2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

നിയമം പാവപ്പെട്ടവന് മാത്രം!


വിശ്രുത സാഹിത്യകാരനായ ഐറിഷ് എഴുത്തുകാരന്‍ ഒലിവര്‍ ഗോള്‍ഡ്‌സ്മിത്തിന്റെ പ്രസിദ്ധമായ വാക്കുകളാണ് ‘നിയമം പാവപ്പെട്ടവനെ കശക്കുന്നു, പണക്കാരന്‍ നിയമത്തെയും’ എന്നത്. സമകാലിക കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതാണ്. നിയമം പാവപ്പെട്ടവനു മാത്രമോ എന്ന് സമൂഹം ചോദിച്ചു കൊണ്ടിരിക്കുന്ന ഒരവസ്ഥ. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇത്തരം സംഭവങ്ങളെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അടുത്തടുത്തായി പാവങ്ങളായ സാധാരണക്കാര്‍ക്ക് നേരേയുണ്ടായ പൊലിസ് അതിക്രമങ്ങളെയെല്ലാം മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. നിയമ ലംഘനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും നടപടിയെടുക്കണം. നിയമത്തിന് ആരും അതീതരുമല്ല. ലംഘിക്കപ്പെടാനുള്ളതല്ല, അനുസരിക്കാന്‍ വേണ്ടിമാത്രമുള്ളതാണ് നിയമം. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം. പൊലിസ് രാജിനാല്‍ നടപ്പാവുന്നില്ലെന്ന് മാത്രം.

മാസ്‌ക് മുഖത്തുനിന്ന് ഊരിപ്പോയ തൊഴിലാളിക്ക് ആയിരം രൂപ പിഴ ഈടാക്കുന്നത് പൊലിസിന്റെ സ്ഥായീഭാവമായിരിക്കുന്നു. നിയമം നിര്‍മിക്കപ്പെടുന്ന നിയമസഭയില്‍ സഭാംഗമായ എ.എന്‍ ഷംസീര്‍ എം.എല്‍.എയോട് സ്പീക്കര്‍ ‘മാസ്‌ക്… മാസ്‌ക്…’ എന്ന് ഓര്‍മപ്പെടുത്തിയാല്‍ ഷംസീര്‍ എം.എല്‍.എയുടെ നിയമ ലംഘനം പരിഹരിക്കപ്പെടുമെങ്കില്‍ എന്തുകൊണ്ട് അതേ സമീപനം തൊഴിലെടുക്കാന്‍ പോകുന്ന സാധാരണക്കാരനോട് സ്വീകരിക്കുന്നില്ല ? ‘മാസ്‌ക്… മാസ്‌ക്…’ എന്നുപറഞ്ഞ് പൊലിസ് എന്തുകൊണ്ട് അയാളെ ഓര്‍മപ്പെടുത്തുന്നില്ല?

തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി ജങ്ഷനില്‍ മീന്‍ വിറ്റുകൊണ്ടിരുന്ന പാവം വൃദ്ധയുടെ മീന്‍ കുട്ട വലിച്ചെറിയുകയും അവരുടെ കൈ അടിച്ചൊടിക്കുകയും ചെയ്തു ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാര്‍. ആറ്റിങ്ങല്‍ നഗരസഭാ പരിധിയില്‍ വഴിയോര കച്ചവടം നിരോധിച്ചതായുള്ള വിവരം സ്ഥിരമായി അവിടെയിരുന്നു മീന്‍ വില്‍ക്കുന്ന അല്‍ഫോന്‍സ എന്ന വൃദ്ധ അറിഞ്ഞുകൊള്ളണമെന്നില്ല. അത് അവരെ ബോധ്യപ്പെടുത്തി അവിടെ നിന്ന് മാറ്റുന്നതിനു പകരം കൈ അടിച്ച് ഒടിക്കുകയായിരുന്നില്ല കുടുംബത്തിന്റെ ഏകാശ്രയമായ ആ വൃദ്ധയോട് ചെയ്യേണ്ടിയിരുന്നത്. സമാനമായ മറ്റൊരു സംഭവം ആഴ്ചകള്‍ക്ക് മുമ്പും ഉണ്ടായി. അന്ന് മീന്‍ വിറ്റുകൊണ്ടിരുന്ന വൃദ്ധയുടെ മീന്‍ കുട്ട ചവിട്ടിത്തെറിപ്പിച്ചു കൊണ്ടായിരുന്നു പൊലിസ് ‘നിയമം’ നടപ്പിലാക്കിയത്. ഈ സംഭവത്തെ ന്യായീകരിച്ചുകൊണ്ട് അന്നു മുഖ്യമന്ത്രി പറഞ്ഞത് ‘അതൊരു തിരക്കഥയുണ്ടാക്കി അരങ്ങേറിയ നാടക’മാണെന്നായിരുന്നു. ആറ്റിങ്ങല്‍ സംഭവത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വരുമായിരിക്കും.
അട്ടപ്പാടി വട്ട്‌ലക്കി ആദിവാസി കോളനിയില്‍ കയറി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും വിദ്യാര്‍ഥിയായ മകനെയും കസ്റ്റഡിയിലെടുത്ത് അടിച്ചൊതുക്കാന്‍ ഏത് നിയമമാണ് പൊലിസിനു അധികാരം നല്‍കുന്നത് ? മനുഷ്യാവകാശത്തിന് ഏറ്റവും വലിയ ഭീഷണി ഉയരുന്നത് പൊലിസ് സ്റ്റേഷനുകളില്‍ നിന്നാണെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ ന്യൂഡല്‍ഹിയില്‍ പറഞ്ഞത്. മര്‍ദന രൂപത്തിലാണ് ഇതു പുറത്തുവരുന്നതെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് മറ്റുതരത്തിലുള്ള പൊലിസ് അതിക്രമങ്ങളും രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും പറയുകയുണ്ടായി. ആ തരത്തില്‍പെട്ട ഒന്നായിരുന്നു മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും കൂടെയുണ്ടായിരുന്ന പെണ്‍ സുഹൃത്ത് വഫയും കേസിന്റെ വിചാരണക്കായി വഞ്ചിയൂര്‍ കോടതിയില്‍ എത്തിയപ്പോള്‍ ജോലിയുടെ ഭാഗമായി അത് പകര്‍ത്താനെത്തിയ മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരേ പൊലിസ് സഹായത്തോടെ നടന്ന അഭിഭാഷക മര്‍ദനം. പൊലിസ് അഭിഭാഷകരെ വിളിച്ചുവരുത്തുകയായിരുന്നു. പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയതിനുശേഷം മാത്രമാണ് മര്‍ദനത്തിനിരയായ മാധ്യമപ്രവര്‍ത്തകരില്‍ നിന്നു പരാതി വാങ്ങാന്‍ പോലും പൊലിസ് തയാറായത്.

