2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

നിയന്ത്രിക്കണം ലോണ്‍ ആപ്പുകളെ


നിയമവിരുദ്ധ ലോണ്‍ ആപ്പുകള്‍ക്ക് തലവച്ചുകൊടുക്കരുതെന്ന് റിസര്‍വ് ബാങ്കിന്റെയും പൊലിസിന്റെയും ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ക്കിടയിലും അതില്‍പ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ കുടുംബത്തിലെ നാലുപേരാണ് ഏറ്റവും ഒടുവില്‍ ലോണ്‍ ആപ്പുകളുടെ കെണിയില്‍ക്കുടുങ്ങി ജീവിതം അവസാനിപ്പിച്ചത്. കടമക്കുടി മാടശ്ശേരി നിജോ, ഭാര്യ ശില്‍പ, ഏഴും അഞ്ചും വയസുള്ള രണ്ട് മക്കള്‍ എന്നിവരെയാണ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥി ഇങ്ങനെ ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമാണ്.


നിജോയുടെ ഭാര്യ ശില്‍പ എടുത്ത വായ്പയില്‍ 9000 രൂപ കുടിശ്ശികയുണ്ടെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ബന്ധുവിന് ഓണ്‍ലൈന്‍ ആപ്പുകാര്‍ സന്ദേശമയച്ചിരുന്നു. നൽകാനുള്ള തുക കാണിച്ചുള്ള സന്ദേശത്തിനൊപ്പം ശില്‍പയുടെ മോര്‍ഫ് ചെയ്ത ചിത്രവും ഉണ്ടായിരുന്നു. ശില്‍പ ഫോണ്‍ എടുക്കുന്നില്ലെന്നും പണം അടച്ചില്ലെങ്കില്‍ നഗ്നചിത്രം കോണ്‍ടാക്ട് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും അയക്കുമെന്നുമായിരുന്നു ഭീഷണി. ഇതിന്റെ സത്യാവസ്ഥ ശില്‍പയോട് ബന്ധുക്കള്‍ ചോദിക്കാന്‍ നില്‍ക്കുമ്പോഴേക്കും അവര്‍ ജീവനൊടുക്കിയിരുന്നു.


പൊടുന്നനെയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് സുഹൃത്തുക്കളോടും ബന്ധുക്കളോടും ചോദിക്കാന്‍ മടിയുള്ളവരാണ് പൊതുവേ ലോണ്‍ ആപ്പുകളുടെ വലയില്‍ വീഴുന്നത്. കൂടാതെ, മുഖ്യധാരാ ബാങ്കുകളില്‍നിന്ന് സാധാരണക്കാര്‍ക്ക് ലോണ്‍ ലഭിക്കാനുള്ള നീണ്ട നടപടിക്രമങ്ങളും ആപ്പുകളെ ആശ്രയിക്കേണ്ടതിന് വഴിവെക്കുന്നു. വലിയ പേപ്പര്‍ ജോലികളില്ലാതെ എളുപ്പം പണം ലഭിക്കും എന്നതാണ് ഇത്തരം ആപ്പുകളിലേക്ക് ആളുകൾ ആകര്‍ഷിക്കപ്പെടാനുള്ള മുഖ്യ കാരണം. ഇങ്ങനെ പണമെടുക്കുന്നവര്‍ വലിയ പലിശ നിരക്ക് ശ്രദ്ധിക്കുകയുമില്ല. വായ്പയെടുക്കുന്നയാളുടെ തിരിച്ചടവ് ശേഷിയൊന്നും നോക്കാതെയാകും ആപ്പുകള്‍ പണം നല്‍കുക. ആര്‍.ബി.ഐ അംഗീകരിച്ച സ്ഥാപനമാണെങ്കില്‍ ലോണ്‍ നല്‍കുന്നതിനുമുമ്പ് വ്യക്തമായ വായ്പാ ഉടമ്പടിയുണ്ടാകും. ആവശ്യമായ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ മാത്രമേ ലോണ്‍ അനുവദിക്കൂ. ഇതില്ലാതെ, ചോദിക്കുന്നവര്‍ക്കെല്ലാം ലോണ്‍ കൊടുക്കുന്നുണ്ടെങ്കില്‍ അത് വ്യാജ ആപ്പാണെന്ന് ഉറപ്പാക്കാം. ആയിരം രൂപ പോലും വ്യാജ ആപ്പുകള്‍ വായ്പ കൊടുക്കുന്നുണ്ട്.


