2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

കരുവന്നൂർ: കുരുക്കിൽനിന്ന് കുരുക്കിലേക്ക്


   


കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കള്ളപ്പണ ഇടപാടിന്റെ വ്യാപ്തി 500 കോടിയും കടക്കുന്നുവെന്ന വാർത്ത ആരെയും അമ്പരപ്പിക്കുന്നതാണ്. വിദേശത്തേക്കും കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. രാജ്യം കണ്ട വലിയ വെട്ടിപ്പിൻ്റെയും കള്ളപ്പണ ഇടപാടിന്റെയും കഥകളാണ് തൃശൂർ ജില്ലയിലെ കരുവന്നൂരിൽനിന്ന് കേൾക്കുന്നത്. ഇതിൽ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സമിതി അംഗവും എം.എൽ.എയുമായ എ.സി മൊയ്തീനും സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് രാഷ്ട്രീയ ധാർമികത കൂടിയാണ്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പ്രതിരോധിക്കാൻ കൊടിയുടെ നിറം നോക്കാതെ തെരുവിൽ ഇറങ്ങിയവരാണ് മലയാളികൾ. അവർക്ക് മുമ്പിലാണിപ്പോൾ വലിയ അഴിമതിയുടെയും വെട്ടിപ്പിന്റെയും സ്മാരകമായി കരുവന്നൂർ തലതാഴ്ത്തി നിൽക്കുന്നത്.
കേരളം പോലുള്ള ഒരു സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനത്തിന്റെ മറവിൽ നടന്ന ഈ ക്രമക്കേടിനും വെട്ടിപ്പിനും കള്ളപ്പണ ഇടപാടുകൾക്കും പിന്നിൽ എത്ര ഉന്നതരാണെങ്കിലും അവരെ നിയമത്തിന് മുമ്പിൽ എത്തിച്ച് തക്ക ശിക്ഷ വാങ്ങിക്കൊടുക്കുകതന്നെ വേണം. 150 കോടിയുടെ ബെനാമി വായ്പകൾ ബാങ്ക് നൽകിയതിൽ പലതും മുൻ മന്ത്രികൂടിയായ മൊയ്തീന്റെ ഇടപെടലിനെ തുടർന്നാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. പണം തിരിച്ചുകിട്ടാത്ത നിക്ഷേപകരുടെ പരാതിയിൽ ആരംഭിച്ച അന്വേഷണമാണ് 300 കോടിയുടെ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ മൊയ്തീനെയും ബെനാമികളെയും ഒഴിവാക്കി ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കിയായിരുന്നു ഫയൽ മടക്കം. ഇ.ഡി അന്വേഷണമാണ് മൊയ്തീനിലേക്കും മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗമായ എ.കെ കണ്ണനിലേക്കും എത്തിനിൽക്കുന്നത്. വായ്പാ തട്ടിപ്പിനും ക്രമക്കേടിനും പുറമെ 500 കോടിയിലേറെ രൂപയുടെ കള്ളപ്പണം സി.പി.എം നിയന്ത്രണ സഹകരണ ബാങ്കുകളിലൂടെ വെളുപ്പിച്ചുവെന്ന കണ്ടെത്തൽ വരെ വെളിച്ചത്തായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും മറുപടി പറഞ്ഞേ മതിയാകൂ.


സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് ഇരിങ്ങാലക്കുട പൊലിസിന്റെതായിരുന്നു ആദ്യ അന്വേഷണം. തട്ടിപ്പിന്റെ വ്യാപ്തി 300 കോടി കടക്കുമെന്നായപ്പോൾ ക്രൈംബ്രാഞ്ചിനായി അന്വേഷണ ചുമതല. ബാങ്ക് സെക്രട്ടറിയടക്കമുള്ള ജീവനക്കാരെ മാത്രമാണ് ആദ്യം പ്രതിചേർത്തതും അറസ്റ്റിലായതും. പ്രതിഷേധമുയർന്നപ്പോൾ ബാങ്ക് ഭരണസമിതി അംഗങ്ങളെയും പ്രതിചേർത്തു. ഇവരെയും അറസ്റ്റു ചെയ്തു. സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, രണ്ട് ഏരിയാ സെക്രട്ടറിമാർ, ഒന്നിലേറെ ഏരിയാ കമ്മിറ്റി അംഗങ്ങൾ എന്നിവർക്കും പങ്കുണ്ടെന്ന് അന്നേ ഭരണസമിതി അംഗങ്ങൾ മൊഴി നൽകിയിട്ടും ക്രൈംബ്രാഞ്ച് കേട്ടഭാവം നടിച്ചില്ല. 300 കോടിയുടെ തട്ടിപ്പുകേസിൽ രണ്ടുവർഷം അന്വേഷണം നടത്തിയിട്ടും കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല. ഇ.ഡി ഫയലുകൾ പിടിച്ചെടുത്തതുകൊണ്ടാണ് ഇതെന്ന വാദത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതാണ്.


