2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

ഹർഷിനയെ ഇനിയും തെരുവിൽ നിർത്തരുത്


കോഴിക്കോട് മെഡിക്കൽ കോളജിന് മുമ്പിൽ പന്തീരാങ്കാവ് സ്വദേശിനി കെ.കെ ഹർഷിനയുടെ നീതി തേടിയുള്ള പോരാട്ടം ഒരു മാസം പിന്നിട്ടു. അധികൃതരുടെ വീഴ്ചയെത്തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർഷിനയുടെ രണ്ടാംഘട്ട സമരമാണിത്. നേരത്തെ നടന്ന സമരം ആരോഗ്യമന്ത്രിയുടെ ഇടപെടലിൽ അവസാനിപ്പിക്കുകയായിരുന്നു. ഹർഷിന വെയിലത്തും മഴയത്തും സമരം ചെയ്യുന്നത് സർക്കാർ ആവർത്തിക്കുന്ന ‘സ്ത്രീസുരക്ഷ’ വെറും വായാടിത്തമാണെന്നതിനുള്ള നേർസാക്ഷ്യമാണ്.


പ്രസവ ശസ്ത്രക്രിയക്കിടയിൽ ശസ്ത്രക്രിയ ഉപകരണം വയറ്റിൽ കുടുങ്ങി അഞ്ചുവർഷം വേദന തിന്ന് ജീവിച്ച ഹർഷിനയുടെ അനുഭവം കേട്ടവർക്കെല്ലാം നോവായിരുന്നു. അവർ സഹിച്ച വേദനയ്ക്ക് പരിഹാരം കാണാൻ വൈദ്യശാസ്ത്രത്തിനാവില്ല. വിലയേറിയ അഞ്ചുവർഷമാണ് ഒരു കൂട്ടം ഡോക്ടർമാരുടെ അശ്രദ്ധയിൽ നഷ്ടമായത്. ആരോഗ്യവകുപ്പിന് കീഴിലുള്ള കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഭവിച്ച കൈപ്പിഴക്ക് ന്യായമായ നഷ്ടപരിഹാരം കിട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തെ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്.


2017 നവംബർ 30നാണ് ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത്. മൂന്നാമത് പ്രസവ ശസ്ത്രക്രിയയായിരുന്നു. ഇതിനു മുമ്പുള്ള രണ്ട് ശസ്ത്രക്രിയകളും താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയക്കുശേഷം കഠിന വേദന തുടങ്ങി. തുന്നലിട്ടതിന്റെ വേദനയാണെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ശാരീരികമായി പല പ്രശ്നങ്ങളും ഉണ്ടായി. അണുബാധയും വേദനയും അസഹ്യമായതിനെത്തുടർന്ന് 2022 സെപ്റ്റംബറിൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കാരണം കണ്ടെത്തിയത്. വയറ്റിൽ ഒരു ലോഹവസ്തു ഉണ്ടെന്ന് സ്‌കാനിങ്ങിൽ വ്യക്തമായി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിൽ ശസ്ത്രക്രിയാ ഉപകരണമായ കത്രിക പുറത്തെടുത്തു. അഞ്ചുവർഷം മുമ്പ് ഇതേ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയപ്പോൾ കത്രിക വയറ്റിനുള്ളിൽവച്ച് തുന്നിക്കെട്ടിയെന്നാണ് ഹർഷിനയും കുടുംബവും പറയുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ മെഡിക്കൽ കോളജ് അധികൃതർ തയാറായില്ല. തുടർന്ന് ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളജിൻ്റേതല്ല എന്നായിരുന്നു!


സംഭവം വിവാദമായി. ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ട് ഇടപെട്ട് നീതിയും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു. എന്നാൽ ഇത് പാഴ്‌വാക്കായി. ഇതോടെ ഇക്കഴിഞ്ഞ ഫ്രെബ്രുവരി 27ന് ഹർഷിനയും കുടുംബവും മെഡിക്കൽ കോളജിനു മുമ്പിൽ സമരം തുടങ്ങി. ആറാം ദിവസം ആരോഗ്യമന്ത്രി നേരിട്ടെത്തി. ആവശ്യങ്ങൾ ന്യായമാണെന്നും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. 15 ദിവസത്തിനകം അന്വേഷണം ഉൾപ്പെടെയുള്ള എല്ലാ കാര്യത്തിലും തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി ഉറപ്പുനൽകിയ സമയപരിധി കഴിഞ്ഞിട്ടും നടപടിയൊന്നും ഇല്ലാതായപ്പോൾ വീണ്ടും സമരം പ്രഖ്യാപിച്ചു. ഉടൻ വന്നു സർക്കാർ തീരുമാനം. മാർച്ച് 30ന് മന്ത്രിസഭ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും അന്വേഷണവും പ്രഖ്യാപിച്ചു. അഞ്ചുവർഷം അനുഭവിച്ച യാതനകൾക്ക് ഈ നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെയ് 20 മുതൽ ഹർഷിന അനിശ്ചിതകാല സമരം ആരംഭിച്ചത്.


