2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

മികവിൻ്റെ കേന്ദ്രങ്ങളെ തകർക്കരുത്


കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കളങ്കമുണ്ടാക്കുന്ന തുടർവാർത്തകളിൽ അക്കാദമിക് സമൂഹത്തിന്റെ തലകുനിയുമ്പോൾ ലക്ഷക്കണക്കിന് വിദ്യാർഥികളിലും രക്ഷിതാക്കളിലും ഉടലെടുക്കുന്ന ആശങ്കകൾ കാണാതിരിക്കരുത്. ഭരണാനുകൂല വിദ്യാർഥി സംഘടന എസ്.എഫ്.ഐ ആണ് വ്യാജ സർട്ടിഫിക്കറ്റുകളിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേൽപ്പിക്കുന്നതെന്നത് ദൗർഭാഗ്യകരമാണ്. കുറ്റം തെളിഞ്ഞാൽ തള്ളിപ്പറഞ്ഞ് സംഘടനയ്ക്ക് നല്ലപിള്ള ചമയാമെന്ന് എസ്.എഫ്.ഐയും സി.പി.എമ്മും കരുതുന്നുണ്ടെങ്കിൽ അത് മൗഢ്യവും വിദ്യാർഥി സമൂഹത്തോടുള്ള വഞ്ചനയുമാണ്. എസ്.എഫ്.ഐയും നേതാക്കളും പ്രതിസ്ഥാനത്താകുന്ന കേസുകളുടെ എണ്ണം ഇത്രയേറെ കൂടുന്നത് എന്തുകൊണ്ടാണെന്ന പരിശോധനയാണ് ആദ്യം നടത്തേണ്ടത്, അല്ലാതെ തെറ്റുകാരെ തള്ളിപ്പറഞ്ഞ് കൈകഴുകുകയല്ല. കുറ്റം ചെയ്തവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനുള്ള പിന്തുണ നൽകുന്നതിൽനിന്ന് എന്തിനാണ് ഓടിയൊളിക്കുന്നതെന്ന ചോദ്യവും നേതൃത്വം സ്വയം ചോദിക്കണം.


കേരളത്തിന് പുറത്തുള്ള യൂനിവേഴ്‌സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കി കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കായംകുളത്തെ എം.എസ്.എം കോളജിൽ എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി നിഖിൽ എം. തോമസ് എം.കോം പ്രവേശനം നേടിയത് വിവാദമായിരിക്കുകയാണ്. നേരത്തെ, കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യു.യു.സിയായി വിജയിച്ച വിദ്യാർഥിനിയെ രാജിവയ്പ്പിച്ച് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി വിശാഖിന്റെ പേര് ഉൾപ്പെടുത്തി യൂനിവേഴ്‌സിറ്റിക്ക് നൽകി. പ്രിൻസിപ്പലിന്റെ പിന്തുണയോടെയായിരുന്നു ഈ ആൾമാറാട്ടം. എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ മഹാരാജാസ് കോളജിന്റെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് തയാറാക്കി രണ്ട് ഗവ. കോളജുകളിൽ ഗസ്റ്റ് ലക്ചറായി. തൊട്ടുപിന്നാലെ മഹാരാജാസ് കോളജിലെ വിദ്യാർഥിയായ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എഴുതാത്ത പരീക്ഷയിൽ പാസായതായി കോളജ് വെബ്‌സൈറ്റിൽ ഫലം വന്നു. ഇതിനെല്ലാം സംഘടന പ്രതിസ്ഥാനത്തു നിൽക്കുമ്പോഴാണ് നിഖിലിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദവും. സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് അവകാശപ്പെട്ട എസ്.എഫ്.ഐ നേതൃത്വത്തിന് യൂനിവേഴ്‌സിറ്റികളുടെ സ്ഥിരീകരണത്തോടെ മുഖംനഷ്ടപ്പെടുന്നതും കഴിഞ്ഞ ദിവസം കേരളം കണ്ടു.

ഉത്തരവാദപ്പെട്ട ഒരു വിദ്യാർഥി സംഘടന വിദ്യാഭ്യാസ മേഖലയുടെ മുഖം വികൃതമാക്കുന്നുവെന്ന ആരോപണം ഒട്ടും ഗൗരവം കുറഞ്ഞതല്ല. കാംപസുകളിലെ വിദ്യാർഥി ക്ഷേമത്തിനും പഠന നിലവാരത്തിനും സ്വാശ്രയ കോളജുകളിലെ വിദ്യാർഥിവിരുദ്ധ നിലപാടുകൾക്ക് എതിരേയും ശബ്ദം ഉയർത്തേണ്ട വിദ്യാർഥി സംഘടനയാണ് ഇങ്ങനെ അധഃപതിക്കുന്നത്.
നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല ഏറെ നാളായി കുഴഞ്ഞുമറിഞ്ഞു കിടക്കുകയായിരുന്നു. സ്വജനപക്ഷപാതവും രാഷ്ട്രീയ അതിപ്രസരണവും നേരത്തെയും വിമർശനവിധേയമായതാണ്. ചാൻസലർ കൂടിയായ ഗവർണറുമായുള്ള സർക്കാരിന്റെ നിരന്തര കൊമ്പുകോർക്കലും തിരിച്ചടിയായി. അധ്യാപകരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ടു മാത്രമല്ല, വി.സിമാരുടെ നിയമനങ്ങളും അക്കാദമിക് മേഖലയെ അസ്വാരസ്യങ്ങളുടെ കേന്ദ്രമാക്കി.

