2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

തടങ്കല്‍ പാളയങ്ങള്‍ അടച്ചുപൂട്ടണം


 

കേരളത്തില്‍ വീണ്ടും തടങ്കല്‍ പാളയങ്ങള്‍ (ഡിറ്റന്‍ഷന്‍ സെന്റര്‍) നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളാരംഭിച്ചിരിക്കുകയാണ്. തൃശൂരില്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ നടന്നുവരുന്ന താല്‍ക്കാലിക തടങ്കല്‍ പാളയത്തിനു പുറമേ തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രം തുടങ്ങാനുള്ള പദ്ധതിയാണിപ്പോഴുള്ളത്. തൃശൂര്‍ നഗരത്തിലെ വാടകക്കെട്ടിടത്തിലാണ് താല്‍ക്കാലിക തടങ്കല്‍ പാളയം ഇപ്പോള്‍ സജ്ജമായിട്ടുള്ളത്. തിരുവനന്തപുരത്തും കോഴിക്കോടും കേന്ദ്രത്തിനുപറ്റിയ സ്ഥലം കണ്ടെത്താന്‍ ബന്ധപ്പെട്ട സാമൂഹ്യനീതി വകുപ്പ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. സായുധ പൊലിസ് കാവലൊരുക്കുന്ന തടങ്കല്‍ പാളയത്തിന്റെ നടത്തിപ്പ് സാമൂഹ്യനീതി വകുപ്പിനാണ്.
വിദേശികളായ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി വിധിയെ മറയാക്കിയാണ് നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ഇറക്കിയ വിവാദ ഉത്തരവ് പുനര്‍വിജ്ഞാപനം നടത്തി സ്ഥിരം തടങ്കല്‍കേന്ദ്രം തുടങ്ങാനൊരുങ്ങുന്നത്. രണ്ടു നൈജീരിയക്കാരും മ്യാന്മര്‍ പൗരനുമായി ബന്ധപ്പെട്ടാണ് ജയില്‍ അല്ലാത്ത സംവിധാനത്തില്‍ താമസിപ്പിക്കാന്‍ ഹൈക്കോടതിയില്‍ നിന്നു വിധിയുണ്ടായത്. ഇവര്‍ മൂന്നുപേരുടേയും ശിക്ഷാ കാലാവധി അവസാനിച്ച സാഹചര്യത്തിലായിരുന്നു വിധി.

ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് തടങ്കല്‍ പാളയം നിര്‍മിക്കാനുള്ള തീരുമാനമെന്ന സര്‍ക്കാര്‍ വിശദീകരണം. ഇതു വസ്തുതാപരമായി ശരിയല്ല. കാരണം, സര്‍ക്കാര്‍ പുതുതായി ഇറക്കിയ ഉത്തരവില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നിര്‍മാണമെന്ന് ഒരിടത്തും പറയുന്നില്ല. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പുറത്തിറക്കുന്ന ഉത്തരവില്‍ അതു വ്യക്തമാക്കാറാണ് പതിവ്. അതിനാല്‍ ഇപ്പോള്‍ തൃശൂരില്‍ തുടങ്ങിയതും തുടങ്ങാനിരിക്കുന്നതുമായ തടങ്കല്‍ പാളയങ്ങള്‍ കോടതി നിര്‍ദേശം നിര്‍ബന്ധമായി നടപ്പാക്കുന്നതിന്റെ ഭാഗമാണെന്നു കരുതാനും വയ്യ.

തിരക്കിട്ട് ഈ തടങ്കല്‍ പാളയം നിര്‍മക്കുന്നതില്‍ തീര്‍ച്ചയായും ചില സംശയങ്ങള്‍ക്ക് വകയുണ്ട്. രാജ്യത്ത് ജനിച്ചു വളര്‍ന്ന മുസ്‌ലിംകളെ പൗരത്വ നിയമം വഴി നാടുകടത്താനോ തടവുകേന്ദ്രങ്ങളിലാക്കാനോ സംഘ്പരിവാറിനാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ ശ്രമം പുനരാരംഭിച്ചിരിക്കുകയാണ്. കൊവിഡ് മഹാമാരിയില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോഴും പൗരത്വ നിയമം നടപ്പാക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്ന കാര്യം കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ ആവര്‍ത്തിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വീണ്ടും അരക്ഷിതബോധത്തിന്റേയും ഭയത്തിന്റേയും ദിനരാത്രങ്ങളിലേക്കുതന്നെ എത്തപ്പെട്ടിരിക്കുന്നു. കേരള സര്‍ക്കാര്‍ തടവുകേന്ദ്രങ്ങള്‍ പണിയുമ്പോള്‍ ജന്മനാട്ടില്‍ അഭയാര്‍ഥികളായി മാറുന്ന ഭീകര ചിത്രങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടായേക്കുമോ എന്ന ഭയം വീണ്ടും ഉരുണ്ടുകൂടുന്നു.

