2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

കേരളത്തിനെതിരേ പെരുകുന്ന പെരും നുണകള്‍


ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു എന്ന രീതിയില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി പ്രചരിപ്പിക്കപ്പെടുന്ന വ്യാജവാര്‍ത്ത അത്ര ലാഘവത്തോടെ കാണേണ്ട ഒന്നല്ല. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ഒട്ടേറെ മാനങ്ങള്‍ ഇതിന് പിന്നിലുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് കോഴിക്കോട് കേന്ദ്രീകരിച്ച് തുടങ്ങിയ ഈ കുപ്രചാരണം ഇപ്പോള്‍ സമീപ ജില്ലകളും കടന്ന് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചിരിക്കയാണ്. അസത്യങ്ങള്‍ക്കും അപവാദങ്ങള്‍ക്കും സത്യത്തേക്കാള്‍ പതിന്മടങ്ങ് വേഗത കൂടുമെന്ന് പറയേണ്ടതില്ല.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരല്ലെന്നും അവര്‍ തദ്ദേശീയരാല്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്ന വിഷലിപ്തമായ വാര്‍ത്തകളുടെ രത്‌നച്ചുരുക്കം. അപകടത്തില്‍പെട്ടും മറ്റും മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോകളും വ്യാജവാര്‍ത്തക്കൊപ്പം പ്രചരിപ്പിക്കുന്നുണ്ട്. അടുത്തിടെ കോഴിക്കോട് വെള്ളയില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ ചിത്രവും ഇതിനായി ദുരുപയോഗം ചെയ്തിരിക്കയാണ്. ഭീതി വളര്‍ത്തി ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചയക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ് വ്യാജവാര്‍ത്ത പടച്ചുണ്ടാക്കുന്നതെന്നാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ആരാണ് വ്യാജവാര്‍ത്തക്ക് പിന്നിലെന്ന് ഇനിയും വ്യക്തമായിട്ടില്ല. തൊഴിലാളികളുടെ സ്വദേശങ്ങളിലും വ്യാജവാര്‍ത്തകള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. ആശങ്കാകുലരായ ബന്ധുക്കളും സുഹൃത്തുക്കളും എത്രയും വേഗം കേരളം വിടാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുകയാണ്. ഇതേത്തുടര്‍ന്ന് നൂറുകണക്കിന് പേരാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്. ഇതോടെ കേരളത്തിലെ തൊഴില്‍ മേഖല ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഹോട്ടല്‍, നിര്‍മാണ മേഖലയെയാണ് ഇത് ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
മലബാറില്‍ പല ഹോട്ടലുകളും തൊഴിലാളികളെ കിട്ടാതെ അടച്ചിടുകയോ ഭാഗികമായി പ്രവര്‍ത്തനരഹിതമാവുകയോ ചെയ്തു. പ്രശ്‌നത്തില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കിയിരിക്കയാണ്.
കേരളത്തിനെതിരേ കേന്ദ്രഭരണകക്ഷി തന്നെ നേരും നെറിയുമില്ലാതെ നിരുത്തരവാദപരമായി ഭീതിജനകമായ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്ന വേളയിലാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് എന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഈയൊരവസ്ഥയില്‍ നെല്ലും പതിരും വേര്‍തിരിച്ച് നിജസ്ഥിതി കണ്ടെത്താനല്ല, പട്ടിണി കിടന്നാലും വേണ്ടില്ല സ്വസ്ഥമായി കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിയാമെന്ന ചിന്തയില്‍ പ്രാണനുംകൊണ്ട് നാട്ടിലെത്താനാവും ഏതൊരു തൊഴിലാളിയും ശ്രമിക്കുക. അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവിശ്വാസത്തിന്റേയും ആശങ്കയുടേയും ഈ അന്തരീക്ഷം ദൂരീകരിക്കാന്‍ പൊലിസ് നടപടികൊണ്ടുമാത്രം കഴിഞ്ഞെന്നു വരില്ല. സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ സത്വര നടപടിയുണ്ടാവേണ്ടതുണ്ട്.
സാമൂഹിക മാധ്യമങ്ങളെ ഹീനവൃത്തിക്കായി ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. വ്യക്തിഹത്യയ്ക്കും മതനിന്ദക്കുമെല്ലാം ഇത് മനഃസാക്ഷിക്കുത്തില്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും ഇതുമൂലമുണ്ടാകുന്ന കെടുതി ചെറുതല്ല. ഈയിടെ കൊച്ചിമെട്രോയില്‍ യാത്രക്കിടയില്‍ ക്ഷീണിതനായി ഉറങ്ങിപ്പോയ ഭിന്നശേഷിക്കാരനായ കിടങ്ങൂര്‍ സ്വദേശി എല്‍ദോക്കുണ്ടായ ദുരനുഭവം ആരും മറന്നിട്ടുണ്ടാവില്ല. മദ്യപിച്ച് ലക്കുകെട്ടുറങ്ങുന്ന യാത്രക്കാരനായാണ് സാമൂഹിക മാധ്യമങ്ങള്‍ ആ വാര്‍ത്തയും ചിത്രവും ആഘോഷിച്ചത്. മദ്യപിച്ച് സമനില തെറ്റി ഡല്‍ഹി മെട്രോയില്‍ അപകീര്‍ത്തിപ്പെടുത്തിയതിനെതിരേ ഡല്‍ഹിയിലെ മലയാളി കോണ്‍സ്റ്റബിള്‍ പി.കെ.സലീമിന് സുപ്രിംകോടതിയെ വരെ സമീപിക്കേണ്ടിവന്നു. വ്യാജവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതാണെന്നും അമിതജോലി മൂലമുള്ള തളര്‍ച്ച മദ്യലഹരിയാണെന്ന് സാമൂഹികമാധ്യമങ്ങള്‍ ചിത്രീകരിച്ചതാണെന്നും വ്യക്തമായതോടെ സലീമിന് ജോലി തിരിച്ചുകിട്ടി.
എല്ലാ വ്യാജവാര്‍ത്തകളുടെയും പര്യവസാനം പക്ഷെ ഇങ്ങനെയാവണമെന്നില്ല. ഒടുവില്‍ സത്യം പുറത്തുവന്നാലും അതിനിടയില്‍ വ്യക്തിക്കും സമൂഹത്തിനുമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് അതൊന്നും പരിഹാരമാവുകയുമില്ല. സൃഷ്ടിക്കും സംഹാരത്തിനും ഒരുപോലെ ഉപകരിക്കുന്നതാണ് സാമൂഹികമാധ്യമങ്ങള്‍. ആര്, എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അതിന്റെ ഗുണദോഷങ്ങള്‍. സ്വതന്ത്രവും ധീരവുമായ അഭിപ്രായ വിനിമയങ്ങള്‍ക്കും രാജ്യത്തിന്റെ തന്നെ തലക്കുറി തിരുത്താവുന്ന അഭിപ്രായ രൂപീകരണത്തിനും സാമൂഹിക മാധ്യമങ്ങള്‍ ആയുധമാവുന്ന കാലമാണിത്.
ജനക്ഷേമത്തിനും മാനവികതക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്; അല്ലാതെ വ്യാജവാര്‍ത്തകള്‍ ചമച്ച് സമൂഹത്തില്‍ നാശം വിതക്കുകയല്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.