2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

പോരാട്ടം മുറുക്കാം ഒന്നിച്ചിരുന്ന്


2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായി പ്രതിപക്ഷ സഖ്യം രൂപവത്കരിക്കുന്നതിന്റെ ആദ്യ ചുവട് സാധ്യമായിരിക്കുന്നു. സംസ്ഥാനങ്ങളിൽ പരസ്പരം പോരടിക്കുന്നവരെങ്കിലും ദേശീയതലത്തിൽ ഒരേ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന പാർട്ടികൾ പട്‌നയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ഒന്നിച്ച് ഇരുന്നു. ലാലു പ്രസാദ് യാദവ്, മമതാ ബാനർജി, ശരദ് പവാർ എന്നിവരെപ്പോലുള്ള തലയെടുപ്പുള്ള നേതാൾ ഒന്നിച്ചിരിക്കുന്നതും രാഹുൽ ഗാന്ധി, അരവിന്ദ് കെജ്‌രി‌വാൾ, എം.കെ സ്റ്റാലിൻ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ പുതുതലമുറക്കാർ അതിൽ പങ്കുചേരുന്നതും സമീപകാല ദേശീയരാഷ്ട്രീയം കണ്ട മഹത്തായ കാഴ്ചയാണ്.


മൂന്ന് കാരണങ്ങൾകൊണ്ട് ഇൗ യോഗത്തിനായി പട്‌ന തെരഞ്ഞെടുത്തതിൽ പ്രസക്തിയുണ്ട്. ഒന്നാമത്തേത്, ഡൽഹിയിൽനിന്ന് ഏറെ അകലെ ഹിന്ദിഭൂമിയുടെ ഹൃദയത്തിലാണ് പട്ന എന്നതാണ്. രണ്ടാമത്, 1974ൽ ഇന്ദിരാഗാന്ധി സർക്കാരിനെതിരേ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുയർന്ന അട്ടിമറി ആഹ്വാനത്തിന് സാക്ഷ്യംവഹിച്ച മണ്ണാണ് ബിഹാർ. മൂന്നാമത്, സഖ്യത്തിന് നേതൃത്വം നൽകുന്ന നിതീഷ് കുമാറിന് മറ്റു പ്രതിപക്ഷപ്പാർട്ടികൾക്കിടയിൽ സ്വീകാര്യതയുണ്ട് എന്നതും. ദേശീയരാഷ്ട്രീയത്തിലെ മാറ്റത്തിന്റെ നേരത്തെയുള്ള സൂചനകളായി പട്‌ന യോഗത്തെ കാണാനാവുമോയെന്നതാണ് പ്രധാനം.

പ്രതിപക്ഷ സഖ്യത്തിനായുള്ള ശ്രമം നേരത്തെ പലപ്പോഴായി നടക്കുകയും എങ്ങുമെത്താതെ പോകുകയും ചെയ്തതാണ്. രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കൽ, മനീഷ് സിസോദിയയുടെ അറസ്റ്റ് എന്നീ രണ്ടു കാര്യങ്ങളാണ്, അതുവരെ ആടിനിന്നിരുന്ന പ്രതിപക്ഷ സഖ്യചർച്ചയെന്ന ആശയത്തെ വേഗത്തിലാക്കിയത്. ഡൽഹിയിലും പഞ്ചാബിലും പോരടിക്കുന്ന കോൺഗ്രസും ആം ആദ്മി പാർട്ടിയും ബംഗാളിൽ പോരടിക്കുന്ന തൃണക്കമൂലും കോൺഗ്രസ് – ഇടതു പാർട്ടികളും പട്‌നയിൽ ഒന്നിച്ചു എന്നത് ദേശീയരാഷ്ട്രീയത്തിൽ ചെറിയ കാര്യമല്ല.
ചർച്ചയുടെ ആദ്യഘട്ടമേ ആയുള്ളൂ. ഇനിയങ്ങോട്ടാണ് പ്രധാന വെല്ലുവിളികൾ ആരംഭിക്കുന്നത്.

