2021 October 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

നേതാക്കള്‍ തീര്‍ക്കേണ്ടത് വാക്കുകളുടെ സ്ഫടിക സൗധങ്ങള്‍


രണ്ട് പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളിലെ ഉന്നതസ്ഥാനീയരായ നേതാക്കള്‍ കഴിഞ്ഞ രണ്ടുദിവസമായി പണ്ട് കഴിഞ്ഞ കാര്യങ്ങള്‍ പുറത്തിട്ട് ദുര്‍ഗന്ധം വമിപ്പിക്കുയാണ്. മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലുണ്ടായ അപക്വമായ ചില പ്രവര്‍ത്തനങ്ങളെ ഈ വാര്‍ധക്യകാലത്തില്‍ പുറത്തിട്ട് അലക്കിക്കൊണ്ടിരിക്കുന്നത്. ഇവര്‍ വീമ്പിളക്കുന്ന കാര്യങ്ങളില്‍ പൊതുസമൂഹത്തിന് യാതൊരു താല്‍പര്യവുമില്ലെന്ന് മാത്രമല്ല, ഇത്രയേയുള്ളൂ തങ്ങള്‍ മനസില്‍ കൊണ്ടുനടക്കുന്ന നേതാക്കളുടെ വലുപ്പം എന്നോര്‍ത്ത് ലജ്ജിക്കുകയുമാണ്. ഈ ജീവിതസായന്തനത്തില്‍ കുട്ടികളെപ്പോലെ പലതും വിളിച്ചു പറയുന്ന രണ്ട് നേതാക്കളെക്കണ്ട് പ്രബുദ്ധകേരളം അമ്പരക്കുകയാണ്.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തെത്തുടര്‍ന്നാണ് രണ്ട് പ്രഗത്ഭ നേതാക്കളും ആ പരിവേഷം അഴിച്ചുവച്ച്, പഴയ വഴക്കാളികളുടെ നിലവാരത്തിലേക്ക് താഴ്ന്നത്. ‘തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്നകാലത്ത് എസ്.എഫ്.ഐ സമരം പൊളിക്കാന്‍ കെ.എസ്.യു തീരുമാനിച്ചു. എ.കെ ബാലന്റെ നേതൃത്വത്തിലുള്ള എസ്.എഫ്.ഐക്കാരെ തല്ലിയോടിച്ചു. പരീക്ഷ എഴുതുകയായിരുന്ന പിണറായി വിജയന്‍ ഇറങ്ങിവന്നു. പിണറായിയെ ഒറ്റച്ചവിട്ടു കൊടുത്തു. കെ.എസ്.യുക്കാര്‍ പിണറായിയെ വളഞ്ഞിട്ട് തല്ലി. പൊലിസ് വണ്ടി വന്നാണ് പിണറായിയെ കൊണ്ടുപോയത്. മറ്റൊരിക്കല്‍ കാംപസില്‍ പ്രസംഗിക്കുകയായിരുന്ന പിണറായിയെ ഫ്രാന്‍സിസ് എന്ന കെ.എസ്.യുക്കാരന്‍ മൈക്കെടുത്തു തല്ലാനോങ്ങി’. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ യൗവന ചാപല്യമെന്നോര്‍ത്ത് ചിരിച്ചുതള്ളേണ്ട ഇത്തരമൊരു സംഭവത്തെ (അങ്ങനെ സംഭവിച്ചുവെങ്കില്‍) പര്‍വതീകരിച്ചു, തന്റെ വീരസാഹസിക കൃത്യമായി വിവരിക്കേണ്ട ഒരാവശ്യവും ഇന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് ഇരിക്കുന്ന കെ.സുധാകരന് ഉണ്ടാകേണ്ടിയിരുന്നില്ല.

