2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

പ്രസ്താവനകളല്ല വേണ്ടത് നടപടികളാണ്


കേരളവും ബംഗാളും ജിഹാദികളെ സഹായിക്കുകയാണെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിജയദശമി നാളിലെ നാഗ്പൂര്‍ പ്രസംഗത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞുവെങ്കിലും പൊതുസമൂഹം ആ മറുപടിയെ എത്ര മാത്രം വിശ്വസിക്കുന്നു എന്നതാണ് കാതലായ കാര്യം. സി.പി.എം നേതൃത്വത്തിലുള്ള ഇടത്പക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നതിന് ശേഷം സര്‍വതന്ത്ര സ്വതന്ത്രരായാണ് സംഘ്പരിവാര്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നത്. ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്യമത വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേയും അക്രമങ്ങള്‍ക്കെതിരേയും സര്‍ക്കാര്‍ കാര്യമായ നടപടികളൊന്നും ഇതുവരെ എടുത്തിട്ടില്ല. ഏതെങ്കിലുമൊരു സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയുടെ തട്ടകത്തില്‍ കേരള രക്ഷായാത്രയുമായി കുമ്മനം രാജശേഖരന്‍ എത്തുമായിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടി ജനം വിശ്വാസത്തിലെടുക്കുമായിരുന്നു. കേരളത്തില്‍ ഇതിനകം ഹിന്ദുത്വശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്യമത വിദ്വേഷ പ്രചാരണങ്ങളും പ്രസംഗങ്ങളും കൊലപാതകങ്ങളും പൊതുസമൂഹത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല.
കേരള സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന മോഹന്‍ ഭാഗവതിന്റെ ദുരാരോപണത്തിന് ഒരു വര്‍ഗീയ ശക്തിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്ന മുഖ്യമന്ത്രിയുടെ മറുപടി ആര്‍.എസ്.എസിന്റെ വിഷലിപ്തമായ പ്രചാരണങ്ങള്‍ക്ക് എതിരേ നടപടിയെടുത്തതിന് ശേഷമായിരുന്നു വേണ്ടിയിരുന്നത്.
ഇപ്പോള്‍തന്നെ കണ്ണൂരിലെ പയ്യന്നൂരില്‍ നിന്നും ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേരള രക്ഷായാത്രയെന്ന പേരില്‍ മതവിദ്വേഷ പദയാത്ര നടത്തുവാന്‍ ധൈര്യം നല്‍കിയത് സര്‍ക്കാര്‍ സംഘ്പരിവാര്‍ കാര്യത്തിലെടുക്കുന്ന ഉദാസീനത കാരണമാണ്. മെഡിക്കല്‍ കോളജ് കോഴയില്‍ നിന്ന് പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കുവാനും കൂടിയാണ് ഈ പദയാത്ര എന്നെങ്കിലും ജനത്തെ സര്‍ക്കാരിന് ബോധ്യപ്പെടുത്താമായിരുന്നു. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ ജാഥയിലുള്ള പങ്കാളിത്തവും സര്‍ക്കാരിന്റെ ആര്‍.എസ്.എസിനോടുള്ള മൃദു സമീപനം കൊണ്ടുണ്ടായതാണ്.
ഓഗസ്റ്റ് 15ന് മോഹന്‍ ഭാഗവത് ദേശീയ പതാകയെ അപമാനിക്കുംവിധം അത് ഉയര്‍ത്തിയപ്പോഴും ദേശീയ ഗാനത്തിന് പകരം വന്ദേമാതരം ആലപിച്ചപ്പോഴും സര്‍ക്കാര്‍ സംവിധാനം അനങ്ങിയില്ല. പ്രകോപന സാധ്യതയാകും ഇടപെട്ടാലെന്നാണ് സര്‍ക്കാരിന്റെ ഭാഷ്യമെങ്കില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഈ തത്വം അറിയാതെ പോയതാണോ മോഹന്‍ ഭാഗവതിന് ബംഗാളില്‍ കാലുകുത്താന്‍ അനുവദിക്കാതിരുന്ന മുഖ്യമന്ത്രിയാണവര്‍. എന്നിട്ട് ആ സര്‍ക്കാരിനൊന്നും സംഭവിച്ചില്ലല്ലോ. മുസ്‌ലിം ലീഗ് നേതാവ് സി. മോയിന്‍കുട്ടി ദേശീയ പതാക ഉയര്‍ത്തിയപ്പോഴുണ്ടായ കൈയബദ്ധത്തിന് പൊലിസ് കേസെടുക്കുകയും ചെയ്തു. പറവൂരില്‍ ചിലരെ ലഘുലേഖകള്‍ വിതരണം ചെയ്തതിന്റെ പേരില്‍ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അതിന് മുമ്പ് അവരെ ആക്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പൊലിസ് സ്റ്റേഷനില്‍ കസേര നല്‍കുകയും ചെയ്തു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത് ആര്‍.എസ്.എസുകാരെ പ്രകോപിക്കുംവിധമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത് എന്ന ഉപദേശമായിരുന്നു. അവര്‍ക്ക് വശപ്പെട്ട് ജീവിക്കണമെന്നാണോ ഈ പ്രസ്താവനയുടെ സാരം. എന്നിട്ടും ന്യൂനപക്ഷ സംരക്ഷണം തങ്ങളുടെ കൈയിലാണെന്ന് പറയുന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിഷലിപ്ത പ്രചാരണങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും ആര്‍.എസ്.എസ് നടത്തുന്നത് ഘര്‍വാപസി പോലുള്ള മതംമാറ്റ പീഡന കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടുപോവുന്നതിന് വേണ്ടിയാണ്. സര്‍ക്കാര്‍ ഇപ്പോഴും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുത്തിട്ടില്ല. കാസര്‍കോട് പള്ളിയിലെ റിയാസ് മുസ്‌ലിയാരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി വെട്ടികൊന്നതിനെതിരേ യു.എ.പി.എ ചുമത്താതിരുന്ന സര്‍ക്കാര്‍ ഷംസുദ്ദീന്‍ പാലത്ത് എന്ന മത പ്രസംഗകനെതിരേ അത് പ്രയോഗിക്കുകയും ചെയ്തു.
കെ.ഇ.ആര്‍ നിയമം കാറ്റില്‍ പറത്തിയാണ് ഹിന്ദുഐക്യവേദി പ്രസിഡന്റ് കെ.പി ശശികല എന്ന അധ്യാപിക കേരളത്തിലുടനീളം വിഷലിപ്ത പ്രസംഗങ്ങളുമായി സഞ്ചരിക്കുന്നത്. അന്യ മതസ്ഥരെയും മതങ്ങളെയും ആക്ഷേപിച്ച് സംസാരിക്കുന്നത് കെ.ഇ.ആര്‍ നിയമ പ്രകാരം കടുത്ത അപരാധമാണ്. അവരെ സര്‍വിസില്‍ നിന്നു പിരിച്ച് വിടേണ്ട കുറ്റമാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് അത്തരമൊരു നടപടിയുമായി ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. അവര്‍ക്കെതിരേ അടുത്ത കാലത്ത് ഒരു ചെറിയ കേസെടുത്തത് തന്നെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ്.
. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ പൗരാവകാശം സംരക്ഷിക്കുന്ന സര്‍ക്കാരാണ് ഇടത്പക്ഷ ഗവണ്‍മെന്റെന്ന് വാക്കാല്‍ പറഞ്ഞാല്‍ പോര പ്രവര്‍ത്തിയിലൂടെ കാണിക്കുകയാണ് വേണ്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.