നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് സര്‍ക്കാരിനും വിചാരണ കോടതിക്കുമെതിരേ നടി ഹൈക്കോടതിയില്‍ നല്കിയ ഹരജി സംബന്ധിച്ച വാര്‍ത്ത പൊതുസമൂഹം നടുക്കത്തോടെയാണ് വിലയിരുത്തിയിരിക്കുന്നത്! പകല്‍ വെളിച്ചം പോലെ സത്യമായി ഭവിച്ച ഒരു കേസ്, കോടതിയും സര്‍ക്കാരും ഇടപെട്ട് അട്ടിമറിച്ചു എന്ന ആരോപണം ശരിയാണെങ്കിൽ കേവലം സാധാരണക്കാരായ മനുഷ്യർക്ക് തങ്ങൾക്കു ലഭിക്കേണ്ട നീതിയെക്കുറിച്ച് എന്തു ശുഭാപ്തി വിശ്വാസമാണുണ്ടാവുക? ഒരു സെലിബ്രിറ്റിക്ക് വന്ന അത്യാഹിതം പോലും ഭരണകൂടവും കോടതിയും ഇടപെട്ട് അട്ടിമറിക്കുന്നുവെന്ന വിമർശനം ഉയരുമ്പോള്‍ ഭരണകൂടങ്ങള്‍ ആര്‍ക്ക് ഒപ്പമാണെന്ന ഭയാശങ്കകളാണ് സാധാരണ പൗരനെ അലട്ടുന്നത്.
ആദ്യഘട്ടത്തില്‍ പിന്തുണക്കുകയും സ്വതന്ത്രാന്വേഷണം അനുവദിക്കുകയും ചെയ്ത സര്‍ക്കാര്‍ രാഷ്ട്രീയ തലത്തില്‍ അതിന്റെ ക്രെഡിറ്റ് വാങ്ങിയ ശേഷം പാതി വഴിയില്‍ പിന് വാങ്ങുകയാണെന്നും പാതിവഴിയില്‍ അന്വേഷണം അവസാനിപ്പിക്കുവാന്‍ നീക്കം നടത്തുകയാണെന്നും ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.അതിജീവിതക്കു വേണ്ടി ഹരജി നല്‍കാനുണ്ടായ സാഹചര്യം പൊതുസമൂഹത്തില്‍ ഉയര്‍ത്തിയ പ്രതിഷേധമായിരിക്കണം സമയപരിധിയുടെ പേരില്‍ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് നല്കിയിട്ടുണ്ടാവുക.
കേസില്‍ അട്ടിമറി ആരോപിച്ചുള്ള അതിജീവിതയുടെ ഹരജിക്ക് പിന്നാലെയുള്ള സര്‍ക്കാരിന്റെ നീക്കം സംശയങ്ങളെ ബലപ്പെടുത്തുന്നതാണ്. അതിജീവിത രാഷ്ട്രീയ അട്ടിമറി എന്നാരോപിച്ചത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എന്നാണ് പുതിയ ഉത്തരവില്‍ നിന്നു വായിച്ചെടുക്കാനാവുന്നത്.
എന്നാല്‍ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടാനാവുകയില്ലെന്നാണ് ഇന്നലെ കേസ് പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ് മാന്റെ ബെഞ്ച് വ്യക്തമാക്കിയത്. അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയപ്പോള്‍ തന്നെ അട്ടിമറി നടന്നോ എന്ന് പൊതുസമൂഹം സംശയിച്ചതാണ്. അന്വേഷണ സംഘത്തിന്റെ പൊടുന്നനെയുള്ള മാറ്റം സമൂഹം സംശയത്തോടെ വീക്ഷിച്ചു എന്നതും നേരാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കവും പുതിയ അന്വേഷണ സംഘം ഉപേക്ഷിച്ചതോടെ സംശയം കൂടുതൽ ബലപ്പെടുകയുണ്ടായി.
ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധിയായ ഈ മാസം 31ന് കേസന്വേഷണം അവസാനിപ്പിക്കുകയാണെങ്കില്‍ അതിജീവിത ആരോപിക്കുന്നത് പോലെ കേസിന്റെ പാതി വെന്ത രൂപമായിരിക്കില്ലേ പുറത്ത് വരിക? അന്വേഷണം തടസപ്പെടുത്തി പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുവെന്ന പരാതിയും അതിജീവിതയുടെ ഹരജിയിലുണ്ട്. ആകാശം ഇടിഞ്ഞുവീണാലും നീതി നടക്കട്ടെ എന്ന ആപ്തവാക്യത്തില്‍ വിശ്വസിച്ചു പോരുന്ന പൊതുസമുഹത്തെ തീർച്ചയായും ആശങ്കപ്പെടുത്തുന്നതു തന്നെയാണ് വിചാരണക്കോടതിക്കെതിരേയുള്ള അതിജീവിതയുടെ ഈ ആരോപണം. ഹൈക്കോടതിയില്‍ കേസ് പരിഗണനക്കു വരുന്ന ജഡ്ജിയുടെ ബെഞ്ചില്‍ നിന്നു കേസ് മാറ്റണമെന്ന അതിജീവിതയുടെ ആവശ്യവും അത്യന്തം ഗൗരവമര്‍ഹിക്കുന്നതാണ്. ഇതേ തുടര്‍ന്നായിരിക്കണം അതിജീവിതയുടെ ഹരജി പരിഗണിക്കാനിരുന്ന ബെഞ്ച് കേസ് കേള്‍ക്കുന്നതില്‍ നിന്നു മാറിയിട്ടുണ്ടാവുക. പകരം കേസ് കേട്ട ജസ്റ്റിസ് സിയാദ് റഹ് മാന്റെ ബെഞ്ചാണ് തുടരന്വേഷണം നീട്ടാനാവില്ലെന്ന നിലപാട് എടുത്തത്.
