2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

ജ്വലിക്കുന്ന ഓർമകൾ ബാക്കി


ആൾക്കൂട്ട ആഘോഷങ്ങളിൽ ആമഗ്‌നമായ ഒരായുസ്സായിരുന്നു ഉമ്മൻചാണ്ടി. ജനകീയ രാഷ്ട്രീയത്തിന്റെ ആൾരൂപം. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ ആഴത്തിൽ വേരൂന്നി, കേരളം ആകെ ഏതൊരു കൊച്ചുകുട്ടിക്കും ഉമ്മൻചാണ്ടീ എന്ന് വിളിക്കത്തക്ക വിധം പടർന്നു പന്തലിച്ച ഈ ജനകീയ നേതാവ് രാഷ്ട്രീയ പ്രവർത്തകർക്ക് പാഠപുസ്തകമാണ്.


കേരളം എക്കാലവും ആദരിച്ച സമന്വയത്തിന്റെ മുഖമായിരുന്നു ഉമ്മൻചാണ്ടി. മന്ദസ്മിത ഭാവുകത്വത്തോടെ സർവരേയും ചേർത്തുനിർത്തി അവരുടെ താൽപര്യങ്ങൾ പരമാവധി സംരക്ഷിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പാണക്കാടോ പെരുന്നയോ കണിച്ചുകുളങ്ങരയോ എല്ലാം പുതുപ്പള്ളി പോലെ ഹൃദിസ്ഥം. കോൺഗ്രസ് രാഷ്ട്രീയത്തിലും മുന്നണി രാഷ്ട്രീയത്തിലും ഒഴിവാക്കാനാവാത്ത അസ്വാരസ്യങ്ങൾക്കും സമ്മർദങ്ങൾക്കും ഇടയിൽ ചിരിച്ചുനിന്നു കൂഞ്ഞുഞ്ഞ്. 2011ൽ മുഖ്യമന്ത്രിയാവുമ്പോൾ മുന്നണിയുടെ ഭൂരിപക്ഷം വെറും രണ്ട്.

പിന്നെയത് മൂന്നായെങ്കിലും മുഖ്യ കക്ഷിയായ കോൺഗ്രസിന്റെ അംഗ സംഖ്യ 39 മാത്രം. അതിലേക്കാണ് മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെന്ന പുതിയ ആവശ്യവും നായർ സമുദായത്തിന്റെ താക്കോൽ സ്ഥാനവുമെല്ലാം വരുന്നത്. ഈ പ്രതിസന്ധികളെയെല്ലാം സമർഥമായി നേരിട്ട പ്രായോഗിക രാഷ്ട്രീയത്തിലെ പടത്തലവൻ, പതിവിൽനിന്ന് വ്യത്യസ്തമായി ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് വിജയം നേടിക്കൊടുത്തു.


പുതുപ്പള്ളി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ നീലക്കൊടി പിടിച്ച് തുടങ്ങിയ ഏഴു പതിറ്റാണ്ടോളം നീണ്ടുനിന്ന പൊതുപ്രവർത്തനത്തിനിടയിൽ ഉമ്മൻചാണ്ടിയുടെ മുന്നിൽ ഏറെയും ഉണ്ടായത് പ്രതിസന്ധികൾ തന്നെ. അവയെ അവസരങ്ങളാക്കി മാറ്റാൻ അസാമാന്യ നയതന്ത്രജ്ഞതയും കർമശേഷിയും കൊണ്ട് അദ്ദേഹത്തിന് സാധിച്ചു. 1967ൽ കേരള വിദ്യാർഥി യൂനിയന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തും രണ്ടു വർഷത്തിനകം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തും എത്തിയ ഉമ്മൻ ചാണ്ടി, 1970ൽ പുതുപ്പള്ളിയിൽ നിയമസഭാ സ്ഥാനാർഥിയാവുമ്പോൾ വയസ് 27.

