ആഭ്യന്തര യുദ്ധത്തിന്റെ വക്കിൽ നിന്ന് റഷ്യ കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നു. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലൂക്കാഷെൻകോ നടത്തിയ മധ്യസ്ഥ ചർച്ചയെത്തുടർന്ന് റഷ്യൻ തലസ്ഥാനമായ മോസ്‌കോ പിടിക്കാനുള്ള നീക്കത്തിൽ നിന്ന് കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പ് പിൻമാറി. പിന്മാറ്റത്തിനുള്ള ഒത്തുതീർപ്പു വ്യവസ്ഥകളുടെ ഭാഗമായി, പിടിച്ചെടുത്ത തെക്കൻ റഷ്യൻ നഗരമായ റോസ്‌തോവും സൈനിക കേന്ദ്രങ്ങളും റഷ്യൻ സൈന്യത്തിന് വിട്ടു നൽകി. പകരം യെവ്ഗിനി പ്രിഗോഷിനെതിരേ എടുത്ത കേസുകൾ പിൻവലിക്കാനും ധാരണയായി. വാഗ്നർ സൈനികർക്കെതിരേ നടപടി ഉണ്ടാകില്ല. പ്രിഗോഷിൻ ബെലാറൂസിലേക്കു പോകും. വിമത സൈനികർക്ക് ശിക്ഷയെന്ന പ്രഖ്യാപനത്തിൽ നിന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും പിന്നോട്ടു പോയി. തൽക്കാലം പ്രതിസന്ധി അയഞ്ഞു. എങ്കിലും പ്രശ്‌നം ബാക്കിയുണ്ട്.
2022 ഫെബ്രുവരി മുതൽ റഷ്യ ഉക്രൈനിൽ സമ്പൂർണ അധിനിവേശത്തിലാണ്. യുദ്ധം എങ്ങുമെത്തിയില്ല. ഉക്രൈനിൽ നിന്ന് തലയൂരാനാവാതെ കുടുങ്ങിക്കിടക്കുകയാണ് റഷ്യ. അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് അടിസ്ഥാനവും. ഉക്രൈനെ ഒറ്റയടിക്ക് വരുതിൽക്കൊണ്ടുവരാമെന്ന് കരുതിയാണ് ഒന്നര വർഷം മുമ്പ് റഷ്യ യുദ്ധം തുടങ്ങിയത്. എന്നാൽ, ഉക്രൈൻ ഇപ്പോഴും കീഴടങ്ങിയില്ല. യുദ്ധം നീണ്ടതോടെ സൈന്യത്തിനുള്ളിൽ മുറുമുറുപ്പുയർന്നു. ഇത് വാഗ്നർപ്പടയിലേക്കും പടർന്നു. ഇതിനിടെ യുദ്ധത്തിൽ അവർക്ക് കുറെ സൈനികർ നഷ്ടമായി. അതിനിടയിലാണ് വിമത സൈനിക നീക്കം ക്രെംലിനെ നടുക്കിയിരിക്കുന്നത്. യുദ്ധം ഉക്രൈന്റെ മണ്ണിലാണെങ്കിലും സ്വന്തം നാട്ടിൽ സുരക്ഷയൊന്നുമില്ലെന്നതാണ് പ്രിഗോഷിന്റെ നീക്കം പുടിന് നൽകുന്ന സന്ദേശം.
മാസങ്ങളായി ആയുധങ്ങളോ ആവശ്യത്തിന് സഹായമോ എത്തിക്കാതെ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗ്, കമാൻഡർ ഇൻ ചീഫ് വലേരി ഗെരാസിമോവ് എന്നിവർ തന്റെ സൈന്യത്തെ കൊലയ്ക്ക് കൊടുക്കുകയാണെന്ന് പ്രിഗോഷിൻ കുറച്ചു നാളായി ആരോപിക്കുന്നുണ്ട്. കിഴക്കൻ നഗരമായ ബഖ്മുതിൽ ഉക്രൈൻ സൈന്യവുമായുള്ള പോരാട്ടത്തിൽ നിരവധി സൈനികരെയാണ് പ്രിഗോഷിന് നഷ്ടപ്പെട്ടത്. യുദ്ധത്തിൽ റഷ്യക്കുണ്ടായ നാശനഷ്ടങ്ങൾ സെർജി ഷോയിഗ് മറച്ചുവയ്ക്കുകയാണെന്നും പ്രിഗോഷിൻ ആരോപിക്കുന്നു. ഉക്രൈൻ യുദ്ധം ഏതുവഴിയെയാണ് നീങ്ങുന്നതെന്നത് ഇതിൽ നിന്ന് വ്യക്തമാണ്. യൂറോപ്പിന്റെ രഹസ്യസഹായമുണ്ടെന്ന സംശയങ്ങൾക്കിടെ ഉക്രൈൻ അസാധാരണമായ ചെറുത്തു നിൽപ്പിലാണ്.