ഗൂഗിള്‍ അല്‍ഗോരിതം അനുസരിച്ച് എപ്പോഴെങ്കിലും വായ്പകളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ടുണ്ടെങ്കില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഇതിന്റെ പരസ്യങ്ങള്‍ എത്തും. വരി നില്‍ക്കേണ്ട, മിനുറ്റുകള്‍ക്കുള്ളില്‍ ലോണ്‍, കുറഞ്ഞ ഇ.എം.ഐ തുടങ്ങിയ മോഹിപ്പിക്കുന്ന തലവാചകങ്ങളോടെയുള്ള പരസ്യത്തില്‍ ആരും വീഴും. ലോണ്‍ ആവശ്യമാണെങ്കില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യ നടപടിക്രമം. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗാലറി, കോണ്‍ടാക്ട് ലിസ്റ്റ്, ഗൂഗിള്‍ വിവരങ്ങള്‍, കാമറ, എസ്.എം.എസ് ഉള്‍പ്പെടെ ലഭ്യമാക്കാനുള്ള അവസരം ആപ്പിന് നല്‍കേണ്ടിവരും. ആയിരം രൂപ മുതല്‍ അരക്കോടി രൂപവരെ എളുപ്പത്തിൽ ലഭിക്കുമെന്നാണ് അവകാശവാദമെങ്കിലും മിക്കവര്‍ക്കും പതിനായിരത്തില്‍ താഴെയുള്ള തുകയേ അനുവദിക്കൂ.

ചില ആപ്പുകള്‍ ഇവ എട്ടുദിവസംകൊണ്ടുതന്നെ അടച്ചുതീര്‍ക്കാന്‍ ആവശ്യപ്പെടും. അല്ലെങ്കില്‍ പതിവ് ഇ.എം.ഐ നിര്‍ണയിക്കും. ഇ.എം.ഐ ദിവസം പണം ക്രെഡിറ്റ് ആയില്ലെങ്കില്‍ അടുത്തദിവസം തന്നെ കോളുകളുടെയും എസ്.എം.എസുകളുടെയും പ്രവാഹമാകും. വൈകുന്നതോടെ ഭീഷണിയായി. ഒരുപക്ഷേ വീട്ടുകാരെ അറിയിക്കാതെയാവും പലരും വായ്പ എടുത്തിട്ടുണ്ടാകുക. വായ്പയെടുക്കും മുമ്പ് നോമിനിയുടെയും അടുത്ത ബന്ധു/സുഹൃത്ത് എന്നിവരുടെയും വിവരങ്ങള്‍ നല്‍കിയതിനാല്‍ അവരെ വിളിക്കും എന്നാകും ഭീഷണി. തുക അടയ്ക്കാന്‍ വൈകുകയോ കോളിനോടും സന്ദേശങ്ങള്‍ക്കും പ്രതികരിക്കാതിരിക്കുകയോ ചെയ്താലോ ഭീഷണി തുടങ്ങും. നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റും ഗാലറിയും എല്ലാം ഞങ്ങളുടെ അടുത്തുണ്ടെന്ന് പറഞ്ഞ് അതിലെ സ്വകാര്യ ചിത്രങ്ങള്‍ കാണിക്കും. അപേക്ഷാസമയത്ത് കൊടുത്ത നമ്മുടെ ചിത്രം മോര്‍ഫ് ചെയ്ത് മറ്റൊരാളുടെ നഗ്നമേനിയുമായി ചേര്‍ത്തും ഭീഷണിപ്പെടുത്തും.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ളവ ബ്ലോക്ക് ചെയ്യാനും ശ്രമിക്കും. അതോടെയാകും ലോണ്‍ എടുത്തവര്‍ കുടുങ്ങുക.ചെറിയ തുക വായ്പയെടുത്തവര്‍ ആ തുക അടച്ചുതീര്‍ത്താലും പേയ്‌മെന്റ് എത്തിയിട്ടില്ലെന്ന് പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തും. ഒരേ സംഘങ്ങള്‍ തന്നെ ഒന്നിലധികം ആപ്പുകള്‍ നടത്തുന്നവരും ഉണ്ട്. വായ്പ്പയെടുത്തവരുടെ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നുമുണ്ട്. അതിനാല്‍ ലോണ്‍ അടക്കാന്‍ ആവശ്യപ്പെട്ട് ഒരു പരിചയവുമില്ലാത്തവരില്‍നിന്നും സന്ദേശങ്ങള്‍ വരും.