2012 ഓഗസ്റ്റിലാണ് തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാര്‍ക്ക് കത്ത് മുഖേന നിര്‍ദേശം നല്‍കിയത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ, വിസ, പാസ്‌പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും രാജ്യത്ത് തുടരുകയോ ചെയ്യുന്ന വിദേശികളെയും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി അവരുടെ രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള നിയമനടപടികള്‍ക്കായി കാത്തിരിക്കുന്ന വിദേശികളെയും രാജ്യം വിടുന്നതുവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ഇത്തരം സെന്റര്‍ സ്ഥാപിക്കണമെന്നാണ് അന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ 2015 നവംബര്‍ നാലിന് കേരളത്തില്‍ ആഭ്യന്തര വകുപ്പ് യോഗം വിളിക്കുകയും ഡി.ജി.പിയും ജയില്‍ ഐ.ജിയും ഉള്‍പ്പെടെ ആ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പിന്നീട് 2019 ല്‍ സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ അത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച യാതൊരു ഫയലും മന്ത്രിമാരാരും കണ്ടിട്ടില്ലെന്നും 2012 മുതല്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് ഉത്തരവു നല്‍കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്ന് കേരളത്തിലുടനീളം നടന്ന പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ തടങ്കല്‍ പാളയങ്ങള്‍ സംസ്ഥാനത്ത് പണിയില്ലെന്നും ന്യൂനപക്ഷങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രിയും ഇടതുപക്ഷവും പ്രഖ്യാപിച്ചു. എന്നാല്‍ രണ്ടാമതും അധികാരത്തില്‍ കയറിയ പിണറായി സര്‍ക്കാര്‍ തിരക്കിട്ട്, കോടതിയുടെ ഇടപെടലില്ലാതെ, സംസ്ഥാനത്ത് തടങ്കല്‍ പാളയം പണിയുന്നത് വഞ്ചനയാണ്. ന്യൂനപക്ഷങ്ങളുടെ ഭാവി പ്രതിസന്ധിയിലാക്കുന്ന നിയമവുമായി കേന്ദ്രം വീണ്ടും രഥമുരുട്ടുമ്പോള്‍ ന്യൂനപക്ഷ വോട്ടുകളുടെ കൂടി ബലത്തില്‍ അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ അവര്‍ക്ക് അഭയവും അത്താണിയുമായി മാറുകയാണ് വേണ്ടത്. തടങ്കല്‍ പാളയം നിര്‍മിക്കുന്നത് സംഘ്പരിവാര്‍ നീതിശാസ്ത്രമാണെന്നുതന്നെ ചൂണ്ടിക്കാണിക്കേണ്ടിവരും.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും തടങ്കല്‍ പാളയങ്ങളുണ്ട്. അസമിലെ തടങ്കല്‍ പാളയത്തിലെ ദുരന്ത ചിത്രങ്ങള്‍ നമ്മുടെയാരുടേയും മനസില്‍നിന്നു മാഞ്ഞുപോയിട്ടുമില്ല. കര്‍ണാടകയില്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യക്ഷേമ വകുപ്പ് നടത്തിയ ഹോസ്റ്റലാണ് തടങ്കല്‍ പാളയമാക്കി മാറ്റിയത്. ഇത് വിദേശ കുടിയേറ്റക്കാര്‍ക്കുള്ള തടങ്കല്‍ കേന്ദ്രമായാണ് അറിയപ്പെടുന്നതും. എന്നാല്‍ ആരാണ് വിദേശികള്‍ എന്നു പൂര്‍ണമായും നിര്‍വചിക്കപ്പെട്ടിട്ടില്ല. പൗരത്വ നിയമം വഴി വിദേശികളായി പ്രഖ്യാപിക്കപ്പെട്ടാല്‍ ഈ രാജ്യത്തെ നിരവധി മുസ്‌ലിംകളേയും കൂടി പാര്‍പ്പിക്കാന്‍ തന്നെയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് പൗരത്വം തെളിയിക്കാത്തവര്‍, ട്രൈബ്യൂണലുകള്‍ വഴി വിദേശികളായി പ്രഖ്യാപിച്ചവര്‍ ഉള്‍പ്പെടെയുള്ളവരെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയും. ഇതേ ന്യായം തന്നെയാണ് കേരളത്തില്‍ നിര്‍മിക്കുന്ന തടങ്കല്‍ പാളയത്തിന്റെ കാരണമായും പറയുന്നത്. പൗരത്വ നിയമം വഴി രാജ്യത്ത് വിദേശികളായി മുദ്രകുത്തപ്പെട്ടാല്‍ അവര്‍ക്കും കാലാകാലം കഴിയാനുള്ളതു കൂടിയാണ് ഈ തടങ്കല്‍ പാളയമെന്ന് സാരം.