എങ്കിലും പ്രിഗോഷിന്റെ സൈന്യം റഷ്യക്കെതിരേ തന്നെ തങ്ങളുടെ ആയുധങ്ങൾ തിരിച്ചുവയ്ക്കുമെന്ന് ആരും കരുതിയിരുന്നില്ല. ചെറിയ സുരക്ഷാ സംഘമായിരുന്ന വാഗ്നർ ഗ്രൂപ്പിനെ ഇത്രത്തോളം വളർത്തിയത് ഉക്രൈനും മുമ്പ് രൂപം കൊണ്ട പുടിന്റെ സാമ്രാജ്യത്വ മോഹമാണ്. 2014ൽ ക്രൈമിയ പിടിക്കാൻ നിയോഗിച്ചുകൊണ്ടാണ് വാഗ്നർപ്പടയെ പുടിൻ വളർത്തിയത്. റഷ്യയിൽ സ്വകാര്യ സൈന്യങ്ങൾ നിയമവിരുദ്ധമാണ്. എന്നിട്ടും ക്രൈംലിനിലെ ഉന്നതരുടെ വിരുന്നിലേക്കായി വിഭവങ്ങൾ തയാറാക്കാൻ നിയോഗിക്കപ്പെട്ടിരുന്ന പ്രിഗോഷിന് പുടിന്റെ വിശ്വസ്തനാകാനും കൂലിപ്പട്ടാളത്തിന് രൂപം നൽകാനുമായി. ഉക്രൈൻ ആക്രമിക്കാൻ പുടിൻ നിയോഗിച്ച സൈന്യത്തിൽ മുൻനിരയിലായിരുന്നു പ്രിഗോഷിന്റെ കൂലിപ്പട്ടാളത്തിന്റെ സ്ഥാനം. ജനീവ കൺവൻഷൻ ബാധകല്ലാത്തതിനാൽ ക്രൂരതകൾക്ക് പേരുകേട്ടവരാണ് വാഗ്‌നർ ഗ്രൂപ്പിന്റെ സൈന്യം.
ഔദ്യോഗിക സൈന്യത്തിന് ചെയ്യാനാവാത്ത കാര്യങ്ങൾ അവർക്ക് ചെയ്യാനാവും. ഉക്രൈൻ പ്രതിരോധത്തെ തകർത്ത് പല മേഖലകളും വാഗ്നർ ഗ്രൂപ്പ് അതിവേഗത്തിൽ കീഴടക്കിയത് ഒരു യുദ്ധമര്യാദകളും പാലിക്കാതെയാണ്. യെവ്ഗിനി പ്രിഗോഷിനാകട്ടെ ക്രിമിനൽ പശ്ചാത്തലമുള്ളയാളും. തകർന്ന വ്യക്തി ജീവിതമുള്ള മുൻ സൈനികരാണ് പ്രിഗോഷിന്റെ സൈന്യത്തിൽ ഭൂരിഭാഗവും.
അമേരിക്കയും ഇത്തരത്തിലുള്ള കൂലിപ്പട്ടാളത്തെ ഉപയോഗിക്കാറുണ്ട്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക കൂലിപ്പട്ടാളത്തെ ഉപയോഗിച്ചിരുന്നു. ഉക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് പ്രിഗോഷിന്റെ സൈന്യം മോസ്‌കോക്ക് നേരെ നീങ്ങിയത് ചെറുത്തു നിൽപ്പുകളില്ലാതെയാണ്. മോസ്‌കോയിൽനിന്ന് 418 കിലോമീറ്റർ ദൂരത്തുള്ള യാലെറ്റ്‌സ് പട്ടണം പിടിച്ചെടുത്ത കൂലിപ്പട്ടാളം റോസ്‌തോവ് -മോസ്‌കോ ഹൈവേയോടു ചേർന്ന വറോനെഷ് നഗരത്തിലെ സൈനിക കേന്ദ്രവും പിടിച്ചു.