ഇ.ഡി ഇടപെട്ടു തുടങ്ങിയപ്പോൾ മാത്രമാണ് അന്വേഷണം നേതാക്കളിലേക്ക് തിരിഞ്ഞതും തട്ടിപ്പു മാത്രമല്ല കോടികളുടെ കള്ളപ്പണ ഇടപാടും നടന്നെന്ന് വ്യക്തമായതും. കരുവന്നൂരിന് പുറമെ സി.പി.എം ഭരണത്തിലുള്ള മറ്റു ചില ബാങ്കുകളിലൂടെയും കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്നും കണ്ടെത്തി. അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാർ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിൽ ഒരിടത്തുപോലും വന്നിട്ടില്ലെന്നറിയുമ്പോഴാണ് അന്വേഷണം വഴിതിരിച്ചുവിട്ടതിന്റെ് ഗൂഢനീക്കങ്ങളുടെ ഉള്ളറിയുക.
രാജ്യത്ത് ഇ.ഡിയുടെ കേസും അന്വേഷണവും നിഷ്പക്ഷമോ സംശയാതീതമോ ആണെന്ന് ആരും കരുതുന്നില്ല. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ ചെയ്തികൾ നമുക്ക് മുമ്പിലുണ്ട്. എന്നാൽ കരുവന്നൂരിൽ നടന്നത് സഹകരണ മേഖല കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്ന സംശയത്തെ ബലപ്പെടുത്തുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.


പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ലക്ഷ്യമിട്ടാണ് ഇ.ഡിയെ കൂട്ടുപിടിച്ചുള്ള നീക്കമെന്നായിരുന്നു സി.പി.എം ആദ്യം ആരോപിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് അന്വേഷണം കൂടുതൽ സി.പി.എം നേതാക്കളിലേക്കെത്തിയപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് ഇ.ഡി നീക്കമെന്ന പാർട്ടി വാദം മുഖവിലക്കെടുക്കാൻ കഴിയില്ല. അന്വേഷണ ഏജൻസികൾക്ക് വഴങ്ങാതെ രാഷ്ട്രീയമായി ഈ കേസിനെ നേരിടാനാണ് സി.പി.എം ശ്രമിക്കുന്നതെങ്കിൽ അത് പ്രതികൂല ഫലമുണ്ടാക്കാനേ ഇടയുള്ളൂ.


എ.സി മൊയ്തീൻ ഒരു തവണ ഇ.ഡിക്ക് മുമ്പിൽ ഹാജരായെങ്കിലും പിന്നീട് ഒഴികഴിവുകൾ പറഞ്ഞ് മാറിനിൽക്കുകയാണ്. അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി മൊയ്തീൻ കരുവന്നൂരിലെ തട്ടിപ്പിന്റെ പിന്നിലെ വസ്തുതകൾ കണ്ടെത്താൻ സഹകരിക്കുകയാണ് വേണ്ടത്. എങ്കിൽ മാത്രമെ ലക്ഷങ്ങൾ നഷ്ടപ്പെട്ട നിക്ഷേപകർക്ക് ആശ്വാസവും സഹകരണ മേഖലയുടെ വിശ്വാസ്യതയും തിരിച്ചുപിടിക്കാനാവൂ. അതിന് ആദ്യം സർക്കാർ ചെയ്യേണ്ടത് വാചക കസർത്ത് നിർത്തി, സത്യം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുകയും അന്വേഷണ ഏജൻസിയുമായി സഹകരിക്കുകയുമാണ്.

Content Highlights:EDITORIAL ABOUT karuvannur scam


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.