സുധാകരനില്‍നിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടായതിനെ മുഖ്യമന്ത്രി ഒരു കമന്റിലൊ, ചിരിച്ചോ തള്ളുമെന്നായിരുന്നു കേരളീയ സമൂഹം കരുതിയിരുന്നത്. അദ്ദേഹത്തിന്റെ അടുത്തകാലത്തെ പ്രസംഗങ്ങളും ശരീരഭാഷയും ആ തരത്തിലുള്ളതുമായിരുന്നു. എന്നാല്‍ സുധാകരന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി പഴയ പിണറായി വിജയനായി മാറിയത് പൊതുസമൂഹത്തെ ഞെട്ടിച്ചു. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ നിലവാരത്തിലുള്ള മുഖ്യമന്ത്രിയുടെ മറുപടിയാണ് സുധാകരനെക്കൊണ്ട് പി.ആര്‍ വര്‍ക്കിന്റെ ചമയങ്ങളില്‍നിന്ന് സാക്ഷാല്‍ പിണറായി വിജയന്‍ പുറത്തുവന്നു എന്ന് പറയിപ്പിച്ചത്.

പാര്‍ട്ടി തീരുമാനമനുസരിച്ചാണ് മുഖ്യമന്ത്രി സുധാകരന് മറുപടി കൊടുത്തതെന്നാണ് പുറത്തുവന്ന വിവരം. അങ്ങനെയെങ്കില്‍ പാര്‍ട്ടിക്ക് തെറ്റിയെന്നുതന്നെ പറയാം. തെറ്റ് ഏത് പാര്‍ട്ടിക്കും പറ്റാവുന്നതാണല്ലോ. ‘കോളജില്‍ ഉണ്ടായിയെന്ന് പറയുന്ന സംഘര്‍ഷസമയത്ത് ഞാന്‍ വിദ്യാര്‍ഥിയല്ല. പരീക്ഷ എഴുതാന്‍ വന്നതായിരുന്നു. സംഘര്‍ഷം രൂക്ഷമാകുന്നത് കണ്ട് ഞാന്‍ കൈ രണ്ടും ശക്തിയായി അടിച്ചു സുധാകരനെ നോക്കി എന്തൊക്കെയോ പറഞ്ഞു. പറഞ്ഞത് എന്തായിരിക്കുമെന്ന് നിങ്ങള്‍ ഊഹിച്ചാല്‍ മതി. അന്നവിടെ ഞാന്‍ ആക്ഷന് മുതിരാതിരുന്നത് കോളജ് വിട്ടശേഷം പരീക്ഷ എഴുതാന്‍ വന്നത് കൊണ്ട് മാത്രമാണെന്ന് സുധാകരന്‍ മനസിലാക്കിക്കോ. എന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട ആളാണ് സുധാകരന്‍’. പിണറായിയും തിരിച്ചടിച്ചു. മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ ഇങ്ങനെയൊക്കെ വിളിച്ചു പറയേണ്ടതുണ്ടായിരുന്നോ? പറയാന്‍ തെരഞ്ഞെടുത്ത സമയമാകട്ടെ കൊവിഡ് പ്രതിസന്ധി സംബന്ധിച്ചു നടത്താറുള്ള പതിവു പത്രസമ്മേളനത്തിലും. ഇരുപത് മിനിറ്റാണ് ബ്രണ്ണന്‍ കോളജിലെ യൗവനകാല കലാപത്തെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിയെടുത്തത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ രണ്ട് വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പഴയകാല ചാപല്യങ്ങള്‍ ചികഞ്ഞു പുറത്തിട്ടുകൊണ്ടിരിക്കുന്നത് തികഞ്ഞ അവജ്ഞയോടെയാണ് പൊതുസമൂഹം കണ്ടു കൊണ്ടിരിക്കുന്നത്. രണ്ടുപേരും വിദ്യാര്‍ഥി രാഷ്ട്രീയ കാലത്ത് മുണ്ടും മടക്കിക്കുത്തി അരയില്‍ കത്തിയും തിരുകി നടന്നതും കൊല്ലാന്‍ തുനിഞ്ഞതും കൊണ്ടും കൊടുത്തും നടന്നതും ഇപ്പോള്‍ വിളിച്ചുപറയുന്നതിലെന്ത് പ്രസക്തി. അന്നത്തെ ബുദ്ധിശൂന്യമായ സംഭവങ്ങള്‍ ഇപ്പോള്‍ തെളിയിക്കാന്‍ പറയുന്നത് അതിലേറെ ബുദ്ധിശൂന്യം.
അറുപതുകളിലെ അവസാന പാദങ്ങളിലും എഴുപതുകളിലുമാണ് വിദ്യാര്‍ഥി രാഷ്ട്രീയം കാംപസുകളില്‍ ജ്വലിച്ചുനിന്നത്. രാഷ്ട്രീയം മാത്രമായിരുന്നില്ല കാംപസുകളെ പുഷ്‌ക്കലമാക്കിയിരുന്നത്. സാഹിത്യവും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സംവാദങ്ങളും കാംപസുകളെ ജീവസുറ്റതാക്കിയിരുന്നു. ബ്രണ്ണന്‍ കോളജില്‍ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ കാംപസുകളിലും ചിന്തകളില്‍ പുതുവസന്തം അലയടിച്ചിരുന്ന കാലമായിരുന്നു അത്. വ്യത്യസ്ത പാര്‍ട്ടികളില്‍ ഇന്നുകാണുന്ന തലയെടുപ്പുള്ള നേതാക്കളില്‍ പലരും കാംപസിന്റെ സംഭാവനകളാണ്. അതേപോലെ കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയരായ പല കവികളും എഴുത്തുകാരും കലാകാരന്മാരുമൊക്കെ കാംപസുകളുടെ സംഭാവനകളാണ്.

