2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

മാധ്യമവിലക്ക് സര്‍ക്കാര്‍ അജന്‍ഡയാകുമ്പോള്‍


‘ഒരു രാഷ്ട്രത്തിനും നഷ്ടപ്പെടുത്താന്‍ പറ്റാത്ത അമൂല്യമായ അവകാശമാണ് മാധ്യമ സ്വാതന്ത്ര്യം’ എന്നു പറഞ്ഞത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ്. പ്രതിപക്ഷത്തിരുന്ന് മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ച രാഷ്ട്രീയ പാര്‍ട്ടികളൊക്കെ അധികാരത്തിലെത്തുമ്പോള്‍ സ്വേച്ഛാധിപത്യപരമായി മാറുന്നതിനു നമുക്ക് മുമ്പില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ എല്ലാ വഴികളും ഭരണകൂടങ്ങള്‍ പരീക്ഷിക്കുകയാണെന്നു വേണം കരുതാന്‍. സ്വകാര്യ ചാനൽ റിപ്പോര്‍ട്ടര്‍ക്കെതിരേ കൊച്ചി പൊലിസ് എടുത്ത കേസ് ഇതില്‍ ഒടുവിലത്തേതാണ്. ആരോപണവിധേയനായിരിക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നല്‍കിയ പരാതി മുഖവിലക്കെടുത്ത് പ്രാഥമിക അന്വേഷണം പോലും നടത്താതെ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരേ ഗൂഢാലോചനാ കുറ്റം ചുമത്തി കേസെടുത്ത നടപടി ഞെട്ടിപ്പിക്കുന്നതാണ്. ഇത് ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്‌ക്കെതിരേ കെ.എസ്.യു നേതാവ് ചാനലിലെ തത്സമയ റിപ്പേര്‍ട്ടിങ്ങിനിടയില്‍ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


ഭരണപക്ഷ എം.എല്‍.എയുടെ പരാതിയില്‍ ഇതേ ചാനലിന്റെ കോഴിക്കോട് ഓഫിസില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത് മാസങ്ങൾക്കു മുമ്പാണ്. കൊച്ചി ഓഫിസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകള്‍ അതിക്രമിച്ചു കയറി. ഇതിനു പിന്നാലെ മുതിര്‍ന്ന എഡിറ്റര്‍മാരുടേയും ലേഖകരുടേയും പേരില്‍ കേസെടുത്തു.
മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ഇത്തരത്തിലുള്ള വിചാരണയും ശിക്ഷയും വിധിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് പരിശോധിക്കണം. എസ്.എഫ്.ഐ നേതാവ് പരീക്ഷ എഴുതാതെ പാസായെന്ന് മഹാരാജാസ് കോളജിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുവെങ്കില്‍, ഗുരുതര പിഴവ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്തത്. അതെങ്ങനെ സംഭവിച്ചുവെന്നാണ് ആദ്യം പുറത്തുവരേണ്ടത്. അല്ലാതെ ഇത് എസ്.എഫ്.ഐ നേതാവിനെ അവഹേളിക്കാനുള്ള ഗൂഢാലോചന ആണോ എന്നതല്ല. മാധ്യമ പ്രവര്‍ത്തകയെ ചോദ്യം ചെയ്യുന്നതിനു മുമ്പ് വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ജോലി നേടിയ മുന്‍ എസ്.എഫ്.ഐ നേതാവിന്റെ മൊഴിയെങ്കിലുമാണ് പൊലിസ് എടുക്കേണ്ടത്.


മാധ്യമങ്ങളെ നിയന്ത്രിക്കാനും കൂച്ചുവിലങ്ങിടാനും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കരിനിയമങ്ങളേയും ഇരുമ്പുമറകളേയും ചൊല്ലി രാജ്യത്ത് പ്രതിഷേധം അലയടിക്കുമ്പോഴാണ് ഇവിടെ ഇടതുപക്ഷ സര്‍ക്കാര്‍ ഇതേ വഴിയിലൂടെ നീങ്ങുന്നുവെന്നത് ആശങ്കാജനകമാണ്. മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും കേസില്‍ കുടുക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ കേരളത്തില്‍ ഈയിടെയായി വര്‍ധിച്ചുവരുന്നത് ഭൂഷണമല്ല. ഇത് ജനാധിപത്യ-പൗരാവകാശ വിശ്വാസികളില്‍ ആശങ്കയ്ക്കിടയാക്കുന്നു. ഭരണാധികാരികളെ മാധ്യമങ്ങള്‍ വിമര്‍ശന വിധേയമാക്കുമ്പോള്‍ അവരെ തങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള പ്രവണതയാണ് സംസ്ഥാനത്തു കണ്ടുവരുന്നത്. സെക്രട്ടേറിയറ്റിലും മന്ത്രിമാരുടെ ഓഫിസുകളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് കടന്നുചെല്ലുന്നതിനുള്ള വിലക്കും വകുപ്പുകളിലെ പല തീരുമാനങ്ങളും രഹസ്യമാക്കിവയ്ക്കാന്‍ പുലര്‍ത്തുന്ന കര്‍ശന നിയന്ത്രങ്ങളുമെല്ലാം ഫലത്തില്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്‍ മേല്‍ കത്തിവയ്ക്കുന്നതാണ്.

