കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ സി.പി.എം നേതാവും കുന്നംകുളം എം.എല്‍.എയുമായ എ.സി മൊയ്തീന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം. കൂടാതെ, 10 വര്‍ഷം നികുതി രേഖകള്‍ ഹാജരാക്കാനും ഇ.ഡി നിര്‍ദേശിച്ചിട്ടുണ്ട്.
വായ്പാ തട്ടിപ്പ് കേസില്‍ ഇന്ന് ഹാജരാകാന്‍ എ.സി മൊയ്തീന് ഇ.ഡി നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, ഹാജരാകുന്നതില്‍ മൊയ്തീന്‍ അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചത്. ആഗസ്റ്റ് 22ന് എ.സി മൊയ്തീന്റെ തൃശൂരിലെ വീട്ടില്‍ ഇ.ഡി 22 മണിക്കൂര്‍ നീണ്ട റെയ്ഡ് നടത്തിയിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്
പതിറ്റാണ്ടുകളായി സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കാണ് തട്ടിപ്പ് വിവാദത്തിലുള്ളത്. ബാങ്ക് ജീവനക്കാരന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ള പുറത്തുവന്നത്.
2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലിസ് കേസെടുത്തു. 300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യനിഗമനം. വിശദ പരിശോധനക്ക് ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. 219 കോടിയുടെ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തി. 2011-12 മുതല്‍ തട്ടിപ്പ് നടന്നെന്നാണ് പരാതി.
ക്രമക്കേട് വന്‍ തുകയായതോടെ പൊലിസ് ക്രൈംബ്രാഞ്ച് സ്‌പെഷല്‍ ടീമിനെ നിയോഗിച്ചു. ഇതില്‍ ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍ ഭരണസമിതി അംഗങ്ങളെയും പ്രതി ചേര്‍ത്തു. ഇതോടെ പ്രതിപ്പട്ടികയില്‍ 18 പേരായി. സഹകരണ വകുപ്പിന്റെ രണ്ടാം അന്വേഷണത്തില്‍ 125.84 കോടിയുടേതാണ് ക്രമക്കേടെന്ന് കണ്ടെത്തി. അഞ്ച് പ്രതികളുടെ സ്വത്തുക്കള്‍ നേരത്തേ കണ്ടുകെട്ടി. പിന്നാലെ സഹകരണ വകുപ്പ് 125.84 കോടി ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികളിലേക്ക് കടന്നെങ്കിലും പ്രതികളുടെ ഹരജിയില്‍ കോടതി സ്റ്റേ ചെയ്തു.
വ്യാജരേഖകള്‍ ചമച്ചും മൂല്യം ഉയര്‍ത്തിക്കാണിച്ചും ക്രമരഹിതമായി വായ്പയനുവദിച്ചും ചിട്ടി, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങല്‍ എന്നിവയില്‍ ക്രമക്കേട് കാണിച്ചും വിവിധ തലങ്ങളിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയത്. സി.പി.എം മുന്‍ പ്രവര്‍ത്തകനും ബാങ്ക് ജീവനക്കാരനുമായ എം.വി. സുരേഷാണ് പരാതി നല്‍കിയത്. പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ല. സഹകരണ വകുപ്പിനും പിന്നാലെ വിജിലന്‍സ്, ഇ.ഡി, സി.ബി.ഐ എന്നിവര്‍ക്കും പരാതി നല്‍കി. പതിറ്റാണ്ടുകളായി സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയെ പരാതിക്ക് പിന്നാലെ പിരിച്ചുവിട്ടു. സി.പി.എം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കി ആദ്യം പൊലിസ് കേസെടുത്തു.
ബാങ്ക് ജപ്തി നോട്ടിസിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നിക്ഷേപത്തുക കിട്ടാത്തതിനെത്തുടര്‍ന്ന് മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ വയോധിക മരിച്ചു. ഒടുവിലായി ബാങ്കില്‍ 150 കോടിയുടെ ക്രമക്കേട് നടന്നെന്നും മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീനാണ് വ്യാജലോണുകള്‍ക്ക് പിന്നിലെന്നും ഇ.ഡി കണ്ടെത്തി.
Comments are closed for this post.