2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

വിവരശേഖരണത്തിൻ്റെ മറവിൽ ഒളിയജൻഡകൾ?


സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വ്യക്തിഗത വിവരങ്ങള്‍ തേടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി, വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല പൊതുസമൂഹത്തിൽകൂടി ആശങ്ക പരത്തിയിരിക്കുന്നു. ഓരോ അധ്യയനവർഷവും സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാർഥികളുടെ വിവരശേഖരണം നടത്തി ആവശ്യമുള്ള കാര്യങ്ങൾ കേന്ദ്രത്തെ ധരിപ്പിച്ചാണ് പദ്ധതികളും പഠനക്രമങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തുപോരുന്നത്. എന്നാൽ സംസ്ഥാന സർക്കാരിനെ മറികടന്നുള്ള കേന്ദ്രസർക്കാരിൻ്റെ വിവരശേഖരണ നീക്കത്തില്‍ സ്വാഭാവികമായും ദുരൂഹതയുണ്ടെന്നുതന്നെയാണ് കരുതുന്നത്.

സംഘ്പരിവാർ നിയന്ത്രിക്കുന്ന കേന്ദ്രഭരണത്തിനു കീഴിൽ രാജ്യത്തെ പാഠപുസ്തകങ്ങളെ കാവിവൽക്കരിക്കുന്നതിനുള്ള തീവ്ര ശ്രമങ്ങൾ ഒരുഭാഗത്ത് നടക്കുന്നു. അക്കാദമിക് തലത്തിൽ ഒളിഞ്ഞും തെളിഞ്ഞും നടപ്പാക്കുന്ന ചരിത്ര നിരാസത്തിൻ്റെയും പാഠപുസ്തകങ്ങളിലെ കാവിവൽക്കരണത്തിന്റെയും പശ്ചാത്തലത്തിൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് കരുതാനാവില്ല. തങ്ങൾക്ക് സ്വീകാര്യമല്ലാത്ത പാഠഭാഗങ്ങൾ വെട്ടിമാറ്റിയും താൽപര്യമുള്ളവ പ്രതിഷ്ഠിച്ചുമുള്ള സംഘ്പരിവാർ അജൻഡ വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കുമ്പോൾ സുതാര്യമല്ലാത്ത ഏത് ഇടപെടലുകളും ആശങ്കപ്പെടുത്തുന്നതാണ്.
കേന്ദ്രം വെട്ടിമാറ്റിയ പാഠഭാഗങ്ങൾ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളെ പഠിപ്പിക്കാനൊരുങ്ങുകയാണ് കേരള സർക്കാർ. ഈ സമയത്ത് തന്നെയാണ് സംസ്ഥാനത്തെ വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും വിവരശേഖരണത്തിനുള്ള കേന്ദ്ര നീക്കവും.

വിദ്യാർഥികളുടെ ജാതിയിലും മതത്തിലും തീരാതെ രക്ഷാകർത്താക്കളുടെ വിവരങ്ങളിലേക്കും നീളുന്ന ഈ ഡാറ്റാബാങ്കിങ് എന്തിനെന്ന വ്യക്തത പൊതുസമൂഹത്തിനു മുമ്പിൽ വരുത്തേണ്ടതുണ്ട്. പ്രീ പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ഓരോ വിദ്യാർഥിയുടെയും വിശദ വിവരങ്ങൾ നൽകാനാണ് കേന്ദ്ര നിർദേശം. 56 വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോർട്ടലിലേക്ക് വിവരങ്ങൾ നൽകാനാണ് നിർദേശം. ഇതുവരെ വിദ്യാർഥികളുടെ എണ്ണം മാത്രമാണ് സംസ്ഥാനം കേന്ദ്രത്തിന് നൽകിയിരുന്നത്. എന്നാൽ വിദ്യാർഥികളുടെ പേര് വിവരത്തിനൊപ്പം യു.െഎ.ഡി നമ്പർ, സമുദായം, സാമ്പത്തികനില, ആരോഗ്യവിവരം, പഠനവിവരം, ലഭിച്ച ആനുകൂല്യങ്ങൾ, രക്ഷിതാവിന്റ ഫോൺ നമ്പറും ഇമെയിലും ഒക്കെയാണ് ഇനി നൽകേണ്ടത്. സംസ്ഥാനം ഇതുവരെ പ്രീ പ്രൈമറി വിദ്യാർഥികളുടെ വിവരം ഏകീകൃതമായി ശേഖരിച്ചിട്ടില്ല. അതും ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം.


സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നുമുതൽ പത്തുവരെ ക്ലാസിലെ വിദ്യാർഥികളുടെ വിവരങ്ങൾ കൈറ്റ് വഴിയും ഹയർസെക്കൻഡറി വിദ്യാർഥികളുടെ വിവരം എച്ച്.എസ്.സി.എ.പി പോർട്ടൽ വഴിയും ശേഖരിക്കുന്നുണ്ട്. 20 വിവരങ്ങൾ മാത്രമാണ് എടുക്കാറ്. ഇതിനു പുറമേ 36 വിവരങ്ങൾകൂടി ശേഖരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷത്തെ വിവരം ആദ്യം നൽകണമെന്നും നിർദേശമുണ്ട്. ഉച്ചഭക്ഷണ പദ്ധതി ഉൾപ്പെടെ കേന്ദ്രത്തിന്റെ സാമ്പത്തിക സഹായത്തോടെ ലഭിക്കുന്ന പല പദ്ധതികളും സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കുന്നുണ്ട്. സമഗ്ര ശിക്ഷാ കേരളം വഴിയാണ് കേന്ദ്ര ആവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്നത്. പദ്ധതിച്ചെലവിന്റെ 60% ആണ് കേന്ദ്രം വഹിക്കുന്നത്. ഈ പദ്ധതികളുടെ താളപ്പിഴകളോ മെല്ലെപ്പോക്കോ അല്ല തിടുക്കത്തിലുള്ള വിവരശേഖരണത്തിന് പിന്നിലെന്ന് വ്യക്തം.