പ്രധാനമന്ത്രിക്കെതിരേയുള്ള ഡോക്യൂമെന്ററിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ബി.ബി.സി വേട്ടയ്‌ക്കെതിരേ ദേശീയതലത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ കൈകോര്‍ക്കുമ്പേഴാണ് ഇവിടെ മാധ്യമവേട്ടയെ ഇതേ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഒരു മടിയുമില്ലാതെ ന്യായീകരിക്കുന്നതും.
ലോക മാധ്യമ സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്കുപോയതിന്റെ വിവരങ്ങള്‍ പുറത്തുവന്നത് ഈയടുത്താണ്. മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകരുടെ അവകാശ സംരക്ഷണവും മുന്‍ നിര്‍ത്തി 180 രാജ്യങ്ങളെ വിലയിരുത്തിയ ആര്‍.എസ്.എഫ് റിപ്പോര്‍ട്ടില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സ്ഥാനം 161 ആണ്. 2022 ല്‍ 150 ആയിരുന്നതാണ് താഴേക്കു പോയത്.


രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അച്ചടി, ദൃശ്യ മാധ്യമങ്ങളിലേറെയും സര്‍ക്കാരിനെയോ സംഘ്പരിവാറിനെയോ വിമര്‍ശിക്കുന്നത് തീര്‍ത്തും ഒഴിവാക്കിയിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, രാഷ്ട്രീയ പൗരാവകാശ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അടിച്ചമര്‍ത്തലുകള്‍, അതിദേശീയതയുടെ വ്യാജപ്രചാരണങ്ങളൊന്നും ഭൂരിപക്ഷം മാധ്യമങ്ങളിലും എതിര്‍ക്കപ്പെട്ടില്ലെന്ന് മാത്രമല്ല, പ്രചാരകരായി. അതിനാല്‍ ഇന്ത്യന്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തനത്തേയും നിരീക്ഷിക്കുമ്പോള്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതല്ലെങ്കിലും കേരള സാഹചര്യത്തില്‍ സമാനയുക്തിക്ക് നിരക്കുന്നതല്ലായിരുന്നു. എന്നാല്‍, കേരളവും മാറുകയാണോ എന്ന ആശങ്കയ്ക്ക് ബലമേറുന്നതാണ് പുതിയ സാഹചര്യങ്ങള്‍. ഭരണകൂട താല്‍പര്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന മാധ്യമങ്ങള്‍ അതിജീവിക്കുകയും സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകരുടെ നിലനില്‍പ്പ് തന്നെ അപകടപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാകാന്‍ അനുവദിക്കരുത്. അതിനുള്ള ജാഗ്രത പൊതുസമൂഹത്തില്‍ നിന്നും മാധ്യമ ലോകത്തു നിന്നുമുണ്ടാകണം.


വ്യാജ വാര്‍ത്തയുടെ നിര്‍മിതിയും പ്രചാരണവുമാണ് മാധ്യമ ലോകത്തെ അപചയത്തിനും ഇപ്പോഴത്തെ കലുഷിതമായ അവസ്ഥയ്ക്കും കാരണമെന്ന വാദവുമുയര്‍ന്നിട്ടുണ്ട്. വ്യജ വാര്‍ത്തകള്‍ക്കെതിരേ നടപടി കൈകൊള്ളേണ്ടതുതന്നെയാണ്. എന്നാല്‍, സമൂഹമാധ്യമങ്ങളിലൂടെ ഒരു മറയുമില്ലാതെ വ്യാജവാര്‍ത്തകള്‍ ഒഴുകികൊണ്ടേയിരിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ കൂടുതലും പ്രചരിക്കുന്നത് അച്ചടി-ദൃശ്യ മാധ്യങ്ങളിലൂടെയോ അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകരിലൂടെയോ അല്ല.


പത്രപ്രവര്‍ത്തന പരിചയമോ വിശ്വാസ്യതയോ ഇല്ലാത്തവരാണ് സമൂഹമാധ്യമങ്ങളിലൂടെ ഗോസിപ്പ് വാര്‍ത്തകളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത്. അവര്‍ക്ക് നിയമം അനുശാസിക്കുന്ന അര്‍ഹമായ ശിക്ഷ ലഭിക്കുതന്നെ വേണം. എന്നാല്‍ അതിന്റെ മറവില്‍ ഭരണകൂടങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും വ്യജവാര്‍ത്ത സംഘമെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തരുത്. ഭരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ക്ക് വിധേയരാകുന്ന പ്രവണതയെ മറികടക്കേണ്ടത് മാധ്യമ പ്രവര്‍ത്തനത്തിന് അനിവാര്യം തന്നെയാണ്. അല്ലെങ്കില്‍ ശരിതെറ്റുകള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലേക്ക് സമൂഹം മാറും.

Content Highlights: edirorial about press freedom

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.