പണം അടച്ചാലും വീണ്ടും ഭീഷണിപ്പെടുത്തുന്ന സംഘങ്ങളും ഉണ്ട്. സഹികെട്ടാണ് പലരും ജീവിതം അവസാനിപ്പിക്കുന്നത്.
പങ്കാളി അറിയാതെ ലോണെടുക്കുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പങ്കാളിക്കോ അവരുടെ ബന്ധുക്കള്‍ക്കോ ലഭിക്കുന്നതോടെ പലരും മാനഹാനി ഭയന്ന് ജീവനൊടുക്കാന്‍ തീരുമാനിക്കുകയാണ്. കടമക്കുടിയില്‍ ഇങ്ങനെയാണ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ കുടുംബം ഒന്നടങ്കം മരിച്ചിട്ടും പണം ആവശ്യപ്പെട്ട് വ്യാജ ചിത്രങ്ങള്‍ ആപ്പ് തുടരെ അയച്ചതായും കണ്ടെത്തി. പ്രതിസ്ഥാനത്തുള്ളത് ഹാപ്പി വാലറ്റ് എന്ന ആപ്പാണ്.

പരാതിയില്‍ ഹാപ്പി വാലറ്റ് ആപ്പിനെതിരേ വരാപ്പുഴ പൊലിസ് കേസെടുത്തിട്ടുണ്ട്.
വരാപ്പുഴ പൊലിസിന്റെ നീക്കം സ്വാഗതാര്‍ഹമാണെങ്കിലും സന്ദേശം വരുന്ന നമ്പറുകളില്‍ പലതും രാജ്യത്തിന് പുറത്തുള്ളതാകയാല്‍ ഇത് എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയണം. കടമക്കുടിയിലെ കേസില്‍ ശ്രീലങ്കയില്‍നിന്നാണ് കോള്‍വന്നതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ വിവാദമായ പല ലോണ്‍ ആപ്പ് കൊള്ളസംഘങ്ങള്‍ക്കും ചൈനീസ്, ആഫ്രിക്കന്‍ ബന്ധം ഉള്ളതായും കണ്ടെത്തിയ സാഹചര്യത്തില്‍ വന്‍ സന്നാഹമില്ലാതെ ഈ ശൃംഖലയെ നശിപ്പിക്കുക എളുപ്പമല്ല. നിജോയുടെയും ശില്‍പയുടെയും മക്കളുടെയും മരണത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാൻ സര്‍ക്കാര്‍ തയാറാവണം. ഒപ്പം മറയ്ക്ക് പിന്നിലിരുന്ന് ഇരപിടിക്കുന്ന ലോണ്‍ ആപ്പുകള്‍ക്ക് ഒരുകാരണവശാലും നമ്മൾ തലവച്ചുകൊടുക്കുകയും അരുത്.

Content Highlights:Editorial in sep 16 2023


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.