2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

കായികതാരങ്ങൾക്ക് വാഗ്ദാനംചെയ്ത ജോലി നൽകണം


84 കായികതാരങ്ങൾ ജോലിക്കുവേണ്ടി വീണ്ടും തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. പത്തു വർഷം മുൻപ് സ്‌പോർട്‌സ് ക്വാട്ടയിൽപെട്ട താരങ്ങളാണ് സർക്കാരിന്റെ വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ച് വീണ്ടും സമരത്തിനിറങ്ങിയിരിക്കുന്നത്. നിയമനം നൽകാനുള്ള തീരുമാനം കഴിഞ്ഞ വർഷം ഉണ്ടായതാണ്. ധനകാര്യവകുപ്പിൽ ഫയൽ കുരുങ്ങിക്കിടക്കുന്നതിനാലാണ് തീരുമാനം പ്രാവർത്തികമാകാത്തതെന്ന് സെപ്റ്റംബറിൽ വാർത്ത വന്നിരുന്നു. ഇതുവരെ ധനകാര്യ വകുപ്പിനെക്കൊണ്ട് ഫയൽ തുറപ്പിക്കാൻ സർക്കാരിനോ സ്‌പോർട്‌സ് മന്ത്രിക്കോ കഴിഞ്ഞില്ല.
2010- 14 വർഷത്തെ 249 കായിക താരങ്ങൾക്ക് ജോലി നൽകാനായിരുന്നു ഒന്നാം പിണറായി സർക്കാർ എടുത്ത തീരുമാനം. അന്നത്തെ കായികമന്ത്രിയായിരുന്ന ഇ.പി ജയരാജൻ ഇതുസംബന്ധിച്ച പ്രഖ്യാപനവും അന്നു നടത്തി. എന്നാൽ വഞ്ചിയിപ്പോഴും തിരുനക്കര തന്നെ. ജോലി നൽകാമെന്നു പറഞ്ഞ് സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ചാണ് സെക്രട്ടേറിയറ്റിനു മുൻപിൽ കഴിഞ്ഞ ദിവസം മുതൽ 84 കായികതാരങ്ങൾ അനിശ്ചിതകാല സമരം തുടങ്ങിയത്.
സർക്കാർ വാഗ്ദാനം ചെയ്ത ജോലി ലഭിക്കുംവരെ സമരം ചെയ്യാനാണ് താരങ്ങളുടെ തീരുമാനം. 590 കായികതാരങ്ങൾക്ക് ജോലി ലഭിച്ചെന്നായിരുന്നു കഴിഞ്ഞ വർഷം ഇടതുമുന്നണി സർക്കാർ അവകാശപ്പെട്ടിരുന്നത്. പട്ടികയിൽപെട്ട 84 പേർക്ക് പക്ഷേ ജോലി ലഭിച്ചില്ല. അത് നേടിയെടുക്കാനാണ് അവർ പ്രത്യക്ഷ സമരത്തിനിറങ്ങിയിട്ടുള്ളത്.

വെള്ളി, വെങ്കലം മെഡൽ നേടുന്ന സ്‌പോർട്‌സ് താരങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന പ്രഖ്യാപനം വന്ന് പത്ത് വർഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ജോലി പട്ടികയിലുള്ള മുഴുവൻ കായികതാരങ്ങൾക്കും നൽകുന്നില്ലെന്നത് താരങ്ങളോട് ചെയ്യുന്ന അനീതിയാണ്. സർക്കാർ വാഗ്ദാനത്തിന് ഈ മാസം 21 ന് ഒരു വർഷം തികയുവാൻ പോകുന്ന വേളയിലും ജോലിക്കായി തെരുവിൽ ഇറങ്ങേണ്ടിവന്ന ഗതികേടിലാണ് മെഡൽ ജേതാക്കളായ താരങ്ങൾ.

വലിയ അനുഗ്രഹമാണ് കായികതാരങ്ങൾക്ക് ഇടതുസർക്കാർ നൽകിയതെന്ന് തോന്നിപ്പിക്കുംവിധമായിരുന്നു കഴിഞ്ഞ വർഷം മന്ത്രി ഇ.പി ജയരാജൻ സ്‌പോർട്‌സ് താരങ്ങൾക്ക് നൽകിയ ജോലിയുടെ കണക്ക് നിരത്തിയത്. 2016- 21 കാലഘട്ടത്തിൽ 580 കായിക താരങ്ങൾക്ക് നിയമനം നൽകിയെന്നും യു.ഡി.എഫ് ഭരിച്ചിരുന്ന 2011- 15 കാലയളവിൽ 110 പേർക്ക് മാത്രമാണ് നിയമനം നൽകിയതെന്നുമായിരുന്നു തന്റെ ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചിട്ടത്. 195 കായിക താരങ്ങൾക്ക് ഒരുമിച്ച് ജോലി നൽകുക എന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും അതാണ് ഇടതുസർക്കാർ നിർവഹിച്ചിരിക്കുന്നതെന്നും അദ്ദേഹം ഊറ്റം കൊണ്ടിരുന്നു. കേരള പൊലിസിൽ 137 പേർക്കും സന്തോഷ് ട്രോഫിയിൽ കിരീടം നേടിയ ജോലിയില്ലാത്ത പതിനൊന്ന് പേർക്ക് വിദ്യാഭ്യാസ വകുപ്പിലും ജോലി നൽകിയെന്നായിരുന്നു അദ്ദേഹം അന്ന് അവകാശപ്പെട്ടിരുന്നത്. കേരളത്തിന്റെ കായിക രംഗത്തെ ചരിത്രം തിരുത്തി കുറിച്ചു കൊണ്ടാണ് 195 പേർക്ക് സർക്കാർ ജോലി കൊടുത്തതെങ്കിൽ 84 കായികതാരങ്ങൾ ജോലിക്കായി വീണ്ടും തെരുവിൽ ഇറങ്ങേണ്ടിവരുമായിരുന്നോ? കേരളത്തിൽ നടന്ന 35ാമത് ദേശീയ ഗെയിംസിൽ ടീമിനത്തിൽ വെള്ളി, വെങ്കലം മെഡൽ നേടിയ കായികതാരങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നൽകുമെന്നായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സർക്കാരും വാഗ്ദാനം നൽകിയിരുന്നത്. അത്രയും പേർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നൽകാൻ കഴിയില്ലെന്ന് ആ സർക്കാരും ഓർത്തില്ല. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം കിട്ടാതെ പോയവർക്ക് സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് എൽ.ഡി.സി നിയമനം നൽകുമെന്ന് കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിക്കുകയുണ്ടായി.