അഞ്ചുവർഷം അനുഭവിച്ച യാതനയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹർഷിനയുടെ ആവശ്യം. മൂന്നു കൂട്ടികളേയും ബന്ധുക്കളെ ഏൽപ്പിച്ചാണ് അവർ സമരപന്തലിൽ എത്തുന്നത്. ന്യായമാണ് ഹർഷിനയുടെ ആവശ്യം. അഞ്ചുവർഷത്തെ അനാസ്ഥയുടെ ബാക്കിപത്രമായി കിടന്ന കത്രിക സമ്മാനിച്ചത് വേദന മാത്രമല്ല, ജീവിതാവസാനംവരെ പിന്തുടരുന്ന രോഗപീഡകൂടിയാണ്.
തന്റെ ദുരിതത്തിന് ഇടയാക്കിയവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന ആവശ്യവും ഹർഷിന ഉയർത്തുന്നുണ്ട്. എന്നാൽ ആരാണ് കുറ്റക്കാരെന്നുപോലും കണ്ടുപിടിക്കാൻ കഴിഞ്ഞ എട്ടു മാസത്തെ ആരോഗ്യ വകുപ്പിന്റെ അന്വേഷണംകൊണ്ട് കഴിഞ്ഞിട്ടില്ല എന്നത് ദൗർഭാഗ്യകരമാണ്.

പൊലിസ് നടത്തുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവരണമെന്നാണ് അധികൃതർ പറയുന്നത്. ആരോഗ്യവകുപ്പ് നടത്തിയ രണ്ടു അന്വേഷണം എങ്ങുമെത്താതെ പോയപ്പോഴാണ് മന്ത്രിസഭ പൊലിസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹർഷിനയുടെ ദുരിതത്തിന് ആരാണ് ഉത്തരവാദിയെന്ന് പുറത്തുവരണം. അതിനു പൊലിസ് അന്വേഷണം അപര്യാപ്താമാണെങ്കിൽ പുതിയ അന്വേഷണത്തിന് ഉത്തരവിടണം.
കോഴിക്കോട് മെഡിക്കൽ കോളജിനെ ചുറ്റിപ്പറ്റി തുടച്ചയായി കേൾക്കുന്നത് ശുഭവാർത്തകളല്ലെന്നതും ഇതിനോട് ചേർത്തുവായിക്കണം. ശസ്ത്രക്രിയക്കുശേഷം ഐ.സി.യുവിൽ പ്രവേശിച്ച യുവതിയെ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ച ഞെട്ടിക്കുന്ന സംഭവം അടുത്തിടെയാണ് ഉണ്ടായത്.

പീഡനം നടത്തിയ ജീവനക്കാരനെതിരേയുള്ള മൊഴി തിരുത്താൻ അഞ്ച് വനിതാ ജീവനക്കാർ യുവതിക്ക് പണം വാഗ്ദാനം ചെയ്തത് അതിനേക്കാൾ ക്രൂര സംഭവമായിരുന്നു. അവിടെയും തീർന്നില്ല. സസ്‌പെൻഡ് ചെയ്ത ഈ അഞ്ചു വനിതാ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള ഫയലിൽ റിട്ടയർ ചെയ്യുന്ന ദിവസം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഒപ്പുവച്ചു. ഇൗ നടപടി പിന്നീട് ആരോഗ്യവകുപ്പ് തിരുത്തി. എങ്കിലും എത്ര നാണക്കേടും നീചവുമായ നടപടികൾക്കാണ് ജീവനക്കാരും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നത്.


മെഡിക്കൽ കോളജ് പോലുള്ള ആതുരാലയങ്ങളിൽ എത്തുന്ന രോഗികൾ നീതിക്ക് അർഹരല്ലെന്നാണോ? ഇതിനാണോ ജനകീയ സർക്കാരും കൂട്ടുനിൽക്കുന്നത്. മനഃസാക്ഷിക്ക് മുറിവേൽക്കുന്നതൊന്നും സംസ്ഥാനത്തെ സർക്കാർ ആതുരാലയങ്ങളിൽനിന്ന് ഉണ്ടാകരുത്. ചികിത്സയ്ക്കായി എത്തിയ ആരും മുറിവേറ്റ മനസുമായി ആതുരാലയ പടിയിറങ്ങാൻ ഇടവരരുത്. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ മുഖ്യപരിഗണന നൽകുന്നുവെങ്കിൽ ഹർഷിനയെ ഇനിയും വെയിലത്തും മഴയത്തും നിർത്തരുത്.

Content Highlights:Editorial About Harshina


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.