2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

പ്രധാനമന്ത്രിയും അത് മനസ്സിലാക്കുന്നതു നന്ന്


ഇന്ത്യയെ ശുചിത്വമുള്ള നാടാക്കി മാറ്റാന്‍ രാജ്യത്തെ ജനങ്ങളുടെ മനോഭാവം മാറാതെ രക്ഷയില്ലെന്നും ആയിരം ഗാന്ധിമാരും ലക്ഷം മോദിമാരും ഉണ്ടായതുകൊണ്ടു മാത്രമായില്ലെന്നും സ്വച്ഛ് ഭാരത് പദ്ധതിയുടെ മൂന്നാംവാര്‍ഷികം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്നു. ഇതുതന്നെയാണു നരേന്ദ്രമോദിയുള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കളോടു രാജ്യത്തിന്റെ ശരിയായ വികസനവും ശുചിത്വവും ആഗ്രഹിക്കുന്നവര്‍ക്കു പറയാനുള്ളത്.

അതിമനോഹരമായ പേരുകള്‍ നല്‍കി, കോടികള്‍ ചെലവഴിച്ചു പ്രചാരണം നടത്തി, വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ച്, അതില്‍ നിറഞ്ഞുനിന്നാല്‍ രാജ്യം ശുചിത്വമുള്ളതും ആരോഗ്യസമ്പൂര്‍ണവും വികസിതവും സമ്പന്നവും ആകില്ല. കണ്ണില്‍പൊടിയിടുന്ന അത്തരം പരസ്യപ്രവര്‍ത്തനത്തിനു പകരം മനോഭാവത്തില്‍ മാറ്റം വരുത്തുകയാണു വേണ്ടത്. ആ മനോഭാവ മാറ്റം ഭരിക്കപ്പെടുന്നവരേക്കാള്‍ വേണ്ടതു ഭരിക്കുന്നവര്‍ക്കാണ്.

ആയിരം ഗാന്ധിജിമാരും ലക്ഷം മോദിമാരും ഉണ്ടായിട്ടു കാര്യമില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം തന്നെയാണു മനോഭാവമാറ്റത്തെക്കുറിച്ചുള്ള ചിന്തയില്‍ ആദ്യം പരിഗണിക്കപ്പെടേണ്ടത്. ശുചിത്വത്തിന്റെ കാര്യത്തില്‍ ഗാന്ധിജിയുടെ മനോഭാവം തന്നെയാണോ മോദിയുടേതുമെന്ന് അദ്ദേഹം തന്നെ ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ശുചിത്വം ഗാന്ധിജിക്ക് പ്രകടനപരതയായിരുന്നില്ല, അതു ജീവിതത്തിന്റെ ഭാഗമായിരുന്നു.

ശുചിത്വമെന്നത് അദ്ദേഹം മതാചരണം പോലെ കണിശമായി ആചരിച്ചിരുന്നു. ശരീരശുദ്ധിയെയും മനഃശുദ്ധിയെയും ഒരേപോലെ സുപ്രധാനമായി ഗാന്ധിജി കണ്ടു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയപ്രവര്‍ത്തനം മറ്റുള്ളവര്‍ക്കു മാതൃകയാകുന്ന തരത്തില്‍ ശുചിത്വബോധമുള്ളവനായി ജീവിക്കുകയെന്നതായിരുന്നു. അതേ രീതിയില്‍ ജീവിച്ച മഹദ് വ്യക്തിത്വമായിരുന്നു ഗാന്ധിജി.

തന്റെ താമസസ്ഥലവും പരിസരവും ശുചിയാക്കി നിര്‍ത്തുന്നതില്‍ മറ്റൊരാളെ ആശ്രയിക്കാന്‍ ഗാന്ധിജി തയാറായിരുന്നില്ല. അതിഥികളുടെ ഭക്ഷണപാത്രവും കക്കൂസുപോലും വൃത്തിയാക്കിക്കൊണ്ട് ഉന്നതമായ ശുചിത്വമാതൃകയായി മാറി അദ്ദേഹം. ലോകത്തിലെ ഏറ്റവും ഉന്നതനും തിരക്കേറിയവനും ആദരണീയനുമായ നേതാവായിരിക്കെയാണു ഗാന്ധി ഈ മാതൃകാജീവിതം നയിച്ചത്. ആ മാതൃക കണ്ടും തിരിച്ചറിഞ്ഞും പിന്‍പറ്റാന്‍ അക്കാലത്ത് അനേകായിരങ്ങള്‍ തയാറായിരുന്നു.