അടുത്തിടെ ന്യൂനപക്ഷങ്ങൾക്കുള്ള പല സ്കോളർഷിപ്പുകളും വെട്ടിക്കുറക്കുകയോ നിർത്തലാക്കുകയോ ചെയ്തിട്ടുണ്ട് കേന്ദ്രം. നിലവിലുള്ള ചില സ്കോളർഷിപ്പുകൾക്ക് ഭാവിയിൽ അനിശ്ചിതത്വവുമുണ്ട്. പുതിയ വിവര ശേഖരണത്തിന്റ പിന്നിൽ ഏതെങ്കിലും സ്കോളർഷിപ്പുകളുടെ കടയ്ക്കൽ കത്തിവയ്ക്കാനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ രക്ഷിതാക്കളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നതെന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.


വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമഗ്ര വിവരങ്ങൾ വലിയ ഒരു ഡാറ്റ സമ്പത്ത് തന്നെയാണ്. ഇത്, സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വിവരമാണ്. ഈ ഡാറ്റകളുടെ സ്വകാര്യതയും സംരക്ഷണവും ഉറപ്പു നൽകേണ്ടതും ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണ്. ഇൗ ഡാറ്റകൾ ഏത് ലക്ഷ്യത്തിനുവേണ്ടിയാണ് ഉപയോഗിക്കുക എന്നതിൽ വ്യക്തത വരുത്തുകയും വേണം. ഇതെല്ലാം പുതിയ ഡേറ്റാ ബിൽ ഉറപ്പുനൽകുന്നതാണെങ്കിലും സർക്കാർ സംവിധാനം തന്നെ ഇരുമ്പുമറയ്ക്കുള്ളിലൂടെ വിവരശേഖരണം നടത്തുന്നത് ഭൂഷണമല്ല. കൊവിഡ് കാലത്ത് ശേഖരിച്ചതുൾപ്പെടെ പല ഡാറ്റകളും കേന്ദ്രസർക്കാരിൻ്റെ പക്കൽ നിന്ന് ചോർന്നത് ഈയിടെയാണ്. വിവരശേഖരണത്തോട് കേരളം നിസ്സഹകരിച്ചാൽ അത് കേന്ദ്ര പദ്ധതിയുടെ തടയിടലിനും ഇടയാക്കുമെന്ന ആശങ്കയുണ്ട്. കേന്ദ്രത്തിന് കേരളത്തോടുള്ള ശത്രുതാ മനോഭാവത്തിൻ്റെ കാര്യം പരിഗണിക്കുമ്പോൾ ഈ ആശങ്കയ്ക്കും അടിസ്ഥാനമില്ലാതില്ല.


സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന മുഖ്യ പദ്ധതികളിലെ പ്രധാന വിഹിതം കേന്ദ്രസർക്കാരിൻ്റേതാണ്. പദ്ധതിയിൽ സാമ്പത്തിക സഹായം നൽകുന്നതല്ലാതെ പ്രത്യക്ഷ ഇടപെടൽ കേന്ദ്ര സർക്കാർ നടത്തിയിരുന്നില്ല. എന്നാൽ പദ്ധതികളുടെയും അധികാരത്തിൻ്റെയും മറവിൽ ഇപ്പോൾ സർവ മേഖലയിലും സ്വാധീനമുറപ്പിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് കേന്ദ്ര സർക്കാർ.


ഈയിടെയാണ് രാജ്യത്തെ ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള ആദ്യ ചുവടുവച്ചത്. ഈ സാഹചര്യത്തിൽ വേണം സംസ്ഥാനത്തെ വിദ്യാർഥികളുടെ വിവരശേഖരണത്തിന്റെ പിന്നിലെ ഒളിയജൻഡയെ വിലയിരുത്താൻ. പദ്ധതികളുടെ ആസൂത്രണത്തിനു വേണ്ടിയാണ് വിവരശേഖരണം എന്ന വാദത്തെ കണ്ണടച്ച് വിശ്വസിക്കാനാവില്ല. ഇതിൻ്റെ പിന്നാമ്പുറത്ത് രാഷ്ട്രീയത്തിൻ്റെയോ മതത്തിൻ്റെയോ അസഹിഷ്ണുത ഉണ്ടെങ്കിൽ അതിനെ പുറത്തുകൊണ്ടുവരേണ്ടതും പരാജയപ്പെടുത്തേണ്ടതും വിദ്യാഭ്യാസപ്രവർത്തകരുടെ കൂടി ചുമതലയാണ്. ഭാവി തലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വവുമാണത്.

Content Highlights: editorial in aug 25 2023


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.