എതിരാളി സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ ഇ.എം ജോർജ്. പതിനായിരത്തിൽ താഴെ വോട്ടിന് വിജയിച്ച ഉമ്മൻചാണ്ടിയെ പിന്നീട് പതിനൊന്നു തവണ കൂടി പുതുപ്പള്ളിക്കാർ സ്വീകരിച്ചു. അതിൽ രണ്ടു തവണ സി.പി.എമ്മിന്റെ പിന്തുണയോടെയായിരുന്നു. പഞ്ചായത്ത്, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും ഇടതുപക്ഷത്തിന് ഭൂരിപക്ഷം നൽകിയ പുതുപ്പള്ളി പക്ഷേ ഏത് കാറ്റിനും കോളിനും ഇടയ്ക്കും എതിരാളികൾ മാറിമാറി വന്നിട്ടും കുഞ്ഞൂഞ്ഞിനൊപ്പം ഉറച്ചുനിന്നു. 12 തവണ ഒരേ മണ്ഡലത്തിൽ നിന്ന് ജയിക്കുന്ന ആദ്യത്തെയും അവസാനത്തെയും നേതാവാണ് ഉമ്മൻചാണ്ടി.


കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ എ.കെ ആന്റണിക്കുള്ളത് ആദർശ രാഷ്ട്രീയത്തിന്റെ മുഖമാണെങ്കിൽ കെ. കരുണാകരന്റേത് ആശ്രിത വാത്സല്യത്തിന്റേതാണ്. ഗുണങ്ങളിൽ എ.കെ ആന്റണിയും കെ. കരുണാകരനും ചേർന്ന ഉമ്മൻ ചാണ്ടിക്ക് ഇരുവരേക്കാൾ ജനബന്ധം ഉണ്ടായിരുന്നു. ആന്റണിക്കൊപ്പം പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി കോൺഗ്രസിൽ നിന്ന് ഇറങ്ങുകയും തിരിച്ചുപോവുകയും ചെയ്ത അദ്ദേഹം എന്നും ആന്റണിക്ക് തൊട്ടു പിന്നിൽ നിന്നു. അതുകൊണ്ടുതന്നെ ആന്റണി ഇട്ടേച്ചുപോയ മുഖ്യമന്ത്രി പദത്തിലേക്ക് സർവസമ്മതനായിരുന്നു. കൂടെ നിൽക്കുന്നവർക്കുവേണ്ടി അദ്ദേഹം പാർട്ടിയിൽ കലഹിച്ചു. കെ. കരുണാകരൻ സർക്കാരിൽ ധനമന്ത്രിയായിരിക്കെ രാജിവച്ചത് രാജ്യസഭാ സീറ്റിനെ ചൊല്ലിയായിരുന്നു.


പുതുപ്പള്ളിക്കാർക്ക് ആദ്യരാത്രിയില്ലാ എന്ന് തമാശക്ക് പറയും. മണ്ഡലത്തിലെ എല്ലാ കല്യാണ വീട്ടിലും കുഞ്ഞൂഞ്ഞ് എത്തും. മിക്കപ്പോഴും അത് പാതി രാത്രിക്കായിരിക്കുമെന്ന് മാത്രം. ചീകാതെ പാറിപ്പറക്കുന്ന മുടിയും അവിടവിടെ കീറിയോ എന്നുതോന്നിക്കുന്ന വെളുത്ത ഖദറും കൈയിലെ ഫയലുകളും ചിരിക്കുന്ന മുഖവും ഉമ്മൻചാണ്ടിയുടെ മായാത്ത ചിത്രമാണ്. ആൾക്കൂട്ടത്തിലല്ലാതായാൽ ശ്വാസം മുട്ടുമോ എന്ന് തോന്നും. അതിരാവിലെ വീട്ടിൽനിന്ന് തുടങ്ങുന്നതാണ് ഈ ആൾക്കൂട്ട സഹവാസം. ഭക്ഷണം കഴിച്ചെന്നും രാത്രി വൈകി ഉറങ്ങിയെന്നും വരുത്തി അതിവേഗം ബഹുദൂരം ഓടിയ അദ്ദേഹത്തെ പക്ഷേ സംശയത്തിന്റെ നിഴലിലാക്കാൻ സോളാർ കേസുകൾക്ക് സാധിച്ചുവെന്നത് നേര്.


