2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

മഹാരാജാവ്


ബുബാഗ്ര എന്നാല്‍ ത്രിപുരി ഭാഷയില്‍ മഹാരാജാവ് എന്ന് അര്‍ഥം. ദീര്‍ഘകാലം ത്രിപുര വാണ മാണിക്യ വംശത്തിലെ ഇന്നത്തെ മഹാരാജാവാണ് കിരിത് പ്രത്യോദ് മാണിക്യദേബ് ബര്‍മന്‍ ബഹാദൂര്‍. കോണ്‍ഗ്രസുമായി സഹകരിച്ചിട്ടെങ്കിലും ത്രിപുര തിരിച്ചുപിടിക്കാമെന്ന സി.പി.എമ്മിന്റെ മനക്കോട്ട തകര്‍ത്തത് പ്രത്യോദിന്റെ പാര്‍ട്ടിയായ ദി ഇന്‍ഡിജിനസ് പ്രോഗ്രസ്സീവ് റീജ്യനല്‍ അലയന്‍സ് എന്ന ടിപ്ര മോത്തയാണ്. പൊന്നാപുരം കോട്ടയെന്ന് സി.പി.എം വിശേഷിപ്പിച്ചുകൊണ്ടിരുന്ന ത്രിപുരയെ ബി.ജെ.പി കൈയടക്കിയത് നോട്ടപ്പിശകു കാരണമല്ലായെന്ന് തെളിയിച്ചു.പാര്‍ട്ടി ഉണ്ടാക്കി രണ്ടു വര്‍ഷത്തിനകം 13 സീറ്റുകള്‍ നേടിയ ടിപ്രമോത്തയെ അവഗണിച്ച് ത്രിപുര രാഷ്ട്രീയത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തം. 45കാരന്‍ പ്രത്യോദ് ബര്‍മന്‍ മൂര്‍ച്ചയുള്ള ആയുധമാണ് അണിഞ്ഞിരിക്കുന്നത്. മുമ്പ് അസമിലും മറ്റും മുഴങ്ങിയ മുദ്രാവാക്യം തന്നെ. ത്രിപുര ഫോര്‍ ത്രിപുരിയന്‍സ്. ത്രിപുരയില്‍ ബംഗാളികളുണ്ട്.
ഏതാണ്ടെല്ലാ രാജാക്കന്മാരെയും പോലെ മാണിക്യം രാജാക്കന്‍മാരും കോണ്‍ഗ്രസിലായിരുന്നു. അച്ഛന്‍ മഹാരാജ കീര്‍ത്തി ബിക്രം കിഷോര്‍ കോണ്‍ഗ്രസിന്റെ എം.പിയും അമ്മ ബിഹുകുമാരി രണ്ടു തവണ എം.എല്‍.എയും റവന്യു മന്ത്രിയും ആയി. പെങ്ങള്‍ പ്രഗ്യദേബ് ദേബ് ബര്‍മന്‍ 2019ല്‍ ത്രിപുര ഈസ്റ്റില്‍ കോണ്‍ഗ്രസിന് വേണ്ടി ലോക്‌സഭയിലേക്ക് ജനവിധി തേടുകയും ചെയ്തു.രാഹുല്‍ ഗാന്ധിയുടെ യുവ ബ്രിഗേഡിലേക്ക് വന്ന പലരും കോണ്‍ഗ്രസിലെ കാരണവന്മാരുടെ പരിചരണം കാരണം പാര്‍ട്ടി വിട്ടിട്ടുണ്ട്. അതിലൊരാളാണ് പ്രത്യോദ്. ത്രിപുര പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചാണ് സ്വന്തം രാഷ്ട്രീയ സാധ്യത ഇദ്ദേഹം തേടിയത്. രാജ കുടുംബം കോണ്‍ഗ്രസില്‍ അടിയുറച്ചുവരായിരുന്നില്ല. ഇന്ദിരാഗാന്ധി നാട്ടുരാജാക്കന്‍മാരുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ഇവര്‍ പിന്നീട് തിരിച്ചുവരികയും പുറത്തു പോകുകയും ചെയ്തു. പ്രത്യോദിന്റെ അമ്മ ഇടക്കാലത്ത് തിവാരിയുടെ കോണ്‍ഗ്രസില്‍ ചേരുകയും മത്സരിച്ച് തോല്‍ക്കുകയുമുണ്ടായി.
ഷില്ലോങ്ങിലെ രാജ കൊട്ടാരത്തില്‍ താമസിച്ച് അവിടെ തന്നെ ഉന്നത പഠനം പൂര്‍ത്തിയാക്കിയ പ്രത്യോദിന് നാട്ടുകാരുമായി അടുപ്പം കുറവായിരുന്നു. ത്രിപുരി ഭാഷയായ കോക് ബോറോ അറിയാത്തതിനാല്‍ തനിക്ക് സാധാരണക്കാരായ നാട്ടുകാരുമായി ഇടപഴകാന്‍ കഴിയുന്നില്ലെന്ന് വിലപിച്ചിട്ടുണ്ട്. ഇപ്പോള്‍ പക്ഷെ അങ്ങനെയല്ല. ത്രിപുരക്കാരുടെ ഹൃദയത്തില്‍ ഒരു കൊട്ടാരം പണിതു കഴിഞ്ഞു. യുവാക്കളെ അഭിസംബോധന ചെയ്യുമ്പോള്‍ നമുക്ക് വേണ്ടത് എം.പിയോ എം.എല്‍.