2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

വാളയാറിലും പാലത്തായിയിലും സംഭവിക്കുന്നത്

 

ഇരകള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന് ആവര്‍ത്തിക്കുമ്പോഴും പാലത്തായിയിലും വാളയാറിലും ഇത് എത്രത്തോളം വിശ്വസനീയമാണെന്ന സംശയമുയരുകയാണ്. അവിടെ നിയമപാലകര്‍ തന്നെ നിയമലംഘനത്തിനു കൂട്ടുനിന്ന് നീതി നിഷേധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ കേട്ടത്. കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ നിലവിലുള്ള അന്വേഷണസംഘത്തെ മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പാലക്കാട് വാളയാറിലെ അട്ടപ്പള്ളത്ത് പീഡനത്തിനിരയായി രണ്ടു ദലിത് സഹോദരിമാര്‍ മരിച്ച കേസ് അന്വേഷിച്ചതില്‍ വീഴ്ചപറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.
പാലത്തായിയില്‍ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് കോടതി ചൂണ്ടിക്കാട്ടുമ്പോള്‍ വാളയാറിലെ വീഴ്ച സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയായിരുന്നു. കേവലം ഭരണകൂടത്തിന്റെ കുറ്റപ്പെടുത്തലിന്റെയോ കുറ്റസമ്മതത്തിന്റെയോ മാത്രം കാര്യമല്ല ഇത്, രണ്ടിടത്തും നീതി നിഷേധിക്കപ്പെട്ട ഇരകളും അവരുടെ കുടുംബങ്ങളുമുണ്ടെന്ന് മറന്നുപോകരുത്. എന്തുകൊണ്ട് പാലത്തായിയിലും വാളയാറിലും സര്‍ക്കാരിന്റെ ആത്മാര്‍ഥമായ ഇടപെടലുണ്ടാകുന്നില്ല എന്നത് ആശങ്കപ്പെടുത്തുന്നതാണ്.

വാളയാറില്‍ ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ട പോക്‌സോ കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലിലാണ് അന്വേഷണത്തിലും കേസ് നടത്തിപ്പിലും വീഴ്ചപറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കേസില്‍ പോക്‌സോ കോടതിയുടെ വിധി വന്നപ്പോള്‍ തന്നെ അന്വേഷണ സംഘത്തിനുണ്ടായ വീഴ്ച വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അന്വേഷണസംഘത്തിനുണ്ടായ വീഴ്ച അക്കമിട്ടു നിരത്തി. നിയമസഭയിലും വിഷയമെത്തി. വീഴ്ച ബോധ്യമായെന്നായിരുന്നു സര്‍ക്കാരിന്റെയും നിലപാട്. എന്നിട്ടും ആ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നു. ആ അമ്മയ്ക്ക് മാത്രമല്ല രണ്ടു പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു കൊന്നവരെ കോടതി വെറുതെവിട്ടാല്‍ നീതിബോധമുള്ള ആര്‍ക്കും നിശ്ശബ്ദമായി ഇരിക്കാനാവില്ല.
എന്നാല്‍, സര്‍ക്കാര്‍ ഈ പ്രതിഷേധങ്ങളെയെല്ലാം കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പുനരന്വേഷണവും സി.ബി.ഐ അന്വേഷണവുമൊക്കെ നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കുടുംബക്കാര്‍ ആരോപിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന നിലപാട് സ്വീകരിച്ചതിലൂടെ ഇരകള്‍ക്കൊപ്പമല്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്. പൊലിസിനു വീഴ്ചപറ്റിയെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോഴാണ് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച പൊലിസ് ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നല്‍കിയത്. പോക്‌സോ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേസിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലും ഉദ്യോഗസ്ഥരുടെ വീഴ്ച നിരത്തുന്നുണ്ട്. ഒരു പീഡനക്കേസിലെ മുഴുവന്‍ പ്രതികള്‍ക്കും വീണ്ടും സമൂഹത്തിലേക്കിറങ്ങാനുള്ള സാഹചര്യമൊരുക്കിയ നിലയില്‍ ഈ കേസന്വേഷിച്ചു വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ മാതൃകാപരമായ നടപടിയെടുത്തോ? കേവലം സസ്‌പെന്‍ഷന്‍ നടപടിക്കപ്പുറം ഈ നിയമലംഘകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ എന്തു നടപടി സ്വീകരിച്ചു? ഇതിനൊന്നും ഇനിയും ഉത്തരമില്ല.
ഇനി പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാനോ പുനര്‍വിചാരണ നടത്താനോ ഹൈക്കോടതി ഉത്തരവിട്ടാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമായിരിക്കും. പക്ഷേ, പ്രായപൂര്‍ത്തിയാകാത്ത രണ്ടു ദലിത് പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന ഒരു കേസില്‍ കോടതിയുടെ ഉത്തരവ് വരെ കാത്തിരിക്കണമോ സ്വഭാവിക നീതി പുലരാന്‍ എന്ന ചോദ്യമുയരും.

