2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

അറിവും അലിവും ചേര്‍ന്ന സുല്‍ത്താന്‍


ചിലര്‍ ഉപവിഷ്ടരാവുമ്പോള്‍ കസേര സിംഹാസനമായി മാറുന്നു എന്ന ചൊല്ല് എത്ര വാസ്തവം. കര്‍മംകൊണ്ട് മഹത്വമാര്‍ന്ന,അന്തസ്സും ആഭിജാത്യവുമുള്ള അത്തരം വ്യക്തിത്വങ്ങള്‍ പക്ഷേ, അത്യപൂര്‍വമാണ്. കസേരയില്‍ കയറിപ്പറ്റിയാല്‍ അതിന്റെ ഉള്ള വിലയും കളയുന്നവരാണ് നമുക്ക് കൂടുതല്‍ പരിചിതര്‍. അവര്‍ക്കിടയില്‍ പേരുകൊണ്ട് മാത്രമല്ല കര്‍മംകൊണ്ടും സുല്‍ത്താനാണ് ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ഡോ.ശൈഖ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഡി-ലിറ്റ് ബിരുദം സ്വീകരിക്കാന്‍ വിശിഷ്ടാതിഥിയായി കേരളത്തിലെത്തിയ സുല്‍ത്താന്‍ നാലുദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോവുമ്പോള്‍ ‘വന്നു, കണ്ടു, കീഴടക്കി’ എന്നേ വിശേഷിപ്പിക്കാനാവൂ.

സന്ദര്‍ശനവേളയില്‍ സുല്‍ത്താന്‍ നടത്തിയ പ്രഖ്യാപനങ്ങളോ കോടികള്‍ മുതല്‍മുടക്കുള്ള സംരംഭങ്ങളോ അല്ല യഥാര്‍ഥത്തില്‍ വാര്‍ത്തയാവുന്നത്. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള ചേര്‍ച്ചയാണ് ആരെയും വിസ്മയിപ്പിക്കുക. ഗൗരവമല്ലാത്ത കേസില്‍ ഉള്‍പ്പെട്ട് ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന 149 ഇന്ത്യക്കാരുടെ മോചനം അദ്ദേഹം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിക്കുമ്പോള്‍ ഷാര്‍ജയില്‍ ഇതുസംബന്ധമായ ഉത്തരവിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞിരുന്നു. ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിച്ച് നാട്ടിലേക്ക് അയക്കുന്ന കാര്യമേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നുള്ളൂ. പക്ഷേ, എന്തിന് അവര്‍ നാട്ടിലേക്ക് മടങ്ങണം, അവിടെ തന്നെ അവര്‍ക്ക് മികച്ച ജോലി ഉറപ്പുവരുത്താമെന്ന് അത്യന്തം ഉദാരനാവുകയായിരുന്നു ശൈഖ് അല്‍ ഖാസിമി. ആര്‍ദ്രതയുള്ള, മഹത്വമുള്ള മനസ്സിന്റെ അടയാളമാണത്.വിജ്ഞാനം വിനയമാണ്, അറിവ് അലിവാണ് എന്നത് ജീവിതസന്ദേശമാക്കിയ ഒരു ഭരണാധികാരിക്കേ ഇങ്ങനെ പറയാനാവൂ.

ഭരണാധികാരിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും സുല്‍ത്താന്‍ ലോകത്തിന് മുമ്പില്‍ ഒരു തുറന്ന പുസ്തകമാണ്. അധികാരത്തിന്റെ കാര്‍ക്കശ്യങ്ങള്‍ക്കിടയിലും അക്ഷരങ്ങളെ നെഞ്ചോടു ചേര്‍ത്ത ധിഷണാശാലി. ചരിത്രം, നാടകം, നോവല്‍, ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവയിലായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1972-ല്‍ ഷാര്‍ജയുടെ ഭരണസാരഥ്യം ഏറ്റെടുക്കുംവരെയുള്ള ജീവിതകഥയാണ് സര്‍ദുസാത്ത്. ‘മൈ ഏര്‍ളി ലൈഫ്’ എന്ന പേരില്‍ ഇത് ഇംഗ്ലീഷിലും മലയാളം ഉള്‍പ്പെടെ മറ്റ് ഒട്ടനവധി ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒമാനി സാമ്രാജ്യത്തിന്റെ വിഭജനം, ഖവാസി കുടുംബവും ബ്രിട്ടീഷ് അതിക്രമവും, സന്‍ജിബാര്‍. സുല്‍ത്താന്മാരുടെ കത്തിടപാടുകള്‍, ഇബ്‌നുമാജിദ്: ചരിത്രകാരന്മാര്‍ക്കൊരു നിവേദനം, ഒമാനി-ഫ്രഞ്ച് ബന്ധങ്ങള്‍ തുടങ്ങിയവയാണ് സുല്‍ത്താന്‍ രചിച്ച പ്രശസ്ത ചരിത്രഗ്രന്ഥങ്ങള്‍. ഒ.പി ഉഷ മയാളത്തിലേക്ക് മൊഴിമാറ്റിയ ‘വെള്ളക്കാരന്‍ ശൈഖ്’ അദ്ദേഹത്തിന്റെ ഏറെ പ്രചാരമുള്ള നോവലാണ്.

