2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

മദ്യനിർമാർജനത്തിൽ വെള്ളം ചേർക്കുന്ന സർക്കാർ


കേരളത്തെ ലഹരിയിൽ മുക്കാനുള്ള പുതിയ മദ്യനയം പ്രതിഷേധാർഹവും തിരുത്തേണ്ടതുമാണ്. മദ്യവർജനമെന്ന് മേനിപറഞ്ഞ് അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാർ നാടിന്റെ മുക്കിലും മൂലയിലും മദ്യലഭ്യത ഉറപ്പാക്കുംവിധത്തിൽ രൂപംനൽകിയ പുതിയ മദ്യനയം നാടിന് ആപത്താണ്. വിനോദ സഞ്ചാരത്തിന്റെ മറവിൽ മദ്യമൊഴുക്കി ഖജനാവ് നിറയ്ക്കാമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ അതിന് കേരളം കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും.

യുവത്വത്തെ കാർന്നുതിന്നുന്ന രാസലഹരിയുടെ ദുരന്തമുഖത്തു കേരളീയസമൂഹം ഞെട്ടിത്തരിച്ചു നിൽക്കുമ്പോഴാണ് സർക്കാരും ലഹരി ഒഴുക്കാൻ കൂട്ടുനിൽക്കുന്നത്. സ്‌കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന സർക്കാരിന്റെ പൊള്ളത്തരത്തിന്റെ നേർചിത്രമാണ് പുതിയ നയം.

മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാൻ ശക്തമായ പ്രചാരണം നടത്തുമെന്ന് പറയുന്ന സർക്കാർ മദ്യലഭ്യത കുറയ്ക്കാനുള്ള ചെറിയ ചുവടുവയ്‌പ്പുപോലും നടത്തുന്നില്ല. എന്നാൽ മദ്യനിർമാർജനത്തിൽ വെള്ളം ചേർക്കുന്നതായി സർക്കാർ നയം.
സംസ്ഥാനത്ത് കൂടുതൽ മദ്യഷോപ്പുകളും ബീയർ-വൈൻ പാർലറുകളും തുറക്കുമെന്നാണ് രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മദ്യനയം വ്യക്തമാക്കുന്നത്. ത്രി സ്റ്റാർ മുതലുള്ള ഹോട്ടലുകളിലും വിനോദ സഞ്ചാര മേഖലകളിലെ റിസോർട്ടുകളിലും ഇനി സ്വന്തമായി കള്ളു ചെത്തി വിൽക്കാം.

വ്യവസായ പാർക്കുകളിൽ മദ്യം നൽകാൻ ലൈസൻസ്, ബാർ ലൈസൻസുകൾ പുതുക്കി നൽകുന്നതിന് ഇളവ്. തീർന്നില്ല, 250 മദ്യഷോപ്പുകൾ കൂടി തുറക്കും. അപ്പോൾ സംസ്ഥാനത്തെ മദ്യഷോപ്പുകളും എണ്ണം 559 ആകും. ഓരോ ടൗണിലുമുള്ള ബാർ ഹോട്ടലുകളുടെ എണ്ണത്തിനു പുറമെയാണിത്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ സംസ്ഥാനത്ത് 29 ബാർ ഹോട്ടലുകൾക്ക് മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്.

എന്നാൽ നിലവിലെ കണക്ക് കൈവശമില്ലെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും ഏതാണ്ട് എഴുനൂറിനടുത്താണ് ബാർഹോട്ടലുകൾ. 3500 ഓളം കള്ളുഷാപ്പുകളുമുണ്ട്. ഈ കണക്കുകൾ മാത്രം മതി സംസ്ഥാനത്ത് ഓരോ ദിവസവും കുടിച്ചുതീർക്കുന്ന മദ്യത്തിന്റെ അളവറിയാനും സർക്കാരിന്റെ മദ്യവർജന നയത്തിൻ്റെ ഉള്ളറിയാനും.
സർക്കാരിന് ഭാഗ്യക്കുറി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനം നൽകുന്നത് മദ്യവിൽപനയാണ്. മദ്യവിൽപനയിൽ കാര്യമായ വർധനയുമുണ്ട് പോയ വർഷത്തിൽ.

2.4 ശതമാനം മദ്യം കൂടുതൽ വിറ്റു. വരുമാനത്തിൽ 340 കോടി രൂപയുടെ വർധനയുണ്ടായെന്ന് മന്ത്രിതന്നെ വ്യക്തമാക്കുന്നുണ്ട്. മദ്യവർജനവും മദ്യ നിയന്ത്രണവുമൊക്കെ വെറും വാചകമടി മാത്രമാണെന്നതിന്റെ തെളിവാണ് ദിവസങ്ങൾക്കുമുമ്പ് ബിവറേജസ് കോർപറേഷനിലെ വെയർ ഹൗസ് മാനേജർമാർക്ക് കാരണം കാണിക്കൽ നോട്ടിസയച്ച സംഭവം. മദ്യവിൽപന നിശ്ചിത തുകയിൽ താഴ്ന്നതിനെ തുടർന്നാണ് തൊടുപുഴ, കൊട്ടാരക്കര, ഭരതന്നൂർ, പെരുമ്പാവൂർ, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂർ, പത്തനംതിട്ട, തൃപ്പൂണിത്തുറ, ചാലക്കുടി, അയർക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ആലുവ വെയർ ഹൗസുകളുടെ കീഴിലുള്ള 30 ഷോപ്പുകളിലെ മാനേജർമാർക്ക് ബിവറേജസ് കോർപറേഷൻ ഓപ്പറേഷൻ വിഭാഗം മേധാവി കത്തയച്ചത്.