കേരളത്തിലെ തടങ്കല്‍ പാളയവുമായി ബന്ധപ്പെട്ട നിരവധി ആശങ്കകള്‍ ഇനിയുമുണ്ട്. ഇതു സാമൂഹ്യക്ഷേമ വകുപ്പ് നേരിട്ടല്ല നടത്തുന്നത്. സ്വകാര്യവ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കുമൊക്കെ നടത്താന്‍ നല്‍കുകയാണ് ചെയ്യുന്നത്. തൃശൂരില്‍ താല്‍ക്കാലികമായി തുടങ്ങിയ തടങ്കല്‍ പാളയം നിറഞ്ഞതോടെയാണ് പുതിയവ പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സംഘടനകളില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം അപേക്ഷ ക്ഷണിച്ചപ്പോള്‍ ആരും മുന്നോട്ടു വന്നില്ല. രണ്ടാമതും അപേക്ഷ ക്ഷണിച്ചിട്ടും ആരും ഇതുവരെ അപേക്ഷിച്ചിട്ടില്ല. അതിനര്‍ഥം അപേക്ഷകരെ ലഭിച്ചാല്‍ ഈ തടങ്കല്‍ പാളയം നടത്താന്‍ ആര്‍ക്കും നല്‍കുമെന്നാണ്. അപ്പോള്‍ ഇത്രയും സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടവര്‍ കഴിയുന്ന തടങ്കല്‍ പാളയങ്ങള്‍ നടത്താന്‍ വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും അനുമതി നല്‍കിയാല്‍ എന്താവും സ്ഥിതി? കേരളത്തിലെ ഏതു സംഘടനകള്‍ക്കും ഇതു നടത്താന്‍ അവസരം ലഭിക്കും. കണ്ണൂരില്‍ കൊവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിന് സംഘ്പരിവാറിന്റെ സംഘടനക്ക് ആദ്യ ഘട്ടത്തില്‍ അവസരം നല്‍കിയിരുന്നത് ഇതിനോട് ചേര്‍ത്തുവായിച്ചാല്‍ ചിത്രം പൂര്‍ണമാവും. അതായത് ഈ സംവിധാന പ്രകാരം വിദേശത്തുനിന്ന് കേരളത്തില്‍ കുറ്റവാളികളായി കഴിയുന്നവര്‍ക്കും പൗരത്വ നിയമം വഴി വിദേശികളായി മുദ്രകുത്തപ്പെടുന്നവര്‍ക്കും താമസിക്കാനുള്ള ഇടങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ സംഘ്പരിവാറിനുവരെ നടത്താന്‍ കഴിയുന്ന അവസ്ഥവരെ വന്നേക്കാം. അതിനാല്‍ സര്‍ക്കാര്‍ ഇതില്‍ കൃത്യമായ വിശദീകരണം നടത്തുകയും ഇവയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയുമാണു വേണ്ടത്. അല്ലാതെ വന്നാല്‍ സി.എ.എവിരുദ്ധ സമരങ്ങളുടെ തുടര്‍ച്ചകള്‍ തടങ്കല്‍ പാളയവിരുദ്ധ സമരമായി കേരളത്തില്‍ അലയടിക്കുമെന്ന കാര്യം തീര്‍ച്ച.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.