കേരളത്തിന്റെ വികസന ചരിത്രത്തിലും തങ്കലിപികളിൽ തന്നെ ഉമ്മൻ ചാണ്ടിയെന്ന നാമം എഴുതിച്ചേർത്തിട്ടുണ്ട്. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി കേരളത്തിന്റെ അടിസ്ഥാന വികസനത്തെ ദീർഘവീക്ഷണത്തോടെ സമീപിച്ച ഭരണാധികാരിയായിരുന്നു. സംസ്ഥാനത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റംവരെ സാധാരണക്കാരുടെ മനസറിഞ്ഞ് പദ്ധതികൾക്കുവേണ്ടി സഞ്ചരിച്ചു. ഇതിലൂടെ പുതിയ വികസന ചരിത്രമാണ് പിറന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, സ്മാർട്ട് സിറ്റി, ദേശീയപാതാ വികസനം, മെഡിക്കൽ കോളജുകൾ അങ്ങനെ നീളുന്നു വികസന നേട്ടങ്ങൾ.


കെ. കരുണാകരന്റെയും എ.കെ ആന്റണിയുടെയും മന്ത്രിസഭകളിൽ 1977 മുതൽ പല വകുപ്പുകൾ കൈകാര്യം ചെയ്ത ഉമ്മൻചാണ്ടിക്കെതിരേ കേസുകൾ നിരവധിയുണ്ടായി. ആദ്യത്തെ ആരോപണം ചെറിയ കാലത്ത് വനം കൈകാര്യം ചെയ്തപ്പോൾ കക്കി റിസർവോയറിലെ മരം മുറിയുമായി ബന്ധപ്പെട്ടാണ്. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സഭയിൽ ആവശ്യപ്പെട്ടത് ഉമ്മൻചാണ്ടി തന്നെ. പിന്നീട് പാമോലിൻ, പാറ്റൂർ, വിഴിഞ്ഞം… അങ്ങനെ പലതിലും ആരോപണങ്ങൾ ഉയർന്നു. ചിലതെല്ലാം പറഞ്ഞവർ തന്നെ വിഴുങ്ങി.

ചിലവ അന്വേഷിച്ച് തള്ളി. ചിലത് കോടതി തള്ളി. സംസ്ഥാന സർക്കാരിന് ചില്ലിക്കാശിന്റെ നഷ്ടം പറ്റിയിട്ടില്ലാത്ത സോളാർ കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് വളഞ്ഞപ്പോൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ഇടതുപക്ഷത്തിനുകൂടി യോജിക്കുന്ന റിട്ട. ജഡ്ജിയെ അന്വേഷണ കമ്മിഷനായി നിയമിക്കുകയും കമ്മിഷന് മുമ്പിൽ 53 മണിക്കൂർ തെളിവ് നൽകുകയും ചെയ്ത ഉമ്മൻചാണ്ടി, ആവർത്തിച്ചുകൊണ്ടിരുന്നു മനസ്സാക്ഷിയുടെ കോടതിയിൽ താൻ തെറ്റുകാരനല്ലെന്ന്. സി.ബി.ഐക്കും അത് സമ്മതിക്കേണ്ടിവന്നു. അതിലെ കളികൾ ഇനിയും പുറത്തുവരാനിരിക്കെയാണ് ഉമ്മൻചാണ്ടി ഓർമയാകുന്നത്.


കക്ഷിരാഷ്ട്രീയത്തിന്റെ വരമ്പുകളില്ലാതെ എല്ലാവർക്കും പ്രാപ്യനായ ജനനേതാവ് ഇനി ഓർമയാണ്. ജ്വലിക്കുന്ന ഓർമ. ജാതി, മത, രാഷ്ട്രീയങ്ങൾക്കപ്പുറം കേരളജനതയെ സാഹോദര്യത്തിന്റെ ഇഴകളാൽ ചേർത്തുപിടിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി. ആ സാന്നിധ്യം കേരള രാഷ്ട്രീയത്തിൽ മാത്രമല്ല ദേശീയതലത്തിലും അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് ഈ വിയോഗം. അതിനാൽ ആ നഷ്ടത്തിന്റെ വ്യാപ്തിയെത്രയെന്ന് കാലമാണ് സാക്ഷ്യപ്പെടുത്തേണ്ടത്.

Content Highlights:Editorial About oommen chandy


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.