക്കെ തന്നെയേ പ്രതീക്ഷിക്കേണ്ടൂ. ഭരണഘടനയ്ക്ക് നേരെയുള്ള അക്രമവും കൂടിയായിരുന്നു അസമില്‍ നടമാടിയ നരനായാട്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തെഴുതിയതുകൊണ്ട് ഇതിനൊരു പരിഹാരം ഉണ്ടായിക്കൊള്ളണമെന്നില്ല. ഛേദിക്കപ്പെട്ട പൗരത്വനിയമത്തിന്റെ മറ്റൊരു രൂപമായി മാത്രമേ ഈ കുടിയൊഴിപ്പിക്കലിനെ കാണാനാകൂ. മുസ്‌ലിം വംശീയ കൂട്ടക്കുരുതിക്ക് മുമ്പുതന്നെ കുപ്രസിദ്ധിയാര്‍ജിച്ച അസമില്‍ ഇപ്പോഴത്തെ കുടിയൊഴിപ്പിക്കലിന് ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും.

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും മൗനത്തിലാണ്. രാജ്യത്തിന് അന്താരാഷ്ട്രതലത്തില്‍ അപമാനമുണ്ടാക്കിയ നീചസംഭവത്തിന് അന്വേഷണം കൊണ്ട് തടയിടുക എന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്യമായിരിക്കും. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അസമിലുടനീളം ആയിരക്കണക്കിന് മുസ്‌ലിം കുടുംബങ്ങളെയാണ് ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കപ്പെട്ടതെന്ന് വസ്തുതാന്വേഷണ സംഘം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇത്തരമൊരു പരിതസ്ഥിതിയില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും സുപ്രിം കോടതിയിലെ പ്രഗത്ഭ അഭിഭാഷകനുമായ കപില്‍സിബല്‍ ആവശ്യപ്പെട്ടത് പോലെ, കോടതി സ്വമേധയാ കേസെടുത്താല്‍ മാത്രമേ ഇരകള്‍ക്ക് അല്‍പമെങ്കിലും പ്രതീക്ഷയര്‍പ്പിക്കാനാകൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.