ഇതിനെല്ലാം പുറമെയാണ് ഭരണകക്ഷിയുടെ വിദ്യാർഥി സംഘടനതന്നെ സർവകലാശാലകളുടേയും കോളജുകളുടേയും അന്തസിനെ ചോദ്യം ചെയ്യുന്ന പ്രവൃത്തിക്ക് ചുക്കാൻ പിടിക്കുന്നത്.
ഭരണകക്ഷിയോടുള്ള വിധേയത്വം മാത്രമാകരുത് പ്രിൻസിപ്പൽമാരുടെ യോഗ്യത. കാട്ടാക്കടയിലും കായംകുളത്തും കണ്ടത് അതാണ്. കായംകുളത്ത് സി.പി.എം നേതാവിന്റെ ശുപാർശയിലാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന് കോളജ് മാനേജർ പറയുമ്പോൾ ഉത്തരവാദിത്വം സി.പി.എമ്മിലേക്കും തിരിയുകയാണ്.

നേതാക്കളുടെ ശുപാർശയിൽ യോഗ്യതയില്ലാത്തവർക്കും ഏത് കോഴ്‌സിനും പ്രവേശനം കിട്ടുമെന്ന പരിതാപകരമായ അവസ്ഥയിലാണോ ഉന്നതവിദ്യാഭ്യാസ രംഗം. യു.ജി.സിയുടെ മാനദണ്ഡങ്ങളൊന്നും ബാധകമല്ലേ കേരളത്തിലെ കോളജുകളിൽ.
മഹാരാജാസ് കോളജിന്റെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് അട്ടപ്പാടിയിലേയും കരിന്തളത്തേയും കോളജ് അധികൃതർക്ക് എന്തുകൊണ്ട് തിരിച്ചറിയാൻ കഴിഞ്ഞില്ല. ബി.കോമിന് പഠിച്ചു പരീക്ഷ തോറ്റ നിഖിൽ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റിൽ വീണ്ടും അതേ കോളജിന്റെ എം.കോം ക്ലാസ് മുറിയിലേക്ക് വിദ്യാർഥിയായി എത്തുമ്പോൾ എന്തുകൊണ്ടാണ് അധ്യാപകർക്കുപോലും തിരിച്ചറിയാൻ കഴിയാതെ പോയത്. ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന് തെറ്റായി വെബ്‌സൈറ്റിൽ കടന്നുകൂടിയെങ്കിൽ മാധ്യമവാർത്തയാകുന്നതിന് മുമ്പ് കണ്ടെത്താനോ തിരുത്താനോ എന്തുകൊണ്ട് കഴിഞ്ഞില്ല. ഉത്തരം ഒന്നേയുള്ളൂ;

പ്രതിസ്ഥാനത്തെല്ലാം ഭരണകക്ഷിയുടെ വിദ്യാർഥി സംഘടനാ നേതാക്കളാണ്!
സർക്കാരിനും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ആവില്ല. പാർട്ടി വിധേയത്വമുള്ളവർ അല്ലാത്തതിനാൽ 66 ഗവ. കോളജ് പ്രിൻസിപ്പൽമാരെ നിയമിക്കാതെ ലിസ്റ്റ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഫയലിൽ മരവിച്ചിരിക്കുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പാർട്ടി അനുകൂലികളെ കണ്ടെത്താൻ വീണ്ടും സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഒമ്പത് സർവകലാശാലകളിലാണ് സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാത്തത്. ഉന്നതവിദ്യാഭ്യാസം ലോകോത്തരമാക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് സർക്കാർ കോളജുകളേയും യൂനിവേഴ്‌സിറ്റികളേയും നാഥനില്ലാ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നത്.


മികവിന്റെ കേന്ദ്രങ്ങളായ സർവകലാശാലകളിലെ മാനദണ്ഡവും മികവായിരിക്കണം, അധികാര കേന്ദ്രങ്ങളിലുള്ള സ്വാധീനമാകരുത്. കേരളത്തിലെ വിദ്യാർഥികൾ തലയുയർത്തി നിൽക്കുന്നത്, ലോകത്തെ വിവിധ സ്ഥാപനങ്ങളിൽ അന്തസോടെ ജോലി ചെയ്യുന്നത് ഇവിടുത്തെ സർവകലാശാലയുടെ വിശ്വാസ്യതയുടെ ബലത്തിലാണ്. അത് കൊടിപിടിച്ചു, കോപ്രായം കാട്ടി നടക്കുന്നവർ നശിപ്പിക്കരുത്.

Content Highlights:editorial about universitys and sfi influvences

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.