മോസ്‌കോയുടെ 200 കിലോമീറ്റർ അടുത്തുവരെ കൂലിപ്പട്ടാളമെത്തി. ഒരു സൈനിക ഹെലികോപ്റ്റർ വാഗ്‌നർ ഗ്രൂപ്പ് വെടിവച്ചിട്ടു. റഷ്യയിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്നു മേയർ നിർദേശിച്ചു. പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ മോസ്‌കോ വിട്ടെന്ന അഭ്യൂഹം പരന്നു. യു.എസ് ഉൾപ്പെടെയുള്ള കരുത്തരുമായി എക്കാലവും താരതമ്യം ചെയ്യപ്പെട്ടു പോരുന്ന റഷ്യയുടെ സൈനിക മികവിനും ഇടിച്ചിൽ തട്ടി. വാഗ്നർ ഗ്രൂപ്പിന്റെ മുന്നേറ്റത്തിൽ റഷ്യൻ സൈന്യം വെപ്രാളപ്പെട്ടു പോയിരുന്നു. ഉക്രൈനെ ആക്രമിക്കാനുള്ള തീരുമാനം പുടിന്റെ നയപരമായ പിഴവായിരുന്നു. ഈ സംഭവത്തോടെ 2000ത്തിന് ശേഷം പുടിൻ ആകെ ദുർബലമായിരിക്കുന്നു. കരുത്തുള്ള ലോക നേതാവ് എന്ന പുട്ടിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റു.
പുടിനെ ഇത്രത്തോളം നിസഹായനായി കണ്ട മറ്റൊരു സംഭവമില്ല. പുടിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഈ സംഭവം മായാത്ത പാടായി അവശേഷിക്കാനാണ് സാധ്യത. പ്രതിരോധ മന്ത്രിയെ നീക്കണമെന്ന പ്രിഗോഷിന്റ ആവശ്യം ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഉണ്ടെങ്കിൽ അത് പുടിന്റെ മറ്റൊരു കീഴടങ്ങലാവും. പതുക്കെയാണെങ്കിലും റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ ഉക്രൈൻ കളംപിടിച്ചിട്ടുണ്ട്.
കിഴക്കൻ ഡൊനെറ്റ്സ്‌കിലും തെക്ക്-കിഴക്കൻ സപ്പോരിജിയ മേഖലകളിലും ഇപ്പോൾ ഉക്രൈനാണ് മേൽക്കൈ. അവിടെ റഷ്യൻ സൈന്യം പിന്നോട്ടാണ്. ജൂൺ നാലിന് പ്രത്യാക്രമണം ആരംഭിച്ചതിന് ശേഷം ഈ രണ്ടു മേഖലകളിലുമായി കുറഞ്ഞത് 113 ചതുരശ്ര കിലോമീറ്റർ തിരിച്ചു പിടിച്ചതായി ഉക്രൈൻ അവകാശപ്പെടുന്നു. കിഴക്കൻ നഗരമായ ബഖ്മുട്ടിൽ റഷ്യക്ക് കനത്ത നാശമാണ്. റഷ്യയുടെ കൈവശം അവശേഷിക്കുന്ന ഭാഗത്തിനായുള്ള പോരാട്ടം തുടരുന്നു.
ഉക്രൈനിൽ ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടം നടക്കുന്നത് ഇവിടെയാണ്. ബഖ്മുതിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ഉക്രൈനാണ് മുന്നേറ്റം. തെക്കൻ ഉക്രൈനിലെ ആശയവിനിമയത്തിന്റെ റഷ്യൻ ഗ്രൗണ്ട് ലൈനുകൾക്കെതിരേ ആക്രമണം ശക്തമാക്കാനുള്ള നീക്കത്തിലാണ് ഉക്രൈൻ.
ക്രൈമിയൻ ഉപദ്വീപുമായി ഉക്രൈനെ ബന്ധിപ്പിക്കുന്ന പാലം ദീർഘദൂര ബ്രിട്ടിഷ് മിസൈലുകൾ ഉപയോഗിച്ച് ഉക്രൈൻ ആക്രമിച്ചു. യുദ്ധം വിദേശത്തും സ്വന്തം നാട്ടിലും പുടിനെ തിരിഞ്ഞു കൊത്തിയിരിക്കുന്നു. ഇനിയെങ്കിലും എല്ലാം അവസാനിപ്പിക്കുകയും മേഖലയിൽ സമാധാനം സ്ഥാപിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടത്.
Content Highlights: Editorial about russia
Comments are closed for this post.