2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

അകറ്റിനട്ടാലും വേരുകളാൽ കെട്ടിപ്പുണരും ഈ ജനത

മലയാള കവിതാ മണ്ഡലത്തിൽ അടയാളപ്പെടുത്തപ്പെട്ട കവിയാണ് വീരാൻകുട്ടി. ‘ഭൂമിക്കടിയിൽ വേരുകൾകൊണ്ട് കെട്ടിപ്പിടിക്കുന്നു, ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച് നാം അകറ്റിനട്ട മരങ്ങൾ’ എന്ന അദ്ദേഹത്തിന്റെ വരികൾ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇന്ത്യൻ ജനതയിൽ പരസ്പരമുള്ള സ്നേഹാശ്ലേഷങ്ങൾ ഇല്ലാതാക്കാൻ ഭരണകൂടം വേർപ്പെടുത്തി നിർത്തിയാലും മനസുകൊണ്ട് അവർ കെട്ടിപ്പിടിച്ചു കൊണ്ടേയിരിക്കുമെന്ന സന്ദേശമാണ് വിഘടന ശക്തികൾക്ക് ഈ വരികളിലൂടെ കവി നൽകുന്നത്.
അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ)യെ നിന്ദിക്കുന്ന പരാമർശം നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമയെ ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കം ചെയ്യാനും ബി.ജെ.പി ഡൽഹി ഘടകം മാധ്യമവിഭാഗം ചുമതലക്കാരൻ നവീൻ കുമാർ ജൻഡാലിനെ പാർട്ടിയിൽനിന്ന് പുറത്താക്കാനും ബി.ജെ.പി ദേശീയ നേതൃത്വം തയാറായത് രാജ്യാന്തര തലത്തിൽ, പ്രത്യേകിച്ച് അറബ് ലോകത്തുനിന്ന് വ്യാപക പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്നാണ്. ജ്ഞാൻവാപി മസ്ജിദിനെ സംബന്ധിച്ച് ടി.വി ചാനൽ ചർച്ചയ്ക്കിടെ പ്രവാചകർക്കെതിരേ പ്രകോപന പരാമർശങ്ങൾ ദിവസങ്ങൾക്കു മുമ്പുതന്നെ നൂപുർ ശർമ നടത്തിയതാണ്. തുടർന്ന് യു.പിയിലും രാജസ്ഥാനിലും പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളെ അടിച്ചമർത്തുകയല്ലാതെ, നിന്ദാവചനം നടത്തിയ നൂപുർ ശർമയെയും അവരുടെ പരാമർശങ്ങൾ ട്വീറ്റ് ചെയ്ത നവീൻ കുമാർ ജൻഡാലിനെയും ശാസിക്കാൻ പോലും ബി.
ജെ.പി തയാറായിരുന്നില്ല.

അറബ് ലോകത്ത് ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് മനസിലാക്കിയാണ് കേന്ദ്ര സർക്കാരിന്റെ സമ്മതത്തോടെ ബി.ജെ.പി നേതൃത്വം നടപടിയെടുത്തത്. പാർട്ടി നേതാക്കളാണ് പരാമർശം നടത്തിയത്, സർക്കാരല്ല എന്ന കേന്ദ്ര സർക്കാരിന്റെ വാദങ്ങളൊന്നും നിലനിൽക്കുന്നതല്ല. കുവൈത്തിലെയും ഖത്തറിലെയും ഇന്ത്യൻ സ്ഥാനപതികളെ വിളിച്ചു വരുത്തി ആ രാജ്യങ്ങൾ അവരുടെ പ്രതിഷേധമറിയിച്ചതിനെ തുടർന്നും ഖത്തർ സന്ദർശിക്കുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുമൊന്നിച്ചുള്ള ഖത്തർ ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയുടെ ഉച്ചവിരുന്ന് ഖത്തർ ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്നുമാണ് ബി.ജെ.പി നേതൃത്വം ഇരുവർക്കുമെതിരേ നടപടിയെടുക്കാൻ നിർബന്ധിതമായത്. ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ആഹ്വാനങ്ങൾ ഗൾഫ് മേഖലകളിലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. കൂടുതൽ ഗൾഫ് രാജ്യങ്ങൾ പ്രതിഷേധങ്ങളുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
2019 ഓഗസ്റ്റിലാണ് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ചത്. അറബ് രാഷ്ട്ര ഭരണാധികാരികളുടെ സഹിഷ്ണുതയുടെയും സ്നേഹനിർഭരമായ ഇടപെടലുകളുടെയും അടയാളപ്പെടുത്തൽ കൂടിയായിരുന്നു ഈ പുരസ്കാര സമർപ്പണം.

