2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ഡല്‍ഹിയില്‍ വെടിയൊച്ചകള്‍ അവസാനിക്കുന്നില്ല


യൂണിവേഴ്‌സിറ്റികളിലും ഷഹീന്‍ബാഗിലും പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലാന്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആഹ്വാനം ചെയ്തതിനു പിന്നാലെ സമരക്കാര്‍ക്കു നേരെ വെടിവയ്പ്പ് തുടരുകയാണ് സംഘ്പരിവാര്‍.
ഏറ്റവുമൊടുവില്‍ ഇന്നലെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവിനെതിരേയാണ് മോട്ടോര്‍ ബൈക്കുകളില്‍ വന്ന ആക്രമികള്‍ വെടിവച്ചത്. ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. എം.എല്‍.എയെ വധിക്കാനായിരുന്നില്ല, വ്യക്തിവൈരാഗ്യമുള്ള മറ്റൊരാള്‍ക്കു നേരെയാണ് വെടിവച്ചതെന്നും വെടിയേറ്റയാള്‍ തല്‍ക്ഷണം മരിച്ചിട്ടുണ്ടെന്നുമാണ് പൊലിസ് ഭാഷ്യം.
യു.പിയില്‍ സമരം ചെയ്യുന്നവര്‍ക്കു നേരെ വളരെ നേരത്തെതന്നെ പൊലിസ് വെടിവയ്പ്പ് ആരംഭിച്ചിരുന്നു. പൊലിസല്ല വെടിവയ്ക്കുന്നതെന്നും സമരക്കാര്‍ തന്നെയാണെന്നും ഐ.ജി ആദ്യം പറഞ്ഞെങ്കിലും പിന്നീട് പൊലിസ് തന്നെയാണ് വെടിവച്ചതെന്ന് സമ്മതിക്കേണ്ടിവന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടന്‍തന്നെ സംഘ്പരിവാറില്‍നിന്ന് ആം ആദ്മി എം.എല്‍.എയ്ക്കു നേരെ വെടിവയ്പ്പുണ്ടായെങ്കില്‍ നിരാശയില്‍നിന്നുണ്ടായ വെടിവയ്പ്പാണത്. സര്‍വസന്നാഹത്തോടെ കാടിളക്കി പ്രചാരണം നടത്തിയിട്ടും ഡല്‍ഹി പിടിച്ചെടുക്കാന്‍ കഴിയാത്തതും ഷഹീന്‍ബാഗിനെതിരേ എയ്തുവിട്ട ആരോപണങ്ങളൊക്കെയും ആം ആദ്മിക്ക് അനുകൂലമായതും ബി.ജെ.പിയെയും സംഘ്പരിവാറിനെയും കൂടുതല്‍ രോഷാകുലരാക്കിയിട്ടുണ്ട്. അതിനാല്‍ അനുരാഗ് താക്കൂറിന്റെ ആഹ്വാനം ഇനിയും സംഘ്പരിവാര്‍ അനുയായികള്‍ ഡല്‍ഹിയില്‍ ആവര്‍ത്തിക്കാനിടയുണ്ട്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തിയതിന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്ന് താക്കൂറിനെയും ആദിത്യനാഥിനെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയതും ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്.
ജാമിഅ മില്ലിയയിലും ഷഹീന്‍ബാഗിലും വെടിവയ്പ്പുണ്ടായപ്പോള്‍ കാഴ്ചക്കാരായി നിന്നവരാണ് ഡല്‍ഹി പൊലിസ്. അതിനാല്‍ ഇന്നലെയുണ്ടായ വെടിവയ്പ്പിനെക്കുറിച്ച് അവര്‍ നല്‍കുന്ന വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാനാവില്ല. റാലി നടത്തുകയായിരുന്ന ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ക്കു നേരെ ആസാദി വേണമെങ്കില്‍ ഇങ്ങോട്ട് വരൂ ഞാന്‍ തരാം എന്നാക്രോശിച്ചുകൊണ്ട് വെടിയുതിര്‍ത്ത അക്രമി പൊലിസിന്റെ ദൃഷ്ടിയില്‍ പക്വതവരാത്ത, പ്രായം തികയാത്ത വെറും പയ്യനായിരുന്നു.