കോടതിയുടെ കസ്റ്റഡിയിലുള്ള അതിജീവിതയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡില്‍ കൃത്രിമം കാണിക്കുകയും പകര്‍ത്തുകയും ചെയ്തുവെന്ന് അതിജീവിത ആരോപിക്കുമ്പോള്‍ ജുഡീഷ്യറിയുടെ നിഷ്പക്ഷതയാണ് സംശയാസ്പദമാകുന്നത്. ഇതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഹൈക്കോടതിയില്‍ നല്കിയ ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കോടതിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍ കൃത്രിമം കാണിച്ചത് ആരാണ്? കാര്‍ഡിലെ വിവരങ്ങള്‍ എത്ര തവണ പരിശോധിച്ചു. പകര്‍പ്പ് എടുത്തിട്ടുണ്ടോ എന്നെല്ലാം കണ്ടെത്താന്‍ വിചാരണക്കോടതിയുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായില്ല.
മെമ്മറി കാര്‍ഡ് ഫോറന്‍സിക് ലാബില്‍ അയക്കാന്‍ ഉദ്യോഗസ്ഥന് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനും അനുമതി നല്‍കിയില്ല എന്നീ പരാതികള്‍ അതിജീവിത വിചാരണക്കോടതിക്കെതിരേ ആരോപിക്കുമ്പോള്‍ ആരൊക്കെയാണ് പ്രതിസ്ഥാനത്തെന്ന് സത്യം തെളിയണമെന്നും നീതി നടപ്പിലാകണമെന്നും ആഗ്രഹിക്കുന്ന ഭൂരിപക്ഷം പേരും ചോദിച്ചു പോകും. ലൈംഗിക പീഡന കേസുകളിലെ അതിജീവിതര്‍ക്കും ചൂഷണത്തിനും ഇരയാകുന്ന കുട്ടികള്‍ക്കും പരാതി നല്‍കാനും പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും കുറ്റമറ്റ സംവിധാനം വേണമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ് സംരക്ഷിക്കാന്‍ പരിഷ്കൃത സമൂഹത്തിനു ബാധ്യതയുണ്ടെന്നും അതിജീവിതയുടെ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് ഇടക്കാല ഉത്തരവ് നല്‍കിയിരുന്നതാണ്.
ടി.പി ചന്ദ്രശേഖരന് കേസിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ വക്കീലായിരുന്ന രാമന്‍പിള്ള അതിജീവിതയുടെ കേസില്‍ അകപ്പെടുമെന്ന ഘട്ടം വന്നപ്പോഴാണ് ആദ്യഘട്ടത്തില്‍ ഇരക്കൊപ്പം നിന്ന ആഭ്യന്തര വകുപ്പ് കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയതെന്ന കെ.കെ രമ എം.എൽ.എയുടെയുടെ ആരോപണം അത്യന്തം ഗൗരവമര്‍ഹിക്കുന്നതുമാണ്.
ഹരജിക്കാരി ആരോപിക്കുന്നത് പോലെ നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന നീക്കം സര്‍ക്കാര്‍ ഭാഗത്ത് നിന്നും വിചാരണക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ ഏറെ ഖേദകരം തന്നെയാണത്. പ്രശസ്തയായ ഒരു പെണ്‍കുട്ടി അഞ്ചു വര്‍ഷമായി നീതിക്കു വേണ്ടി പോരാടുന്നു. ഇരക്കൊപ്പമാണ് തങ്ങൾ എന്ന് സര്‍ക്കാർ പറയുന്നുണ്ടെങ്കിലും അവര്‍ക്കത് അനുഭവവേദ്യമാകുന്നില്ല എന്നാണല്ലൊ നടി നൽകിയ ഹരജിയില്‍ നിന്ന് വ്യക്തമാകുന്നത്.
ജനം നിയമ വ്യവസ്ഥയെ വക വയ്ക്കാത്ത ഒരു കാലം അരാജകത്വത്തിന്റെ കാലമായിരിക്കും. അങ്ങനെ സംഭവിക്കാതെ നോക്കേണ്ടത് ഭരണ കൂടത്തിന്റെയും നിയമ വ്യവസ്ഥയുടെയും ചുമതലയാണ്. അതു നിർവഹിക്കുന്നതിൽ ഈ ഉന്നതദ്വയങ്ങൾ പരാജയപ്പെട്ടു പോയാൽ അതിനു വഴിയൊരുക്കിയവർക്കു മാപ്പ് ഉണ്ടാവുകയില്ല, ഒരിക്കലും.