2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

ശുഭയാത്ര ചന്ദ്രയാൻ -3


മേഘം മാറിനിന്ന, പ്രതീക്ഷയുടെ പൊൻകിരണം പ്രസരിച്ച ശ്രീഹരിക്കോട്ടയുടെ ആകാശത്തേക്ക് ഇന്ത്യയുടെ അഭിമാനമായി ചന്ദ്രയാൻ -3 കുതിച്ചുയർന്നു. കൺട്രോൾ റൂമിൽനിന്ന് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരങ്ങൾ പ്രകാരം തെല്ലും ആശങ്കപ്പെടാനില്ല. ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുന്ന ചന്ദ്രയാൻ ഭൂമിയെ വലംവച്ചശേഷം ചന്ദ്രനിലേക്ക് യാത്ര തിരിക്കും. 40 ദിവസത്തിനുശേഷം ചന്ദ്രന്റെ പരുക്ക പ്രതലത്തിലെ പാറക്കൂട്ടങ്ങൾ കുറഞ്ഞ പ്രദേശത്ത് സങ്കീർണമായ സോഫ്റ്റ് ലാന്റിങ് നടത്തും. ഓഗസ്റ്റ് 23നോ 24നോ ആകും ചന്ദ്രോപരിതലത്തിലെ ലാന്റിങ്. ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങാനായാൽ ഈ നേട്ടം കൈവരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടും. ലോകത്തെ ഏറ്റവും പ്രധാന ബഹിരാകാശ ഏജൻസികളിലൊന്നായ ഐ.എസ്.ആർ.ഒ യുടെ സുവർണ നേട്ടമാകും അത്.


ഏറെ സങ്കീർണമാണ് ചന്ദ്രനിലെ സോഫ്റ്റ് ലാന്റിങ്. ചന്ദ്രയാൻ 2 ലക്ഷ്യത്തിനരികെ എത്തിയെങ്കിലും സോഫ്റ്റ് ലാന്റിങിനു പകരം ക്രാഷ് ലാന്റിങാണ് സാധ്യമായത്. ഇത്തവണ സുരക്ഷിതമായ ഇറങ്ങലിന് കൂടുതൽ മുന്നൊരുക്കും ചന്ദ്രയാൻ- 3 നടത്തുന്നുണ്ട്. അതു വിജയിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ആശ്വാസത്തോടെ കാത്തിരിക്കാം. ചന്ദ്രോപരിതലത്തിൽ പേടകം ഇറക്കുന്ന രാജ്യമെന്ന നേട്ടമാണ് ചന്ദ്രയാൻ-3 വിജയിച്ചാൽ ഇന്ത്യക്ക് സ്വന്തമാകുക. നിലവിൽ യു.എസ്, സോവിയറ്റ് യൂനിയൻ, ചൈന എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.


ഇന്നലെ ഉച്ചയ്ക്ക് 12.35 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് ചന്ദ്രയാൻ-3 നെ വഹിച്ച് എൽ.വി.എം3-എം4 റോക്കറ്റ് കുതിച്ചത്. 2019 ലാണ് അവസാന ചന്ദ്രയാൻ ദൗത്യം പരാജയപ്പെട്ടത്. ചന്ദ്രന്റെ ഏറ്റവും ദുഷ്‌കരമായ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുകയെന്ന ദൗത്യമാണ് അന്ന് പരാജയപ്പെട്ടത്. ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം ഉൾപ്പെടെ കണ്ടെത്താനുള്ള ഉപകരണങ്ങൾ, തകർന്ന ചന്ദ്രയാൻ -2 ലുണ്ടായിരുന്നു. സാങ്കേതിക തകരാറാണ് ദൗത്യം പരാജയപ്പെടാൻ കാരണമെന്നാണ് ഐ.എസ്.ആർ.ഒ പിന്നീട് വിശദീകരിച്ചത്.


ചന്ദ്രയാൻ -3 ചന്ദ്രോപരി തലത്തിൽ ഇറങ്ങാൻ ഒരു ചാന്ദ്രദിവസമാണ് എടുക്കുക. ഇത് ഭൂമിയിലെ 14 ദിവസത്തിനു തുല്യമാണ്. വിക്രം ലാന്ററും പ്രജ്ഞാൻ റോവറുമാണ് ചന്ദ്രയാൻ -3ലെ സവിശേഷത. ചന്ദ്രന്റെ മണ്ണിൽ ഇന്ത്യയുടെ പ്രജ്ഞാൻ റോവർ ഉരുളുന്നതോടെ ദൗത്യം പൂർണ വിജയത്തിലെത്തും. വിക്ഷേപണം വിജയകരമായിരുന്നെങ്കിലും സോഫ്റ്റ്‌ ലാന്റിങ് എന്ന ഘട്ടമാണ് ഏറ്റവും സങ്കീർണത നിറഞ്ഞത്. ചന്ദ്രയാൻ- 2 പരാജയപ്പെട്ടത് ഈ ഘട്ടത്തിലാണ്. പരുക്കനായ ചന്ദ്രോപരിതലത്തിൽ പേടകത്തെ സുരക്ഷിതമായി ഇറക്കാൻ പഴുതടച്ച സംവിധാനങ്ങളാണ് ചന്ദ്രയാൻ -3 ലുള്ളത്. ദക്ഷിണധ്രുവത്തിൽ തന്നെയാണ് ചന്ദ്രയാൻ-3 ഉം ഇറങ്ങുക.