എഴുതുകയും വായിക്കുകയും മാത്രമല്ല, അതിലേക്ക് മറ്റുള്ളവരെ എത്തിക്കാനും സുല്‍ത്താന്‍ തന്റെ വിലപ്പെട്ട സമയം വിനിയോഗിക്കുന്നു എന്നതും എടുത്തുപറയേണ്ട കാര്യമാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ പുസ്തകോത്സവത്തിന്റെ പിന്നിലെ ശക്തിയും അദ്ദേഹം തന്നെയാണ്. 18 ലക്ഷത്തോളം പേര്‍ ഓരോ വര്‍ഷവും സന്ദര്‍ശിക്കുന്ന ‘അതിരുകളില്ലാത്ത അറിവ്’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ഈ പുസ്തകമേള ലോകത്തെ മികച്ച പ്രസാധകരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്.

അക്ഷരങ്ങളോടുള്ള സുല്‍ത്താന്റെ പ്രതിപത്തി സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഈജിപ്തിലെ വിഖ്യാതമായ സയന്റിഫിക് കോംപ്ലക്‌സ് 2011-ല്‍ അഗ്നിക്കിരയായപ്പോള്‍ അതിന്റെ പുനരുദ്ധാരണത്തിന് അദ്ദേഹം നല്‍കിയത് അഞ്ചുകോടി ഈജിപ്ഷ്യന്‍ പൗണ്ടായിരുന്നു. ഷാര്‍ജയിലെ ഇന്ത്യക്കാരോട്, പ്രത്യേകിച്ച് ബഹുഭൂരിപക്ഷം വരുന്ന മലയാളികളോട് അനുഭാവപൂര്‍വമായ സമീപനമാണ് ശൈഖ് അല്‍ ഖാസിമി എന്നും പുലര്‍ത്താറുള്ളത്. എല്ലാ മതവിഭാഗങ്ങള്‍ക്കുമായി പൊതുശ്മശാനം അനുവദിച്ചതും ക്രൈസ്തവര്‍ക്ക് ആരാധനാലയങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയതും ഇന്ത്യന്‍ സ്‌കൂളിന് സ്ഥലം അനുവദിച്ചതുമെല്ലാം സുല്‍ത്താന്റെ സൗമനസ്യ പ്രവൃത്തികളില്‍ ചിലത് മാത്രം.

അക്ഷരങ്ങളോടും ജനങ്ങളോടും അതിരുകള്‍ ഭേദമില്ലാതെ അദ്ദേഹം കാണിക്കുന്ന ഈ ആഭിമുഖ്യം ലോകം തിരിച്ചറിയുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടനിലെ യൂനിവേഴ്‌സിറ്റി ഓഫ് ഷെപ്പീല്‍ഡ്, മോസ്‌കോയിലെ അക്കാദമി ഓഫ് റഷ്യന്‍ സ്റ്റഡീസ്, ജര്‍മനിയിലെ യൂനിവേഴ്‌സിറ്റി ഓഫ്

ടൂണിങ്‌സ്,കെയ്‌റോയിലെ അമേരിക്കന്‍ യുനിവേഴ്‌സിറ്റി , ഇംഗ്ലണ്ടിലെ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ്, എം.സി മാസ്റ്റര്‍ കാനഡ, എഡിബര്‍ഗ് യൂനിവേഴ്‌സിറ്റി തുടങ്ങിയ ഒട്ടേറെ വിഖ്യാത കലാലയങ്ങളില്‍ നിന്നുള്ള ഡി-ലിറ്റ് ബിരുദങ്ങള്‍ സുല്‍ത്താനെ തേടിയെത്തുകയുണ്ടായി. അവയില്‍ ഏറ്റവും ഒടുവിലത്തേതാവില്ല കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബഹുമതി. യഥാര്‍ഥത്തില്‍ ഡി-ലിറ്റ് ബിരുദം നല്‍കിയതിലൂടെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയാണ് സ്വയം ബഹുമാനിതയായത്. ഡി-ലിറ്റ് ഏറ്റുവാങ്ങിയ സുല്‍ത്താന്‍ ഡോ.ശൈഖ് ബിന്‍ മുഹമ്മദ് അല്‍ഖാസിമിക്കും അദ്ദേഹത്തെ ആദരിക്കാന്‍ മുന്‍കൈ എടുത്ത കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സാരഥികള്‍ക്കും അക്ഷരസ്‌നേഹികള്‍ക്കുവേണ്ടി ഞങ്ങളുടെ ബിഗ് സല്യൂട്ട്!

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.