സീറ്റുകൾ വീതംവയ്ക്കൽ, പൊതുവായ നേതാവിനെ തെരഞ്ഞെടുക്കൽ, പൊതുമിനിമം പദ്ധതിക്ക് രൂപംനൽകൽ തുടങ്ങിയ സുപ്രധാന കാര്യങ്ങളുണ്ട്. സംസ്ഥാനങ്ങളിലെ രാഷ്ട്രീയപ്പോര് പാർട്ടികൾ ശീതീകരണത്തിൽ വയ്ക്കണോ എന്ന സങ്കീർണതയുണ്ട്. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടിയുടെ പ്രധാന എതിരാളി കോൺഗ്രസാണ്. ഭാരത് ജോഡോ യാത്രയ്ക്കും കർണാടക വിജയത്തിനും ശേഷം പുതിയ ഉന്മേഷത്തിലാണെങ്കിലും ഈ സഖ്യം ഏറ്റവും ആവശ്യമുള്ളത് കോൺഗ്രസിനാണ്. എന്നാൽ, ഡൽഹിയിൽ ഉദ്യോഗസ്ഥരുടെ നിയന്ത്രണം സംബന്ധിച്ച സുപ്രിംകോടതി വിധി മറികടക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരായ കാംപയിന് ആംആദ്മി പാർട്ടി ആവശ്യപ്പെട്ട പിന്തുണ നൽകാൻ കോൺഗ്രസ് ഇപ്പോഴും മടിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആം ആദ്മി പാർട്ടി പരസ്യമായി പ്രതിഷേധിക്കുകയും ചെയ്യുന്നു.


പശ്ചിമബംഗാളിൽ തൃണമൂൽ സർക്കാരിനെതിരേ സി.പി.എമ്മും കോൺഗ്രസും നിശബ്ദമാകുന്നതും പ്രതിപക്ഷത്തിന്റെ ചുമതല പൂർണമായും ബി.ജെ.പിയെ ഏൽപ്പിക്കുന്നതും രാഷ്ട്രീയമായി ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്ന വലിയ പ്രതിസന്ധിയുണ്ട്. ഇതെല്ലാം പുതിയ സഖ്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് പ്രധാനമാവും. സഖ്യം ഏതെല്ലാം വിഷയങ്ങളിലായിരിക്കുമെന്നതും പ്രധാനമാണ്. ഏകസിവിൽകോഡ് പോലുള്ള വിഷയങ്ങളിലും പട്‌നയിൽ ചേർന്ന പാർട്ടികൾക്കിടയിൽ ഒരേ അഭിപ്രായമല്ല ഉള്ളത്. കശ്മിരിലെ 370ാം വകുപ്പ് പിൻവലിച്ച കാര്യത്തിൽ ഒരേ നിലപാടില്ല. സഖ്യത്തിലെ എല്ലാ പാർട്ടികളും ബി.ജെ.പി വിരുദ്ധരുമല്ല. തൃണമൂൽ കോൺഗ്രസ് മുതൽ ശിവസേന വരെയുള്ള പാർട്ടികൾ പല ഘട്ടങ്ങളിലായി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയവരാണ്.

എല്ലാവരും മോദി, അമിത്ഷാ വിരുദ്ധരാണെന്നതാണ് പൊതുവായ കാര്യം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലാണ് എല്ലാവരും പൊതുവായി കാണുന്ന ഭീഷണി.