ഇന്ത്യയിലെ മസ്ജിദുകളിൽ സംഘ്പരിവാർ ശിവലിംഗം തിരയുമ്പോൾ അബൂദബിയിൽ യു.എ.ഇ ഭരണകൂടം എഴുനൂറ് കോടി രൂപ ചെലവിൽ 13.5 ഏക്കർ സ്ഥലത്ത് ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം പണിതുകൊണ്ടിരിക്കുകയായിരുന്നു. ലോകത്തെ തന്നെ അമ്പരപ്പിക്കുന്നതായിരുന്നു യു.എ.ഇ ഭരണകൂടത്തിന്റെ ഈ ക്ഷേത്രനിർമാണം. യു.എ.ഇ ഭരണാധികാരികളുടെ അപരമത ബഹുമാനത്തിന്റെ നിദർശനമാണ് ഈ ക്ഷേത്രനിർമാണം. 55,000 സ്ക്വയർ ഫീറ്റ് ചുറ്റളവിൽ ഏറ്റവും വലിയ ക്ഷേത്രം യു.എ.ഇ ഭരണാധികാരികൾ നിർമിക്കുവാൻ കാണിക്കുന്ന മഹാമനസ്കത ജനാധിപത്യ രാജ്യമായ ഇന്ത്യ മുഖവിലയ്ക്കെടുക്കേണ്ട മാതൃകയാണ്.

2022ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഭരണകൂടവും ബി. ജെ.പി നേതൃത്വവും ഇന്ത്യൻ ജനതയെ വിഭജിക്കുന്ന പ്രവൃത്തിയിലാണ് മുഴുകിയിരിക്കുന്നതെന്ന ചിന്ത ജനങ്ങളിൽ വളർന്നിട്ടുണ്ട്. നമ്മുടെ മതേതര മനസിനെ ആഴത്തിൽ നോവിക്കുന്ന ഒന്നാണിത്. വിവേകമുള്ള ഒരു ഭരണകൂടത്തിൽനിന്ന് വന്നുകൂടാത്തത്.

ബ്രിട്ടീഷ് – ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദി എഴുതിയ സാത്താനിക് വേഴ്സസ് മതനിരപേക്ഷതയ്ക്കു പോറൽ വരുത്തുമെന്നുകണ്ട് 1988ൽ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ച നാടാണിത്. രാജീവ് ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. സൽമാൻ റുഷ്ദിയുടേതു പോലുള്ള പ്രവാചകനിന്ദാ വചനങ്ങൾ ഇന്ത്യയിൽ തന്നെ മുളപൊട്ടുമ്പോൾ സർക്കാർ മൗനം പാലിക്കുന്നത് ആത്മഹത്യാപരമായിരിക്കും. വർഗീയ ശക്തികളെ തുരത്തുന്നതിനു മതേതര പ്രസ്ഥാനങ്ങൾ മുന്നണിയാകുന്നില്ലെങ്കിൽ വേണ്ട; പരസ്പരം സഹകരിച്ചെങ്കിലും മുന്നോട്ടു പോകേണ്ട അനിവാര്യ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അതാണ് നൂപുർ ശർമയെപ്പോലുള്ളവർ പ്രവാചക നിന്ദയിലൂടെ ഓർമപ്പെടുത്തുന്നതും. ഇന്ത്യയുടെ മനസും ഭരണഘടനയുടെ ഉൾക്കാമ്പും രാജ്യത്തിന്റെ ഇതഃപര്യന്തമുള്ള മതനിരപേക്ഷ പാരമ്പര്യവും മുറുകെപ്പിടിച്ച് മുഴുവൻ ജനങ്ങൾക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം പുനർനിർമിക്കേണ്ടിയിരിക്കുന്നു.

