2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

വേണം കൈക്കൂലിക്ക് ശസ്ത്രക്രിയ


രോഗികളിൽനിന്ന് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടിയിലായ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോവിഭാഗം അസോഷ്യേറ്റ് പ്രൊഫസർ ഡോ. ഷെറി ഐസക്ക് ആരോഗ്യമേഖലയ്ക്ക് മാത്രമല്ല, കേരളത്തിനുതന്നെ തീരാകളങ്കമാണ്. കൈക്കൂലി കൊടുക്കാൻ പണമില്ലെങ്കിൽ എത്ര അത്യാസന്ന നിലയിലുള്ള രോഗിക്കാണെങ്കിലും അടിയന്തര ശസ്ത്രക്രിയയോ വിദഗ്ധ ചികിത്സയോ നൽകാതെ ഈ ഡോക്ടർ വച്ചുതാമസിപ്പിക്കുന്നത് പതിവാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

ഒരു ജീവൻപോലും പൊലിയാതിരിക്കാനുള്ള ജാഗ്രതയോടെ ആതുരശുശ്രൂഷയിൽ കർമനിരതനാകേണ്ട ഡോക്ടറാണ് നാണയത്തുട്ടുകൾക്കുവേണ്ടി രോഗികളുടെ ജീവൻവച്ച് വിലപേശിയത്. ഇത്തരക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്നാൽ മാത്രം പോര, കടുത്ത ശിക്ഷയും വാങ്ങിനൽകുമെന്ന് ഉറപ്പുവരുത്താൻ ഭരണസംവിധാനത്തിന് കഴിയണം. എങ്കിൽ മാത്രമേ അഴിമതിക്കെതിരേയുള്ള സർക്കാർ പോരാട്ടത്തിൽ പൊതുജനത്തിന് വിശ്വാസമുണ്ടാകൂ.
ഡോക്ടർമാരുടേയും ആരോഗ്യപ്രവർത്തകരുടേയും സേവനത്തിന്റെ മഹത്വം വിസ്മരിക്കാൻ ആർക്കുമാകില്ല. എന്നാൽ ചികിത്സയെ പണം നേടാനുള്ള മാർഗം മാത്രമായി കാണുന്ന ഷെറിയെപ്പോലുള്ളവർ ആരോഗ്യകേരളത്തിന് ഉണ്ടാക്കുന്ന മുറിവിൽ നിന്നുറ്റുന്ന രക്തം അറപ്പുളവാക്കും.


അപകടത്തിൽ കൈയിലെ അസ്ഥി പൊട്ടി ശസ്ത്രക്രിയക്ക് എത്തിയ യുവതിയിൽ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് കഴിഞ്ഞ ദിവസം ഷെറി ഐസക്കിനെ പിടികൂടിയത്. തുടർന്ന് വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തോളം രൂപ കണ്ടെടുത്തു. സർവിസിൽനിന്ന് വിരമിക്കാൻ അഞ്ചു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ മാസം 28ന് എത്തിയ യുവതിക്ക് ശസ്ത്രക്രിയ നടത്താതെ ഓരോ കാരണം പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒടുവിൽ പരാതി പറഞ്ഞപ്പോഴാണ് 3000 രൂപ നൽകിയാലേ ശസ്ത്രക്രിയ നടത്തൂവെന്ന് ഡോക്ടർ പറഞ്ഞത്. പണം കൈമാറാൻ തന്റെ സ്വകാര്യ ക്ലിനിക്കിലെത്താനും ആവശ്യപ്പെട്ടു.

യുവതിയുടെ ഭർത്താവ് വിവരം വിജിലൻസിനെ അറിയിച്ചതിനെ തുടർന്നാണ് ഡോക്ടറെ പിടികൂടിയത്. കൈക്കൂലി നൽകാൻ പണമില്ലാത്ത രോഗിയുടെ കൂട്ടിരുപ്പുകാരെ ലൈംഗിക അതിക്രമത്തിന് ഷെറി ഇരയാക്കിയെന്നും പരാതിയുണ്ട്. ഇതൊക്കെ വിശദ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. സസ്‌പെൻഷനിലായ ഡോക്ടർക്കെതിരേ ഇ.ഡിയുടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആരോഗ്യമേഖലയിലെ അഴിമതിയുടെ വേരുകൾ എത്ര ആഴത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഡോ. ഷെറി ഐസക്കിൻ്റെ അറസ്റ്റ്. ജീവന് കേഴുന്ന രോഗികളുടെ ചികിത്സയ്ക്കും തനിക്കുള്ള ‘പടി’ കിട്ടണമെന്ന് വാശിപിടിക്കുന്ന ഈ ഡോക്ടറെ ഇതുവരെ ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞാൽ അത് പരിഹാസ്യമായിരിക്കും.

കുറച്ചുമാത്രം ജീവനക്കാരുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലല്ല ഈ ഡോക്ടർ സേവനം നടത്തിക്കൊണ്ടിരുന്നത്. ഒരു പ്രൊഫസറുടെ കീഴിൽ അസോഷ്യേറ്റ് പ്രൊഫസർമാർ ഉൾപ്പെടെ 15 പേരുള്ള തൃശൂർ മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിലാണ് ഈ ഡോക്ടറും രോഗികളെ പരിശോധിച്ചിരുന്നത്. പരാതി നൽകാൻ ആരും തയാറാകാത്തതിനാലാണ് നടപടികളിലേക്ക് കടക്കാൻ കഴിയാതിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.


അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞ് അധികാരമേറ്റ പിണറായി സർക്കാരിന് ഉത്തരംമുട്ടിയതായിരുന്നു അടുത്തിടെ പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റൻ്റ് വി.സുരേഷ് കുമാർ കൈക്കൂലിക്കേസിൽ അറസ്റ്റിലായതും കോടികളുടെ കൈക്കൂലി പണം പിടികൂടിയതും. സംസ്ഥാന വിജിലൻസ് കൈക്കൂലി കേസിൽ കണ്ടെത്തുന്ന ഏറ്റവും വലിയ തുകയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റിൽനിന്ന് പിടിച്ചെടുത്തത്. ഇതിനെ ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച്, അഴിമതിക്കാരെ കൈയാമം വയ്ക്കുമെന്ന് ഗീർവാണം പറഞ്ഞവരുടെ തലക്കേറ്റ അടിയാണ് ഡോ. ഷെറി ഐസക്കിൻ്റെ കൈക്കൂലി കേസ്. എല്ലാം പഴയപടിയെന്ന് അടിവരയിടുന്നതാണ് ഈ ഡോക്ടറുടെ കൈക്കൂലിക്കഥയിലൂടെ. ആരോഗ്യമേഖലയിൽ നമ്പർ വൺ എന്ന് നാം അഭിമാനിക്കുന്നിടത്താണ് ഇത്രയും ജീർണ അഴിമതിക്കഥകൾ കേൾക്കേണ്ടി വരുന്നതും.


ഒരു ചെറിയ ഓഫിസിലിരുന്ന് ഒരാൾ അഴിമതി കാണിക്കുമ്പോൾ എന്തുകൊണ്ട് മേലുദ്യോഗസ്ഥർ അറിഞ്ഞില്ലെന്ന് ചോദിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അഴിമതിയുടേയും കൈക്കൂലിയുടേയും കാര്യംമാത്രം മുകളിലുള്ളവർ അറിയാതെ പോകുന്നുവെന്ന് കണ്ണടച്ച് വിശ്വസിക്കാൻ ജനങ്ങൾക്കാവില്ല. അത് പാലക്കയം വില്ലേജ് ഓഫിസിലാണെങ്കിലും തൃശൂർ മെഡിക്കൽ കോളജിലാണെങ്കിലും.
‘അഴിമതി രഹിത കേരളം’ സ്വപ്‌നം മാത്രമാണെന്ന് ഓരോ വർഷവും പെരുകുന്ന കൈക്കൂലികേസുകൾ അടിവരയിടുന്നു. ആറു വർഷത്തിനിടെ 239 സർക്കാർ ജീവനക്കാരാണ് കൈക്കൂലി കേസുകളിൽ ശിക്ഷിക്കപ്പെട്ടതെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. 6,715 കേസുകളുടെ വിചാരണ നടക്കുന്നുണ്ട്. 546 കേസുകളിൽ ചാർജ് ഷീറ്റും നൽകിയിട്ടുണ്ട്. കൈക്കൂലിക്കേസിൽ പിടിയിലായാൽ ഉടൻ സസ്‌പെൻഷനുണ്ടാകുമെങ്കിലും ആറു മാസത്തിനുശേഷം സർവിസിൽ തിരിച്ചെത്തുന്നതാണ് നാട്ടുനടപ്പ്.

അഴിമതിക്കേസിൽ ഉൾപ്പെട്ട നാലായിരത്തിലേറെ ഉദ്യോഗസ്ഥരെ സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ മേളയിൽ ഉൾപ്പെടുത്തി രക്ഷപ്പെടുത്തിയിട്ടുമുണ്ട് വിജിലൻസ്. ലോക്‌നാഥ് ബെഹ്‌റ വിജിലൻസ് ഡയരക്ടറായിരുന്നപ്പോൾ ഒരുവർഷത്തിനിടെ എണ്ണൂറിലേറെ അഴിമതിക്കേസുകളാണ് എഴുതിത്തള്ളിയത്.
സർക്കാരിന്റെ നിതാന്ത ജാഗ്രതയുണ്ടെങ്കിൽ മാത്രമേ അഴിമതിയെ പടിക്കുപുറത്താക്കാൻ കഴിയൂ.

എന്നാൽ അതിനു മുതിരാതെ അഴിമതിക്കാർക്ക് കുടപിടിക്കുന്ന സർക്കാർ സംവിധാനങ്ങൾ പലയിടത്തുമുണ്ട് എന്നതാണ് കേരളത്തിന്റെ ശാപം. ഉത്തരവാദിത്വബോധത്തോടെ ജോലി ചെയ്യുന്നവരാണ് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സർക്കാർ ജീവനക്കാരും. എന്നാൽ വൈകല്യമുള്ള മനസുമായി സർക്കാർ സർവിസിൽ കയറുന്ന ചുരുക്കം ചിലരുടെ നടപടികൾ മതിയാകും ദുഷ്‌പേരുണ്ടാക്കാൻ. ഇത്തരക്കാരെ കണ്ടെത്താൻ ഇനിയും കഴിഞ്ഞില്ലെങ്കിൽ കൊടുക്കേണ്ടിവരുന്ന വില സാധാരണക്കാരന്റെ ജീവനായിരിക്കും.

Content Highlights:editorial in jul 14 2023


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.