2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

ജനാധിപത്യ വൈവിധ്യങ്ങള്‍ ഒരുമിച്ചു വിധിയെഴുതുമ്പോള്‍


ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള നിര്‍ദേശത്തിന് ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. വേണമെങ്കില്‍ അടുത്ത വര്‍ഷം തന്നെ ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്താന്‍ സന്നദ്ധമാണെന്ന് കമ്മിഷന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇനി അതിനു വേണ്ടത് നിയമപരമായ നടപടിക്രമങ്ങളാണ്. ഭരണഘടനയിലും തെരഞ്ഞെടുപ്പ് ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിനായി രാഷ്ട്രീയ കക്ഷികള്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്ത് അഭ്യര്‍ഥിച്ചിട്ടുണ്ട്. അതു പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അടുത്ത മാസം സെപ്റ്റംബറോടെ ഈ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്താവുന്നതാണെന്ന് കമ്മിഷന്‍ പറയുന്നു.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കമുള്ള നിരവധി പ്രമുഖ നേതാക്കളും നിലവിലെ കേന്ദ്ര ഭരണകൂടവും തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുക എന്ന ആശയത്തോട് യോജിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ചെലവ് ഗണ്യമായി കുറയ്ക്കാനാവുമെന്നതാണ് ഈ രീതിയിലുള്ള തെരഞ്ഞടുപ്പിന് അവര്‍ പറയുന്ന മേന്മ. ആ ദിശയില്‍ ചിന്തിക്കുമ്പോള്‍ നല്ലൊരു ആശയമാണതെന്ന് പലര്‍ക്കും തോന്നിയേക്കും. ഇതുവഴി ലാഭിക്കുന്ന പണം കൂടി രാജ്യത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുക എന്ന നിര്‍ദേശം നിസാരമായി തള്ളിക്കളയാവുന്നതല്ല. എന്നാല്‍ ഇങ്ങനെയുള്ള തെരഞ്ഞെടുപ്പിന്റെ പ്രായോഗികതയും അത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതും കൂടി ഇക്കാര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്.
ഇപ്പോള്‍ പല കാലയളവുകള്‍ ബാക്കിനില്‍ക്കുന്ന സംസ്ഥാന നിയമസഭകളെ ഇതിനായി ഒരേസമയം റദ്ദാക്കേണ്ടി വരും. അഞ്ചു വര്‍ഷത്തേക്ക് ജനത എഴുതിയ വിധി ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് മറ്റു കാരണങ്ങളില്ലാതെ റദ്ദാക്കപ്പെടുമെന്നര്‍ഥം. ഒന്നിച്ചു തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭകള്‍ പലതും കാലാവധിക്ക് ഏറെ മുമ്പ് അസ്ഥിരപ്പെട്ടേക്കാം. പാര്‍ട്ടികളുടെ പിളര്‍പ്പും അവിശ്വാസപ്രമേയങ്ങളുമൊക്കെ നമ്മുടെ ജനാധിപത്യത്തിന്റെ ഭാഗം തന്നെയാണ്. സഭകള്‍ അസ്ഥിപ്പെട്ട സംസ്ഥാനങ്ങളില്‍ ചിലപ്പോള്‍ വര്‍ഷങ്ങളുടെ തന്നെ രാഷ്ട്രപതി ഭരണം വേണ്ടിവരും. അതു ജനാധിപത്യത്തിന് ഒട്ടും ആശ്വാസ്യമാവില്ല.