നേരത്തെ ടീം ഇനത്തിൽ സ്വർണം നേടുന്നവർക്കു മാത്രമായിരുന്നു സർക്കാർ സ്‌പോർട്‌സ് ക്വാട്ടയിൽ ജോലി നൽകിയിരുന്നത്. ഇടതുമുന്നണി സർക്കാരാണ് വെള്ളി, വെങ്കലം മെഡൽ നേടുന്നവർക്കും ജോലി നൽകാൻ തീരുമാനിച്ചതായി അറിയിച്ചത്. അതിനായി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുമെന്നും പറയുകയുണ്ടായി. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ വാക്ക് ഫലംകണ്ടില്ല.

കായിക രംഗത്ത് രാജ്യത്തിന് അഭിമാനാർഹമായ നേട്ടമുണ്ടാക്കുന്ന പ്രതിഭകളെ അന്നേരം കൈയടിച്ചു പ്രോത്സാഹിപ്പിക്കാനും ജോലി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകി അവരെ മോഹിപ്പിക്കാനും സർക്കാരും സംഘടനകളും രംഗത്തുണ്ടാകും. എന്നാൽ പിന്നീട് അവരെ സംഘടനകളും സർക്കാരും മറക്കുകയാണ് പതിവ്. അവർ തെരുവിൽ കച്ചവടക്കാരായോ കൂലിപ്പണിക്കാരായോ മാറുന്നു. വഴിയോര പച്ചക്കറിക്കച്ചവടം നടത്തി ജീവിക്കുകയാണ് മുൻ ദേശീയ ഹോക്കി താരം വി.ഡി ശകുന്തള എന്ന പത്രവാർത്തയെത്തുടർന്നാണ് അവർക്ക് കായിക യുവജന കാര്യാലയത്തിനുകീഴിൽ ജോലി കിട്ടിയത്. ദുരിതം പുറംലോകം അറിയാതെ എത്രയെത്ര കായിക പ്രതിഭകൾ ജീവിത പ്രാരാബ്ധവും പേറി മൺമറഞ്ഞിട്ടുണ്ടാകും!

രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനാർഹമായ നേട്ടങ്ങളുണ്ടാക്കിയ പല മുൻ താരങ്ങളും പിന്നീട് വിസ്മൃതരാവുകയും ജീവിക്കാൻ വേണ്ടി അവർ പാടുപെടുന്നതും പലപ്പോഴും പത്രവാർത്തകളായിട്ടുണ്ട്. ഇത് അവസാനിപ്പിക്കുന്നതിനും കൂടിയായിരുന്നു മികച്ച താരങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന തീരുമാനമുണ്ടായത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി സർക്കാർ വാഗ്ദാനം ചെയ്ത ജോലിക്കു വേണ്ടി വേഴാമ്പലുകളെപ്പോലെ കാത്തിരിക്കുകയായിരുന്നു താരങ്ങൾ. ക്ഷമയുടെ നെല്ലിപ്പടി കണ്ടാണ് അവർ സമരത്തിനിറങ്ങിയത്.
ധനകാര്യ വകുപ്പ് ഇടങ്കോലിടുകയാണെന്ന തരത്തിലുള്ള മുട്ടാപ്പോക്ക് നയം പറഞ്ഞു ഇനിയും ജോലി കിട്ടാത്ത താരങ്ങളെ വകുപ്പ് വഞ്ചിക്കരുത്. വാഗ്ദാനം ചെയ്ത മുഴുവൻ പേർക്കും ജോലി നൽകി സെക്രട്ടേറിയറ്റിന് മുമ്പിൽ കായിക താരങ്ങൾ നടത്തിവരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ സർക്കാർ സന്നദ്ധമാകണം. ഇതിന് കായിക മന്ത്രി വി. അബ്ദുറഹിമാൻ മുൻകൈയെടുക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.