2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

കൂറുമാറ്റ നിരോധന നിയമം പൊളിച്ചെഴുതണം


 

തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പാര്‍ട്ടികള്‍ ഉണ്ടാക്കുന്ന ധാരണകള്‍ ലംഘിച്ച് കൂറുമാറുന്നവര്‍ അയോഗ്യരായിത്തീരുമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലേത് മുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വരെ കൂറുമാറ്റക്കാരായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ അവസ്ഥയില്‍ ഹൈക്കോടതിവിധി വളരെ പ്രസക്തമാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ അംഗത്വം അവരുടെ പാര്‍ട്ടിയോടുള്ള കൂറിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്ന ഹൈക്കോടതി നിരീക്ഷണം കാലുമാറ്റത്തിന് ഒരുപരിധിവരെ തടയിടാന്‍ കഴിയും. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് മുന്‍പുണ്ടാക്കുന്ന ധാരണകള്‍ പാലിക്കാന്‍ ജയിക്കുന്നവര്‍ ബാധ്യസ്ഥരാണെന്ന ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് പി. ചാലി എന്നിവരുടെ വിധിപ്രസ്താവം കാലുമാറ്റക്കാര്‍ക്ക് കനത്ത പ്രഹരമാണ്. ഒരു പാര്‍ട്ടിയുടെ അംഗമായി നിയമനിര്‍മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാള്‍ മറുകണ്ടം ചാടുന്ന അവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തെ മലീമസമാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ കൂറുമാറിയാല്‍ അവരെ അയോഗ്യരാക്കുന്ന കൂറുമാറ്റ നിരോധന നിയമത്തിലെ 3 (1) എ വകുപ്പിന് വ്യാഖ്യാനം നല്‍കിക്കൊണ്ടാണ് ഹൈക്കോടതി സുപ്രധാന വിധി പ്രസ്താവിച്ചിരിക്കുന്നത്.

1985ല്‍ രാജീവ് ഗാന്ധി സര്‍ക്കാരാണ് 52ാം ഭരണഘടനാ ഭേദഗതിയിലൂടെ കൂറുമാറ്റ നിരോധന നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. ഇതിനായി 102ാം വകുപ്പില്‍ മാറ്റംവരുത്തുകയും 10ാം പട്ടിക കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചതിനുശേഷം ആ പാര്‍ട്ടിയുടെ വിപ്പ് ലംഘിക്കുകയോ മറ്റൊരു പാര്‍ട്ടിയില്‍ ചേരുകയോ ചെയ്താല്‍ ആ ജനപ്രതിനിധിയെ അയോഗ്യനാക്കുന്നതാണ് നിയമം. 2014ലും 2019ലും അധികാരത്തില്‍വന്ന ബി.ജെ.പി സര്‍ക്കാര്‍ ഈ നിയമത്തിന്റെ ദൗര്‍ബല്യം മുതലെടുത്ത് കോടികളൊഴുക്കി എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും വിലയിട്ട് കൂറുമാറ്റം നടത്തുന്നതാണ് ജനാധിപത്യ ഇന്ത്യ കണ്ടത്. കൂറുമാറ്റ നിരോധന നിയമം എത്ര ദുര്‍ബലമാണെന്ന് ജനാധിപത്യ, മതേതര വിശ്വാസികള്‍ക്ക് ഇതോടെ ബോധ്യപ്പെടുകയും ചെയ്തു.

2004ല്‍ പാസാക്കിയ പുതിയ നിയമത്തിലൂടെ ഒരു പാര്‍ട്ടി പിളര്‍ന്ന് മൂന്നില്‍ രണ്ടുഭാഗം മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ മൂന്നാമതൊരു പാര്‍ട്ടിയായി നിലകൊള്ളുകയോ ചെയ്താല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ലെന്ന നിയമവും ബി.ജെ.പിക്ക് കാലുമാറ്റ പ്രക്രിയ എളുപ്പമാക്കിക്കൊടുത്തു. കൂറുമാറ്റ നിരോധന നിയമം പാസായതിനുശേഷം നിയമത്തെ എങ്ങനെ പരിഹാസ്യമാക്കാമെന്ന് ബി.ജെ.പി ആദ്യമായി പരീക്ഷിച്ചത് കര്‍ണാടകയിലാണ്. ഓപറേഷന്‍ താമര എന്ന പേരില്‍ നടത്തിയ കാലുമാറ്റത്തിലൂടെ കോണ്‍ഗ്രസിലെയും ജെ.ഡി.എസിലെയും 15 എം.എല്‍.എമാരെ വിലയ്ക്കുവാങ്ങി അവരെക്കൊണ്ട് യദ്യൂരപ്പ എം.എല്‍.എ സ്ഥാനങ്ങള്‍ രാജിവയ്പ്പിച്ചു. ഇതേത്തുടര്‍ന്ന് എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയ്ക്ക് രാജിവച്ചൊഴിയേണ്ടിവന്നു. ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയെങ്കിലും ഇവര്‍ എം.എല്‍.എ സ്ഥാനങ്ങള്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന് ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും നിയമസഭയിലെത്തി. നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെയും ഭരണഘടനയെയും ബി.ജെ.പി എങ്ങനെയാണ് അപ്രസക്തമാക്കുന്നതെന്നതിന്റെ ഉദാഹരണമായിരുന്നു ഈ കാലുമാറ്റങ്ങള്‍.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രി തന്നെ കൂറുമാറ്റത്തിന് പരസ്യമായ പിന്തുണ നല്‍കിയതിനും നാം സാക്ഷ്യംവഹിച്ചു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 60 എം.എല്‍.എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരത്തിലേക്കാണ് ഇത്തരമൊരു പ്രസ്താവനയിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന താന്‍ താഴുന്നതെന്ന് അദ്ദേഹം ഓര്‍ത്തുകാണില്ല. ഇത്തരം കൂറുമാറ്റങ്ങള്‍ക്കും കുതിരക്കച്ചവടങ്ങള്‍ക്കും പരസ്യമായ പ്രോത്സാഹനം നല്‍കാന്‍ മോദിക്ക് ഊര്‍ജം നല്‍കിയിട്ടുണ്ടാവുക മഹത്തായ നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെ ഇല്ലാതാക്കുകയെന്ന അവരുടെ ആത്യന്തിക ലക്ഷ്യം തന്നെയായിരിക്കണം. ജനാധിപത്യത്തെ തകര്‍ക്കുന്ന നടപടികള്‍ കാലുമാറ്റ ആഹ്വാനത്തിലൂടെ ഭരണാധികാരികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഉള്‍ക്കാമ്പ് നഷ്ടപ്പെട്ട പുറംന്തോടായി നമ്മുടെ ജനാധിപത്യ ഭരണവ്യവസ്ഥ മാറിക്കൊണ്ടിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.