ചലനാത്മകമായ ഒരു ജനാധിപത്യ സമൂഹത്തില്‍ തെരഞ്ഞെടുപ്പ് ആരെയെങ്കിലും അധികാരത്തിലെത്തിക്കുകയോ പുറന്തള്ളുകയോ ചെയ്യുന്ന പ്രക്രിയ മാത്രമല്ല. നാടിന്റെ ഭാവിയെ നിര്‍ണയിക്കുന്ന രാഷ്ട്രീയ വിഷയങ്ങളെ കീറിമുറിച്ച് ചര്‍ച്ച ചെയ്യേണ്ട സന്ദര്‍ഭമാണത്. ചോദ്യം ചെയ്യപ്പെടേണ്ടവര്‍ അതിനു വിധേയരാവാന്‍ നിര്‍ബന്ധിതരാകുന്ന സമയം കൂടിയാണത്. അതു നടക്കുക തന്നെ വേണം. ശക്തമായ രാഷ്ട്രീയ സംവാദങ്ങള്‍ ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ്. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയത്തു തെരഞ്ഞടുപ്പ് നടക്കുമ്പോള്‍ അതിനു പരിമിതികളുണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നതാവില്ല നിയമസഭാ തെരഞ്ഞെടുപ്പിലെ വിഷയങ്ങള്‍. പലതരത്തിലും ഒട്ടേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ സംസ്ഥാനങ്ങളിലെ വിഷയങ്ങള്‍ വിപുലവും അതിസങ്കീര്‍ണവുമായിരിക്കും. ദേശീയ വിഷയങ്ങളുടെ ചര്‍ച്ചയ്ക്കിടയില്‍ സംസ്ഥാന വിഷയങ്ങളിലോ നേരെ തിരിച്ചോ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് സാധിക്കാതെ വരും. ഇങ്ങനെ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്റെ ആരോഗ്യക്ഷയത്തിനു വഴിയൊരുക്കിയേക്കും. പ്രാദേശിക വിഷയങ്ങള്‍ക്ക് കാര്യമായ ഇടം കിട്ടാത്ത തെരഞ്ഞെടുപ്പുകള്‍ ഫെഡറല്‍ സംവിധാനത്തിനും ഹാനികരമാണ്.
ജനാധിപത്യവിരുദ്ധത കൂടപ്പിറപ്പായുള്ള സംഘ്പരിവാറിന്റെ ഭരണകാലത്ത് ഇത്തരമൊരു തെരഞ്ഞെടുപ്പ് സമ്പ്രദായത്തിനായി കാണിക്കുന്ന അത്യുത്സാഹത്തെ പ്രധാന പ്രതിപക്ഷ കക്ഷികള്‍ സംശയത്തോടെ വീക്ഷിക്കുന്നത് കാണേണ്ടതുമുണ്ട്. രാജ്യത്തു നിലനില്‍ക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തോട് പലതരം വിയോജിപ്പുകള്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിനുണ്ട്. നിലവിലെ ഘടന തകര്‍ത്ത് പ്രസിഡന്‍ഷ്യല്‍ രീതി നടപ്പാക്കാണമെന്ന അഭിപ്രായക്കാരാണ് സംഘ്പരിവാര്‍ നേതൃനിരയിലുള്ളത്. സ്വേച്ഛാധിപത്യ വാസനയുള്ള രാഷ്ട്രീയ ശക്തികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതി അതാണ്. രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കു കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ആദ്യ ചുവടുവയ്പാണ് ഒന്നിച്ചുള്ള തെരഞ്ഞെടുപ്പെന്ന് സംശയിക്കുന്ന ജനാധിപത്യവിശ്വാസികളുടെ വലിയൊരു സമൂഹം നാട്ടിലുണ്ട്. ഈ യാഥാര്‍ഥ്യങ്ങളെല്ലാം കണക്കിലെടുത്തായിരിക്കണം തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനായുള്ള ഏതൊരു നീക്കവും നിയമനിര്‍മാണവും. തീര്‍ത്തും കുറ്റമറ്റതല്ലെങ്കിലും മറ്റു ജനാധിപത്യ സമൂഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ മെച്ചപ്പെട്ടതാണ് നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനമെന്ന് ഓര്‍ത്തുകൊണ്ടു കൂടി ആയിരിക്കണം അതിലെ തിരുത്തലുകള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.