ബൈക്കില്‍ പോകുന്ന സാധാരണക്കാരായ യാത്രക്കാരുടെ പിന്നാലെ ഓടി ലാത്തിയെറിഞ്ഞ് അവരെ വീഴ്ത്തുകയും പരുക്കേല്‍പ്പിക്കുകയും ചെയ്യുന്ന പൊലിസ്, സ്റ്റിക്കര്‍ ഒട്ടിച്ചും സണ്‍ ഫിലിം ഒട്ടിച്ചും ആഡംബര കാറുകളില്‍ പോകുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുനേരേയും പണക്കാര്‍ക്കുനേരേയും വലിയ മീനുകളെ കാണുമ്പോള്‍ കണ്ണടയ്ക്കുന്ന കൊറ്റികളെപ്പോലെ കണ്ണടയ്ക്കുന്നു. സര്‍ക്കാര്‍ പ്ലീഡര്‍ ഇത്തരമൊരു നിയമ ലംഘനം നടത്തിയത് സംവിധായകന്‍ ആഷിഖ് അബു ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടും പൊലിസ് അനങ്ങിയതേയില്ല.

2012 ഏപ്രിലില്‍ ആണ് വാഹനങ്ങളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നത് സുപ്രിംകോടതി നിരോധിച്ചത്. രാജ്യത്ത് പണക്കാരനും പാവപ്പെട്ടവനുമായി രണ്ട് നീതിന്യായ വ്യവസ്ഥയില്ലെന്ന് കഴിഞ്ഞ മാസമാണ് സുപ്രിംകോടതിയുടെ പരാമര്‍ശമുണ്ടായത്. ഇത്തരം വിധി പ്രസ്താവങ്ങളൊന്നും പൊലിസ് കാര്യമായി എടുക്കുന്നില്ലെന്നു വേണം കരുതാന്‍. ഇത്തരം പ്രവണതകള്‍ നിയമവ്യവസ്ഥയെ തന്നെയില്ലാതാക്കുമെന്ന് ഭരണകൂട പാവകളായിത്തീരുന്ന പൊലിസ് ഓര്‍ക്കണം. നിയമ സംവിധാനങ്ങളോടുള്ള സാധാരണ പൗരന്റെ വിശ്വാസ്യത നിലനിര്‍ത്തണമെങ്കില്‍ നിയമം നടപ്പാക്കുന്നവരുടെ കൊളോണിയല്‍ മനഃസ്ഥിതി മാറേണ്ടതുണ്ടെന്ന കോടതി നിഗമനം, ‘ഭരണകൂടത്തിന്റെ മര്‍ദനോപകരണമാണ് പൊലിസ് ‘ എന്ന് പറഞ്ഞ മാര്‍ക്‌സിന്റെ അനുയായികളായ ഇന്നത്തെ ഭരണകൂടവും ഓര്‍ക്കണം. ഭരണകൂടങ്ങളുടെ മര്‍ദനോപകരണങ്ങളായി അധഃപതിക്കുന്ന പൊലിസ് സ്വന്തം ആത്മാഭിമാനമാണ് അടിയറവയ്ക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.