സഖ്യത്തെ ദുർബലപ്പെടുത്താനുള്ള കരുക്കൾ ഇപ്പോഴും സർക്കാരിന്റെ കൈയിലുണ്ട്. ഈ ഭീഷണിക്കിടയിലാണ് സഖ്യം വിജയകരമായി തെരഞ്ഞെടുപ്പുവരെ എത്തിക്കേണ്ടതും തെരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യമായി നിലനിർത്തേണ്ടതും. സഖ്യംകൊണ്ട് മാത്രം കാര്യമില്ല; ഓരോ പാർട്ടിയും സ്വന്തം കളത്തിലെ യുദ്ധമെങ്കിലും ജയിച്ചാലേ ബി.ജെ.പിയെ അധികാരത്തിൽനിന്ന് താഴെയിറക്കാനാവൂ.
വൈ.എസ്.ആർ കോൺഗ്രസ്, ഭാരത് രാഷ്ട്രീയ സമിതി, ബിജു ജനതാദൾ തുടങ്ങി ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളിൽ ഭരണത്തിലിരിക്കുന്ന പാർട്ടികൾ ഇപ്പോഴും പുറത്തുണ്ട്. ഇവരെക്കൂടി ചേർത്തുനിർത്തേണ്ടത് പ്രധാനമാണ്. പ്രതിപക്ഷ സഖ്യം വെറും വ്യായാമമാകാതെ നോക്കാനുള്ള ബാധ്യത അതിന് നേതൃത്വം നൽകുന്നവർക്കുണ്ട്. തനിക്കൊത്ത എതിരാളികളായി ഉയർന്നവരെയെല്ലാം വെട്ടിവീഴ്ത്തിയതാണ് മോദിയുടെ ചരിത്രം.

2021ൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയെയിരുന്നു മോദിയുടെ എതിരാളിയായി രാജ്യം കണ്ടിരുന്നത്. മമതയുടെ കുടുംബത്തെ ലക്ഷ്യംവച്ചാണ് ബി.ജെ.പി അവരെ നേരിട്ടത്. അഭിഷേക് ബാനർജിയെപ്പോലുള്ള മമതയുടെ ബന്ധുക്കളെയും പാർട്ടിയിലെ നേതാക്കളെയും അഴിമതിക്കേസിൽ കുടുക്കി. അതോടെ ബംഗാളിലെ കോട്ട സംരക്ഷിക്കുക എന്നതിലേക്ക് മമതയുടെ രാഷ്ട്രീയ ലക്ഷ്യം ചുരുങ്ങി. ഈ സ്ഥാനത്തേക്കാണ് 2022ൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ എത്തുന്നത്.


2022 അരവിന്ദ് കെജ്‌രിവാളിന്റെ വർഷമായിരുന്നു. മനീഷ് സിസോദിയയടക്കമുള്ള ആം ആദ്മി പാർട്ടിയിലെ പ്രമുഖരെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്താണ് മോദി സർക്കാർ ഈ വെല്ലുവിളിയെ നേരിട്ടത്. നേതാക്കളിൽ പലരും അഴിമതിക്കേസുകളിൽ കുടുങ്ങി. 2023 ആയതോടെ ചിത്രം വീണ്ടും മാറി. ഭാരത് ജോഡോ യാത്രയോടെ രാഹുൽ ഗാന്ധി മോദിയുടെ പ്രധാന എതിരാളിയായി പുനർനിർമിക്കപ്പെട്ടു. എന്നാൽ തൊട്ടുപിന്നാലെ അപകീർത്തിക്കേസിലെ വിവാദ വിധിയിലൂടെ രാഹുൽ ഗാന്ധിയുടെ പാർലമെന്റംഗത്വം നഷ്ടപ്പെട്ടു.

ഇതിനിടയിലാണ് പ്രതിപക്ഷ സഖ്യം വരുന്നത്.
1977ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ തോൽപ്പിച്ച രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ വിശ്വാസ്യത ഒറ്റരാത്രികൊണ്ടുണ്ടായതല്ല. ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ പ്രത്യയശാസ്ത്രപരമായ യോജിപ്പുമുണ്ടായിരുന്നില്ല. എങ്കിലും അടിയന്തരാവസ്ഥയും വിയോജിച്ചവരെ ജയിലലടച്ചതും ഈ പാർട്ടികൾ പൊതുവായ പ്രശ്നമായിക്കണ്ട് ഒന്നിച്ചുനിന്നു. സമാന സാധ്യതകൾ പ്രതിപക്ഷത്തുണ്ട്. തങ്ങളൊരു ശരിയായ രാഷ്ട്രീയ ബദലാണെന്ന് രാജ്യത്തെ ജനങ്ങളെ ബോധിപ്പിക്കുകയാണ് പ്രതിപക്ഷം ആദ്യം ചെയ്യേണ്ടത്.

Content Highlights:Editorial About opposition party’s aligns


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.