കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ യു.എ.ഇ റെഡ്ക്രസന്റിനെ എത്തിക്കാന്‍ ശിവശങ്കര്‍ ആസൂത്രിത നീക്കം നടത്തിയെന്ന നിഗമനത്തില്‍ മൊഴി നല്‍കാന്‍ ലൈഫ് മിഷന്‍ മുന്‍ സി.ഇ.ഒ യു.വി ജോസിനെ ഇ.ഡി വിളിച്ചുവരുത്തി. കേസില്‍ അറസ്റ്റിലായ ശിവശങ്കറുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഒരുങ്ങുന്നത്.
യു.എ.ഇയിലെ റെഡ്ക്രസന്റിനെ എങ്ങനെയാണ് ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരേണ്ടതെന്ന് സ്വപ്‌ന സുരേഷിനെ എം.ശിവശങ്കര്‍ പഠിപ്പിക്കുന്നതിന്റെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള കൂടുതല്‍ ചാറ്റുകളാണ് പുറത്തായത്. ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ലഭിച്ചത്.
യു.വി ജോസാണ് നേരത്തെ റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ടത്. കരാറുകാരായ യൂണിടാക്കിനെ യു.വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറെന്നാണ് ആരോപണം. യൂണിടാക്കിന് വേണ്ടി വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി സന്തോഷ് ഈപ്പനാണ് എടുത്ത് നടത്തിയത്. ഇയാളെയും ശിവശങ്കറാണ് യു.വി ജോസിന് പരിചയപ്പെടുത്തിയത്.
ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അഴിമതി നടത്താനുള്ള നീക്കമായിരുന്നു ശിവശങ്കര്‍ നടത്തിയതെന്നുമാണ് ഇ.ഡി നിഗമനം. യു.വി ജോസിനെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി മൊഴിയെടുത്ത് ഏതൊക്കെ രീതിയില്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നതില്‍ വ്യക്തത തേടാനാണ് ശ്രമം.
Comments are closed for this post.