പക്ഷേ, പില്‍ക്കാലത്ത് ഗാന്ധി കാണിച്ചുതന്ന മാതൃക സ്വജീവിതത്തില്‍ പകര്‍ത്താന്‍ ആരും തയാറായില്ല. അതിനാലാണ്, ഗാന്ധി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഏഴു പതിറ്റാണ്ടു തികയാന്‍ പോകുന്ന ഇക്കാലത്തും ശുചിത്വമെന്നതു വ്യാമോഹമായി ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഉത്തരേന്ത്യയിലെ നിരക്ഷരകുക്ഷികളായ ജനങ്ങള്‍ ശുചിത്വബോധമുള്ളവരാകാന്‍ സ്വയംസന്നദ്ധരായി വരണമെന്നു ശഠിക്കുന്നതില്‍ അര്‍ഥമില്ല. അവരെ ആ വഴിയിലേയ്ക്കു നയിക്കാന്‍ ഭരണാധികാരികളോ ഉദ്യോഗസ്ഥവൃന്ദമോ എന്തു ചെയ്തുവെന്നാണു ചിന്തിക്കേണ്ടത്.

നിരവധി ശുചിത്വപദ്ധതികളുടെ പേരില്‍ കോടിക്കണക്കിനു രൂപ വര്‍ഷന്തോറും വാരിവിതറുന്നുണ്ട്. ഈ പദ്ധതികളെല്ലാം ഫലവത്തായി നടക്കുന്നുണ്ടോയെന്ന പുനഃപരിശോധന നടക്കാറുണ്ടോ. പഴയ കാര്യം പോകട്ടെ, നരേന്ദ്രമോദി അധികാരത്തില്‍ വന്നു സ്വപ്നപദ്ധതിയെന്ന പേരില്‍ ആരംഭിച്ച സ്വച്ഛ് ഭാരതിന്റെ ഗതിയെന്താണ്. വെളിമ്പ്രദേശത്തു മലമൂത്രവിസര്‍ജനം ചെയ്യാത്ത ജില്ലയെന്ന പേരില്‍ നിരവധി ജില്ലകള്‍ പ്രഖ്യാപിച്ചെന്നതു സത്യം. അവ സത്യത്തില്‍ ആ പേരിന് അര്‍ഹമാണോ.

മനുഷ്യശരീരത്തിലെ നാഡീഞരമ്പുകള്‍പോലെ രാഷ്ട്രഗാത്രത്തിലെങ്ങും വ്യാപിച്ചുകിടക്കുന്നതാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ ഏറ്റവും കൂടുതല്‍ മലിനമാക്കുന്നതും ഇതുവഴിയോടുന്ന ട്രെയിനുകളില്‍നിന്നു പുറത്തേയ്ക്കു വിടുന്ന മലമൂത്രവിസര്‍ജനങ്ങളാണ്. താരതമ്യേന ശുചിത്വബോധമുള്ളതെന്ന് അവകാശപ്പെടുന്ന കേരളത്തില്‍പ്പോലും കുടിവെള്ളത്തില്‍ വ്യാപകമായി ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം അളവില്‍കൂടുതല്‍ കാണുന്നുണ്ട്. ഇതൊക്കെ മാറാന്‍ തീര്‍ച്ചയായും ജനം ശുചിത്വബോധം നെഞ്ചിലേറ്റണം. അതിനേക്കാള്‍ പ്രധാനം ഭരണാധികാരികള്‍ ശുചിത്വവും ആത്മപൂജയ്ക്കുള്ള ആയുധമാക്കുന്ന മനോഭാവം മാറ്റണമെന്നതാണ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.