വൈദേശിക ഭരണത്തെ അവസാനിപ്പിക്കുക എന്നതിനൊപ്പം സർവർക്കും തുല്യനീതി ഉറപ്പാക്കുന്ന രാഷ്ട്ര പുനർനിർമിതിയും കൂടിയായിരുന്നു രാഷ്ട്രശിൽപികളായ മഹാത്മാ ഗാന്ധിയും നെഹ്റുവും മൗലാന അബുൽ കലാം ആസാദും സ്വതന്ത്ര്യ ഇന്ത്യയിൽ സ്വപ്നം കണ്ടിരുന്നത്. സ്വാതന്ത്ര്യം ലഭിച്ചാൽ താൻ ആഗ്രഹിക്കുന്നത് ഖലീഫ ഉമറിന്റെ ഭരണമാണെന്ന് ഗാന്ധിജിയെക്കൊണ്ട് പറയിപ്പിച്ചത് ഈയൊരു ദർശനത്തിന്റെ വെളിച്ചത്തിലായിരുന്നു. ഇന്ത്യയുടെ മതേതരത്വം എന്നുപറയുന്നത് അയ്യായിരം വർഷങ്ങളുടെ വളർച്ചയുള്ള പാരമ്പര്യമാണ്. ആ പാരമ്പര്യത്തിന്റെ ഉൾത്തുടിപ്പാണ് ഇന്ത്യൻ സംസ്കാരം. നൂറ്റാണ്ടുകളിലൂടെ ഇവിടം ഭരിച്ച ഭരണാധികാരികളെല്ലാം ആ സംസ്കാരം പുണരുക തന്നെ ചെയ്തു. പരസഹസ്രം സമുദായങ്ങളുടെ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള ഒരു ഭരണഘടനക്ക് രൂപംനൽകാൻ രാഷ്ട്രശിൽപികളെ പ്രചോദിപ്പിച്ചതും ഈ പാരമ്പര്യം നൽകിയ കരുത്താണ്. ആ കരുത്താണ് ഇന്ത്യൻ മനസിന്റെ ആത്മാവ്.
എന്നാലിപ്പോൾ, വർഗീയശക്തികൾ ഉയർത്തിക്കൊണ്ടിരിക്കുന്ന ഭീഷണികളെ നേരിടണമെങ്കിൽ ജനാധിപത്യ മതേതര ആശയങ്ങളിലൂടെ മതേതര പ്രസ്ഥാനങ്ങൾ ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ മുന്നോട്ടുവരണം. അറബ് രാഷ്ട്രങ്ങളുടെ ആഘാത ചികിത്സയിൽനിന്ന് പാഠം പഠിച്ച് ജനതയെ ഭിന്നിപ്പിക്കുന്ന നീചപ്രവൃത്തിയിൽ നിന്ന് ഇനിയെങ്കിലും ഭരണകൂടവും ബി.ജെ.പിയും വിട്ടുനിൽക്കണം.
ഇലകൾ തൊടാതിരിക്കാൻ ശിഖരങ്ങൾ വെട്ടിമാറ്റിയാലും വേരുകളെ അകറ്റാനാവുകയില്ല ഇന്ത്യയുടെ. അവ കൂടുതൽ ഭദ്രമായി പുണർന്നു തന്നെയിരിക്കുമെന്നതാണ് ഈ രാജ്യത്തിന്റെ പാരമ്പര്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.