എയോ മന്ത്രിയോ അല്ല; തൊഴിലാണ് എന്ന് അദ്ദേഹം പറയും. തന്റെ പിതാവിനെ സ്മരിക്കാന്‍ വേണ്ടത് പ്രതിമകളല്ല, സ്‌കോളര്‍ഷിപ്പുകളാണെന്ന് പറയുമ്പോള്‍ കൈയടിക്കാതിരിക്കുന്നതെങ്ങനെ? സ്ത്രീകളെ സമീപിക്കുമ്പോള്‍ അദ്ദേഹം പറയും; സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കേണ്ടത് വീട്ടിനകത്തല്ല, അധികാരത്തിലാണ് എന്ന്. പുറം നാട്ടുകാര്‍ വന്ന് ത്രിപുരക്കാരെ തമ്മില്‍ തല്ലിക്കുകയും ഭരിക്കുകയുമാണ്. ഇതിന് അറുതി വരുത്തണമെന്ന് പറയുമ്പോള്‍ പ്രത്യോദ് കണ്ണുനീര്‍ തുടയ്ക്കും. സിക്കുകാരല്ലാത്തവര്‍ പഞ്ചാബിലുണ്ട്. പക്ഷെ അവര്‍ പഞ്ചാബികളാണ്. ത്രിപുരയിലുള്ള ബംഗാളികള്‍ സ്വയം ബംഗാളികളെന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്? ടിപ്രലാന്റ് എന്ന സംസ്ഥാനത്തിനു വേണ്ടി അദ്ദേഹം നിലകൊള്ളുന്നു. അത് വിഭജന വാദം അല്ല. നാട്ടുകാര്‍ക്ക് പ്രാമുഖ്യമില്ലാത്ത അവസരം ഇല്ലാത്ത ഭരണത്തിനും സംവിധാനത്തിനും എതിരേ അവര്‍ അണിനിരക്കുന്നത് സ്വാഭാവികം.1978 ജൂലൈ നാലിന് ജനിച്ച പ്രത്യോദ് ബര്‍മന് രാഷ്ട്രീയത്തെ കുറിച്ച് നല്ല കാഴ്ചപ്പാടുകളുണ്ട്. കോണ്‍ഗ്രസുമായി വഴി പിരിയാനുള്ള കാരണങ്ങളിലൊന്ന് എന്‍.ആര്‍.എസിയായിരുന്നു.
ത്രിപുരയില്‍ എന്തായാലും എന്‍.ആര്‍.സി വേണം. ഇന്ത്യയിലൊട്ടാകെ ഉണ്ടാകുന്നതാണ് നല്ലതെന്ന് പറഞ്ഞാണ് എന്‍.ആര്‍.സിക്കായി ഇദ്ദേഹം സുപ്രിംകോടതിയിലെത്തിയത്. അന്ന് കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് പറഞ്ഞു, ഒന്നുകില്‍ ഹരജി പിന്‍വലിക്കണം. അല്ലെങ്കില്‍ പി.സി.സി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണം. രണ്ടാമത്തേത് ഇത്തിരി കടന്ന് അദ്ദേഹം ചെയ്തു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു തന്നെ രാജിവച്ചു. സുപാല്‍ ഭൗമികിനെ പി.സി.സി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ പ്രതിഷേധം കത്തി നില്‍ക്കുകയുമായിരുന്നു. ബി.ജെ.പിയില്‍ നിന്ന് തിരിച്ചെത്തിയ ഭൗമികിനെ കുടിയിരുത്തിയതായിരുന്നു പാര്‍ട്ടി ദേശീയ നേതൃത്വം. ഫലമോ? ഭൗമികും പോയി പ്രത്യോദും പോയി.അച്ഛനും അമ്മയുമെല്ലാം രാഷ്ട്രീയം കൈയാളുന്നതിനാല്‍ തെല്ല് മാറി നില്‍ക്കുകയായിരുന്നു പ്രത്യോദ്. നോര്‍ത്ത് ഈസ്റ്റിനെ കേന്ദ്രീകരിച്ച് നോര്‍ത്ത് ഈസ്റ്റ് ടുഡേ എന്ന മാധ്യമത്തിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഒപ്പം സംഗീതത്തിലും അഭിനയത്തിലും താല്‍പര്യം അറിയിച്ചു കഴിയവെയാണ് രാഹുല്‍ ബ്രിഗേഡിലൂടെ രാഷ്ട്രീയത്തിലെത്തുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നടപ്പാക്കുന്ന സൈനിക ഭീകര നിയമങ്ങള്‍ക്ക് എതിരേ നിരന്തരം സംസാരിക്കുന്ന പ്രത്യേദ്, ടെഡക്‌സ് ടോക്കുകളില്‍ പങ്കെടുത്ത് യുവാക്കളുമായി നിരന്തരം സംവദിച്ചിരുന്നു.ഇത്തരം എല്ലാ വിഭാഗീയ സംരംഭങ്ങളെയും സ്വന്തമാക്കി അഭിമാനിക്കാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. അത് ബി.ജെ.പി സമര്‍ഥമായി ചെയ്യുന്നു. രാജ കുടുംബാംഗമെന്ന നിലയില്‍ വലിയ സമ്പത്തിന്റെ കൂടി ഉടമയായ പ്രത്യോദിനെ എങ്ങനെ വരുതിയിലാക്കണമെന്ന് ബി.ജെ.പിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ!


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.