2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

കൈക്കൂലി വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്ന സർവകലാശാലകൾ


കേരളത്തിൽ ഉന്നതവിദ്യാഭ്യാസം അധഃപതനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് വിളിച്ചുപറയുന്ന കൈക്കൂലി ആരോപണമാണ് ഏറ്റവുമൊടുവിലായി രണ്ട് സർവകലാശാലകളിൽ നിന്ന് ഉയർന്നുവന്നിരിക്കുന്നത്. പിൻവാതിൽ നിയമനങ്ങളിലൂടെ സംസ്ഥാനത്തെ ചില സർവകലാശാലകൾ ആക്ഷേപങ്ങളുടെ മുൾമുനയിൽ നിൽക്കുന്നതിനിടയിലാണ്, ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി വിദ്യാർഥികളെ ജയിപ്പിച്ചുകൊടുക്കുകയും മാർക്ക് ലിസ്റ്റ് തിരുത്തി നൽകുകയും ചെയ്യുന്ന വാർത്തകളും പുറത്തുവന്നിരിക്കുന്നത്.
സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് സംസ്ഥാനത്തെ രണ്ട് യൂനിവേഴ്സിറ്റികളിൽ അനധികൃത നിയമനം കൊടുക്കുന്നതിനെതിരേ പൊതുസമൂഹത്തിൽ നിന്ന് പ്രതിഷേധം നേരത്തെ ഉണ്ടായതാണ്. റാങ്ക് ലിസ്റ്റുകളിൽ ഒന്നാമതായി എത്തിയ മിടുക്കരായ ഉദ്യോഗാർഥികളെ തഴഞ്ഞ് സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് നിയമനം നൽകുന്നതിനെതിരേയായിരുന്നു പ്രതിഷേധങ്ങൾ ഉയർന്നുവന്നത്. ഇത്തരം സംഭവങ്ങളിൻ മനംമടുത്തായിരിക്കാം മിടുക്കരായ പല വിദ്യാർഥികളും സംസ്ഥാനത്തെ സർവകലാശാലകളെ ഉപേക്ഷിച്ച് ഡൽഹിയിലെ ജെ.എൻ.യുവിലും ഇതര സംസ്ഥാനങ്ങളിലും വിദേശ സർവകലാശാലകളിലും ചേക്കേറിക്കൊണ്ടിരിക്കുന്നത്. തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഉദ്യോഗാർഥികൾക്ക് സംസ്ഥാനത്തെ സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് തൊഴിൽ ദാതാക്കൾ കടലാസിന്റെ വില പോലും നൽകാത്തതിന്റെ പ്രധാന കാരണം സർവകലാശാലകളിലുണ്ടായ നിലവാരത്തകർച്ചയാണ്.

ഇപ്പോൾ പുറത്തുവന്ന വിവരങ്ങളിൽ രണ്ട് സർവകലാശാലകളിലെ ഉദ്യോഗസ്ഥരാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. എം.ജിയിലെയും കാലിക്കറ്റ് സർവകലാശാലയിലെയും. കൂടുതൽ സർവകലാശാലകൾ കൈക്കൂലി വാങ്ങി തോറ്റവരെ വിജയിപ്പിച്ച് പണം വാങ്ങിയിട്ടുണ്ടോ ?വിജയിച്ചവരെ തന്നെ വീണ്ടും വിജയിപ്പിച്ച് പണം വാങ്ങിയിട്ടുണ്ടോ? എന്നൊക്കെയറിയാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു. ഇതിനെ സംബന്ധിച്ചെല്ലാം വിശദമായ അന്വേഷണം ഉണ്ടാകുമോ എന്നാണറിയേണ്ടത്. ഇല്ലെങ്കിൽ ദിവസങ്ങൾക്കകം ഈ വിവാദവും വിസ്മരിക്കപ്പെടും. കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ എൽസി എന്ന ജീവനക്കാരിയെ എം.ജി സർവകലാശല തിരിച്ചെടുക്കപ്പെടുകയും അഴിമതിക്കാർ തുടർന്നും അവരുടെ അഴിമതിയുമായി മുമ്പോട്ട് പോവുകയും ചെയ്യും. മാർക്ക് ലിസ്റ്റ് മുഴുവനായും തിരുത്താൻ പലരിൽ നിന്ന് ഇത്തരക്കാർ പണം വാങ്ങിയിട്ടുണ്ടാകാം. ഇവയും അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധഃപതനം എത്രത്തോളമെത്തിയെന്ന് സർക്കാർ ഓർക്കണം. ഇല്ലെങ്കിൽ പാർട്ടി പ്രവർത്തകർക്കും നേതാക്കളുടെ ഭാര്യമാർക്കും ജോലി നൽകാനുള്ള തൊഴിൽ ദാന കേന്ദ്രമായി സംസ്ഥാനത്തെ യൂനിവേഴ്സിറ്റികൾ മാറുന്ന കാലം വിദൂരമാകില്ല.