അംഗങ്ങളുടെ കൂറുമാറ്റം സംബന്ധിച്ച കാര്യങ്ങളില്‍ സ്പീക്കര്‍മാരും നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കാറ്. സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി അതോടെ രാഷ്ട്രീയപാര്‍ട്ടി അംഗമല്ലാതെയാകുമെങ്കിലും പാര്‍ട്ടി പ്രതിനിധിയായാണ് നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അതിനാല്‍ സ്വാഭാവികമായും സ്പീക്കറുടെ നടപടികള്‍ ഭരണകക്ഷിക്ക് അനുകൂലമായിരിക്കും. അതിനാല്‍ അംഗങ്ങളുടെ കൂറുമാറ്റ പ്രശ്‌നങ്ങളില്‍ അവര്‍ നിഷ്പക്ഷമായല്ല ഇടപെടാറുള്ളത്. ഈ പശ്ചാത്തലത്തിലാണ് അംഗങ്ങളുടെ കൂറുമാറ്റങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കര്‍മാരില്‍ നിന്ന് മാറ്റി പ്രത്യേക ട്രൈബ്യൂണലിന് നല്‍കിക്കൂടേയെന്ന് സുപ്രിംകോടതി ജനുവരിയില്‍ ചോദിച്ചത്. പാര്‍ലമെന്റാണ് ഇതുസംബന്ധിച്ച ഭേദഗതി കൊണ്ടുവരേണ്ടത്. അങ്ങനെവരുമ്പോള്‍ കൂറുമാറ്റം നടത്തുന്ന ജനപ്രതിനിധികളെ പെട്ടെന്ന് അയോഗ്യരാക്കാന്‍ പറ്റും. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ഏക എം.എല്‍.എ ആര്‍.ബാലകൃഷ്ണപിള്ളയാണ്.

പണാധിപത്യത്തിന് കീഴ്‌പ്പെട്ട് പല ജനപ്രതിനിധികളും കാലുമാറിക്കൊണ്ടിരിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യ ഭരണ സമ്പ്രദായത്തിന്റെ തകര്‍ച്ച എളുപ്പമാക്കും. ഇതിന്റെ പ്രയോജകരാകട്ടെ ബി.ജെ.പിയും. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവായ മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കുക ബി.ജെ.പിയുടെ അജന്‍ഡയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ അതേപടി നിലനില്‍ക്കണമെങ്കില്‍ കൂറുമാറ്റ നിരോധന നിയമം പൊളിച്ചെഴുതണം. കൂറുമാറിയ അംഗത്തെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത കാലം വിലക്കുന്ന നിയമം ഉണ്ടാകേണ്ടിയിരിക്കുന്നു.

ജനങ്ങളുടെ പ്രതീക്ഷയുമായാണ് ഒരു ജനപ്രതിനിധി തദ്ദേശ സ്വയംഭരണ സ്ഥാപനം മുതല്‍ പാര്‍ലമെന്റില്‍ വരെ എത്തുന്നത്. അവിടെയെത്തുമ്പോള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയ പാര്‍ട്ടിയെയും വോട്ടുചെയ്ത ജനങ്ങളെയും വഞ്ചിച്ച് എങ്ങനെയാണ് ജനപ്രതിനിധിയായി തുടരാന്‍ കഴിയുക. ആ നിലയ്ക്ക് ഹൈക്കോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിധി പ്രതീക്ഷാനിര്‍ഭരമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടികള്‍ ഉണ്ടാക്കുന്ന ധാരണകള്‍ പാലിക്കാന്‍ ബാധ്യസ്ഥമാണെന്നുള്ള വിധി തദ്ദേശ സ്ഥാപനങ്ങളില്‍ കണ്ടുവരുന്ന കാലുമാറ്റങ്ങള്‍ ഇല്ലാതാക്കും.

കൂറുമാറ്റത്തിനെതിരേ നേരത്തെ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയുടെ തുടര്‍ച്ചയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ കൂറുമാറ്റത്തിനെതിരേ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ജനാധിപത്യമൂല്യങ്ങളെ ചവിട്ടിമെതിച്ച് ആയാറാം ഗായാറാമുകള്‍ പെരുകിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് കാലുമാറ്റക്കാരെ ആയുഷ്‌ക്കാലംവരെ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിലക്കുന്ന നിയമം ഉണ്ടാവുക തന്നെ വേണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.