ഇത്തവണ ഡല്‍ഹി ബി.ജെ.പി ഉറപ്പിച്ചതായിരുന്നു. അത്രവലിയ തെരഞ്ഞെടുപ്പ് പ്രചാരണ സന്നാഹങ്ങളായിരുന്നു അവര്‍ ഒരുക്കിയിരുന്നത്. മുഴുവന്‍ കേന്ദ്രമന്ത്രിമാരും എം.പിമാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഊഴമിട്ട് രാപ്പകല്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. എല്ലാറ്റിനും നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ഡല്‍ഹിയില്‍ തന്നെ തമ്പടിച്ചു. വിഷലിപ്തമായ വര്‍ഗീയ, വംശീയ, വിഭാഗീയ പ്രചാരണങ്ങള്‍ നടന്നു. ഫലം വന്നപ്പോള്‍ രണ്ടക്കംപോലും തികയ്ക്കാനായില്ല. ബി.ജെ.പി പൊട്ടിത്തെറിക്കുന്നത് സ്വാഭാവികം.
ഇതിന്റെ അരിശം ഷഹീന്‍ബാഗിലും തെരുവുകളിലും പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കു നേരെ ഇനിയും തീയുണ്ടകളായി പാഞ്ഞുവന്നേക്കാം. ഇതിന്റെ മുന്നോടിയായി വേണം ഇന്നലത്തെ ഗിരിരാജ് സിങിന്റെ പ്രസ്താവനയെ കാണാന്‍. മുമ്പുതന്നെ വിഷലിപ്തവും വിവാദപരവുമായ പ്രസ്താവനകളിറക്കിയ സംഘ്പരിവാര്‍ നേതാവാണ് ഗിരിരാജ് സിങ്. ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണെന്നാണ് ഡല്‍ഹിയില്‍ തോറ്റതിന്റെ അരിശംതീര്‍ക്കാനെന്നവണ്ണം ഗിരിരാജ് സിങ് പറഞ്ഞത്. മുസ്‌ലിംകള്‍ക്കു രണ്ടു കുട്ടികളില്‍ കൂടുതല്‍ അനുവദിക്കാന്‍ പാടില്ലെന്ന പ്രസ്താവന നേരത്തെ ഇയാള്‍ നടത്തിയിരുന്നു. ചാണകത്തില്‍ ഗവേഷണം നടത്താനുള്ള ആഹ്വാനവും നല്‍കിയിരുന്നു. മുമ്പ് ഷഹീന്‍ബാഗിനെക്കുറിച്ചു പറഞ്ഞത് പരിശീലനം ലഭിച്ച ചാവേറുകളാണ് അവിടെ സമരം നടത്തുന്നതെന്നായിരുന്നു. സമയാസമയം തരാതരം ആരോപണങ്ങള്‍ നടത്താന്‍ അദ്ദേഹം വിദഗ്ധനാണ്. അതിന്റെ പ്രത്യുപകാരമായിട്ടാണ് ഇത്തവണ അദ്ദേഹം കേന്ദ്രമന്ത്രിയായത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന സമരം ഇതിനകം തന്നെ ലോകശ്രദ്ധ പിടിച്ചെടുത്തുകഴിഞ്ഞു. അമേരിക്കയിലും ലണ്ടനിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. യു.എന്‍ അപലപിച്ചു. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചു. മഹത്തായ ഒരു രാജ്യത്തിന്റെ അഭിമാനമാണ് ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ സംഘ്പരിവാര്‍ ഭരണകൂടം പിച്ചിച്ചീന്തിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയെ പാര്‍ലമെന്റില്‍ പിന്താങ്ങിയ എന്‍.ഡി.എ ഘടകകക്ഷികള്‍പോലും ഇപ്പോള്‍ ബി.ജെ.പിയെ കൈവിട്ടിരിക്കുകയാണ്. ഈയൊരു സന്ദിഗ്ദ്ധ ഘട്ടത്തിലാണ് സമരത്തെ തോല്‍പ്പിക്കാന്‍ അവസാനത്തെ ആയുധമായി സംഘ്പരിവാര്‍ തോക്കെടുത്തിരിക്കുന്നത്. എന്നാല്‍ പലതവണ സമരക്കാര്‍ക്കു നേരെ വെടിവയ്പ്പുണ്ടായിട്ടും സമരം പൂര്‍വാധികം ശക്തിപ്പെടുകയാണ്. തോല്‍ക്കാനുള്ളതല്ല ഈ സമരമെന്ന തിരിച്ചറിവില്‍ തീച്ചൂളയായി ജ്വലിക്കുന്ന പ്രതിഷേധത്തെ, ഇന്ത്യന്‍ ജനതയുടെ പോരാട്ടവീര്യത്തെ, തളര്‍ത്താന്‍ ഫാസിസ്റ്റ് തീയുണ്ടകള്‍ക്കാവില്ലെന്ന് ഭരണകൂടം തിരിച്ചറിയുന്ന നാളുകള്‍ വിദൂരമല്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.