മദ്യ നിർമാർജനമാണ് ലക്ഷ്യമെങ്കിൽ മദ്യവിൽപന കുറഞ്ഞതിനെ സമൂഹത്തിന്റെ ഗുണപരമായ മാറ്റമായി കാണേണ്ട സർക്കാരാണ് കുടി കുറഞ്ഞതിനെതിരേ നടപടിക്കൊരുങ്ങിയത്. കുടിച്ചു കുടുംബവും നാടും മുടിഞ്ഞാലും ലാഭത്തിൽ മാത്രമാണ് കണ്ണ്.


മദ്യലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാനുള്ള നടപടികളും നയങ്ങളുമായിരിക്കും കൈകൊള്ളുകയെന്ന് പ്രമുഖരെക്കൊണ്ട് മാധ്യമങ്ങളിലൂടെ പറയിപ്പിച്ചാണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ ആ സർക്കാർ എന്താണ് ചെയ്തതെന്ന് കേരളം കണ്ടു. ഉമ്മൻ ചാണ്ടി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞ് സംസ്ഥാനത്തെ ബാർ ഹോട്ടലുകളും മദ്യവിൽപന ഔട്ട്‌ലറ്റുകളും കൊണ്ടു നിറച്ചു. രണ്ടാം പിണറായി സർക്കാരും ഇതേ വഴിയിലൂടെയാണ് നീങ്ങുന്നതെന്ന് രണ്ടു മദ്യനയങ്ങളും വ്യക്തമാക്കുന്നതും.


എൽ.ഡി.എഫിൽ പുതിയ മദ്യനയം സംബന്ധിച്ച് തർക്കമുണ്ട്. അത് കള്ളു ചെത്തുന്നവരുടെ തൊഴിൽ സുരക്ഷയെ ചൊല്ലിയുള്ള തർക്കം മാത്രമാണ്. കള്ളുകുടിക്കുന്നവരുടെ തകരുന്ന ആരോഗ്യത്തേയും കുടുംബത്തേയും കുറിച്ചുള്ളതല്ല.
ഏപ്രിലിൽ നടപ്പാക്കേണ്ട മദ്യനയത്തിന് നാലുമാസം വൈകിയാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. ഏറെ ചർച്ചകൾക്കു ശേഷമായിരിക്കും പുതിയ മദ്യനയം പ്രഖ്യാപിക്കുകയെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മദ്യലഭ്യത വർധിക്കുന്ന നിർദേശങ്ങളല്ലാതെ മറ്റൊന്നും പുതിയ നയത്തിലില്ല.


തലമുറയെ ധാർമികമായി നശിപ്പിക്കാൻ മാത്രമേ സർക്കാരിന്റെ പുതിയ മദ്യനയം ഉപകരിക്കൂ. സംസ്ഥാനത്ത് മദ്യലഹരിയിലുള്ള കൊലപാതകങ്ങളും അക്രമങ്ങളും സ്ത്രീ പീഡനങ്ങളുമെല്ലാം വർധിക്കുകയാണ്. മദ്യലഹരിയിൽ മാതാപിതാക്കൾ മരണത്തിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒരുപറ്റം ഡോക്ടർമാരുടെ അക്ഷീണപ്രയത്നംകൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് കഴിഞ്ഞ ദിവസമാണ്. ഇനിയും പിഞ്ചുബാല്യങ്ങൾ മദ്യലഹരിയിലാണ്ടവരുടെ കരങ്ങളിൽനിന്ന് മരണത്തിലേക്ക് എടുത്തെറിയപ്പെട്ടേക്കാം,

നഗരമധ്യത്തിൽ ഗുണ്ടകൾ ആരുടെയെങ്കിലും ജീവനെടുത്തേക്കാം, കല്യാണ വീടുകൾ മരണവീടുകളായേക്കാം.
മദ്യം, ഒരു വ്യക്തിയെ മാത്രമല്ല നശിപ്പിക്കുന്നത്, അയാളുടെ കുടുംബത്തെയും കൂടിയാണ്. തുടർന്ന് സമൂഹത്തെയും. മദ്യം വിഷമാണെന്നു കരുതുന്ന ഭൂരിപക്ഷം ജനങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണ് സർക്കാരിൻ്റെ പുതിയ തീരുമാനം. ഇത് പൊളിച്ചെഴുതുകതന്നെ വേണം. എങ്കിൽ മാത്രമേ സർക്കാരിന് ജനകീയം എന്ന വിശേഷണം ഒപ്പം ചേർക്കാൻ ധാർമികാവകാശമുള്ളൂ.

Content Highlights:Editorial About Alchohol Consemption


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.