2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

നിയമം കര്‍ശനമാക്കിയിട്ടും കുട്ടികള്‍ സുരക്ഷിതരല്ല


 

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ നിയമം കര്‍ക്കശമാക്കിയിട്ടും വധശിക്ഷവരെ കിട്ടാവുന്ന നിയമ ഭേദഗതി വരുത്തിയിട്ടും പീഡനങ്ങള്‍ വര്‍ധിക്കുന്നുവെന്നത് അമ്പരപ്പിക്കുന്നതാണ്. വണ്ടിപ്പെരിയാര്‍ ചൂരക്കളം എസ്റ്റേറ്റില്‍ ആറു വയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചു കെട്ടിത്തൂക്കിയ വാര്‍ത്തയുടെ നടുക്കം മാറും മുന്‍പ്, പെണ്‍കുട്ടികളെ പീഡിപ്പിച്ചതും ബലിയറുത്തതുമയുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസം യു.പിയില്‍നിന്നു വരികയുണ്ടായി. ഇവിടെ, കേരളത്തില്‍ വണ്ടിപ്പെരിയാറില്‍ പീഡനത്തെ തുടര്‍ന്ന് ബോധരഹിതയായ പെണ്‍കുട്ടിയെ പ്രതി കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. കുട്ടിയെ മൂന്നുവയസ് മുതല്‍ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നുവെന്ന്, ഇരുപത്തിരണ്ടു വയസുള്ള പ്രതി അര്‍ജുന്‍ പൊലിസിനോട് സമ്മതിച്ചിരിക്കുകയാണ്.
മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ചാണ് യു.പിയിലെ ബാന്ദ ജില്ലയില്‍ അയല്‍ക്കാരിയായ സ്ത്രീയും മകളും ചേര്‍ന്ന് അഞ്ചുവയസുകാരിയെ കഴുത്തറുത്തു കൊന്നത്. കുഴിച്ചുമൂടിയ നിധി കണ്ടെത്താനായിരുന്നുവത്രെ കൊച്ചു കുഞ്ഞിനെ കഴുത്തറുത്ത് ആറ്റിലേക്കെറിഞ്ഞത്. യു.പിയില്‍ നിന്നുതന്നെയാണ് ക്രൂരതയുടെ മറ്റൊരു വാര്‍ത്തയും കഴിഞ്ഞ ദിവസം വന്നത്. പതിനാറു വയസുകാരിയെ മാതാപിതാക്കളുടെ മുന്‍പിലിട്ട് എട്ടുപേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം നടത്തി എന്നതായിരുന്നു വാര്‍ത്ത. പെണ്‍കുട്ടിയുടെ സഹോദരന്‍ മറ്റൊരു പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിലെ പ്രതികാരം തീര്‍ക്കുകയായിരുന്നുവത്രെ കൂട്ടബലാത്സംഗത്തിലൂടെ. രാജ്യം ഡിജിറ്റല്‍ യുഗത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞുവെന്ന് ഭരണാധികാരികള്‍ അവകാശപ്പെടുമ്പോഴും ഒരു വിഭാഗം ജനതയില്‍ കാര്യമായ മാറ്റമുണ്ടായില്ലെന്നാണ് ഈ സംഭവങ്ങളൊക്കെയും വെളിപ്പെടുത്തുന്നത്. അത്തരക്കാര്‍ കൂടുതല്‍ പ്രാകൃതരായിത്തീരുന്നുവെന്നു വേണം കരുതാന്‍.

മനുഷ്യര്‍ അന്ധവിശ്വാസികളും ദുരഭിമാനക്കൊലയാളികളും ബലാത്സംഗക്കാരുമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ കാരണക്കാര്‍ ഭരണകൂടങ്ങളാണ്. മഹാമാരിയെ ചെറുക്കാന്‍ ചാണകവെള്ളം കൊണ്ട് അഭിഷേകം ചെയ്യുന്നവരെ അതില്‍നിന്നു പിന്തിരിപ്പിച്ച് വാക്‌സിനേറ്റ് ചെയ്യാന്‍ തയാറാകാത്ത സര്‍ക്കാരുകള്‍ ഉണ്ടാകുമ്പോള്‍ മന്ത്രവാദികളുടെ ചൂഷണങ്ങള്‍ വര്‍ധിക്കുക സ്വാഭാവികം. ഉയര്‍ന്ന ജാതിക്കാര്‍ നടത്തുന്ന ജാത്യാഭിമാനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളുടെ അടിസ്ഥാനം അന്ധവിശ്വാസം തന്നെ. യു.പി പോലുള്ള സംസ്ഥാനങ്ങളില്‍ ഭരണാധികാരികള്‍ ശക്തമായ നടപടിയെടുക്കാത്തതിനാലാണ് അവിടെ കുട്ടികള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ ഏറുന്നത്. നഷ്ടപ്പെടുന്ന വോട്ടു ബാങ്കുകളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ പാവങ്ങളായ കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുന്നതില്‍ നിന്നു യു.പി പോലുള്ള സംസ്ഥാനങ്ങളിലെ ഭരണാധികാരികളെ പിറകോട്ടടിപ്പിക്കുന്നു. ജനങ്ങള്‍ അജ്ഞതയുടെ കൂരിരുളില്‍ കഴിഞ്ഞാല്‍ മാത്രമേ അവരെ അന്ധവിശ്വാസത്തിന്റെ അടിമകളാക്കാനും അതുവഴി ഭരണം നിലനിര്‍ത്താനും കഴിയൂവെന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചില ഭരണാധികാരികളെങ്കിലും കരുതുന്നുണ്ടാകണം. അതുകൊണ്ടാണ് അത്തരം സംസ്ഥാനങ്ങളില്‍ മന്ത്രവാദത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത്. അധികവും കുട്ടികളാണ് ഈ ക്രൂരതകള്‍ക്കെല്ലാം ഇരയാകുന്നത്.