വാളയാര്‍ കേസില്‍ പ്രദേശവാസികളായ അഞ്ചു പേരാണ് പ്രതികള്‍. പ്രതികള്‍ക്ക് പ്രാദേശിക സി.പി.എം ബന്ധമുണ്ടെങ്കിലും അതൊന്നും ഒരു ഉന്നതതല സ്വാധീനത്തിനിടയാക്കുമെന്ന് ആരും കരുതുന്നില്ല. പിന്നെ വാളയാറില്‍ സംഭവിക്കുന്നതെന്താണ്? ഈ സഹോദരിമാര്‍ സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള ജനവിഭാഗത്തില്‍ പെട്ടവരാണെന്നും അവര്‍ക്ക് നീതി പുലര്‍ന്നുകാണണമെന്നത് ആരുടെയും ബാധ്യതയല്ലെന്നും വിശ്വസിക്കുന്ന ഒരുപാടു പേര്‍ ഉദ്യോഗസ്ഥ തലം മുതല്‍ ഭരണതലം വരെയുണ്ടായിരിക്കാം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥ, ഭരണ ലോബിയുടെ മാനസികനിലയ്ക്കു സമാനമാണിത്. ഒരു ഇടതുപക്ഷ സര്‍ക്കാരിന് ഇതൊരിക്കലും ഭൂഷണമല്ല.

പാലത്തായിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ബി.ജെ.പി പ്രാദേശിക നേതാവും അധ്യാപകനുമായ പ്രതി പീഡിപ്പിച്ച കേസിലും ഇരയ്ക്കും കുടുംബത്തിനും ഇതുവരെ നീതി കിട്ടിയിട്ടില്ല. ഏറ്റവുമൊടുവില്‍ അന്വേഷണസംഘത്തെ മാറ്റാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള അന്വേഷണസംഘത്തെ മാറ്റിയാല്‍ ഈ കേസ് ഇനി അന്വേഷിക്കുക നാലാമത്തെ സംഘമായിരിക്കും. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി മാത്രം മതി കുറ്റവാളി ശിക്ഷിക്കപ്പെടാനെന്ന ശക്തമായ നിയമം നിലനില്‍ക്കുന്നൊരു രാജ്യത്താണ് ഒരു പീഡനക്കേസില്‍ നാല് അന്വേഷണ സംഘങ്ങള്‍ മാറിമാറി അന്വേഷിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി അന്വേഷണസംഘത്തിന്റെ തുടര്‍ മാനസിക പീഡനത്തിനിരയാകുകയല്ലേ ഇതിലൂടെ ഉണ്ടാകുന്നത്? ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനെപ്പോലുള്ളവര്‍ അന്വേഷിച്ചിട്ടും നീതിയുക്തമല്ലെന്ന സംശയം ഇരയുടെ കുടുംബത്തിനു തോന്നിയതില്‍ ന്യായമുണ്ടെന്ന് നീതിപീഠത്തിനു ബോധ്യമാകുമ്പോള്‍ എവിടെയാണ് പിഴച്ചതെന്ന പരിശോധന സര്‍ക്കാര്‍ നടത്തേണ്ടതല്ലേ. ഈ കേസ് ആദ്യം ലോക്കല്‍ പൊലിസായിരുന്നു അന്വേഷിച്ചിരുന്നത്. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാനടക്കം കാലതാമസം വരുത്തി. അന്വേഷണത്തില്‍ അതൃപ്തിയറിച്ചുകൊണ്ട് കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയതോടെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നു വന്നതോടെ ടീമില്‍ രണ്ടു വനിതാ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പടുത്തി. എന്നാല്‍ കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നായിരുന്നു അന്വേഷണത്തിനൊടുവില്‍ ക്രൈംബ്രാഞ്ചിന്റെ് കണ്ടെത്തല്‍. അതിനിടെ ഇരയെ തിരിച്ചറിയുന്ന വിധത്തില്‍ ഐ.ജി ശ്രീജിത്തിന്റേതായി വന്ന ശബ്ദരേഖയും വിമര്‍ശനത്തിനിടയാക്കി. പോക്‌സോ കുറ്റം ചുമത്താതെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രതി പത്മരാജനു ജാമ്യവും ലഭിച്ചു.

പുതിയ അന്വേഷണസംഘത്തില്‍ നിലവിലുള്ള സംഘത്തിലെ ആരുമുണ്ടാകരുതെന്ന നിര്‍ദേശം കോടതി നല്‍കിയിട്ടുണ്ട്. ഇനിയെങ്കിലും സ്വഭാവിക നീതിക്ക് അവകാശമുള്ള ഇരയുടെ ഭാഗത്തു നിന്ന് അന്വേഷണത്തെ ശരിയായ വഴിയിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ തയാറാകണം. ഒരു പീഡനക്കേസിലാണ് ഈ അന്വേഷണനാടകം തുടരുന്നത്. ഇതവസാനിപ്പിച്ചേ മതിയാകൂ. യഥാര്‍ഥ പ്രതികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നു തെളിയിക്കണമെങ്കില്‍ ഈ രണ്ടു കേസുകളിലും സര്‍ക്കാരിന്റെ ഇനിയുള്ള ഇടപെടലുകള്‍ നിര്‍ണായകമാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.