എം.ബി.എ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് നൽകുന്നതിനു വിദ്യാർഥിനിയുടെ കൈയിൽ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എം.ജി സർവകലാശാല പരീക്ഷാഭവനിലെ അസിസ്റ്റന്റ് സി.ജെ എൽസിയെ വിജിലൻസ് അറസ്റ്റ് ചെയ്തത്. എൽസിയെ സസ്പെൻഡ് ചെയ്ത് സിൻഡിക്കേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് എം.ജി വൈസ് ചാൻസലർ. എൽസിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. എൽസിയെ കൂടാതെ മറ്റു ചിലരും കൈക്കൂലി വാങ്ങുന്നതിൽ പങ്കാളികളാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഒരു ജീവനക്കാരി മാത്രം വിചാരിച്ചാൽ ചെയ്യാൻ കഴിയുന്നതല്ല ഇത്തരം കൃത്രിമങ്ങൾ. ആ നിലക്ക് എൽസി വലിയൊരു അഴിമതി ശൃംഖലയിലെ കണ്ണിയാണോ എന്നാണറിയേണ്ടത്. എം.ജി സർവകലാശാലയിൽ 2009 ൽ ആണ് എൽസി തൂപ്പുകാരിയായി ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് തുല്യതാ പരീക്ഷയിലൂടെ പത്താം ക്ലാസും ഡിഗ്രി പരീക്ഷയും പാസായി എന്നും പറയപ്പെടുന്നു. ഇതും വിശദമായ പരിശോധനയിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു. അവരുടെ പരീക്ഷാ വിജയത്തിന്റെ ആധികാരികത തീർച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്. എൽസി വളരെ വേഗത്തിലാണ് പരീക്ഷാ ഭവനിലെ അസിസ്റ്റൻ്റായത്. അവർ സി.പി.എം പ്രവർത്തകയും പാർട്ടി അനുഭാവ സർവിസ് സംഘടനയുടെ സജീവ പ്രവർത്തകയുമായിരുന്നു. അസിസ്റ്റ് പദവിക്കായി ഇവർ വകുപ്പുതല പരീക്ഷയും പാസായിട്ടില്ല. സജീവമായ പാർട്ടി പ്രവർത്തനമാണ് അവരെ ഇതിനു സഹായിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

എം.ജി സർവകലാശാലയിലെ ഈ സംഭവത്തിന് തൊട്ടു പുറകെയാണ് കാലിക്കറ്റ് സർവകലാശാലയിലും കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത്. സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധനക്കും ബിരുദ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തുവാനുമാണ് കാലിക്കറ്റിൽ രണ്ട് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്. രണ്ട് പേരെയും അന്വേഷണ വിധേയമായി സർവകലാശാല സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർ ഇത്തരത്തിൽ മുമ്പും പ്രവർത്തിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. വൻ തുക വാങ്ങി തോറ്റവരെ വിജയിപ്പിച്ചിട്ടുണ്ടാകാം.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പ്രൊഫസർ പദവിയിലെത്താതെ ഈ പദവി തെറ്റായി ചേർത്തുകൊണ്ട് സത്യപ്രതിജ്ഞ ചെയ്തു എന്ന പരാതിയും നിലവിലുണ്ട്. ഈ പരാതിയെ മറികടക്കാൻ കാലിക്കറ്റ് സർവകലാശാല വിരമിച്ച അധ്യാപകർക്കെല്ലാം പ്രൊഫസർ പദവി നൽകാനുള്ള വിചിത്ര തീരുമാനമെടുക്കുകയും ചെയ്തു. സർവകലാശാലക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതാണ് തീരുമാനം.
ഒന്നാം പിണറായി സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീലും മാർക്ക് ദാന ആരോപണത്തിന് വിധേയനായിട്ടുണ്ട്. ഗവർണറുടെ അനുമതി കൂടാതെ ജലീൽ സാങ്കേതിക സർവകലാശാലയുടെ അദാലത്തിൽ പങ്കെടുത്തെന്നും ബി.ടെക് വിദ്യാർഥിയെ ജയിപ്പിക്കാൻ നിയമ വിരുദ്ധമായി മാർക്ക് ദാനത്തിനു വേണ്ടി ഇടപെട്ടെന്നുമുള്ള റിപ്പോർട്ട് ഗവർണർക്ക് നൽകിയതാണ്.

യൂനിവേഴ്സിറ്റികൾ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഇപ്പോൾ കൈക്കൂലി വാങ്ങുന്നതിന്റെയും കേന്ദ്രങ്ങളായി മാറാനുള്ള മുഖ്യകാരണം രാഷ്ട്രീയ നിയമനങ്ങളും ഇടപെടലുകളുമാണ്. അധ്യാപക, അനധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങൾ പാർട്ടി നിയന്ത്രണങ്ങളിലായതോടെയാണ് മിടുക്കരായ വിദ്യാർഥികളും പ്രഗത്ഭരായ അധ്യാപകരും സർവകലാശാലകളിൽ നിന്ന് അകലാൻ തുടങ്ങിയത്. സ്വജനപക്ഷപാതത്തിന്റെ കൂത്തരങ്ങായി സംസ്ഥാനത്തെ സർവകലാശാലകൾ മാറാതിരിക്കണമെങ്കിൽ യോഗ്യതയും പ്രാഗത്ഭ്യവുമുള്ള അധ്യാപകരും ഉദ്യോഗസ്ഥരും വേണം. അല്ലാത്തപക്ഷം രാഷ്ട്രീയക്കാർക്കും അഴിമതിക്കാർക്കും ചേക്കേറാനുള്ള സ്ഥലമായി സംസ്ഥാനത്തെ സർവകലാശാലകൾ അധഃപതിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.