പഠിക്കുന്ന കാലത്തുണ്ടായ അപക്വമായ ചില പ്രവര്‍ത്തനങ്ങള്‍ പില്‍ക്കാലത്ത് ഓര്‍ത്ത് ചിരിക്കാനാണ് പലര്‍ക്കും വകനല്‍കാറ്. എന്നാലിവിടെ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയും കെ. സുധാകരനെന്ന എം.പികൂടിയായ കോണ്‍ഗ്രസ് പ്രസിഡന്റും വീണ്ടും പഴയ കലാലയ രാഷ്ട്രീയം പറഞ്ഞ്, അതില്‍ അഭിരമിക്കുകയാണ്. കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെ പെരുമാറുന്നത് അരോചകമാകുന്നത് പോലെയാണ് മുതിര്‍ന്നവര്‍ കുട്ടികളെപ്പോലെ പെരുമാറുന്നതും. അതാണിപ്പോള്‍ രണ്ട് പ്രമുഖ വ്യക്തികളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കൊവിഡ് കാരണം സംസ്ഥാനം അതിസങ്കീര്‍ണമായ ഒരവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായി. പകരം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പഠനം പല കാരണങ്ങളാല്‍ പല കുട്ടികള്‍ക്കും അപ്രാപ്യമാണ്. ആളുകള്‍ തൊഴിലില്ലാതെ വീടുകളില്‍ കഴിയുന്നു. വിലക്കയറ്റം രൂക്ഷമാണ്. കൊവിഡ് പകര്‍ച്ച കുറയുന്നുണ്ടെങ്കിലും രോഗമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നു സമൂഹം ഇപ്പോഴും മോചിതമല്ല. മൂന്നാംതരംഗവും എത്താറായെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം പ്രതിസന്ധിയെ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എങ്ങനെ ഒറ്റക്കെട്ടായി നേരിടാമെന്ന് ആലോചിക്കേണ്ട സമയത്ത് അതിനു നേതൃത്വം നല്‍കേണ്ട മുഖ്യമന്ത്രി ഈ നിര്‍ണായക വേളയില്‍, ചെറുപ്പത്തിന്റെ തിളപ്പില്‍ സംഭവിച്ച ചില കാര്യങ്ങളില്‍ ഇപ്പോള്‍ വീമ്പു പറയുന്നത് മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വീഴ്ചയാണ്.
ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വവും ഗരിമയും ഓര്‍ത്തെങ്കിലും പിണറായി വിജയനും കെ. സുധാകരനും പഴയ കാംപസ് രാഷ്ട്രീയത്തിന്റെ ഹാങ്ങോവര്‍ കുടഞ്ഞുകളഞ്ഞ് കേരളം ഇന്ന് അഭിമുഖീകരിക്കുന്ന, കൊവിഡാനന്തര സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളെ വിവേകപൂര്‍വം അഭിസംബോധന ചെയ്യാനുള്ള ആര്‍ജവമാണ് കാണിക്കേണ്ടത്. മറ്റൊന്നും ചെയ്യാനാകുന്നില്ലെങ്കില്‍ വാക്കിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൗധങ്ങളെങ്കിലും പൊതുസമൂഹത്തിന് നല്‍കാന്‍ നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.