റോവർ 14 ദിവസമാണ് ചന്ദ്രോപരിതലത്തിൽ പ്രവർത്തന സജ്ജമാകുക. ഇതിനിടെ ഇതിലെ ശാസ്ത്രീയ ഗവേഷണ ഉപകരണങ്ങളുപയോഗിച്ച് ചന്ദ്രന്റെ മണ്ണിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം പ്രജ്ഞ റോവർ ഒപ്പിയെടുക്കും. മൂന്നു പ്രധാന ലക്ഷ്യങ്ങളാണ് ചന്ദ്രയാൻ-3 ദൗത്യത്തിനുള്ളത്. ഇതിൽ പ്രധാനം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാന്റിങ് സാധ്യമാക്കുക എന്നതാണ്. തുടർന്ന് ചന്ദ്രന്റെ മണ്ണിൽ റോവർ ചലിപ്പിക്കുക, തുടർന്ന് ലാന്റർ ഇറങ്ങുന്ന പ്രദേശത്ത് വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക. ചന്ദ്രനെക്കുറിച്ച് പഠിക്കാൻ ശാസ്ത്ര ലോകത്തിന് വലിയ സംഭാവനയാണ് ഇത് സാധ്യമാക്കുക. ആൾട്ടീമിറ്ററുകൾ, വെലോസിറ്റി മീറ്ററുകൾ തുടങ്ങിയ ഉപകരണങ്ങൾ ചന്ദ്രയാനിലുണ്ട്.


ചന്ദ്രയാൻ ദൗത്യത്തിന് കേരളത്തിലെ മൂന്നു പൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉണ്ടെന്നത് മലയാളികൾക്ക് അഭിമാനത്തിന് വകനൽകുന്നുണ്ട്. കെൽട്രോൺ, കെ.എം.എം.എൽ, എസ്.ഐ.എഫ്.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമിച്ച ഉപകരണങ്ങളാണ് ചന്ദ്രയാനിൽ ഉപയോഗിച്ചിരിക്കുന്നത്. കെൽട്രോൺ 14 ഇലക്ട്രോണിക്‌സ് മൊഡ്യൂളുകളുടെ പാക്കേജുകൾ നിർമിച്ചു നൽകി. കെ.എം.എം.എൽ ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്ക്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കൽ കമ്പോണന്റ്‌സ് ഉണ്ടാക്കാൻ ഉപയോഗിച്ചത്.


2008 ലായിരുന്നു ചന്ദ്രയാൻ-1ന്റെ ദൗത്യം. ഒരു വർഷത്തിൽ കുറവാണ് ഇതിനെടുത്തത്. പരീക്ഷണ ദൗത്യമായിരുന്നു ഇത്. രണ്ടാമത്തെ ദൗത്യം 2019 സെപ്റ്റംബർ 6 നാണ് വിക്ഷേപിച്ചത്. ചന്ദ്രോപരിതലത്തിന് 1.3 മൈൽ മുകളിൽ എത്തിയപ്പോഴാണ് സോഫ്റ്റ് ലാന്റിങ് നടത്താനാകില്ലെന്ന തിരിച്ചറിവുണ്ടായത്. ലാന്ററിന്റെ അഞ്ചു എൻജിനുകളിൽ ഒന്ന് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പ്രവർത്തിച്ചതാണ് ലാന്റിങ് പരാജയപ്പെടാൻ ഇടയാക്കിയത്. അത്തരം ചെറിയ പിഴവുകൾ പോലും ഇല്ലാതാക്കാൻ ഇത്തവണ ഐ.എസ്.ആർ.ഒ സംഘം ശ്രമിച്ചിട്ടുണ്ട്.

ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാന്റിങ് ശാസ്ത്രം ഇത്രയൊന്നും പുരോഗമിക്കാത്ത കാലത്ത് യു.എസും സോവിയറ്റ് യൂനിയനും ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ ദൗത്യം ദക്ഷിണ ധ്രുവത്തിലാണെന്ന വെല്ലുവിളിയാണ് ഐ.എസ്.ആർ.ഒക്കു മുന്നിലുള്ളത്. അപ്പോളോ ഉൾപ്പെടെ ചന്ദ്രനിൽ പതിറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യർ കാലുകുത്തിയതാണ്. അതിനാൽ ചന്ദ്രയാൻ-3ഉം വിജയത്തിലെത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.


രാജ്യത്തിന്റെ സ്വപ്‌നങ്ങൾ ചന്ദ്രനിലും എത്തിയിരിക്കുകയാണ്. ചൊവ്വാ ദൗത്യത്തിനും ഇന്ത്യ തയാറെടുക്കുകയാണ്. ബഹിരാകാശ രംഗത്ത് ഇന്ത്യ വൻശക്തികളുടെ ഗണത്തിൽ എണ്ണപ്പെടാൻ ഏതാനും ചുവടുകൾ മാത്രമേ ഇനിയുള്ളൂ. ആ ചുവടുകൾ നാം മുന്നോട്ടുവച്ചു കഴിഞ്ഞു. ശാസ്ത്രജ്ഞരും ഈ ജനതയും ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും. നമ്മെ സ്വപ്‌നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പിൻഗാമികളാണ് ഐ.എസ്.ആർ.ഒയുടെ ശാസ്ത്രജ്ഞർ.

അവരുടെ വിജയഗാഥകളാണ് ഇനി കേൾക്കാനുള്ളത്. ഇന്ത്യ ചന്ദ്രനിൽ റോവർ ഇറക്കുന്ന മനോഹര നിമിഷത്തിലേക്ക് കാതോർക്കാം നമുക്കും; നേർത്ത ഹൃദയമിടിപ്പോടെ.

Content Highlights:editorial about chandrayan


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.