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ കേരളവും പിന്നോക്കമല്ല. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായ ഏഴുവയസുകാരന്‍ വെന്റിലേറ്ററിലായതും പിന്നീട് മരണപ്പെട്ടതും അനുസരണക്കേട് കാണിച്ചു എന്നാരോപിച്ച് ആലുവയില്‍ മൂന്നുവയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്നതും നമ്മുടെ സംസ്ഥാനത്താണ്. കുട്ടികള്‍ക്കു നേരെയുള്ള രക്ഷിതാക്കളുടെയോ ബന്ധുക്കളുടെയോ മര്‍ദനങ്ങളും അയല്‍വാസികളുടെയോ മറ്റുള്ളവരുടേയോ ലൈംഗികാക്രമണങ്ങളും കൊലപാതകങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നുവെന്ന് ചുരുക്കം.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാക്രമണങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരേ ശക്തമായ നിയമം നിലവിലുണ്ടായിട്ടും പീഡനങ്ങള്‍ക്ക് യാതൊരു അറുതിയുമുണ്ടാകുന്നില്ല. രണ്ടുവര്‍ഷം മുന്‍പ് സാമൂഹ്യനീതി വകുപ്പ് നടത്തിയ ഒരു സര്‍വേയില്‍ നമ്മുടെ കൊച്ചു സംസ്ഥാനത്ത് 11,72,433 കുടുംബത്തിലെ കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ ഈ എണ്ണം വര്‍ധിച്ചിരിക്കാം. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുകയാണെന്ന് 2018ല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കില്‍ പറയുന്നുണ്ട്. കുട്ടികള്‍ക്കു നേരെ 272 ലൈംഗികാക്രമണങ്ങളാണ് അന്ന് രേഖപ്പെടുത്തിയെതെങ്കില്‍ ഒരു ശമനവുമില്ലാതെ ക്രൂരത ഇപ്പോഴും തുടരുന്നു എന്നതാണ് യാഥാര്‍ഥ്യം. കുട്ടികള്‍ക്കു നേരെയുള്ള എല്ലാവിധ ആക്രമണങ്ങളും തടയുക എന്ന ലക്ഷ്യംവച്ച് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച തണല്‍ പദ്ധതിയും വേണ്ടത്ര പ്രയോജനപ്പെടുന്നില്ല.

സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അശ്ലീല ദൃശ്യങ്ങളുടെ സ്വാധീനവും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധമില്ലാത്തതും സാമൂഹികമായ കാഴ്ചപ്പാട് ഇല്ലാത്തതും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാക്രമണങ്ങള്‍ അടക്കമുള്ള ശാരീരിക പീഡനങ്ങളും കൊലപാതകങ്ങളും വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ യഥാവിധി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ക്രിയാത്മക സംവിധാനങ്ങള്‍ ഇല്ല. ഇതും കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരതയ്ക്ക് ആക്കംകൂട്ടുന്നു.

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 20 വര്‍ഷം തടവും പിഴയും ഏറ്റവും കൂടിയത് വധശിക്ഷയുമായി പാര്‍ലമെന്റ് നിയമ ഭേദഗതി പാസാക്കിയത് 2019 ല്‍ ആണ്. പോ
ക്‌സോ നിയമഭേദഗതിയിലൂടെയാണ് ലോക്‌സഭ ഈ ബില്‍ പാസാക്കിയത്. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കെല്ലാം ഭേദഗതി ചെയ്യപ്പെട്ട പോക്‌സോ നിയമത്തിന്റെ പരിരക്ഷ ലഭിക്കുകയും ചെയ്യും. വണ്ടിപ്പെരിയാറില്‍ സംഭവിച്ചത് പോലുള്ള, ദരിദ്രരായ കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതിന്റെ അടിസ്ഥാനപരമായ കാരണം സാമൂഹിക അസമത്വവും പോക്‌സോ നിയമത്തെ കുറിച്ചുള്ള അജ്ഞതയുമാണ്. അക്രമികള്‍ക്കു ലഭിക്കാന്‍ പോകുന്ന ശിക്ഷയെക്കുറിച്ച് അവരറിയണം. വിവിധ വകുപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കുന്ന നിയമസഹായങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ ഉണ്ടായാലേ ഇതു സാധ്യമാകൂ. കുട്ടികളുടെ നിയമ പരിരക്ഷയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും വ്യാപകമായ തോതില്‍ ബോധവല്‍ക്കരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള സാമൂഹ്യ നീതി വകുപ്പ് നടത്തണം. എന്നാല്‍ മാത്രമേ കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് അവസാനമുണ്ടാവുകയുള്ളൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.